ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിലെ മിന്നും താരമായ ഒരു കത്തോലിക്ക സന്ന്യാസിനി

ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കു വിരാമമിട്ടുകൊണ്ടു ബസര്‍ മുഴങ്ങിയപ്പോള്‍ ആവേശകരമായ മത്സരം കാഴ്ചവെച്ച ലയോള ചിക്കാഗോ സര്‍വ്വകലാശാലയിലെ കളിക്കാര്‍ അലറിക്കൊണ്ട് ആര്‍ത്തുവിളിച്ച് കെട്ടിപ്പിടിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ തെളിഞ്ഞ 64 – 62 എന്ന സ്‌കോര്‍ എന്‍.സി.എ.എ ടൂര്‍ണമെന്റിലെ ഫൈനല്‍ ഫോറിലേക്കുള്ള അവരുടെ പ്രവേശനം ഉറപ്പാക്കി. അപ്പോഴാണ് ആരാധകവൃന്ദത്തിനു നടുവില്‍ ആ സന്ന്യാസിനിയെ ടീമംഗങ്ങള്‍ കാണുന്നത്. സന്തോഷാരവങ്ങളില്‍ അലിഞ്ഞ് പുഞ്ചിരിതൂകി നിന്ന വയോധികയുടെ പക്കലേക്ക് അവര്‍ ഓടിയത്തെി. ദൃഢകായമായ, വിയര്‍പ്പില്‍ കുതിര്‍ന്ന അവരുടെ ഉടല്‍ അഞ്ചടിയോളം ഉയരമുള്ള സന്ന്യാസിനിയെ മൃദുവായി ആലിംഗനം ചെയ്തു. ചിലര്‍ അവരുടെ തോളില്‍ തലചായ്ച്ചുവച്ചു. ബലഹീനമായ ചുളിവുകളുള്ള കൈകള്‍ തങ്ങളുടെ കരുത്തുള്ള കൈകളിലേക്ക് ചേര്‍ത്തുവച്ചുകൊണ്ട് കളിക്കാര്‍ സന്തോഷം പങ്കുവച്ചു.

ചിക്കാഗോയിലെ ലയോള സര്‍വ്വകലാശാലയിലെ ബാസ്‌ക്കറ്റ്‌ബോള്‍ ടീമായ റാമ്പ്‌ളേഴ്‌സിന്റെ ലക്കി ചാം എന്നറിയപ്പെടുന്നത് ജീന്‍ ഡോളോറസ് സ്മിഷ്ഡിറ്റ് എന്ന 98 വയസ്സുള്ള സന്ന്യാസിയാണ്. റാങ്ക് പട്ടികയില്‍ പതിനൊ ന്നാം സ്ഥാനത്തായിരുന്ന ടീം എന്‍.സി.എ.എയുടെ അവസാന നാലു പോരാളികളില്‍ ഒന്നായുള്ള പരിണാമത്തിനു സാക്ഷിയായി മറ്റു ലയോള ടീം ആരാധകര്‍ക്കൊപ്പം കോര്‍ട്ടില്‍ വീല്‍ചെയറില്‍ സിസ്റ്റര്‍ ജീന്‍ സ്ഥാനം പിടിച്ചപ്പോള്‍ ചിലരതിനെ വിശേഷിപ്പിച്ചത് ദൈവികമായ ഇടപെടലെന്നായിരുന്നു. 1994ല്‍ വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുമ്പോഴാണ് സര്‍വ്വകലാശാല അദ്ധ്യാപികയായി സേവനമനുഷ്ഠിക്കാന്‍ അന്നത്തെ സര്‍വ്വകലാശാല പ്രസിഡന്റ് ആവശ്യപ്പെടുന്നത്. തദ്ദനുസരണം വര്‍ത്തിച്ച ആ സന്ന്യാസിനി പിന്നീട് റാമ്പ്‌ളേഴ്‌സിന്റെ ആത്മീയ ഗുരുവായി മാറി. അക്കാലത്ത് പുരുഷ ബാസ്‌ക്കറ്റ് ബോള്‍ ടീമിന്റെ വനിത ചാപ്പലെയ്ന്‍ എന്ന വിശേഷണത്തിന് അര്‍ഹയായ ഒരേയൊരു വ്യക്തിയും അവരായിരുന്നു.

1919 ആഗസ്റ്റ് 20ന് സാന്‍ഫ്രാന്‍സിസ്‌കൊയില്‍ ജനിച്ച സിസ്റ്റര്‍ ജീന്‍ 1937ല്‍ പരിശുദ്ധ കന്യകയുടെ നാമധേയത്തിലുള്ള സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയില്‍ അംഗമായി. തുടര്‍ന്നുള്ള എണ്‍പത്തിയൊന്നുവര്‍ഷങ്ങള്‍ വിദ്യാര്‍ത്ഥികളുടെയിടയില്‍ ജീവിച്ച സിസ്റ്റര്‍ പ്രധാനാദ്ധ്യാപികയായും, കോച്ചായും സേവനമനുഷ്ഠിച്ചു. ലയോള സമൂഹത്തിനു പ്രീയങ്കരിയായതും വളരെ പെട്ടെന്നായിരുന്നു. വിദ്യാര്‍ത്ഥികളുടെ കായികവിനോദങ്ങളില്‍ അവര്‍ പ്രകടിപ്പിക്കുന്ന അര്‍പ്പണബോധം സ്തുത്യര്‍ഹമാണ്. സര്‍വ്വകലാശാലയ്ക്കും നിയുക്തസംഘത്തിനും സിസ്റ്റര്‍ നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ കണക്കിലെടുത്ത് 2009ല്‍ ലയോള സമൂഹത്തിലെ അനിഷേധ്യ നേതാവിനു നല്‍കുന്ന ഡക്‌സ് മിരാബിലിസ് അവാര്‍ഡ് നല്‍കി സിസ്റ്ററെ ആദരിച്ചു.

റാമ്പ്‌ളേഴ്‌സ് ടീമംഗങ്ങള്‍ കളിക്കളത്തിലിറങ്ങുന്നതിനു മുന്‍പ് സിസ്റ്റര്‍ അവരെ പ്രാര്‍ത്ഥനപൂര്‍വ്വം ഒരുക്കും. കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാനും, റെഫറി ശരിയായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും, എതിര്‍കളിക്കാര്‍ക്കുവേണ്ടിയും ഈ ചാപ്‌ളെയിന്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തും. എതിര്‍ ടീമിലെ കളിക്കാരെ സസൂക്ഷമം നിരീക്ഷിച്ച് കുറിപ്പുകളുണ്ടാക്കി ലയോളകോച്ചിനു കൈമാറുന്ന സിസ്റ്ററിന്റെ സ്‌കൗട്ടിങ് തന്ത്രം ടീമംഗങ്ങളെ ഒത്തിരിയേറെ സഹായിച്ചിട്ടുണ്ട്. ടൂര്‍ണ്ണമെന്റിലെ മിന്നും താരമായി മാധ്യമങ്ങള്‍ വാഴ്ത്തിപാടിയതും വയോധികയായ ഈ സന്ന്യാസിനിയേയാണ്. മുപ്പത്തിമൂന്നുവര്‍ഷങ്ങള്‍ക്കുശേഷം ടീമംഗങ്ങള്‍ നേടിയ ഈ വിജയത്തില്‍ ദൈവത്തിന്റെ സാന്നിധ്യം പ്രഘോഷിച്ചുകൊണ്ട് തന്റെ അടുത്ത ഉദ്യമത്തിലേക്ക് പരിക്ഷീണിതയാകാതെ വീല്‍ചെയറില്‍ സിസ്റ്റര്‍ ജീന്‍ യാത്രയാകുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles