മറിയത്തിന്റെ അമലോത്ഭവം ദൈവിക പദ്ധതി നിറവേറലിന്റെ ആരംഭം: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവത്തിലൂടെ, മറിയത്തിന്റെ ജനനത്തിന് മുമ്പേ തന്നെ ലോകരക്ഷയെ കുറിച്ചുള്ള തന്റെ പദ്ധതികള്‍ക്ക് ആരംഭം കുറിച്ചു എന്ന് ഫ്രാന്‍സിസ് പാപ്പാ. അമലോത്ഭവ മാതാവിന്റെ തിരുനാളായ ഡിസംബര്‍ 8 ാം തീയതി പ്രഭാഷണം നടത്തുകയായിരുന്നു മാര്‍പാപ്പാ.
‘ദൈവിക വാഗ്ദാനം നിറവേറലിന്റെ ആരംഭത്തെയാണ് ഇന്ന് നാം ധ്യാനിക്കുന്നത്. ദൈവമാതാവിന്റെ ജനനത്തിന് മുമ്പേ തന്നെ അതിന് ആരംഭം കുറിച്ചിരുന്നു. മറിയത്തിന്റെ ജീവന് അവളുടെ അമ്മയുടെ ഉദരത്തില്‍ സ്പന്ദിച്ചു തുടങ്ങിയ നിമിഷത്തിലേക്ക് അമലോത്ഭവം നമ്മെ നയിക്കുന്നു.’ പാപ്പാ പറഞ്ഞു.
മറിയത്തിന്റെ അമലോത്ഭവം സൂചിപ്പിക്കുന്നത്, അവള് തന്റെ അമ്മയായ വി. അന്നയുടെ ഉദരത്തില്‍ ഉരുവായ നിമിഷം മുതല്ക്കേ ദൈവത്തിന്റെ പ്രത്യേക കൃപയാല്‍ ഉത്ഭവപാപത്തില്‍ നിന്ന് വിമുക്തയായിരുന്നു എന്നാണ്.
ഗബ്രിയേല്‍ ദൈവദൂതന് മറിയത്തെ അഭിസംബോധന ചെയ്യുന്നത് ശ്രദ്ധിക്കുക: കൃപ നിറഞ്ഞവളേ, സ്വസ്തി. കര്‍ത്താവ് നിന്നോടു കൂടെ. മറിയം എല്ലാ കൃപകളും നിറഞ്ഞ, ദൈവസ്നേഹത്താല്‍ പൂരിതയായ ഒരു സൃഷ്ടി ആയിരിക്കണം എന്ന് ദൈവം ആഗ്രഹിച്ചതിന്റെ ഫലമാണ് മറിയത്തിന്റെ അമലോത്ഭവം, പാപ്പാ വിശദമാക്കി.