മംഗളവാര്‍ത്താ രണ്ടാം ഞായര്‍ സുവിശേഷ സന്ദേശം – ഡിസംബര്‍ 9

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

 

യേശു ക്രിസ്തുവിന്റെ ജനനത്തെ കുറിച്ചുള്ള അറിയിപ്പ് (ലൂക്ക 1: 26 – 38)

ഗബ്രിയേല്‍ ദൈവദൂതനുമായുള്ള സംഭാഷണത്തെ തുടര്‍ന്ന് ദൈവപുത്രന്റെ അമ്മയാകാനുള്ള വിളിക്കു വേണ്ടി എന്ത് ത്യാഗവും സഹിക്കുവാനുള്ള സന്നദ്ധത മറിയം അറിയിക്കുന്നു. അത് സ്വതന്ത്ര മനസ്സോടെയുള്ള ഒരു സമ്മതമായിരുന്നു. എളുപ്പമുള്ളതായിരുന്നില്ല ആ തീരുമാനം. എന്നിട്ടും ദൈവത്തില്‍ പരിപൂര്‍ണമായി ആശ്രയിച്ച,് ജോസഫിനോടും ബന്ധുക്കളോടും മറ്റുള്ളവരോടും ആലോചിക്കാന്‍ നില്‍ക്കാതെ മറിയം സമ്മതം അരുളുന്നു. മറിയം നൂറ് ശതമാനം തന്റെ വിളിയോട് സമര്‍പ്പണം ചെയ്തവളായിരുന്നു. തന്റെ സഹനങ്ങളെ ക്ഷമയോടെയും തന്റെ കര്‍ത്തവ്യം എളിമയോടെയും അവള്‍ സ്വീകരിച്ചു. എലിസബത്തിന് സേവനം ചെയ്യുന്നതിലൂടെ മറിയം തന്റെ ദൗത്യം ആരംഭിച്ചു.

നസ്രത്ത്

നസ്രത്ത് എന്നാല്‍ ശാഖ എന്നാണ് അര്‍ത്ഥം. എല്ലാ ജനങ്ങളും പരസ്പരം അറിഞ്ഞിരുന്ന ഒരു ചെറിയ ഗ്രാമം ആയിരുന്നു നസ്രത്ത്. കെട്ടിടം പണിക്കാരനായിരുന്ന ജോസഫ് ബത്‌ലെഹേമില്‍ നിന്ന് നസ്രത്തിലേക്കു വന്നു പാര്‍ത്തവന്‍ ആയിരുന്നു. മറിയത്തിന്റെ പിതാവായ യോവാക്കിം ഗലീലിയിലെ നസ്രത്തില്‍ നിന്നും മാതാവായ അന്ന ബെത്‌ലെഹേമില്‍ നിന്നും ഉള്ളവരായിരുന്നു. അതിനാല്‍ മറിയവും നസ്രത്തില്‍ വളര്‍ന്നു വന്നു.

മറിയത്തിന്റെ മാതാപിതാക്കളായ യോവാക്കിമിനും അന്നായ്ക്കും മക്കളില്ലായിരുന്നു. അബ്രാഹത്തിന്റെ ഭാര്യയായ സാറായ്ക്ക് സംഭവിച്ചതു പോലെ ദൈവം വയസ്സു കാലത്ത് അന്നായുടെ ഉദരം തുറന്നു. തങ്ങളുടെ മകളെ ദൈവത്തിന് കാഴ്ച വയ്ക്കുമെന്ന് യോവാക്കിമും അന്നയും നേര്‍ച്ച നേര്‍ന്നു. മറിയത്തിന് മൂന്നു വയസ്സായപ്പോള്‍ അവര്‍ കുഞ്ഞിനെ ദൈവാലയത്തില്‍ ദൈവ സേവനത്തിനായി സമര്‍പ്പിച്ചു. മറിയം ദേവാലയത്തില്‍ വളര്‍ന്നു വരവേ അവിടുത്തെ മാതാപിതാക്കള്‍ മരണമടഞ്ഞു. ഋതുമതിയായി കഴിഞ്ഞാല്‍ ഒരു പെണ്‍കുട്ടിക്ക് ദേവാലയത്തില്‍ തുടരാന്‍ അനുവാദമില്ലാത്തതിനാല്‍ മറിയത്തെ ദൈവനിശ്ചയപ്രകാരം ജോസഫ് എന്ന പുരുഷനുമായി വിവാഹനിശ്ചയം ചെയ്തു. ജോസഫ് മറിയത്തെ ജെറുസലേമില്‍ നിന്ന് നസ്രത്തിലേക്ക് കൊണ്ടു പോയി.

കന്യകയായ മറിയം

മറിയത്തിന്റെ ജനനത്തിന്റെ സുവിശേഷം എന്ന അപ്പോക്രിഫല്‍ ഗ്രന്ഥത്തില്‍ പറയുന്നത് അനുസരിച്ച് മറിയം മൂന്നു മുതല്‍ 12 – 15 വയസ്സ് വരെ ജറുസലേം ദേവാലയത്തില്‍ താമസിച്ച കാലഘട്ടത്തില്‍ താന്‍ എന്നും കന്യക ആയിരിക്കും എന്ന് ഒരു വ്രതം എടുത്തിരുന്നു. അതിനാലാണ് ഗബ്രിയേല്‍ മാലാഖ ചോദിച്ചപ്പോള്‍ ആജീവനാന്ത കന്യകയായ താന്‍ എങ്ങനെ ഒരു കുഞ്ഞിനെ പ്രസവിക്കും എന്നു ചോദിച്ചത്.

ദാവീദിന്റെ ഭവനത്തില്‍ നിന്നുള്ളവനായ ജോസഫ്

ദാവീദുമായി ദൈവം ഏര്‍പ്പെട്ട ഒരു ഉടമ്പടി നിറവേറുന്നത് കാണിക്കാനാണ് ദാവീദിന്റെ വംശത്തില്‍ പിറന്ന ജോസഫ് എന്ന് ലൂക്കാ സുവിശേഷകന്‍ എഴുതിയിരിക്കുന്നത്. ‘ദിനങ്ങള്‍ തികഞ്ഞ് നീ പൂര്‍വികരോട് ചേരുമ്പോള്‍ നിന്റെ ഔസരപുത്രനെ ഞാന്‍ ഉയര്‍ത്തി അവന്റെ രാജ്യം സുസ്ഥിരമാക്കും. അവന്‍ എന്റെ ആലയം പണിയും. അവന്റെ രാജസിംഹാസനം ഞാന്‍ എന്നേക്കും സ്ഥിരപ്പെടുത്തും. ഞാന്‍ അവന് പിതാവും അവന്‍ എനിക്ക് പുത്രനും ആയിരിക്കും’ (2 സാമുവേല്‍ 7: 12- 14). ദാവീദില്‍ ഈ പ്രവചനം നിറവേറുന്നുണ്ടെങ്കിലും ഇത് പൂര്‍ത്തിയാകുന്നത് യേശുവിലാണ്.

മറിയം എന്ന കന്യക

മറിയം എന്ന വാക്കിന്റെ ഹെബ്രായ ഭാഷയിലുള്ള രൂപം മിറിയാം എന്നാണ്. മോശയുടെ സഹോദരിയുടെ പേര് മിറിയാം എന്നായിരുന്നു. കടലിന്റെ കയ്പ് എന്നാണ് ആ പേരിന്റെ അര്‍ത്ഥം. മിറിയാം ജനിച്ചപ്പോള്‍ ഫറവോയുടെ കല്‍പന ഭയന്ന് ഇസ്രായേല്‍ക്കാല്‍ തങ്ങളുടെ കുഞ്ഞുങ്ങളെ നൈല്‍ നദിയില്‍ എറിയേണ്ട ദുരവസ്ഥ അനുഭവിക്കുന്ന കയ്പു നിറഞ്ഞ കാലമായിരുന്നു. ഇസ്രായേല്‍ക്കാര്‍ ചെങ്കടല്‍ കടന്നപ്പോള്‍ ഇസ്രായേല്‍ സ്ത്രീകളുടെ നേതാവ് മിറിയാം ആയിരുന്നു. അതു പോലെ വാഗ്ദത്തഭൂമിയായ സ്വര്‍ഗത്തിലേക്ക് മനുഷ്യരെ നയിക്കന്നവളാണ് പുതിയ നിയമത്തിലെ മറിയം എന്ന് വി. അംബ്രോസ് പറയുന്നു.

ദൈവകൃപ നിറഞ്ഞ മറിയം

ഗബ്രിയേല്‍ മാലാഖ മറിയത്തെ അഭിസംബോധന ചെയ്യുന്നത് ദൈവകൃപ നിറഞ്ഞവളേ എന്നാണ്. ഉത്ഭവ പാപത്തില്‍ നിന്നു വിമുക്തയായിരുന്ന മറിയം ആത്മാവിലും ശരീരത്തിലും കൃപ നിറഞ്ഞവളായിരുന്നു. യേശു ദൈവമാകയാലും, മറിയം ഒന്‍പതു മാസം അവിടുത്തെ ഉദരത്തില്‍ വഹിച്ചതിനാലും പാപത്തില്‍ നിന്നും പൂര്‍ണമായും മുക്തരായിരുന്നു. അതിനാലാണ് ദൈവദൂതന്‍ ദൈവകൃപ നിറഞ്ഞവളേ സ്വസ്തി! എന്ന് അഭിവാദനം ചെയ്തത്.

മനുഷ്യരക്ഷയെ കുറിച്ചുള്ള ആദിമമായ പദ്ധതിക്കായി ദൈവം തെരഞ്ഞെടുത്തതാണ് മറിയത്തെ. ഇക്കാര്യം ദൂതന്‍ മറിയത്തെ അറിയിക്കുന്നു.
എന്നാല്‍ അപ്രതീക്ഷിതമായ ഈ അഭിവാദനം കേട്ട് മറിയം അസ്വസ്ഥയാകുന്നു. വളരെ വലിയ ഒരു ഉത്തരവാദിത്വം ഏതൊരാളെയും അമ്പരപ്പിച്ചു കളയും. മറിയം ദൈവകൃപ തേടുന്നവളാണ്. അപ്പോള്‍ താന്‍ കൃപകളെല്ലാം നിറഞ്ഞവളാണ് എന്ന ദൂതന്‍ പറഞ്ഞപ്പോള്‍ അത് അവള്‍ക്ക് അത്ഭുതത്തിന് കാരണമായി.

മാലാഖയുടെ ദിവ്യമായ രൂപം ഒരു പക്ഷേ, മറിയത്തെ ഭയപ്പെടുത്തിയിട്ടുണ്ടാകാം. എന്നാല്‍ ഭയപ്പെടേണ്ട എന്നു പറഞ്ഞ് ദൂതന്‍ മറിയത്തെ ധൈര്യപ്പെടുത്തുകയാണ്. ദൈവസന്നിധിയില്‍ മറിയം പ്രീതി കണ്ടെത്തിയിരിക്കുന്നു എന്ന് ദൂതന്‍ അറിയിക്കുന്നു. പഴയ നിയമത്തില്‍ നോഹ, മോശ, ദാവീദ് തുടങ്ങിവയര്‍ ദൈവസന്നിധിയില്‍ പ്രീതി നേടിയവരാണ്. അവരുടെ ഗണത്തിലാണ് മറിയം.

യേശു എന്ന നാമം

യേശു എന്ന പേര് ഹെബ്രായ ഭാഷയില്‍ യോശുവാ എന്നാണ്. യഹോവ എന്റ രക്ഷ എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. മോശയുടെ പിന്‍ഗാമിയായി ഇസ്രായേല്‍ ജനത്തെ വാഗ്ദത്ത ഭൂമിയായ കാനാന്‍ ദേശത്തേക്ക് നയിച്ച നേതാവാണ് യോശുവാ. ശക്തരായ കാനാന്‍കാരെ തോല്‍പിക്കാന്‍ ഇസ്രായേല്‍ സൈന്യത്തെ അദ്ദേഹം നയിച്ചു. അതു പോലെ പുതിയ യോശുവാ ആയ യേശു സാത്താനെ യുദ്ധം ചെയ്തു തോല്‍പിക്കുകുയം തന്റെ ജനത്തെ സ്വര്‍ഗമാകുന്ന പുതിയ വാഗ്ദത്ത ഭൂമിയിലേക്ക് നയിച്ചു.

യേശുവിനെ കുറിച്ചുള്ള പ്രവചനങ്ങള്‍

അവന്‍ മഹാനായിരിക്കും. (ലൂക്ക 1-32).
മനുഷ്യാവതാരം ചെയ്ത ദൈവം എന്ന നിലയില്‍ ഭൂമിയില്‍ പിറന്നുവീണ എല്ലാവരെയും കാള്‍ വലിയവനാണ് യേശു ക്രിസ്തു. അവിടുന്ന് ദാവീദിനെക്കാള്‍ ശക്തനും (മത്താ 22: 41-45), സോളമനെക്കാള്‍ ജ്ഞാനിയും (മത്താ. 12: 42) യോനായെക്കാള്‍ വലിയ പ്രഭാഷകനും (മത്താ 12: 41) ആയിരുന്നു.

അവന്‍ അത്യുന്നതന്റെ പുത്രന്‍ എന്ന് വിളിക്കപ്പെടും> (ലൂക്ക 1: 32).

ലൂക്ക പൊതുവേ ദൈവത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന നാമം അത്യുന്നതന്‍ എന്നാണ്. പുരുഷസംഗമം കൂടാതെ ജനിച്ച യേശു പരിശുദ്ധാത്മാവിനാലാണ് പിറന്നത് അവിടുന്ന് ദൈവപുത്രനായിരുന്നു.

അവന്‍ പരിശുദ്ധന്‍ എന്ന് വിളിക്കപ്പെടും (ലൂക്ക 1: 35)
അവതാരം ചെയ്ത ദൈവമായതിനാല്‍ യേശുവില്‍ ജന്മപാപമോ കര്‍മപാപമോ ഇല്ല. അവിടുന്ന് പരിശുദ്ധനാണ്.

കര്‍ത്താവ് അവന് തന്റെ പിതാവായ ദാവീദിന്റെ സംഹാസനം നല്‍കും (ലൂക്ക 1: 32)

2 സാമുവേല്‍ 7: 12-14 ന്റെ സാക്ഷാത്മകാരമാണിത്.

അവന്‍ യാക്കോബിന്റെ ഭവത്തിന്റെ മേല്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാവുകയില്ല (ലൂക്ക 1: 33)

യാക്കോബിന്റെ ഭവനം പന്ത്രണ്ട് ഗോത്രങ്ങളാണ്. ഇന്ന് അവര്‍ ലോകമെങ്ങും ചിതറിക്കപ്പെട്ട് എല്ലാ ജനങ്ങളുമായി ഇടകലര്‍ന്നിരിക്കുന്നു. രക്ഷ ഇസ്രായല്‍ക്കാരിലൂടെ എല്ലാ മനുഷ്യര്‍ക്കുമായി തുറന്നിരിക്കുന്നു. യേശു എല്ലാവരുടെയും രക്ഷകനാണ്.

ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ (ലൂക്ക 1: 34)

ജോസഫുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്നെങ്കിലും ആജീവനാന്തം കന്യകയായി കഴിയാന്‍ മറിയം ഒരു വ്രതം എടുത്തിരുന്നു. എങ്ങനെയാണ് ഒരേ സമയം കന്യകയും അമ്മയും ആവുക എന്ന് മറിയം ന്യായമായും സംശയിച്ചു.

പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും. അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. (ലൂക്ക 1: 35)

യേശു പിറന്നത് സ്ത്രീപുരുഷ സംഗമത്തിലൂടെ അല്ല. പ്രകൃതിനിയമങ്ങള്‍ക്ക് അതീതമായാണ്. മനുഷ്യാവതാരത്തില്‍ പരിശുദ്ധ ത്രിത്വത്തിലെ മൂന്ന് വ്യക്തികളും – പിതാവും പുത്രനും പരിശുദ്ധാത്മാവും – പങ്കാളികളാണ്. വാഗ്ദാന പേടകത്തിന് മേല്‍ ദൈവം വന്നതു പോലെ മറിയത്തിന്റെ മേല്‍ ദൈവിക ശക്തി വന്നു നിറയുകയും മറിയം പുതിയ വാഗ്ദാന പേടകമായി മാറുകയും ചെയ്തു.

ദൈവത്തിന് ഒന്നും അസാധ്യമല്ല (ലൂക്ക 1. 37)

ദൈവത്തിന് എല്ലാം സാധ്യമാണെന്ന് മറിയത്തെ ബോധ്യപ്പെടുത്തുന്നതിനായി ചാര്‍ച്ചക്കാരിയായ എലിസബത്ത് വയസ്സുകാലത്ത് ഗര്‍ഭം ധരിച്ച കാര്യം മാലാഖ പറയുന്നു.

ഇതാ കര്‍ത്താവിന്റെ ദാസി. നിന്റെ വചനം പോലെ എന്നില്‍ നിറവേറട്ടെ (ലൂക്ക 1 : 38)
തന്റെ കന്യകാത്വം സൂക്ഷിച്ചു കൊണ്ട് ദൈവപുത്രന്റെ അമ്മയാകാം എന്ന ചിന്ത മറിയത്തെ സന്തുഷ്ടയാക്കി. ഒരു പിതാവ് പുത്രിയോട് വിവാഹസമ്മതം ചോദിക്കുന്നതു പോലെയായിരുന്നു ദൈവം മറിയത്തോട് സമ്മതം ചോദിച്ചത്. മറിയം സമ്മതം മൂളിയ നിമിഷത്തില്‍ അത്ഭുതകരമായി മറിയം ഗര്‍ഭം ധരിച്ചു.

സന്ദേശം

ദൈവം പോലും മറിയത്തിന്റെ സമ്മതം തേടി. അതു പോലെ മറ്റുള്ളവരുടെ സമ്മതം ചോദിക്കാന്‍ നാം തയ്യാറാകണം. പരസ്പരമുള്ള ആശയവിനിമയം കുടുംബ ബന്ധങ്ങളില്‍ തെറ്റിദ്ധാരണ ഒഴിവാക്കും.

ഹവ്വയെ സാത്താന്‍ തെറ്റിദ്ധരിപ്പിച്ചു. മറിയമാകട്ടെ ദൈവത്തിന് സമ്മതം മൂളി. സംഭവിക്കാനിരിക്കുന്ന ഫലങ്ങള്‍ രണ്ടു പേര്‍ക്കും അറിയാമായിരുന്നു. നമുക്ക് യേശുവിന്റെയും അവിടുത്തെ സഭയുടെ പ്രതിനിധികളുടെ അനുശാസനങ്ങള്‍ പാലിക്കും. വഴി തെറ്റിക്കുന്നവരില്‍ നിന്ന് അകന്നു നില്‍ക്കാം.

ഒരു പരാതിയും പറയാതെ മറിയം തന്റെ കഷ്ടപ്പാടുകള്‍ ഏറ്റെടുത്തു. നമുക്കും നമ്മുടെ കുരിശും എടുത്ത് യേശുവിനെ അനുഗമിക്കാം.

തന്റെ സമര്‍പ്പണം വിശ്വസ്തതയോടെ പാലിച്ച മറിയത്തെ പോലെ നമുക്കും മാമ്മോദീസയില്‍ സ്വീകരിച്ച ക്രിസ്തീയജീവിത വിളി നമുക്ക് വിശ്വസ്തതയോടെ പാലിക്കാം.

ആഗമനകാലം ആത്മീയ ഒരുക്കത്തിന്റെ കാലമാണ്. സ്‌നാപക യോഹന്നാന്റെ സന്ദേശം അനുസരിച്ച് നമുക്ക് ്അനുതപിക്കാം. യേശുവിനെ ഹൃദയത്തില്‍ സ്വീകരിക്കാന്‍ നമുക്ക് ഹൃദയശുദ്ധി ആവശ്യമാണ്. കൂടുതല്‍ പ്രാര്‍ത്ഥനയും അനുരഞ്ജനവും പരസ്‌നേഹ പ്രവര്‍ത്തികളും വഴി നമുക്ക് ഈ ആഗമനകാലം വിശുദ്ധമാക്കാം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles