വീടില്ലാത്തവരുടെ മനിലയില്‍ സാന്ത്വനമായി കത്തോലിക്കാ സഭ

~ ഫ്രേസര്‍ ~
മനില: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭവനരഹിതരുള്ള നഗരമാണ് ഫിലിപ്പൈന്‍സിന്റെ തലസ്ഥാനമായ മനില. 35 ലക്ഷം പേരാണ് മനിലയില്‍ വീടില്ലാതെ ജീവിക്കുന്നത്. അതില്‍ 70,000 പേര്‍ കുട്ടികളാണ്.
ഭവനരഹിതരായി മനിലയിലെമ്പാടും ഇവര്‍ അലഞ്ഞു തിരിയുന്നു. മെട്രോ മനിലയുടെ തെരിവുകളിലും, പാലങ്ങള്‍ക്കു കീഴെയും, വഴിയരികിലും ബൈപാസിലും, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലും വാഹനങ്ങളിലും പള്ളികളുടെ ചുറ്റിനും സിമിത്തേരികളില്‍ പോലും അവരെ കാണാം.
ഇവരില്‍ ആക്രി പെറുക്കുന്നവരും കെട്ടിടം പണിക്കു പോകുന്നവരും പൂ വില്‍ക്കുന്നവരും, കാര്‍ പാര്‍ക്കില്‍ ജോലി ചെയ്യുന്നവരും മുച്ചക്ര വാഹന ഡ്രൈവര്‍മാരും എല്ലാമുണ്ട്.
രാത്രി കാലങ്ങളില്‍ അവര്‍ മനിലയിലെ ചേരികളില്‍ പെട്ടി കൊണ്ടുണ്ടാക്കിയ താല്‍ക്കാലിക വീടുകളില്‍ അന്തിയുറങ്ങുന്നു. മറ്റു ചിലര്‍ അടിച്ചു പരത്തിയ ടിന്‍ കാനുകളിലും ശവകുടീരങ്ങളുടെ മേലും, കടകളുടെ മുന്നിലും പാലങ്ങളുടെ അടിയിലുമെല്ലാം രാത്രി കഴിക്കുന്നു. അവര്‍ക്ക് പൊതു ജലമോ, കറന്റോ ഇല്ല.
സര്‍ക്കാര്‍ കണക്കനുസരിച്ച് ഫിലിപ്പൈന്‍സില്‍ 45 ലക്ഷം ഭവനരഹിതരുണ്ട്. ഇക്കാര്യത്തില്‍ തലസ്ഥാന നഗരിമായ മനില ലോക റെക്കോര്‍ഡ് നേടിയിരിക്കുന്നു. അതേ സമയത്ത് 115,000 പൊതു താമസസ്ഥലങ്ങള്‍ ഫിലിപ്പൈന്‍സില്‍ ഒഴിഞ്ഞു കിടക്കുന്നു എന്നതാണ് വിരോധാഭാസം!
എന്തായാലും, തങ്ങളെ കൊണ്ടാവും വിധം ഈ ഹതഭാഗ്യരെ സഹായിക്കാന്‍ കത്തോലിക്കാ സഭ രംഗത്തുണ്ട്. സേക്രഡ് ഹാര്‍ട്ട് ഷ്രൈന്‍ ഇടവകയിലെ ഡിവൈന്‍ വേഡ് സഭയിലെ വൈദികര്‍ എല്ലാ വെള്ളിയാഴ്ചകളിലും ഈ ഭവനരഹിതര്‍ക്ക് ഭക്ഷണം നല്‍കുന്നു. ജപമാലമാതാവിന്റെ ഡോമിനിക്കന്‍ കന്യാസ്ത്രീകള്‍ എല്ലാ തിങ്കളാഴ്ചകളിലും ഇവര്‍ക്ക് സൗജന്യമായി ആഹാരം നല്‍കുന്നു.
കറുത്ത നസ്രായന്റെ ഭക്തരായ ഒരു കൂട്ടം ആളുകള്‍ കരുണയുടെ പേരില്‍ വെള്ളിയാഴ്ചകളില്‍ മൂന്നു നേരവും ഭവനരഹിതര്‍ക്കായി ഭക്ഷണം ഒരുക്കുന്നു.
സെന്റ് അര്‍ണോള്‍ഡ് കലിംഗ സെന്ററിലെ ഡിവൈന്‍ വേഡ് വൈദികര്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസവും സൗജന്യഭക്ഷണം നല്‍കുന്നു. ഭവന രഹിതരുടെ മക്കള്‍ക്ക് സൗജന്യ വിദ്യ്ാഭ്യാസവും അവര്‍ നല്‍കുന്നു.