കോവിഡ് ചിന്തകളും വിശുദ്ധവാരാചരണവും: മാർ ജോർജ് ആലഞ്ചേരി
കോവിഡ് 19 മൂലമുണ്ടായ പകർച്ചവ്യാധി ലോകത്തെ ഗ്രസിച്ചിരിക്കുന്ന സാഹചര്യം. മനുഷ്യമനസുകളിലെല്ലാം സംഘർഷവും സംഭീതിയും. ലോകം മുഴുവൻ തങ്ങളുടെ പിടിലാണെന്നു കരുതിയിരുന്ന വൻശക്തികൾതന്നെ നിസഹായരായി നിൽക്കുന്നു. എന്താ ചെയ്യുക? എല്ലാവരും ഉന്നയിക്കുന്ന ചോദ്യമാണിത്. എല്ലാവരും ഉത്തരം കണ്ടെത്താനും ശ്രമിക്കുന്നു.
ഭരണാധികാരികളും നേതാക്കളും സമൂഹത്തിന് അച്ചടക്ക നടപടികൾ നിർദേശിക്കുന്നു. ഡോക്ടർമാരുടെയും മറ്റു വിദഗ്ധരുടെയും നിർദേശങ്ങൾക്കനുസൃതം രോഗനിവാരണ, പ്രതിരോധ നടപടികൾ എടുക്കുന്നു. ഇനിയും രോഗം നിയന്ത്രണത്തിലായിട്ടില്ല. ശുഭസുചനകൾ ഇല്ലാതില്ല. ഈ മഹാമാരിയെക്കുറിച്ചു ശരിയായ അറിവു പകരാൻ പരിശ്രമിക്കുന്ന ഡോക്ടർമാരും ഗവേഷകരും മനുഷ്യർക്ക് വലിയൊരു ശക്തി പകരുന്നു. എന്നാൽ, ഈ മാരകരോഗത്തെ നിസാരമായി കരുതി സമൂഹത്തിൽ ഓടിനടക്കുന്നവരും ഉണ്ട്. രോഗവ്യാപനത്തിന് അറിഞ്ഞോ അറിയാതെയോ അവർ കാരണക്കാരാകുന്നു. ഈ മഹാമാരി ദൈവം മനുഷ്യനു നൽകിയ മഹാശിക്ഷയായിട്ട് പറയുന്ന വ്യാജപ്രവാചകരും പ്രത്യക്ഷപ്പെടുന്നുണ്ട്. ശിക്ഷയെല്ലാവർക്കുമല്ലത്രേ. അവരുടെ വിശ്വാസവും വീക്ഷണവുമനുസരിച്ചു പ്രവർത്തിക്കാത്ത ദൈവനിഷേധികൾക്കുള്ളതാണെന്നു വ്യാഖ്യാനം. എന്നാൽ, ഇതുപോലുള്ള മഹാവിപത്തുകളെ നേരിടാനുള്ള ബുദ്ധിയും ദൈവം മനുഷ്യനു നൽകിയിട്ടില്ലേ?
മനുഷ്യചരിത്രം മഹാവിപത്തുകളുടെയും ചരിത്രമാണ്. പ്ലേഗുകൾ, സ്പാനിഷ് ഫ്ളൂ, ജാപ്പനീസ് വസൂരി, മഞ്ഞപ്പനി, എച്ച്ഐവി/എയ്ഡ്സ്, എബോള, വടക്കൻ കേരളത്തിലെ നിപ്പ ഇങ്ങനെ എത്രയോ പകർച്ചവ്യാധികളെ മനുഷ്യൻ നേരിട്ടിരിക്കുന്നു! സമാനങ്ങളായ മറ്റു ദുരിതങ്ങളുമുണ്ടല്ലോ. മനുഷ്യർ പരസ്പരം നടത്തിയ യുദ്ധങ്ങളുടെ എണ്ണംതന്നെ എത്ര? അവയിൽ മരിച്ചവരുടെ എണ്ണം ആരറിയുന്നു! രണ്ടാം ലോകമഹായുദ്ധത്തിലെ യഹൂദരുടെ കൂട്ടക്കുരുതിയും ഹിരോഷിമ/നാഗസാക്കി അണുബോംബ് സ്ഫോടനവും വരുത്തിയ ജീവഹാനി എണ്ണിയാൽ തീരാത്തതല്ലേ? ഭൂകന്പങ്ങൾ, പ്രളയങ്ങൾ, ചുഴലിക്കാറ്റുകൾ എന്നിവയും മനുഷ്യനാശം വരുത്തുന്നില്ലേ? നാശങ്ങളുടെ ഈ പരന്പരയിൽ എന്തുകൊണ്ട് കോവിഡ് 19-നെയും എണ്ണിക്കൂടാ? അപ്പോൾപിന്നെ ഈ പകർച്ചവ്യാധിയുടെ മുന്നിൽ കൈയും കെട്ടിയിരുന്നാൽ മതിയെന്നാണോ? ഒരിക്കലുമല്ല.
മനുഷ്യചരിത്രത്തിൽ ദൈവവും മനുഷ്യനും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. പ്രപഞ്ചസൃഷ്ടിയിൽ ദൈവത്തിന് ഒരു പദ്ധതിയുണ്ട്. ആ പദ്ധതിയിൽ ദൈവം ഏർപ്പെടുത്തിയിരിക്കുന്നതും അനുവദിക്കുന്നതുമായവ സംഭവിക്കുന്നു. പ്രപഞ്ചനാഥൻ ഒരിക്കലും പ്രപഞ്ചത്തെ കൈവിടുകയില്ല. പ്രപഞ്ചത്തിന്റെ നിയന്ത്രണം ദൈവത്തിന്റെ പദ്ധതിയനുസരിച്ച് നിർവഹിക്കാൻ മനുഷ്യൻ തയാറാകണം. പ്രപഞ്ചസൃഷ്ടിയിൽ ദൈവം മറ്റൊരു ദൈവത്തെ സൃഷ്ടിക്കുകയായിരുന്നില്ല. സൃഷ്ടിയെന്ന നിലയിൽ പ്രപഞ്ചത്തിന് പരിമിതികളുണ്ട്, വൈകല്യങ്ങളുണ്ട്. ഒരു പരിമിതിയുമില്ലാതെ തന്റെതന്നെ സ്ഥിതിയിൽ പ്രപഞ്ചത്തെ ദൈവം എങ്ങനെ സൃഷ്ടിക്കും? ഭൂകന്പങ്ങളും പ്രളയങ്ങളും ചുഴിലിക്കാറ്റുകളുമെല്ലാം സൃഷ്ടപ്രപഞ്ചത്തിന്റെ സ്വാഭാവികതകളാണ്. അതുപോലെതന്നെ, പകർച്ചവ്യാധികളെയും മഹാമാരികളെയും നമുക്കു കാണാൻ കഴിയണം. മനുഷ്യനുണ്ടാകുന്ന രോഗങ്ങളെ അവന്റെ പ്രകൃതിയുടെ പരിമിതികളായി കാണാമെങ്കിൽ പ്രപഞ്ചത്തിൽ നാശം വിതയ്ക്കുന്ന പ്രതിഭാസങ്ങളെയും അതിന്റെ പരിമിതികളായി നാം കാണണം. എല്ലാ നാശങ്ങളും നഷ്ടങ്ങളും ആത്യന്തികമായി നന്മയുളവാക്കുമെന്നതാണ് ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ആത്മധൈര്യം നൽകുന്ന ചിന്ത.
ഉപരിനന്മയ്ക്കായി അപ്രതിരോധ്യമായ ചില നാശങ്ങൾക്കു നാം വിധേയരാകേണ്ടിയിരിക്കുന്നു. അമ്മ വേദനിച്ചാലല്ലേ കുഞ്ഞ് പിറക്കുകയുള്ളൂ? വിത്തുകൾ സ്വയം നശിച്ചാലല്ലേ ചെടികൾ മുളച്ചു വളർന്നു പുഷ്പിച്ച് ഫലങ്ങൾ നൽകുകയുള്ളൂ? വ്യക്തികൾക്കെന്നതുപോലെ സമൂഹത്തിനും ഈ പ്രപഞ്ചത്തിനും ഒന്നുംതന്നെ വിലകൊടുക്കാതെ വാങ്ങാൻ സാധിക്കുകയില്ല. എല്ലാ നാശങ്ങൾക്കും നഷ്ടങ്ങൾക്കും ലാഭങ്ങളാണ് അന്തിമഫലം. ആഗോളവത്കരണം ആധുനിക മനുഷ്യന്റെ മഹാനേട്ടമാണല്ലോ. അതുതന്നെയാണല്ലോ ഈ മഹാമാരിയുടെ ലോകവ്യാപനത്തിനു കാരണമായത്. പ്രപഞ്ചപുരോഗതിയിൽ മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഇതുവരെ കണ്ടതിൽ കവിഞ്ഞ വിപത്തുകളിലൂടെയും നമുക്ക് കടന്നുപോകേണ്ടി വരാൻ ഇടയില്ലേ?
എന്താണ് യുക്തിസഹവും വിവേകപൂർണവുമായ വിവേചനം? ദൈവത്തിലാശ്രയിക്കുക, ദൈവം നമുക്ക് നൽകിയ കഴിവുകളിലും ആശ്രയിക്കുക. കൊറോണ വൈറസിനെ നേരിടാൻ പ്രതിവിധികൾ തേടുക. ലഭ്യമായ ചികിത്സാ രീതികളിലൂടെ രോഗാധീനരെ രക്ഷിക്കുക. ഈ കേരളത്തിൽ തന്നെ രോഗം ബാധിച്ചവരിൽ സൗഖ്യം പ്രാപിച്ചവരുമുണ്ടല്ലോ. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ എല്ലാവരും നമ്മുടെ അഭിനന്ദനം അർഹിക്കുന്നു. സർക്കാർ നല്കുന്ന നേതൃത്വവും പ്രശംസനീയം.
ഒരു മഹാമാരിയുടെ സാഹചര്യത്തിൽ വിശുദ്ധവാരാചരണം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം കൂടുതൽ ദുഃഖപൂരിതമായിരിക്കുന്നു. ക്രിസ്തുവിന്റെ പീഡാസഹനങ്ങളെയും മരണത്തെയും കോവിഡ് -19 വരുത്തിയ ദുഃഖങ്ങളോടും വേദനകളോടും ചേർത്തുവായിക്കാൻ ക്രൈസ്തവർക്ക് കഴിയേണ്ടതല്ലേ? ഇതര മതസ്ഥരുടെ മതകർമങ്ങളും വിഷു പോലുള്ള ഉത്സവങ്ങളുമൊക്കെ ബാധിക്കപ്പെട്ടിട്ടുണ്ടല്ലോ.
നമുക്കിനി പുതിയൊരു ജീവിതശൈലിതന്നെ വേണമെന്നല്ലേ വൈറസ് വരുത്തിയ അടച്ചിടലിൽനിന്നു നാം പഠിക്കുന്ന പാഠം. നമ്മുടെ ധൂർത്തിനും ആഡംബരങ്ങൾക്കുമൊക്കെ നിയന്ത്രണം ആവശ്യമല്ലേ? ഇപ്പോൾ നാം ശീലിക്കുന്ന മിതവ്യയം പോരേ നമുക്കൊരു സുഖജീവിതത്തിന്? മനുഷ്യൻ ചിന്തിച്ചു തീരുമാനങ്ങളെടുക്കേണ്ട ഒരു കാലസന്ധിയാണിത്. ആധ്യാത്മികതയെ ആചാരങ്ങളും ആഘോഷങ്ങളും ധനസന്പാദനമാർഗങ്ങളുമൊക്കെ ആക്കിത്തീർത്തവർക്ക് ശരിയായ ആധ്യാത്മികത അഭ്യസിക്കാൻ ഈ ലോക്ക് ഡൗണ് കാലം സഹായകമല്ലേ? ദൈവത്തിലുള്ള വിശ്വാസവും സഹോദരങ്ങൾക്കുവേണ്ടിയുള്ള സമർപ്പണ മനോഭാവവും നമ്മിൽ വളരാൻ ഇപ്പോഴത്തെ നമ്മുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നില്ലേ?
ക്രിസ്തുവിന്റെ സഹനവും മരണവും അവിടത്തെ ഉയിർപ്പിന്റെ മഹത്വത്തിലേക്ക് എത്തിച്ചതുപോലെ നാമും കൊറോണ വൈറസിനെ പിന്നിട്ട് ഉയിർത്തെഴുന്നേൽക്കും. ക്രിസ്തു തന്റെ ജീവൻ സമർപ്പിച്ചതുപോലെ കുറെപ്പേർ ജീവൻ സമർപ്പിച്ച് മരിക്കുന്നു. മനുഷ്യസമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് അവർ കൊടുക്കുന്ന വിലയാണിത്.
ക്രിസ്തുവിന്റെ മരണം അവിടുത്തെ ഉയിർപ്പിൽ മനുഷ്യവംശത്തെ ഉയിർപ്പിച്ചതുപോലെ, അവിടുത്തോടു ചേർന്നുള്ള നമ്മുടെ മരണവും നമ്മുടെയും മനുഷ്യസമൂഹത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിനു വഴിതെളിക്കും. ഈ ക്രൈസ്തവ വിശ്വാസം ഈ വിശുദ്ധവാരത്തിൽ നമ്മുടെ ഹൃദയത്തിൽ ആഴപ്പെടട്ടെ.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ്, കെസിബിസി പ്രസിഡന്റ്)