വിശുദ്ധ കുർബാനയുമായി സ്നേഹത്തിലാകാൻ പത്തു മാർഗ്ഗങ്ങൾ

വിശുദ്ധ കുർബാനയുമായി സ്നേഹത്തിലാകാൻ പത്തു മാർഗ്ഗങ്ങളാണ് ഈ ലേഖനത്തില്‍.  നമ്മുടെ ആത്മീയ ജീവിതത്തില്‍ അതീവ പ്രാധാന്യം ഉള്ള മാര്‍ഗങ്ങള്‍ ആണ് ഇവ.

ഈ ഭൂമിയിലായിരുന്നപ്പോൾ ഈശോയുടെ വലിയ സ്നേഹിതരായിരുന്നു വിശുദ്ധർ. ഇപ്പോൾ അവർ നിത്യതയിൽ ദൈവത്തെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു. പരിശുദ്ധ കുർബാനയോടുള്ള അതിരറ്റ സ്നേഹത്താൽ എരിഞ്ഞ ചില വിശുദ്ധരുടെ മാതൃകയെ പിന്തുടർന്ന് വിശുദ്ധ കുർബാനയുമായി സ്നേഹത്തിലാകാനുള്ള വഴികളാണ് താഴെപ്പറയുന്നത്. ഗഹനമായ കാര്യങ്ങളൊന്നുമല്ലിത്. പലരും പതിവാക്കിയ ലളിതമായ ദിനചര്യകളുടെ ഒരു ഓർമ്മക്കുറിപ്പു മാത്രം. ആദ്യമേ തന്നെ വിശുദ്ധ കുർബാനയുടെ മാഹാത്മ്യത്തെക്കുറിച്ചുള്ള ഏതാനും വിശുദ്ധരുടെ വാക്കുകൾ വായിച്ചു കൊണ്ടാവാം.

“സ്വർഗ്ഗത്തിലേയ്ക്കുള്ള ഏറ്റവും ചെറുതും സുരക്ഷിതവുമായ വഴിയാണ് വിശുദ്ധ കുർബാന സ്വീകരണം”
(വി. പത്താം പീയൂസ്).

“മാലാഖമാർക്ക് മനുഷ്യരോട് അസൂയ തോന്നുമെങ്കിൽ അതിന് ഒരു കാരണമേയുള്ളൂ; അത് പരിശുദ്ധ കുർബാന മാത്രമാണ്”
(വി. മാക്സിമില്യാൻ കോൾബേ).

“തിരുനാളുകളെ എത്രമാത്രം ഞാൻ സ്നേഹിക്കുന്നു..! ദിവ്യകാരുണ്യത്തെ ബഹുമാനിച്ചുള്ള പ്രദിക്ഷണങ്ങളെ ഞാൻ പ്രത്യേകമായി സ്നേഹിക്കുന്നു. ദൈവത്തിന്റെ പാദാന്തികത്തിൽ പുഷ്പങ്ങൾ വിതറുന്നതിൽ എത്ര ആനന്ദം ഞാൻ കണ്ടെത്തിയിരുന്നെന്നോ! പരിശുദ്ധ അരുളിക്കയിൽ എന്റെ പുഷ്പങ്ങൾ സ്പർശിക്കുന്നതു കാണുമ്പോൾ ഞാൻ അനുഭവിച്ച ആനന്ദം എത്രയോ അവർണ്ണനീയം”
(ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യാ).

“ക്രൂശിതരൂപത്തിലേയ്ക്ക് നീ നോക്കുമ്പോൾ ഈശോ നിന്നെ അന്ന് എത്രമാത്രം സ്നേഹിച്ചു എന്നു നീ മനസ്സിലാക്കുന്നു. എന്നാൽ ദിവ്യകാരുണ്യത്തിലേയ്ക്ക് നീ കണ്ണുകൾ ഉയർത്തുമ്പോൾ ഈശോ ഇന്നു നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു നീ മനസ്സിലാക്കുന്നു”
(കൽക്കത്തയിലെ വി. മദർ തേരേസാ).

“ക്രൈസ്തവജീവിതം ജീവിക്കാനുള്ള ശക്തിയും മറ്റുള്ളവർക്കായി ജീവിതം പങ്കുവയ്ക്കാനുള്ള അഭിനിവേശം ലഭിക്കുന്നതും ദിവ്യകാരുണ്യത്തിൽ നിന്നാകുന്നു”
(വി. ജോൺപോൾ രണ്ടാമൻ).

“നിന്റെ ആത്മാവിനെ നിലനിർത്തുന്ന നിത്യജീവന്റെ അപ്പമാണ് വിശുദ്ധ കുർബാന”
(വി. അംബ്രോസ്).

“വിശുദ്ധ കുർബാനയിൽ നിന്ന് അകലുന്തോറും നിന്റെ ആത്മാവ് ദുർബലമാകും. അവസാനം അപകടകരമാവിധം നീ നിസംഗനായിത്തീരും”
(വി. ജോൺ ബോസ്കോ).

“ആത്മീയജീവിതത്തിന്റെ മുഴുവൻ പരകോടിയാണ് ദിവ്യകാരുണ്യം”
(വി. തോമസ് അക്വീനാസ്).

വിശുദ്ധ കുർബാനയുമായി സ്നേഹത്തിലാകാൻ പത്തു സുവർണ്ണ താക്കോലുകളെ നമുക്കു പരിചയപ്പെടാം. ഇവ ഓരോന്നും വിശുദ്ധ കുർബാന എന്ന അമൂല്യനിധിയുടെ അവർണ്ണനീയമായ കൃപകളിലേയ്ക്ക് നമ്മുടെ ഹൃദയം തുറക്കാൻ സഹായിക്കുന്ന വഴികളാണ്.

1. വിശ്വാസം വർദ്ധിപ്പിക്കുക

ഏറ്റവും പരിശുദ്ധമായ വിശുദ്ധ കുർബാന എന്ന മഹാരഹസ്യത്തെ മനസ്സിലാക്കാൻ വലിയ വിശ്വാസമുണ്ടങ്കിലെ സാധിക്കൂ. എന്റെ കർത്താവേ, എന്റെ ദൈവമേ എന്ന തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനത്തിലേയ്ക്കു വളരാൻ “കർത്താവേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ” എന്ന സുവിശേഷ പ്രാർത്ഥന മറക്കാതെ നമ്മൾ ഉരുവിടണം.

2. ദിവ്യകാരുണ്യ സന്ദർശനം പതിവാക്കുക

ദിവ്യകാരുണ്യ സവിധത്തിലേയ്ക്കുള്ള സന്ദർശനങ്ങൾ ശീലമാക്കുക. ഒരു പുരോഹിതന്റെ വാക്കുകൾ ശ്രദ്ധേയമാണ്: “എപ്പോഴെല്ലാം ഒരു ദൈവാലയം ഞാൻ കാണുന്നുവോ, അപ്പോഴെല്ലാം വാഹനം നിർത്തി ദിവ്യകാരുണ്യ ഈശോയെ ഞാൻ സന്ദർശിക്കും. അതുകൊണ്ട് ഞാൻ മരിക്കുമ്പോൾ ഇതാരാണ് എന്നു ഈശോ എന്നോടു ചോദിക്കുകയില്ല.” സുഹൃത്തുക്കൾ സംസാരിക്കാനും കമ്പനി കൂടാനും ഒന്നിച്ചുചേരുന്നതുപോലെ ഈശോയോടു ചങ്ങാത്തം കൂടാനും നിലനിർത്താനും സാധിക്കുമ്പോഴൊക്കെ ദിവ്യകാരുണ്യ സന്ദർശനം ശ്രദ്ധാപൂർവ്വം അനുഷ്ഠിക്കുക.

3. അരൂപിയിലുള്ള വിശുദ്ധ കുർബാന സ്വീകരണം ശീലമാക്കുക

വി. അൽഫോൻസ് ലിഗോരിയും ബനഡിക്ടു പതിനാറാമൻ പാപ്പയും തുടർച്ചയായുള്ള അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം ആത്മീയവളർച്ചയ്ക്കു സഹായമാണന്നു പഠിപ്പിക്കുന്നു. നമ്മുടെ ഹൃദയം ആഗ്രഹിക്കുമ്പോഴെല്ലാം “ഈശോയെ നീ സത്യമായും സക്രാരിയിൽ സന്നിഹിതമാണന്നു ഞാൻ വിശ്വസിക്കുന്നു. ഇപ്പോൾ കൗദാശികമായി അങ്ങയെ സ്വീകരിക്കുവാൻ എനിക്കു കഴിയുകയില്ല എന്നാലും ആത്മീയമായി എന്റെ ഹൃദയത്തിൽ വരണമേേ” എന്നു പ്രാർത്ഥിക്കുകയും ഏതാനും നിമിഷം നന്ദി പറയുകയും ചെയ്യുക. ദിവ്യകാരുണ്യ ഈശോയോടുള്ള സ്നേഹാഗ്നി ജ്വാല ജ്വലിപ്പിക്കാൻ അരൂപിയാലുള്ള ദിവ്യകാരുണ്യ സ്വീകരണം വഴി സാധിക്കും.

4. യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം ധ്യാനപൂർവ്വം വായിക്കുക

യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായത്തിനു മൂന്നു ഭാഗങ്ങൾ ഉണ്ട്: ഈശോ അപ്പം വർദ്ധിപ്പിക്കുന്നു, വെള്ളത്തിനു മീതേ നടക്കുന്നു, ജീവന്റെ അപ്പത്തെക്കുറിച്ചു പ്രഭാഷണം നടത്തുന്നു. ഈ അവസാനഭാഗം വിശുദ്ധ കുർബാനയെക്കുറിച്ചുള്ള പ്രവചനമാണ്. ഈ തിരുവചനഭാഗം വായിക്കും തോറും വിശുദ്ധ കുർബാനയെക്കുറിച്ചുള്ള സ്നേഹത്താൽ ആഴപ്പെടാൻ നമുക്കു കഴിയും.

5. പതിനഞ്ചു മിനിറ്റു ഈശോയ്ക്കായി മാറ്റിവയ്ക്കുക

ദിവസത്തിൽ പതിനഞ്ചു മിനിറ്റെങ്കിലും ഈശോയുമായി മാത്രം സംസാരിക്കാൻ അവൻ പറയുന്നതു ശ്രവിക്കാൻ മാറ്റിവയ്ക്കുക. സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുമ്പോഴേ സൗഹൃദത്തിനു ദൃഢത കൈവരുന്നു. നമ്മുടെ ആന്തരിക സന്തോഷങ്ങളും മുറിവുകളും രഹസ്യങ്ങളും സങ്കടങ്ങളും ദിവ്യകാരുണ്യ ഈശോയോടു പറയുമ്പോൾ അവൻ നമ്മെ യാർത്ഥമായി മനസ്സിലാക്കുന്നു, അംഗീകരിക്കുന്നു.

6. തിരുമണിക്കൂർ നടത്തുക

സാധിക്കുമ്പോഴൊക്കെ ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ ഒരു മണിക്കൂർ നേരം ചിലവഴിക്കുക. ഈ ശീലം സ്ഥിരതയോടെ തുടർന്നാൽ ജീവിതം രൂപാന്തരപ്പെടും. 50 വർഷക്കാലം തിരുമണിക്കൂർ ആരാധന ശീലമാക്കിയ ആർച്ചുബിഷപ് ഫുൾട്ടൺ ജെ. ഷീന്റെ അഭിപ്രായത്തിൽ തിരുമണിക്കൂർ ദൈവീകശക്തിയുടെ മണിക്കൂറാണ്.

7. ദൈവാലയങ്ങളും ദിവ്യകാരുണ്യ ആരാധന ചാപ്പലുകളും അലങ്കരിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക

ധാരാളിത്തമല്ല ഇവിടെ ഉദ്ദേശിക്കുക. ലളിതമായ രീതിയിൽ വൃത്തിയായി ദൈവാലയവും ആരാധന ചാപ്പലുകളും സൂക്ഷിക്കുമ്പോൾ നമ്മുടെ ഇടയിൽ വസിക്കുന്ന ദൈവത്തിനു നാം കൊടുക്കുന്ന വലിയ ആദരവും ബഹുമാനവുമാണത്.

8. പരിശുദ്ധ കുർബാനയും പരിശുദ്ധ കുർബാന സ്വീകരണവും പതിവാക്കുക

യേശുവിന്റെ ബലി ആഘോഷിക്കുന്ന വിശുദ്ധ കുർബാനയാണ് ഏറ്റവും വലിയ പ്രാർത്ഥന. പരിശുദ്ധ കുർബാനയിൽ പങ്കുചേരുകയും വിശ്വസത്തോടും ഭക്തിയാദരവോടു കൂടെ ദിവ്യകാരുണ്യം സ്വീകരിക്കുന്നതും മനുഷ്യനു ലഭിക്കുന്ന മഹത്തായ ഭാഗ്യമാണ്. സാധിക്കുമ്പോൾ അനുദിന ബലിയർപ്പണത്തിൽ സംബന്ധിക്കുക. വിശുദ്ധ കുർബാനയ്ക്കു അഞ്ചു മിനിറ്റെങ്കിലും മുമ്പേ ദൈവാലയത്തിൽ പ്രവേശിച്ചു കുർബാനയ്ക്കു ഒരുങ്ങുക. ആദ്യകുർബാന സ്വീകരിച്ച തീഷ്ണതയോടെ ഓരോ തവണയും വിശുദ്ധ കുർബാന സ്വീകരിക്കുക. വിശുദ്ധ കുർബാനയ്ക്കുശേഷം അല്പസമയം നന്ദി പ്രകാശിപ്പിക്കുക.

9. A.C.T.S മറക്കാതിരിക്കുക

പരിശുദ്ധ കുർബാനയ്ക്ക് മൗലീകമായ നാലു ലക്ഷ്യങ്ങളാണ് ഉള്ളത് – A.C.T.S അതാണു പ്രതിനിധാനം ചെയ്യുക.

A- ആരാധന (Adoration) ത്രിയേകദൈവത്തെ ആരാധിക്കുക എന്നതാണ് പരിശുദ്ധ കുർബാനയുടെ പ്രഥമ ലക്ഷ്യം

C- പശ്ചാത്താപം (Contrition) നമ്മുടെയും, നമ്മുടെ കുടുംബങ്ങളുടെയും പാപങ്ങൾക്കുള്ള പ്രായശ്ചിത്തമായും ലോകത്തിന്റെ പാപങ്ങൾക്കുള്ള പരിഹാരയാഗമാണു വിശുദ്ധ ബലി.

T- കൃതജ്ഞത (Thanksgiving) വിശുദ്ധ കുർബാനയുടെ അന്തസത്ത കൃതജ്ഞതയാണ്, അതിനാൽ ഏറ്റവും വലിയ നന്ദി വിശുദ്ധ കുർബാന

S- പ്രാർത്ഥന (Supplication) ലോകത്തിലെ നിരവധിയായ ആവശ്യങ്ങൾക്കുവേണ്ടി നിരന്തരമായി നമ്മൾ പ്രാർത്ഥിക്കണം. അതിന് വിശുദ്ധ കുർബാന അല്ലാതെ മറ്റൊരു ഉത്തമ മാർഗ്ഗമില്ല.

10. ദിവ്യകാരുണ്യ പ്രേഷിതനാവുക

പരിശുദ്ധ കന്യകാമറിയം, എലിസബത്ത് ഗർഭണിയായ വിവരം അറിഞ്ഞപ്പോൾ യേശുവിനെ ഉദരത്തിൽ വഹിച്ചുകൊണ്ടു ശുശ്രൂഷിക്കാനായി സ്വയം തയ്യാറാകുന്നു. ദിവ്യകാരുണ്യം സ്വീകരിച്ച് ആയിരിക്കുന്ന സാഹചര്യങ്ങളിൽ സാധിക്കുന്ന നന്മ പ്രവർത്തികൾ ഈശോ ഉള്ളിലുണ്ട് എന്ന ബോധ്യത്തോടെ ചെയ്യുമ്പോൾ നമ്മളിലൂടെയും അത്ഭുതം സംഭവിക്കും.

~ ഫാ. ജയ്സൺ കുന്നേൽ MCBS ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles