ഗത്സെമന്‍ തോട്ടത്തിലെ സകലരാജ്യങ്ങളുടെയും ദേവാലയത്തെ കുറിച്ച് അറിയേണ്ടേ?

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

ഗത്സമെന്‍ തോട്ടവും സകല രാജ്യങ്ങളുടെ ദേവാലയവും  (2/2)

ഗദ്‌സമെന്‍ തോട്ടം കെദ്രോണ്‍ അരുവിയുടെ അക്കരെയാണെന്ന് വി. യോഹന്നാന്‍ വ്യക്തമായി രേഖപ്പെടുത്തുന്നു.
ജറുസലേം നഗരത്തിന്റെ കിഴക്ക് ഭാഗത്ത് ഉള്ള മൂന്നു മലകളില്‍ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന മലയാണ് ഒലിവുമല. ഈ മലയുടെ താഴ്‌വാരത്തില്‍ ഈശോ രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിച്ച താഴ്‌വാരത്തിനുള്ളിലെ സ്ഥലത്താണ് ‘സകല രാജ്യങ്ങളുടെ ദൈവാലയം’ (Church of all Nations) നിലകൊള്ളുന്നത്. ഇത് കെദ്രോണ്‍ അരുവിയുടെ തീരത്തുള്ള സ്ഥലമാണ്. ജെറുസലേം ദേവാലയം നിലനിന്നിരുന്ന മോറിയ മലയ്ക്കും അതിനു നേരെ എതിര്‍വശത്തുള്ള ഒലിവ് മലയ്ക്കും ഇടയിലുള്ള താഴ്‌വരയാണ് കെദ്രോണ്‍് താഴ്‌വര എന്ന പേരില്‍ അറിയപ്പെടുന്നത്. ആ താഴ്‌വരയ്ക്ക് ഈ പേര് ലഭിച്ചത് കെദ്രോണ്‍ അരുവി അതിലെ ഒഴുകുന്നതു കൊണ്ടാണ്. പഴയ നിയമത്തില്‍ ജോസഫാത്ത് താഴ്‌വര എന്ന പേരിലും കെദ്രോണ്‍ താഴ്‌വര അറിയപ്പെടുന്നുണ്ട്.

അബ്സലോമിനെ പേടിച്ച് ദാവീദും കൂടെയുള്ളവരും നഗ്‌നപാദരായി തലമൂടി കരഞ്ഞകൊണ്ട് ഈ താഴ്‌വര കടന്നാണ് ഒലിവുമല കയറിപ്പോയത്. 2 സാമു. 15/30: ദാവീദ് നഗ്‌നപാദനായി തലമൂടി കരഞ്ഞ് കൊണ്ട് ഒലിവുമലയുടെ കയറ്റം കയറി. അവനോട് കൂടെയുള്ളവരെല്ലാം തലമൂടിയിരുന്നു. അവനും കരഞ്ഞുകൊണ്ട് അവനെ പിന്തുടര്‍ന്നു.
ദാവീദ് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ജറുസലേമില്‍ നിന്ന് ഒളിച്ചോടുമ്പോള്‍ യേശു സ്വന്തം ജീവന്‍ മറ്റുള്ളവര്‍ക്കായി കുരിശിലര്‍പ്പിക്കാന്‍ ജറുസലേമിലേക്ക് തിരിച്ചു കൊണ്ടുപോകപ്പെടാന്‍ സ്വയം നിന്നു കൊടുക്കുന്നു.
യോഹ: 18/12: അപ്പോള്‍ പടയാളികളും അവരുടെ അധിപരും യഹൂ ദരുടെ സേവകരും കൂടി യേശുവിനെ പിടിച്ച് ബന്ധിച്ചു. (മത്താ: 26/46)

അന്ത്യവിധിയുടെ സമയത്തു യഹോവ എല്ലാ ജനതകളെയും ഒരുമിച്ചു കൂട്ടുകയും ജോസഫാത്ത് താഴ്‌വരയിലേക്ക് കൊണ്ടുവരികയും ചെയ്യും. ജോയേല്‍ പ്രവാചകന്‍ പ്രവചിക്കുന്നു. ജോയേല്‍: 3/2: ഞാന്‍ എല്ലാ ജനതകളെയും ഒരുമിച്ചു കൂട്ടുകയും യഹോഷാഫാത്തിന്റെ താഴ്‌വരയിലേക്ക് കൊണ്ടുവരികയും ചെയ്യും. എന്റെ ജനവും അവകാശവുമായ ഇസ്രായേലിനെ പ്രതി ഞാന്‍ അവനെ അവിടെവച്ച് വധിക്കും. എന്തെന്നാല്‍ അവര്‍ എന്റെ ജനത്തെ ജനങ്ങളുടെയിടയില്‍ ചിതറിക്കുകയും ചെയ്തു.
ഈശോയുടെ സമയത്ത് ഗലീലയില്‍ നിന്ന് തീര്‍ത്ഥാടനമായി ജറുസലേം ദേവാലയത്തിലേക്ക് പ്രാര്‍ത്ഥിക്കുന്നതിനായി വരുന്ന യഹൂദര്‍ ഒലിവ് മല ഇറങ്ങി കെദ്രോണ്‍ താഴ്‌വര കടന്നാണ് ജറുസലേം ദേവാലയത്തിലെത്തിയിരുന്നത്. ഈശോ അന്ത്യ അത്താഴത്തിനു ശേഷം സിയോന്‍ മലയില്‍ നിന്ന് കെദ്രോണ്‍ താഴ്‌വരയിലേക്കിറങ്ങി ആ താഴ്‌വരയിലൂടെ നടന്ന് കെദ്രോണ്‍ അരുവിക്കടുത്ത് ഗദ്‌സമേന്‍ തോട്ടത്തില്‍ വന്ന് പ്രാര്‍ത്ഥിച്ചു. ഈശോയുടെ സമയമായ ആദ്യ നൂറ്റാണ്ടില്‍ കെദ്രോണ്‍ താഴ്‌വര യുടെ സമീപത്തുള്ള ഒലിവ് മല ഒലിവ് മരങ്ങളാല്‍ സമ്പന്നമായിരുന്നു. ഒലിവ് തോട്ടങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഒലിവ് മലയ്ക്ക് ആ പേര് ലഭിച്ചത്.1924ല്‍ നിര്‍മ്മിക്കപ്പെട്ട സകല രാജ്യങ്ങളുടെയും ദേവാലയത്തിന് ആ പേര് ലഭിച്ചത് ദേവാലയ നിര്‍മ്മാണത്തിനു വേണ്ടി ലോകത്തിലുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ സ്വീകരിച്ചു എന്നതു കൊണ്ടാണ്.

ഒലിവു മരങ്ങളുടെ ഒരു തോട്ടത്തില്‍ കൂടിയാണ് ഈ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നത്. ഈ തോട്ടത്തില്‍ എട്ട് പൂക്കുന്നതായ ഒലിവ് മരങ്ങള്‍ കാണാന്‍ സാധിക്കും. 2009 ല്‍ നടത്തിയ പഠനമനുസരിച്ച് ഈ ഒലിവുമരങ്ങള്‍ 12ാം നൂറ്റാണ്ടില്‍ കുരിശു യുദ്ധക്കാരുടെ സമയത്ത് നിന്നു ള്ളതാണ്. അതായത് ഏകദേശം 900 വര്‍ഷത്തിലധികം പ്രായം ഈ മരങ്ങള്‍ക്ക് ഉണ്ട്. ഈ എട്ട് ഒലിവുമരങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അവയ്‌ക്കെല്ലാം ഒരേ ഡി എന്‍ എ ഘടനയാണ് ഉള്ളത് എന്നതാണ്. അതായത് ഒരേ മാതൃവൃക്ഷത്തില്‍ നിന്നാണ് ഈ എട്ട് ഒലിവു മരങ്ങളും നട്ട് വളര്‍ത്തിരിക്കുന്നത്. യേശുവിന്റെ സഹനത്തിനു സാക്ഷിയായ മാതൃ വൃക്ഷത്തില്‍ നിന്നാകാം കുരിശു യുദ്ധക്കാര്‍ ഈ ഒലിവു മരങ്ങള്‍ നട്ടു പിടിപ്പിച്ചത്.

AD 379നും 393നും ഇടയില്‍ ജറുസലേം ഭരിച്ച ബൈസന്റിയന്‍ സാമ്രാ ജ്യത്തിലെ രാജാവായിരുന്ന തിയഡോസിയൂസ് ചക്രവര്‍ത്തിയാണ് ഗദ്‌സമേനിയിലെ ആദ്യ ദേവാലയം നിര്‍മ്മിക്കുന്നത്. വിശുദ്ധ നാട്ടില്‍ നാലാം നൂറ്റാണ്ടില്‍ തീര്‍ത്ഥാടനം നടത്തിയ എജേരിയ വിശുദ്ധ വാര ത്തില്‍ ഗദ്‌സമേനില്‍ തീര്‍ത്ഥാടകര്‍ പ്രത്യേകമായി വന്ന് പ്രാര്‍ത്ഥിക്കുന്ന തായി രേഖപ്പെടുത്തിയിട്ടുണ്ട്. നാലാം നൂറ്റാണ്ടിലെ ആദ്യ ദേവാലയം അതിമനോഹരമായിരുന്നു. എന്നാല്‍ ഏഴാം നൂറ്റാണ്ടില്‍ പേര്‍ഷ്യക്കാര്‍ ഈ ദേവാലയം തകര്‍ത്തുകളഞ്ഞു. പിന്നീട് കുരിശുയുദ്ധക്കാരുടെ കാലത്ത് ഇവിടെ ദേവാലയം പുനര്‍നിര്‍മ്മിച്ചു. കുരിശുയുദ്ധക്കാരെ പരാജയപ്പെടുത്തിയ മുസ്ലീ ഭരണാധികാരികള്‍ ഒലിവ് മലയിലെ ഗദ്‌സ മേന്‍ തോട്ടത്തിലുള്ള ദേവാലയം തകര്‍ത്തു കളഞ്ഞു. പിന്നീട് പതിന ഞ്ചാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ ഗദ്‌സമേന്‍ തോട്ടത്തി ലെ ദേവാലയം ഉണ്ടായിരുന്ന സ്ഥലം ഏറ്റെടുക്കുകയും സംരക്ഷിക്കു കയും ചെയ്തു.

1990ന്റെ തുടക്കത്തില്‍ അവിടെ പുരാവസ്തു ഗവേഷണ പഠനം നടത്തിയതിനു ശേഷമാണ് ഇപ്പോഴുള്ള ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. നാലാം നൂറ്റാണ്ടിലെ ബൈസന്റിയന്‍ സാമ്രാജ്യത്തിലെ ദേവാലയം ഉണ്ടായിരുന്ന അതേ സ്ഥലത്താണ് ഇപ്പോഴുള്ള ദേവാലയം നിലകൊള്ളുന്നത്. ഈ ദേവാലയത്തിന്റെ അള്‍ത്താര ഈശോ രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിച്ച പാറയുടെ മുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അള്‍ത്താരയുടെ കീഴെയും മുമ്പിലും ഈശോയുടെ രക്തം വീണ് നനഞ്ഞ ഗദ്‌സമെനിലെ പാറ ഇന്നും നമുക്ക് കാണുവാനും അവിടെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുവാനും സാധിക്കുന്നതാണ്.

  1. ഗദ്‌സമേന്‍ തോട്ടത്തിലെ ഈ ദേവാലയത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. ഈശോയുടെ പ്രാര്‍ത്ഥനയെ അനുസ്മരിച്ച്‌കൊണ്ട് മങ്ങിയ വെളിച്ചം ദേവാലയത്തിനുള്ളല്‍ പ്രവേശിക്കുന്ന രീതിയിലാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്.
  2. ദേവാലയത്തിന്റെ അള്‍ത്താരക്ക് മുന്നിലുള്ള ഭിത്തിയില്‍ ഈശോയുടെ ഗദ്‌സമേനിലെ പ്രാര്‍ത്ഥനയും യൂദാസിന്റെ ചുംബനവും ഈശോയെ അറസ്റ്റ് ചെയ്യുന്നതും ചിത്രീകരിച്ചിരിക്കുന്നു.
  3. ദേവാലയത്തിന്റെ മേല്‍ക്കൂരയില്‍ ഈ ദേവാലയ നിര്‍മ്മാണത്തിനു വേണ്ടി സംഭാവന നല്‍കിയ രാജ്യങ്ങളുടെ ചിഹ്നങ്ങള്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
  4. തറയിലെ മൊസെയ്ക്കുകള്‍ നാലാം നൂറ്റാണ്ടിലെ ദേവലയ ത്തിലുണ്ടായിരുന്ന മൊസെയ്ക്കുകളുടെ അനുകരണമാണ്. നാലാം നൂറ്റാണ്ടിലെ മൊസൈക്കുകളുടെ അവശിഷ്ടങ്ങള്‍ ചിലയിടങ്ങളില്‍ ചില്ലിട്ടു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
  5. ദേവാലയത്തിന്റെ മുഖവാരത്തില്‍ രക്തം വിയര്‍ത്ത് പ്രാര്‍ത്ഥി ക്കുന്ന ക്രിസ്തുവിന്റെ കൈകള്‍ വിരിച്ച് പിടിച്ചിരിക്കുന്ന രൂപമാണ് ചിത്രീ കരിച്ചിരിക്കുന്നത്.
  6. അതിന് ഇരുവശങ്ങളിലുമായി വിശുദ്ധരും പീഢിതരുമായ ആളു കള്‍ പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നത് കാണാം. കൈകള്‍ വിരിച്ച് പിടിച്ചി രിക്കുന്ന ഈശോ അവരുടെ പ്രാര്‍ത്ഥനകള്‍ പിതാവായ ദൈവത്തിന് സമര്‍പ്പിക്കുന്നു.

ഗദ്‌സമേന്‍ തോട്ടത്തിലെ ദേവാലയം വളരെ മനോഹരമാണ്. വ്യാഴാഴ് ചകളില്‍ ഈ ദേവാലയത്തില്‍ നടത്തുന്ന ആരാധന ഹൃദയസ്പര്‍ശിയാണ്.  ഗദ്‌സമേന്‍ തോട്ടത്തില്‍ രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിക്കുമ്പോഴാണ് കുരിശില്‍ ജീവനര്‍പ്പിക്കാനുള്ള അന്തിമ തീരുമാനം ഈശോ സ്വീകരി ക്കുന്നത്. നമ്മുടെ പ്രാര്‍ത്ഥനകളുടെയെല്ലാം ലക്ഷ്യം ദൈവഹിത നിര്‍വഹണത്തിന് സ്വയം സമര്‍പ്പിക്കുക എന്നതായിരിക്കണമെന്ന് യേശു നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

പ്രാര്‍ത്ഥന:
ആബാ പിതാവേ എല്ലാം അങ്ങേയ്ക്ക് സാധ്യമാണ്. ഈ പാനപാത്രം എന്നില്‍ നിന്ന് മാറ്റിത്തരണമേ. എന്നാല്‍ എന്റെ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം (മാര്‍ക്കോ. 14/36) എന്ന് പ്രാര്‍ത്ഥിച്ച യേശുവേ അങ്ങയെ പ്പോലെ പ്രാര്‍ത്ഥിക്കുവാന്‍ എനിക്ക് വരം തരണമെ. ദൈവഹിതത്തെ എന്റെ ഹിതത്തിനും മേലെ പ്രതിഷ്ഠിക്കുവാന്‍ എന്നെ അനുഗ്രഹിക്ക ണമെ. അങ്ങനെ അങ്ങയുടെ രാജ്യം എന്റെ ജീവിതത്തിലും കുടുംബ ത്തിലും, സമൂഹത്തിലും സംജാതമാക്കാന്‍ എന്നെ ഉപകരണമാക്കേണമെ. ആമേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles