ഓശാന ദിനത്തില്‍ യേശു കഴുതപ്പുറത്ത് സഞ്ചരിച്ച വഴിയില്‍ ഒരു ദേവാലയമുണ്ട്. അതിനെ കുറിച്ചറിയേണ്ടേ?

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

ബേത്ഫഗെയിലെ ദേവാലയം

നാലു സുവിശേഷകന്മാരും ഓശാന ഞായറാഴ്ചത്തെ ഈശോയുടെ കഴുതപ്പുറത്തേറിയുള്ള ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെപ്പറ്റി വിവരിക്കുന്നുണ്ട്. (മത്താ. 21/116, മാര്‍ക്കോ 11/1/10, ലൂക്കാ 19/28/40, യോഹ 12/1219. ഇതില്‍ യോഹന്നാന്‍ ഒഴിച്ച് ബാക്കിയെല്ലാ സുവിശേഷകന്മാരും യേശു ബേത്ഫഗെയില്‍ നിന്നാണ് ഈ പ്രയാണം ആരംഭിച്ചത് എന്ന് കൃത്യമായി രേഖപ്പെടുത്തുന്നു. ഒലിവുമലയുടെ കിഴക്കന്‍ ചെരുവില്‍ ബെഥാനിയായ്ക്ക് സമീപമാണ് ബേത്ഫഗെ സ്ഥിതി ചെയ്യുന്നതെന്ന് മാര്‍ക്കോസ് സുവിശേഷകന്‍ രേഖപ്പെടുത്തുന്നു.

നാലാം നൂറ്റാണ്ടില്‍ വിശുദ്ധനാട്ടില്‍ തീര്‍ത്ഥാടനം നടത്തിയ എജെരിയയുടെ ഡയറിക്കുറിപ്പുകളില്‍ ബേത്ഫഗെയിലെ ദേവാലയത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്. രണ്ട് കാര്യങ്ങളുടെ അനുസ്മരണമാണ് ഈ ദേവാലയത്തോട് അനുബന്ധിച്ച് ഉണ്ടായിരുന്നത്. ലാസറിന്റെ ഭവനത്തിലേക്കുള്ള യാത്രയില്‍ യേശു മര്‍ത്തയെയും മറിയത്തെയും കണ്ടുമുട്ടുന്നതും (യോഹ: 11/2030) ഓശാന ഞായറാഴ്ച കഴുതപ്പുറത്തേറി യേശു ജറുസലേമിലേക്കുള്ള പ്രയാണമാരംഭിക്കുന്നതും. ഏഴാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ അധിനിവേശത്തില്‍ ആ ദേവാലയം തകര്‍ക്കപ്പെട്ടു. കുരിശുയുദ്ധക്കാരുടെ സമയത്ത് പുനര്‍നിര്‍മ്മിക്കപ്പെട്ട ആ ദേവാലയം വീണ്ടും തകര്‍ക്കപ്പെടുകയും അത് നിന്നിരുന്ന സ്ഥലം വിസ്മൃതിയിലാകുകയും ചെയ്തു. ഈ ദേവാലയം നിലനിന്നിരുന്ന സ്ഥലം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ അജ്ഞാതമായിരുന്നു.

1870ല്‍ ഒരു ഗ്രാമവാസി അപ്രതീക്ഷിതമായി ബേത്ഫഗെയില്‍ ഒരു ദേവാലയത്തിന്റെ അവശിഷ്ടങള്‍ കണ്ടെത്തി. അവിടെ ഉണ്ടായിരുന്ന ഒരു കല്ലില്‍ യേശു ലാസറിനെ ഉയിര്‍പ്പിക്കുന്നതും കഴുതപ്പുറത്തേറി യാത്രയാവുന്നതും ചിത്രീകരിച്ചിരുന്നു. അങ്ങനെയാണ് ബേത്ഫഗെയില്‍ ദേവാലയം ഉണ്ടായിരുന്ന സ്ഥാനം സ്ഥിരീകരിക്കപ്പെടുന്നത്. ആ സ്ഥലം ഏറ്റെടുത്ത ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ അവിടെ പുരാവസ്തു ഗവേഷണം പൂര്‍ത്തിയാക്കിയതിനു ശേഷം 1883 ല്‍ ഒരു ദേവാലയം നിര്‍മ്മിച്ചു. ഇന്നത്തെ രീതിയില്‍ ഈ ദേവാലയം പുതുക്കി നിര്‍മ്മിക്കപ്പെടുന്നത് 1954ലാണ്. ഈ ദേവാലയത്തിന്റെ അള്‍ത്താരയുടെ ഇടതുഭാഗത്ത് അന്ന് കണ്ടെത്തിയ കല്‍ത്തൂണിന്റെ ഭാഗം മനോഹരമായി കാണാന്‍ സാധിക്കും.

കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒലിവുമലയില്‍ നിന്ന് ബേത്ഫഗെ വഴി ബഥാനിയായിലേക്ക് നടന്നുപോകാമായിരുന്നു. ജെറുസലേമിനെയും വെസ്റ്റ്ബാങ്കിനെയും വേര്‍തിരിക്കുന്ന മതില്‍ ആ നടപ്പാത അടച്ചുകളഞ്ഞു. ഒലിവുമലയുടെ കിഴക്കന്‍ താഴ്‌വാരത്തിലുള്ള ഒരു ഗ്രാമമാണ് ബഥാനിയ. ഈശോ ബേത്ഫഗെയില്‍ നിന്ന് ഒരു കഴുതക്കുട്ടിയുടെ പുറത്ത് കയറി ഒലിവുമലയിറങ്ങി കെദ്രോണ്‍ താഴ്‌വര കടന്നു ജെറുസലേമിന്റെ ചുറ്റുമതിലിലുള്ള സുവര്‍ണ്ണ കവാടത്തിലൂടെ ജെറുസലേം ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. വഴിയില്‍ ജനക്കൂട്ടത്തില്‍ ധാരാളം പേര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ച്, മറ്റ് ചിലരാകട്ടെ വൃക്ഷങ്ങളില്‍ നിന്ന് ചില്ലകള്‍ മുറിച്ച് വഴിയില്‍ നിരത്തി. യേശുവിന്റെ മുന്നിലും പിന്നിലും നടന്നിരുന്നവര്‍ ‘ദാവിദിന്റെ പുത്രന് ഹോസാന’ കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍. ഉന്നതങ്ങളില്‍ ഹോസാന എന്നാര്‍ത്തുവിളിച്ചുകൊണ്ടിരുന്നു.
ഇതനുസ്മരിച്ചുകൊണ്ട് കുരിശുയുദ്ധക്കാരുടെ സമയത്ത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബേത്ഫഗെയില്‍ നിന്ന് ജെറുസലേമിലേക്ക് ഓശാന ഞായറാഴ്ച കുരുത്തോല പ്രദക്ഷിണം നടത്തിയിരുന്നതായി ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. കുരിശുയുദ്ധക്കാര്‍ പരാജയപ്പെട്ടതിന് ശേഷം അര്‍മ്മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ ബേത്ഫഗെയില്‍ നിന്ന് ജെറുസലേമിലേക്കുള്ള കുരുത്തോല പ്രദക്ഷിണം പുനരാരംഭിച്ചു. 1345 മുതല്‍ ഫ്രാന്‍സിസ്‌കന്‍ സഭക്കാരും അര്‍മ്മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭക്കാരുടെ കൂടെ ഈ കുരുത്തോല പ്രദക്ഷിണത്തില്‍ പങ്കെടുത്തിരുന്നു. ബേത്ഫഗെയില്‍ നിന്ന് ആരംഭിച്ച് കെദ്രോണ്‍ താഴ്‌വരയില്‍ അവസാനിക്കുന്ന രീതിയിലായിരുന്നു അന്ന് കുരുത്തോല പ്രദക്ഷിണം ക്രമീകരിച്ചിരുന്നത്. പിന്നീട് 1552ല്‍ ഫാന്‍സിസ്‌കന്‍ സഭ ഈ കുരുത്തോല പ്രദക്ഷിണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ബേത്ഫഗെയില്‍ നിന്ന് ആരംഭിച്ച് സീയോന്‍ മലയില്‍ അവസാനിക്കുന്ന രീതിയില്‍ പുനര്‍ക്രമീകരിക്കുകയും ചെയ്തു. എന്നാല്‍ 1648ല്‍ തുര്‍ക്കികള്‍ കുരുത്തോല പ്രദക്ഷിണം നിരോധിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ കൃത്യമായി പറഞ്ഞാല്‍ 1993ലാണ് ജെറുസലേം പാത്രിയാര്‍ക്കീസ് പ്രത്യേക അനുവാദം വാങ്ങി ഇന്നത്തെ രീതിയില്‍ കുരുത്തോല പ്രദക്ഷിണം പുനരാരംഭിക്കുന്നത്.

ജെറുസലേമിലെ കുരുത്തോല പ്രദക്ഷിണം ഓശാന ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ബത്ഫഗെയിലെ ദേവാലയത്തില്‍ നിന്ന് പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച്, ഒലിവുമലയില്‍ ഈശോ സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന പഠിപ്പിച്ച ദേവാലയത്തിന്റെ മുന്നിലൂടെ കടന്നുപോയി, ഒലിവുമലയിറങ്ങി, കെദ്രോണ്‍ താഴ്‌വര കടന്ന്, ജെറുസലേം പഴയ പട്ടണത്തിലെ സെന്റ്. സ്റ്റീഫന്‍സ് ഗേറ്റ് കടന്ന്, പരിശുദ്ധ അമ്മയുടെ ജനനസ്ഥലമായ സെന്റ് ആന്‍സ് പള്ളിയില്‍ അവസാനിക്കുന്ന വിധത്തിലാണ് നടത്തപ്പെടുന്നത്. ഈ കുരുത്തോല പ്രദക്ഷിണം വളരെ മനോഹരമാണ്. ഇതില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള ക്രൈസ്തവര്‍ ഇവിടെ വരാറുണ്ട്. അന്ന് പാട്ടും നൃത്തവും ചെണ്ടമേളങ്ങളുമായി ആളുകള്‍ കുരുത്തോല പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നു.

കുരുത്തോല പ്രദക്ഷിണത്തില്‍ നാം അനുസ്മരിക്കുന്നത് പീഢാസഹനത്തിന് സ്വയം സമര്‍പ്പിക്കാനായി ജെറുസലേമിലേക്ക് ധൈര്യപൂര്‍വ്വം പോകുന്ന യേശുവിനെയാണ്. സാമുവേലിന്റെ രണ്ടാം പുസ്തകം 15/30ല്‍ ദാവീദ് രാജാവിനെ ചിത്രീകരിക്കുന്നുണ്ട്. അബ്‌സലോം ദാവീദില്‍ നിന്ന് രാജാധികാരം പിടിച്ചെടുക്കുന്നതിനു വേണ്ടി ഹെബ്രോണില്‍ ചെന്ന് സ്വയം രാജാവായി അവരോധിച്ചതിനു ശേഷം ദാവീദിന്റെ സഹായികളെ വധിക്കാന്‍ ശ്രമിക്കുന്ന അവസരത്തില്‍ ദാവീദ് നഗ്നപാദനായി തലമൂടി കരഞ്ഞ് ഒലിവുമല കയറി രക്ഷപ്പെടുകയാണ്. ഒപ്പം ദാവീദിന്റെ കൂടെ ഉണ്ടായിരുന്നവരെല്ലാം അദ്ദേഹത്തെ പിന്തുടര്‍ന്നു. എന്നാല്‍ ദാവീദിന്റെ പുത്രനായ യേശു മറ്റുള്ളവരെ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍ കുരിശിലര്‍പ്പിക്കാന്‍ ഒലിവുമല നടന്നിറങ്ങി കെദ്രോണ്‍ അരുവി കടന്ന് ജെറുസലേമിലേക്ക് പുനഃപ്രവേശിക്കുകയാണ്. അങ്ങനെ ദാവീദിന്റെ പുത്രനിലൂടെ സകലര്‍ക്കും രക്ഷ ലഭിക്കുകയാണ്. ഹോസാന (കര്‍ത്താവേ രക്ഷിക്കേണമെ) എന്നുള്ള ജനങ്ങളുടെ ആര്‍പ്പുവിളി അങ്ങനെ നിറവേറുന്നു.
ഓരോ കുരുത്തോല പ്രദക്ഷിണവും യേശുവിന്റെ കൂടെ സഹനത്തിന്റെ രാജപാതയിലൂടെ നടക്കുവാനുള്ള ക്ഷണമാണ്. മാമ്മോദീസാ എന്ന കൂദാശയിലൂടെ നാമെല്ലാവരും യേശുവിന്റെ രാജകീയ പൗരോഹിത്യ ത്തില്‍ പങ്ക് പറ്റുന്നവരാണ്. യേശുവിന്റെ രാജകീയത അടിച്ചമര്‍ത്തലിന്റെ രാജകീയതയല്ല, മറിച്ച് കുരിശില്‍ ജീവന്‍ അര്‍പ്പിക്കുന്നതിന്റെ രാജകീയതയാണ്. നാം ഓരോരുത്തരും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ അര്‍പ്പിക്കണമെന്ന് കുരുത്തോല പ്രദക്ഷിണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

പ്രാര്‍ത്ഥന
ഓശാന ഞായറാഴ്ച ഒലിവ് മലയിറങ്ങി ജെറുസലേമിലേക്ക് പ്രവേശിച്ച് കുരിശുമരണത്തിന് വേണ്ടിയുള്ള സന്നദ്ധത പ്രകടിപ്പിച്ച യേശുവേ, ഞങ്ങളുടെ ജീവിതങ്ങളെ അങ്ങയെ പിന്‍ചെയ്യുന്നതിനായി ഞങ്ങള്‍ സമര്‍പ്പിക്കുന്നു. സഹനത്തിന്റെ രക്ഷാകര ശക്തി മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് കൃപ നല്‍കണമെ. സഹനത്തിനെതിരെ ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രതിസന്ധികളെയും എതിരിടുവാനും ജയിക്കാനും കൃപ തരണമെ. സഹനത്തിന്റെ മാധുര്യം ഞങ്ങളെ പഠിപ്പിക്കണമെ. ആമേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles