പരിശുദ്ധ അമ്മ മരിച്ച സ്ഥലവും പള്ളിയും

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

പരിശുദ്ധ അമ്മയുടെ  സ്വര്‍ഗാരോപണം, മാതാവ് മരിച്ച സ്ഥലവും  പള്ളിയും

പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പാ 1950 ലാണ് മാതാവിന്റെ സ്വര്‍ഗാരോപണം തിരുസഭയുടെ വിശ്വാസ സത്യമായി പ്രഖ്യാപിക്കുന്നതെങ്കിലും അത് ആദിമ സഭയുടെ വിശ്വാസ പാരമ്പര്യത്തിന്റെ മര്‍മപ്രധാനമായ ഭാഗമായിരുന്നു. ഒപ്പം മാതാവിന്റെ നിത്യ ഉറക്കവും (മരണം) സംസ്‌കാരവും.

യേശുവിന്റെ മരണസമയത്ത് അപ്പോസ്തലനായ യോഹന്നാന്‍ മാതാവിനെ സ്വഭവനത്തില്‍ സ്വീകരിച്ചു (യോഹ. 19/27). ജറുസലേമിലെ ആദിമ ക്രൈസ്തവ സഭയുടെ പാരമ്പര്യം അനുസരിച്ച് സുവിശേഷം പ്രസംഗിക്കുന്നതിനായി എഫേസോസിലേക്ക് പോയ യോഹന്നാനെ മാതാവ് അനുഗമിച്ചു. തന്റെ അന്ത്യ നിമിഷങ്ങള്‍ ജറുസലേമില്‍ ചിലവിടാന്‍ ആഗ്രഹിച്ച മാതാവിനെ പിന്നീട് യോഹന്നാന്‍ ജറുസലേമിലെ സെഹിയോന്‍ മാളികയിലേക്ക് തിരിച്ചു കൊണ്ടു വന്നു. മാതാവ് മരണാസന്നയായപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷം പ്രസംഗിക്കാന്‍ പോയ ശിഷ്യന്മാരെല്ലാം പരിശുദ്ധാത്മാവിന്റെ പ്രലോഭനത്താല്‍
ജറുസലേമിലേക്ക് തിരിച്ചു വന്നു.

എന്നാല്‍ തോമസ് ശ്ലീഹ ഇന്ത്യയില്‍ നിന്ന് തിരിച്ചെത്താന്‍ വൈകിപ്പോയി. അദ്ദേഹം ജറുസലേമില്‍ എത്തുന്നതിന് മുമ്പു തന്നെ മാതാവ്  നിത്യ ഉറക്കത്തിലേക്ക് പ്രവേശിക്കുകയും മറ്റ് ശിഷ്യന്മാര്‍ അവിടുത്തെ  ഗത്സമെന്‍ തോട്ടത്തിലെ ഒരു പുതിയ കല്ലറയില്‍ സംസ്‌കരിക്കുകയും ചെയ്തു കഴിഞ്ഞിരുന്നു. മാതാവിനെ കാണണമെന്ന് തോമാ ശ്ലീഹാ  വാശി പിടിച്ചപ്പോള്‍ സഹ ശിഷ്യന്മാര്‍ അദ്ദേഹത്തെ മാതാവിന്റെ കല്ലറയിങ്കല്‍ കൊണ്ടു പോയി കല്ലറ തുറന്നു. എന്നാല്‍ മാതാവിന്റെ ശരീരം
അവര്‍ കണ്ടില്ല. കുറേ സമയം അന്വേഷിച്ചിട്ടും മാതാവിന്റെ ശരീരം കാണായ്കയാല്‍ മറ്റ് ശിഷ്യന്മാര്‍ തിരിച്ചു പോയെങ്കിലും മാതാവിനെ കാണാതെ താന്‍ തിരികെ പോകില്ല എന്ന വാശിയില്‍ തോമാ ശ്ലീഹ കല്ലറയ്ക്കു മുന്നില്‍ കാത്തിരുന്നു. ഒടുവില്‍ മാതാവ് തോമാ ശ്ലീഹായ്ക്ക് പ്രത്യക്ഷപ്പെടുകയും തന്റെ ഉത്തരീയം അദ്ദേഹത്തിന് നല്‍കിയ ശേഷം സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെടുകയും ചെയ്തു.

ഈ വിവരങ്ങളെല്ലാം നമുക്ക് ലഭിക്കുന്നത് ‘മാതാവിന്റെ സ്വര്‍ഗാരോപണം’ (Tranitus Mariae) എന്ന രണ്ടാം നൂറ്റാണ്ടിലെ അപ്പോക്രിഫല്‍ ഗ്രന്ഥത്തില്‍ നിന്നും മറ്റു ചില പ്രാചീന എഴുത്തുകളില്‍ നിന്നുമാണ്.

മാതാവിന്റെ നിത്യ ഉറക്കവും സംസ്‌കാരവും സ്വര്‍ഗാരോപണവും അനുസ്മരിച്ചു കൊണ്ട് ജറുസലേമില്‍ രണ്ട് ദേവാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. സെഹിയോാന്‍ മലയിലെ മാതാവിന്റെ നിത്യ ഉറക്കത്തിന്റെ പള്ളിയും (Dormition Abbey) കെദ്രോന്‍ താഴ്‌വരയിലെ മാതാവിന്റെ പള്ളിയും. ഇതില്‍ രണ്ടാമത്തെ ദേവാലയം തന്നെയാണ് മാതാവിന്റെ സ്വര്‍ഗാരോപണത്തിന്റെ സ്ഥലം.

ഇപ്പോള്‍ സിയോന്‍ മലയില്‍ ഈശോയുടെ വിശുദ്ധ കുര്‍ബാന സ്ഥാപനത്തെയും പരിശുദ്ധ അമ്മയുടെ നിത്യ ഉറക്കത്തെയും അനുസ്മരിച്ച് രണ്ടു ദേവാലയങ്ങളാണ് ഉള്ളത്. എന്നാല്‍ നാലാം നൂറ്റാണ്ടില്‍ സിയോന്‍ മലയില്‍ ഇവ രണ്ടിനെയും അനുസ്മരിച്ചു കൊണ്ട് ‘ഹഗിയ സീയോന്‍’ എന്ന പേരില്‍ ഒരു ദേവലായം മാത്രമാണ് നിര്‍മിക്കപ്പെട്ടത്. വളരെ വലിയ ദേവാലയം ആയിരുന്ന ഈ ബസിലിക്കയില്‍ ഈശോയുടെ വിശുദ്ധ കുര്‍ബാന സ്ഥാപനത്തെ അനുസ്മരിച്ച് സെനക്കിളിന്റെയും പരിശുദ്ധ അമ്മയുടെ നിത്യ ഉറക്കത്തിന്റെയും ചാപ്പലുകള്‍ ഉണ്ടായിരുന്നു. സെനക്കിള്‍ രണ്ടു നിലകളിലാണ് പണിതത്. താഴത്തെ നിലയില്‍ യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിനെ അനുസ്മരിപ്പിക്കുന്ന ചാപ്പലായിരുന്നു ഉണ്ടായിരുന്നത്. മുകളിലത്തെ നിലയില്‍ വിശുദ്ധ കുര്‍ബാന സ്ഥാപനവും പരിശുദ്ധാത്മാവിന്റെ ആഗമനവും അനുസ്മരിപ്പിക്കുന്ന ചാപ്പല്‍

ഹാഗിയാ സീയോന്‍ ബസിലിക്ക ഏഴാം നൂറ്റാണ്ടില്‍ പേര്‍ഷ്യക്കാര്‍ തകര്‍ത്തു കളഞ്ഞു. പിന്നീട് ജറുസലേമിലെ പാത്രിയര്‍ക്കീസ് ആയിരുന്ന മൊഡസ്തുസ് ആ ദേവാലയം പുതുക്കി നിര്‍മിച്ചു. പിന്നീട് 1009 ല്‍ മുസ്ലീം ആക്രമണത്തില്‍ വീണ്ടും തകര്‍ക്കപ്പെട്ട ഹാഗിയ സീയോന്‍ പള്ളി കുരിശുയുദ്ധക്കാര്‍ പുതുക്കി നിര്‍മിച്ചു. അവര്‍ നിര്‍മിച്ച ദേവാലയം ‘സെഹിയോന്‍’ മലയിലെ പരി. കന്യാമറിയത്തിന്റെ ബസിലിക്ക (Santa Maria in Mount Sion) എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഈ പള്ളി സംരക്ഷിച്ചിരുന്നത് അഗസ്തീനിയന്‍ സന്യാസികളായിരുന്നു. അവരുടെ താമസത്തിനു വേണ്ടി ഒരു ആശ്രമവും ദേവാലയത്തോട് ചേര്‍ത്ത് കുരിശു യുദ്ധക്കാര്‍ തയ്യാരാക്കിയിരുന്നു. 1219 ല്‍ ഈജിപ്ത് രാജാവിന്റെ നിയോഗം അനുസരിച്ച് ഈ ബസിലിക്ക തകര്‍ത്തു കളഞ്ഞു.

മാര്‍പാപ്പയുടെ കല്‍പന പ്രകാരം വിശുദ്ധനാട് സന്ദര്‍ശിക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്ന ഫ്രാന്‍സിസ്‌കന്‍ സന്യാസികള്‍ സീയോന്‍ മലയില്‍ താമസിച്ചു കൊണ്ട് ഈ സ്ഥലത്തിന്റെ സംരക്ഷണം ഏറ്റെടുത്തു. ഫ്രാന്‍സിസ്‌കന്‍ സുപ്പീരിയര്‍ ആയിരുന്ന ഫാ. റോഡര്‍ ഫാരന്‍ സീയോന്‍ മലയിലെ സെനക്കിള്‍ ഉണ്ടായിരുന്ന സ്ഥലം ഏറ്റെടുക്കുകയും വളരെ കഷ്ടപ്പാടുകള്‍ സഹിച്ച് അവിടെ ദേവാലയം നിര്‍മിക്കുകയും സംരക്ഷിക്കുകയും ചെയ്തു പോന്നു. ഈ ദേവാലയത്തില്‍ അന്ത്യ അത്താഴത്തിന്റെ അനുസ്മരണം മാത്രമാണ് ഉണ്ടായിരുന്നത്.

1898 ല്‍ സെനക്കിളിന്റെ നേരെ മുന്നിലുണ്ടായിരുന്ന ആദ്യത്തെ ഹാഗിയ സീയോന്‍ ദേവാലയത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്ന ഒരു ഭാഗം (പരിശുദ്ധ അമ്മയുടെ നിത്യ ഉറക്കത്തിന്റെ ചാപ്പല്‍ ഉണ്ടായിരുന്ന ഭാഗം) തുര്‍ക്കി സുല്‍ത്താനായ അബ്ദുള്‍ ഹമീദ് ജര്‍മന്‍ ചക്രവര്‍ത്തിയായ  കൈസര്‍ വില്യം രണ്ടാമന് സമ്മാനമായി നല്‍കി. വില്യം രണ്ടാമന്‍ അത് ബനഡിക്ടൈന്‍ സന്യാസിമാര്‍ക്ക് കൈമാറുകയും ചെയ്തു. ഇപ്പോഴത്തെ ദേവാലയത്തിന്റെ അള്‍ത്താരയുടെ കീഴിലുള്ള മാതാവിന്റെ നിത്യ ഉറക്കത്തിന്റെ രൂപം സ്ഥാപിച്ചിരിക്കുന്ന ക്രിപ്റ്റിന്റെ നിര്‍മാണം 1904 ല്‍ പൂര്‍ത്തിയാക്കി. 1906 ലാണ് ബെനഡിക്ടൈന്‍ സന്യാസിമാര്‍ ഇവിടെ താമസം തുടങ്ങിയത്. 1910 ല്‍ നിത്യ ഉറക്കത്തിന്റെ ദേവാലയം ആരാധനയ്ക്കായി സമര്‍പ്പിച്ചുവെങ്കിലും നിര്‍മാണം പൂര്‍ത്തിയായത് 1926 ലാണ്. മറിയത്തിന്റെ നിത്യ ഉറക്കത്തിന്റെ ഈ ദേവാലയം ഡോര്‍മീസിയോ (Dormitio) എന്ന  പേരിലാണ് അറിയപ്പെടുന്നത്. 1951 ല്‍ ബെനഡിക്ടൈന്‍ സന്യാസിമാരുടെ ആശ്രമം പരിശുദ്ധ സിംഹാസനത്തിന്റെ നേരിട്ടുള്ള അധികാരത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.
കെദ്രോന്‍ താഴ്‌വരയിലെ മാതാവിന്റെ കല്ലറയ്ക്ക് മുകളില്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന ദേവാലയം തന്നെയാണ് മാതാവിന്റെ സ്വര്‍ഗാരോപണത്തിന്റെ അനുസ്മരണ സ്ഥലവും. ഇവിടെ വച്ചാണ് തോമാ ശ്ലീഹാ മാതാവിനെ സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെടുന്നതായി ദര്‍ശിക്കുന്നത്.

മാതാവിന്റെ കല്ലറപ്പള്ളിയുടെ പ്രവേശന കവാടം കഴിഞ്ഞാല്‍ പടികളിറങ്ങി വേണം മാതാവിന്റെ കല്ലറയിലെത്താന്‍. ഏതാണ്ട് പകുതിയോളം പടികളിറങ്ങി കഴിഞ്ഞാല്‍ വലത് ഭാഗത്തു കാണുന്ന അള്‍ത്താര മാതാവിന്റെ മാതാപിതാക്കളായ അന്നായുടെയും യോവാക്കിമിന്റെയും പേരുകളിലാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇടത് ഭാഗത്തെ അള്‍ത്താര വി. യൗസേപ്പ് പിതാവിന്റെ നാമത്തിലാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.

പടികളിറങ്ങി കഴിഞ്ഞാല്‍ വലതു ഭാഗത്ത് കാണുന്ന കല്ലില്‍ കൊത്തിയെടുത്തിരിക്കുന്ന കല്ലറയാണ് മാതാവിന്റെത്. കല്ലറയുടെ പിന്‍ഭാഗത്ത് പാലസ്തീനായുടെ റാണിയായ ജറുസലേം മാതാവിന്റെ രൂപം സ്ഥാപിച്ചിരിക്കുന്നു. വിശ്വാസികള്‍ക്ക് രൂപം തൊട്ടു വണങ്ങുന്നതിനായി പടികളും സ്ഥാപിച്ചിട്ടുണ്ട്.

പൗരസ്ത്യ പാരമ്പര്യം അനുസരിച്ച് അലങ്കരിച്ചിരിക്കുന്ന മാതാവിന്റെ കല്ലറയും അത് ഉള്‍ക്കൊള്ളുന്ന ദേവാലയവും ഇപ്പോള്‍ മാറോണിത്ത ഓര്‍ത്തഡോക്‌സ് സഭയുടെ അവകാശത്തിലാണുള്ളത്. മാറോണിത്ത സന്യാസികളുടെ ആശ്രമത്തിലേക്കുള്ള വാതില്‍ പടികളുടെ നേരെ എതിര്‍വശത്തുള്ള ഭിത്തിയില്‍ കാണാം. കല്ലറയുടെ എതിര്‍വശത്തുള്ള ഭിത്തിക്കപ്പുറം കാണാനാവില്ലെങ്കിലും കെദ്രോന്‍ അരുവി ഇപ്പോഴും ഒഴുകുന്നുണ്ട്.

മര്‍ത്യശരീരത്തിന്റെ ജീര്‍ണസ്വഭാവത്തെ അതിലംഘിച്ച് സ്വര്‍ഗത്തിലേക്ക് കരേറിയ പരി. കന്യാമറിയം നമ്മുടെ മുന്നോടിയും നമുക്ക് എല്ലാം മാതൃകയുമാണ്. സ്വര്‍ഗത്തിന്റെ നിത്യതയെ പുല്‍കാന്‍ ഭൂമിയില്‍ ദൈവഹിതാനുസരണത്തിന്റെയും സഹനത്തിന്റെയും വിശുദ്ധിയുടെയും പരസ്‌നേഹത്തിന്റെയും പാത പിന്‍ചെല്ലണമെന്ന് മാതാവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

(അവസാനിച്ചു)

പ്രാര്‍ത്ഥന:
പരി. അമ്മേ, ഞങ്ങളുടെ ആത്മ ശരീരങ്ങള്‍ നിത്യസൗഭാഗ്യത്തിനായി സൃഷ്ടിക്കപ്പെട്ടതാണെന്ന അവബോധം ഞങ്ങള്‍ക്ക് നല്‍കണമേ. ഈ ലോകസുഖങ്ങളില്‍ മതിമറക്കാതിരിക്കാനും സങ്കടങ്ങളില്‍ തകരാതിരിക്കാനും അത് ഞങ്ങളെ സഹായിക്കട്ടെ. അമ്മയെ പോലെ ഞങ്ങളുടെ  ജീവിതത്തെ ദൈവമഹത്വത്തിനും പരസ്‌നേഹ പ്രവര്‍ത്തികള്‍ക്കുമായി സമര്‍പ്പിക്കുവാന്‍ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles