പരിശുദ്ധ മാതാവിന്റെ ജനന സ്ഥലത്ത് ഇപ്പോഴുള്ളത് ഏത് ദേവാലയം ആണെന്നറിയാമോ?

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

പരി. കന്യകാ മറിയത്തിന്റെ ജനനസ്ഥലം, വി. അന്നയുടെ ദേവാലയം

പരി. കന്യകാമറിയത്തിന്റെ ജനനത്തെക്കുറിച്ചുള്ള ആദിമ സഭയുടെ പാരമ്പര്യം യാക്കോബിന്റെ സുവിശേഷത്തില്‍ (ഒരു അപ്പോക്രിഫില്‍ സുവിശേഷം) രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അതിപ്രകാരമാണ്. മറിയത്തിന്റെ മാതാപിതാക്കളായ അന്നയും യോവാക്കീമും വൃദ്ധരും മക്കളില്ലാത്തവരുമായിരുന്നു. യോവാക്കീം ജെറുസലേം ദേവാലയത്തിലെ പുരോഹിതനായിരുന്നു. കര്‍ത്താവിന്റെ മഹാദിനത്തില്‍ ക്രമമനുസരിച്ച് മറ്റു പുരോഹിതന്മാര്‍ക്ക് മുന്‍പേ ദേവാലയത്തിലേക്ക് കാഴ്ചസമര്‍പ്പണം കൊണ്ടുവന്ന യോവാക്കീമിനെ റൂബന്‍ എന്നയാള്‍ തടഞ്ഞു. കാരണം മക്കളില്ലാതിരുന്ന യോവാക്കിമിനെ ശപിക്കപ്പെട്ടവനായാണ് അയാള്‍ കരുതിയത്.

ദുഃഖിതനായ യോവാക്കീം അനുഗ്രഹീതരായ പൂര്‍വ്വപിതാക്കളുടെ പട്ടികയെടുത്തു പരിശോധിച്ചപ്പോള്‍ എല്ലാവര്‍ക്കും മക്കളുണ്ടായിരുന്നതായി കണ്ടെത്തി. തീവ്രദുഃഖത്താല്‍ വലഞ്ഞ യോവാക്കീം മരുഭൂമിയില്‍ കൂടാരമടിച്ചു നാല്‍പതു ദിനരാത്രങ്ങള്‍ പ്രാര്‍ത്ഥിച്ചു. ദീര്‍ഘകാലമായി അന്നയും ഒരു കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ദൈവം ഒടുവില്‍ അവരുടെ പ്രാര്‍ത്ഥന കേട്ടു. ഒരു മാലാഖ അന്നയ്ക്ക് പ്രത്യക്ഷപ്പെട്ടു മറിയത്തിന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പു നല്‍കി. യോവാക്കീം മരുഭൂമിയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ അന്ന ഗര്‍ഭം ധരിക്കുകയും മറിയത്തെ പ്രസവിക്കുകയും ചെയ്തു. നാലു വയസ്സായപ്പോള്‍ അവര്‍ മറിയത്തെ ജെറുസലേം ദേവാലയത്തില്‍ സമര്‍പ്പിച്ചു.

ജെറുസലേമില്‍ മറിയം ജനിച്ച അന്നയുടെയും യോവാക്കിമിന്റെയും വീടുണ്ടായിരുന്ന സ്ഥലത്തുള്ള ദേവാലയമാണ് വി. അന്നയുടെ ദേവാലയം (St. Anne’s Church) പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ കുരിശുയുദ്ധക്കാര്‍ നിര്‍മ്മിച്ച ഈ ദേവാലയം വിശുദ്ധ നാട്ടില്‍ ഏറ്റവും മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന കുരിശുയുദ്ധക്കാരുടെ കാലഘട്ടത്തില്‍ നിന്നുള്ള ദേവാലയമാണ്. ഈ ദേവാലയത്തിന്റെ അള്‍ത്താരയുടെ കീഴില്‍ വലതുഭാഗത്ത് മറിയം ജനിച്ച ഭവനത്തിന്റെ ഭാഗമായ ഗ്രോട്ടോ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഗ്രോട്ടോയുടെ ഭിത്തിയില്‍ മറിയത്തിന്റെയും യേശുവിന്റെയും ജനനത്തെ ചിത്രീകരിച്ചിരിക്കുന്ന മനോഹരമായ ഐക്കണ്‍ ഉണ്ട്. ദേവാലയത്തിനുള്ളില്‍ പിന്‍ഭാഗത്ത് മുഖ്യപ്രവേശനകവാടത്തിന്റെ ഇടതുവശത്തായി അന്ന മറിയത്തെ നിയമം പഠിപ്പിക്കുന്ന മനോഹരമായ രൂപം സ്ഥാപിച്ചിരിക്കുന്നു. ഈ ദേവാലയത്തിലെ ശബ്ദത്തിന്റെ പ്രതിധ്വനി അത്ഭുതാവഹമാണ്. അതനുഭവിക്കാനായി തീര്‍ത്ഥാടകര്‍ ഈ ദേവാലയത്തിനുള്ളില്‍ മാതാവിനോടുള്ള കീര്‍ത്തനങ്ങള്‍ ആലപിക്കാറുണ്ട്.

കുരിശു യുദ്ധക്കാരെ പരാജയപ്പെടുത്തിയ മുസ്ലീം രാജവംശം ഈ ദേവാലയവും ഇതിനോട് ചേര്‍ന്നുള്ള ആശ്രമവും 1187ല്‍ ഇസ്ലം നിയമപഠന കേന്ദ്രമാക്കി മാറ്റിയെങ്കിലും മാമല്ല രാജവംശം 1850ല്‍ ക്രിമിയന്‍ യുദ്ധത്തില്‍ റഷ്യയെ പരാജയപ്പെടുത്താന്‍ നെപ്പോളിയന്‍ സഹായിച്ചതിനാല്‍ ഇവ ഫ്രഞ്ചുകാര്‍ക്ക് സമ്മാനമായി നല്‍കി. ഇപ്പോഴും ഇത് ഫ്രഞ്ച് ഗവണ്‍മെന്റിന്റെ അധീനതയിലുള്ള സ്ഥലമാണ്. പള്ളിയുടെയും ആശ്രമത്തിന്റെയും ചുമതല ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വൈറ്റ് ഫാദേഴ്‌സ് സന്യാസികള്‍ക്കാണ്.,

പള്ളി കഴിഞ്ഞ് ഏതാനും മീറ്റര്‍ മുന്നോട്ട് നടന്നാല്‍ യേശു തളര്‍വാത രോഗിയെ സുഖപ്പെടുത്തിയ അഞ്ചു മണ്ഡപങ്ങള്‍ ഉണ്ടായിരുന്ന ബെത്സയിദാ കുളത്തിന്റെ അവശിഷ്ടങ്ങള്‍ കാണാം. (യോഹ. 5/19) ജെറുസലെം ദേവാലയത്തിലെ ആരാധന ആവശ്യങ്ങള്‍ക്കായി ജലം സംഭരിക്കാന്‍ മക്കബായരുടെ കാലത്ത് നിര്‍മ്മിച്ച 100 മീറ്ററോളം നീളവും 14 മീറ്ററോളം ആഴവുമുണ്ടായിരുന്ന കുളമാണിത്. കുളത്തിനുള്ളില്‍ യേശു പ്രവര്‍ത്തിച്ച രോഗസൗഖ്യത്തെ അനുസ്മരിച്ചു ബൈസന്റിയന്‍ കുരിശുയുദ്ധ കാലഘട്ടങ്ങളിലുണ്ടായിരുന്ന ദേവാലയങ്ങളുടെ അവശിഷ്ടങ്ങള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അവയുടെ വലത്തേ അറ്റത്ത് ക്രിസ്ത്യാനികള്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നത് തടയുന്നതിന് റോമന്‍ ചക്രവര്‍ത്തിയായ ഹഡ്രിയാന്‍ നിര്‍മ്മിച്ച ദേവതയുടെ അമ്പലത്തിന്റെ അവശിഷ്ടങ്ങളും അവിടെ അര്‍പ്പിച്ചിരിക്കുന്ന മനുഷ്യ അവയവങ്ങളുടെ രൂപത്തിലുള്ള ചില കാണിക്കകളും ഇപ്പോഴുമുണ്ട്.

പ്രാര്‍ത്ഥന
രക്ഷകനായ ക്രിസ്തുവിനെ ലോകത്തിനു നല്‍കിയ പരി. അമ്മേ  ഞങ്ങളുടെ ജീവിതങ്ങള്‍ ക്രിസ്തു വാഴുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അള്‍ത്താരകളായി മാറാന്‍ ഞങ്ങള്‍ക്ക് വേണ്ടി മാധ്യസ്ഥം  അപേക്ഷിച്ചു പ്രാര്‍ത്ഥിക്കേണമെ. ആമേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles