ആരോഗ്യരംഗത്ത് കത്തോലിക്കാസഭയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ആരോഗ്യമന്ത്രി

കേരളത്തിന്റെ ആരോഗ്യരംഗത്തിന് ആവശ്യം സകലരുടെയും സഹകരണത്തോടെയുള്ള പ്രവർത്തനങ്ങളാണ് എന്ന് ഊന്നിപ്പറഞ്ഞ ബഹു. ആരോഗ്യമന്ത്രി ഈ രംഗത്തെ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. കെസിബിസി അല്മായ കമ്മീഷൻ പിഒസിയിൽ സംഘടിപ്പിച്ച ദ്വിദിന പഠനശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബഹു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ. സർക്കാരിനെക്കൊണ്ട് തനിയെ കൈകാര്യം ചെയ്യാൻ കഴിയാത്ത പ്രവർത്തനമേഖലകളും സർക്കാർ തന്നെ ചെയ്യേണ്ട കാര്യങ്ങളുമുണ്ട്. ഈ കോവിഡ് കാലത്തും അല്ലാതെയും സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ മുന്നിൽ കത്തോലിക്കാ സ്ഥാപനങ്ങളുണ്ട് എന്ന് ടീച്ചർ വിലയിരുത്തി.

കേരളത്തിൽ കത്തോലിക്കാസഭയുടെ ഭാഗമായി പ്രവർത്തിക്കുന്നതും, വിവിധ സന്യാസസമൂഹങ്ങളുടെയും രൂപതകളുടെയും കത്തോലിക്കരായ വ്യക്തികളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്നതുമായ അനാഥാലയങ്ങളുടെയും വൃദ്ധസദനങ്ങളുടെയും പ്രവർത്തനങ്ങളെ ബഹു. മന്ത്രി സന്തോഷത്തോടെയും ആദരവോടെയുമാണ് സ്മരിച്ചത്. അത്തരമൊരു സ്ഥാപനം താൻ സന്ദർശിച്ച അനുഭവം വലിയ അത്ഭുതത്തോടെ ടീച്ചർ വിവരിക്കുകയുണ്ടായി. തെരുവിൽ അലഞ്ഞുനടക്കുന്ന മനസികരോഗികളെ കൂട്ടിക്കൊണ്ടുവന്ന് മക്കളെപ്പോലെ ശുശ്രൂഷിക്കുന്ന അവിടെ വച്ച് മൂന്ന് മാസക്കാലം ‘നേർച്ചയായി’ ശുശ്രൂഷ ചെയ്യാൻ എത്തിയ ഒരു സ്ത്രീയെ പരിചയപ്പെട്ടതും അതിശയത്തോടെയാണ് ടീച്ചർ പങ്കുവച്ചത്. പണമായി പലരും നേർച്ചയിടുമ്പോൾ ദൈവപ്രീതിക്കായി തന്റെ മൂന്നുമാസം നേർച്ചയായി നൽകാൻ അവർ തയ്യാറായത് വലിയൊരു മാതൃകയാണെന്ന് എടുത്തു പറഞ്ഞ ബഹു. മന്ത്രി, അത്തരത്തിൽ സ്വന്തം മക്കളെപ്പോലെ കണ്ട് വൃദ്ധരെയും മനസികരോഗികളെയും അനാഥരെയും ശുശ്രൂഷിക്കാൻ തയ്യാറാകുന്ന അനേകർ വഴിയായി ആരുമില്ലാത്ത ഒട്ടേറെപ്പേർ ഈ സമൂഹത്തിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നതായി വിലയിരുത്തി.

കത്തോലിക്കാ സഭയുടെ കീഴിലുള്ള വിവിധ സ്വകാര്യ മെഡിക്കൽ കോളേജുകൾ തനിക്ക് ചെയ്ത വലിയ സഹായങ്ങൾക്ക് ടീച്ചർ നന്ദി പറഞ്ഞു. മെഡിക്കൽ അഡ്മിഷൻ ഫീസ് നിശ്ചയിക്കുന്ന ഘട്ടത്തിൽ, പലപ്പോഴും കത്തോലിക്കാ സഭയുടെ മെഡിക്കൽ കോളേജുകൾ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ ഫീസ് ചൂണ്ടിക്കാണിച്ചാണ് മറ്റ് മെഡിക്കൽകോളേജുകളോട് സംസാരിക്കാറുള്ളത് എന്നും കത്തോലിക്കാ സഭയുടെ മെഡിക്കൽ കോളേജുകളുടെ നിലപാടുകൾ അത്തരത്തിൽ കഴിഞ്ഞ അഞ്ചുവർഷക്കാലവും തനിക്ക് സഹായകരമായിട്ടുണ്ടെന്ന് ടീച്ചർ ഓർമ്മിച്ചു. ഒരു മെഡിക്കൽ കോളേജ് ആരംഭിക്കാനും നടത്തിക്കൊണ്ടുപോകാനും വലിയ ചെലവുകളുണ്ട് എന്ന് സർക്കാർ മെഡിക്കൽ കോളേജുകളുടെ നടത്തിപ്പിനെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞ ടീച്ചർ, ഏറ്റവും മാന്യമായ രീതിയിൽ ഫീസ് ഈടാക്കി മെഡിക്കൽ കോളേജ് നടത്തുന്നതിനെ അഭിനന്ദിക്കുകയും ചെയ്തു.

കേരളസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ പഠന ശിബിരം സംഘടിപ്പിച്ച കെസിബിസിയെ ബഹു. മന്ത്രി അഭിനന്ദിക്കുകയും തന്റെ അളവില്ലാത്ത സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു. ഈ രീതിയിലും കത്തോലിക്കാ സഭചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ താൻ ബഹുമാനത്തോടെ കാണുന്നതായി മന്ത്രി അറിയിച്ചു. ശനി, ഞായർ ദിവസങ്ങളായി എറണാകുളം പിഒസിയിൽ നടന്നുവന്ന കേരള പഠനശിബിരം 2021ന്റെ സമാപന സമ്മേളനത്തിൽ കെസിബിസി അല്മായ കമ്മീഷൻ ചെയർമാൻ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ അദ്ധ്യക്ഷനായിരുന്നു. കെസിബിസി ചെയർമാൻ മാർ ജോർജ്ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണവും, ബഹു. എം.പി. ഹൈബി ഈഡൻ മുഖ്യ പ്രഭാഷണവും നടത്തി.

– കെസിബിസി ജാഗ്രത ന്യൂസ്


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles