നാം മരിക്കുമ്പോള്‍ നമ്മുടെ കാവല്‍മാലാഖ എന്തു ചെയ്യും?
ഈ ജീവിതകാലം മുഴുവന്‍ ഓരോ മനുഷ്യരുടെയും കാവല്‍ മാലാഖമാര്‍ ഒപ്പമുണ്ടാകും എന്ന് നാം വിശ്വസിക്കുന്നു. കാവല്‍ മാലാഖമാരെ കുറിച്ച് കത്തോലിക്കാ സഭയുടെ വേദപാഠം പഠിപ്പിക്കുന്നത് ‘ശൈശവം മുതല്‍ മരണം വരെ ഓരോരുത്തരുടെയും ജീവിതം കാവല്‍മാലാഖമാരുടെ സംരക്ഷണത്തിലാണ്’ എന്നാണ്.
നമ്മുടെ മരണ സമയത്ത് തീര്‍ച്ചയായും കാവല്‍ മാലാഖമാര്‍ ഒപ്പമുണ്ടാകും. എന്നാല്‍ മരണത്തിന് ശേഷമോ?
കാവല്‍ മാലാഖമാരുടെ സേവനവും സൗഹൃദവും ഈ ജീവിതത്തില്‍ മാത്രമല്ല, ഈ ജീവിതത്തിന് ശേഷവും നമ്മോടു കൂടെ ഉണ്ടാകും എന്നാണ് കത്തോലിക്കാ വിശ്വാസം പഠിപ്പിക്കുന്നത്.
ഈ ലോക ജീവിതത്തിന് ശേഷം നമ്മളും നമ്മുടെ കാവല്‍ മാലാഖയും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ ഹെബ്രായര്‍ക്കെഴുതിയ ലേഖനം നമ്മെ സഹായിക്കും. ‘രക്ഷയുടെ അവകാശികളാകാനിരിക്കുന്നവര്‍ക്ക് ശുശ്രൂഷ ചെയ്യാന്‍ അയക്കപ്പെട്ട സേവകാത്മാക്കളല്ലേ അവരെല്ലാം?’ (ഹെബ്രാ 1.14).
കാവല്‍ മാലാഖമാരുടെ പരമമായ ലക്ഷ്യം ഒരു ആത്മാവിനെ രക്ഷയിലേക്ക് നയിക്കുകയാണ്. ഓരോരുത്തരും ദൈവത്തോട് ഐക്യപ്പെടുന്നതു വരെ കാവല്‍മാലാഖ ഒപ്പം വരും.
കാവല്‍ മാലാഖമാര്‍ നമ്മുടെ അന്ത്യവിനാഴികയില്‍ പിശാചിന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഒപ്പം കാണും എന്ന് സഭാ പിതാക്കന്മാര് പഠിപ്പിക്കുന്നു. ആത്മാവ് ശരീരം വിട്ടു പോകുമ്പോള്‍ സമാശ്വസിപ്പിച്ചു കൊണ്ടും ദൈവത്തിന്റെ ന്യായാസനത്തിന് മുന്നില്‍ തന്നെ തന്നെ സമര്‍പ്പിക്കാന്‍ കരുത്തേകിയും കാവല്‍മാലാഖ കൂടെ വരും എന്ന് വി. അലോഷ്യസ് ഗോണ്‍സാഗ പഠിപ്പിക്കുന്നു.