നല്ല ബന്ധങ്ങളും തെറ്റായ ബന്ധങ്ങളും

ക്രിസ്തുദര്‍ശനത്തിലെ കാതലായ കാര്യമാണ് ബന്ധങ്ങള്‍ വിശുദ്ധമായി സൂക്ഷിക്കുക എന്നത്. ദൈവത്തോടും മനുഷ്യരോടും ക്രിസ്തു പുലര്‍ത്തിയ ബന്ധങ്ങള്‍ ചിന്തിച്ചു പഠിക്കേണ്ടതാണ്. പിതാവായ ദൈവത്തിന്റെ ഹിതം മാത്രം അനുസരിച്ചു ജീവിച്ച വ്യക്തിയാണ് യേശു. അതു കൊണ്ട് ദൈവപുത്രന്റെ സ്ഥാനത്തിന് മനുഷ്യന്‍ എന്ന നിലയില്‍ ക്രിസ്തു ആദരിക്കപ്പെടുന്നു. മനുഷ്യപുത്രന്‍ ദൈവസമാനമാകുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല.

എന്നാല്‍, ക്രിസ്തു മനുഷ്യബന്ധങ്ങളെ എത്ര മാത്രം വിലമതിച്ചിരുന്നു എന്ന കാര്യവും നാം വിസ്മരിച്ചു കൂട. തന്റെ മരണസമയത്ത് അമ്മയെ ശിഷ്യനായ യോഹന്നാന് ഏല്‍പിച്ചു കൊടുത്തു കൊണ്ട് യേശു പറഞ്ഞു: ഇതാ നിന്റെ അമ്മ. അമ്മ അനാഥയാകരുത് എന്നതിനാലാണ് യോഹന്നാനെ ഇതാ നിന്റെ അമ്മ എന്നു പറഞ്ഞു കൊണ്ട് ഏല്‍പിച്ചതും. രണ്ടും ഒരു പോലെ പ്രസക്തമാണ്.

ഈ മകന്‍ തന്നെയാണ് മറ്റൊരവസരത്തില്‍ പറയുന്നത്, ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരന്മാര്‍? തന്റെ ശിഷ്യന്മാരുടെ നേരെ ചൂണ്ടി കൊണ്ട് അവന്‍ പറഞ്ഞു: ഇതാ എന്റെ അമ്മയും സഹോദരന്മാരും. സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരനും അമ്മയും (മത്താ. 12: 48). പിതാവിന്റെ ഹിതം നിറവേറ്റുന്നരാണ് തന്റെ പ്രിയപ്പെട്ടവര്‍ എന്ന് ക്രിസ്തു പ്രസ്താവിക്കുന്നു. ജീവിതത്തില്‍ ബന്ധങ്ങള്‍ എല്ലാം ദൈവ കല്പനകള്‍ അനുസരിച്ച് വിശുദ്ധിയില്‍ സൂക്ഷിക്കുന്നതായിരിക്കണം. ക്രിസ്തുദര്‍ശനത്തില്‍ സ്വര്‍ഗരാജ്യം എന്നത് ബന്ധങ്ങളുടെ പവിത്രതയാണ്.

‘എന്നേക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്ക് യോഗ്യനല്ല. എന്നെക്കാളധികം പുത്രനെ പുത്രിയെയോ സ്‌നേഹിക്കുന്നനും എനിക്കു യോഗ്യനല്ല’ (മത്താ. 10: 37). ‘ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്‌നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാല്‍ പിതാവിന്റെ സ്‌നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല (1 യോഹ. 2: 15).

മനുഷ്യജീവിതത്തിലെ ആകെത്തുക രണ്ടു ബന്ധങ്ങളിലാണ്. ഒന്ന് ദൈവത്തോടുള്ള മൈത്രി. രണ്ട് പിശാചിനോടുള്ള പക്ഷം ചേരല്‍. ഒന്ന് നന്മയില്‍ ഉറച്ച ജീവിതം. രണ്ടാമത്തേത്, തിന്മയില്‍ അധിഷ്ഠിതമായ ജീവിതം. ജീവനും മരണവും നമ്മുടെ മുന്നിലുണ്ട്. ഏതാണ് തെരഞ്ഞെടുക്കേണ്ടതെന്ന സ്വാതന്ത്ര്യവും നമുക്ക് നല്‍കപ്പെട്ടിരിക്കുന്നു. നീ ആരെ സ്‌നേഹിക്കുന്നു, ആരുമായി ബന്ധം പുലര്‍ത്തുന്നു എന്നതാണ് പ്രധാനം.

നിന്റെ സ്‌നേഹിതന്‍ ആര്? അതു പറഞ്ഞാല്‍ നീ ആരെന്ന് ഞാന്‍ പറയാം. എന്ന ആപ്തവാക്യം ഇവിടെ പ്രസക്തമാണ്. ബന്ധങ്ങളിലെ ശീലങ്ങളാണ് നമ്മെ എപ്പോഴും സ്വാധീനിക്കുന്നത്. നല്ല ബന്ധങ്ങള്‍ നല്ല ശീലങ്ങള്‍ നന്മ വളര്‍ത്തുന്നു. ചീത്ത ബന്ധങ്ങള്‍ തിന്മ വളര്‍ത്തുന്നു. അതു കൊണ്ട് ബന്ധങ്ങള്‍ ജീവിതത്തിന്റെ സുപ്രധാന ഘടകമാണ്. ഉപേക്ഷിക്കേണ്ടവരെ ഉപേക്ഷിക്കാനും സ്വീകരിക്കേണ്ടവരെ സ്വീകരിക്കാനുമുള്ള മനസ്സാണ് ബന്ധങ്ങളുടെ അടിസ്ഥാനം.

കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റേതല്ലാത്ത പദ്ധതികള്‍ നടപ്പിലാക്കുകയും എനിക്ക്് അഹിതമായ സഖ്യം ഉണ്ടാക്കുകയും ചെയ്ത് പാപം കുന്നുകൂട്ടിയ അനുസരണമില്ലാത്ത സന്തതികള്‍ക്ക് ദുരിതം! കര്‍ത്താവിനോട് ആലോചന ചോദിക്കുകയോ ഇസ്രായേലിന്റെ പരിശുദ്ധിയിലേക്ക് ദൃഷ്ടി ഉയര്‍ത്തുകയോ ചെയ്യാതെ സഹായം തേടി ഈജിപ്തിലേക്കു പോകുകയും കുതിരയില്‍ ആശ്രയിക്കുകയും രഥങ്ങളുടെ എണ്ണത്തിലും കുതിരപ്പടയാളികളുടെ കരുത്തിലും വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ദുരിതം (ഏശയ്യ 31: 1). പടക്കുതിരയെ കൊണ്ട് ജയിക്കാമെന്ന് ആശ വ്യര്‍ത്ഥമാണ്. അതിന്റെ വലിയ ശക്തി കൊണ്ട് അതിന് രക്ഷിക്കാന്‍ കഴിയുകയില്ല (സങ്കീര്‍. 33. 17).

ഇതാണ് മനുഷ്യബുദ്ധി കൊണ്ട് സ്വന്തം കഴിവില്‍ എല്ലാം നേടാം എന്ന വ്യാമോഹത്തില്‍ ദൈവഹിതം തിരിച്ചറിയാതെ തെറ്റായ ബന്ധങ്ങളില്‍ ചെന്നു പെടുന്നവരുടെ അന്ത്യം. രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തില്‍ ആഹാബ് രാജാവിന്റെ ചരിത്രം വെളിപ്പെടുത്തുന്ന സത്യമിതാണ്. യൂദാരാജാവായ ആഹാബിന്റെ പതനം ഈ തെറ്റായ ബന്ധത്തിന്റെ ഫലമാണ്. സൈന്യബലത്തിലും ധനസമൃദ്ധിയിലും മോഹിച്ച് അവന്‍ സീദോന്‍ രാജാവായ ഏത്ബാലിന്റെ മകള്‍ ജെസബെലിനെ വിവാഹം ചെയ്യുകയും ബാല്‍ ദേവനെ ആരാധിക്കുകയും ചെയ്തു. അങ്ങനെ തന്റെ മുന്‍ഗാമികളെക്കാള്‍ അധികമായി അവന്‍ ഇസ്രായേലിന്റെ കര്‍ത്താവിനെ പ്രകോപിപ്പിച്ചു.

അവന്റെ കാലത്ത് ബഥേലിലെ ഹിയേല്‍ ജറീക്കോ പണിയിപ്പിച്ചു. നൂനിന്റെ മകന്‍ ജോഷ്വ വഴി കര്‍ത്താവ് അരുളിച്ചെയ്തതു പോലെ നഗരത്തിന് അടിസ്ഥാനമിട്ടപ്പോള്‍ അവന് മൂത്തമകന്‍ അബിറാമും കവാടം നിര്‍മിച്ചപ്പോള്‍ ഇളയമകന്‍ സൗഹൂബും നഷ്ടപ്പെട്ടു. തുടര്‍ന്ന് ആഹാബ് അനുഭവിച്ച ദുരിതങ്ങളുടെ കഥ ഏറ്റവും പരിതാപകരമാണ്. ജെസബലിന്റെ ദുഷ്‌പ്രേരണയാല്‍ പ്രവാചകനായ ഏലിയായെ വധിക്കാന്‍ ശ്രമിക്കുന്നതും തുടര്‍ന്ന് ആഹാബും ജെസബെലും എപ്രകാരം കൊല്ലപ്പെടുന്നു എന്നതും 1 രാജാക്കന്മാര്‍ 29 മുതല്‍ 38 വരെ വചനങ്ങളിലും 2 രാജ 11. 30 ലും വിവരിച്ചിട്ടുണ്ട്. തെറ്റായ ബന്ധങ്ങള്‍ സ്ഥാപിക്കപ്പെടുമ്പോള്ഡ അനര്‍ത്ഥങ്ങള്‍ കുടിയിരിപ്പുണ്ട് എന്ന സത്യമാണ് ഇവിടെ വെളിപ്പെടുന്നത്.

ദൈവത്തിന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ പറ്റുന്ന ബന്ധമായിരിക്കണം നമ്മുടേത്. അതിനാല്‍ ബന്ധം സ്ഥാപിക്കുമ്പോള്‍ നല്ലത് മാത്രം തെരഞ്ഞെടുക്കുക. ക്രിസ്തീയത എന്നത് ഒരാശയമല്ല, ക്രിസ്തുവുമായുള്ള വ്യക്തിബന്ധമാണ്. സ്‌നേഹം പൂര്‍ണമാകുന്നത് ഹൃദയബന്ധത്തിലൂടെയാണ്. ആ സ്‌നേഹത്തില്‍ നിന്ന് ആര്‍ക്കും നമ്മെ വേര്‍പെടുത്താന്‍ കഴിയാതിരിക്കട്ടെ.

‘നമ്മിലാരും തനിക്കു വേണ്ടി മാത്രം ജീവിക്കുന്നില്ല. തനിക്കു വേണ്ടി മാത്രം മരിക്കുന്നുമില്ല. നാം ജീവിക്കുന്നെങ്കില്‍ കര്‍ത്താവിന് സ്വന്തമായി ജീവിക്കുന്നു. മരിക്കുന്നെങ്കില്‍ കര്‍ത്താവിന് സ്വന്തമായി മരിക്കുന്നു. ആകയാല്‍ ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്’ (റോമ. 14. 7-8).

~ കെ ടി പൈലി~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles