കൂട്ടിന് ഞാനുണ്ട് എന്നൊരു ഉറപ്പ് നല്‍കാന്‍ കഴിയുമോ?

ഞങ്ങളുടെ സന്യാസ സഭയിലെ ഒരു വൈദികൻ്റെ വീട് സന്ദർശിക്കുകയായിരുന്നു.
ഈ വൈദികൻ്റെ പിതാവ്, കിടപ്പുരോഗിയാണ്. അത്യാവശ്യം ആരോഗ്യവതിയായ അമ്മയും ജേഷ്ഠനും ജേഷ്ഠൻ്റെ കുടുംബവും ഒപ്പമുണ്ട്.
ആർക്കും അസൂയ ഉളവാക്കത്തക്ക രീതിയിലാണ് അവർ ചാച്ചനെ ശുശൂഷിക്കുന്നത്. അച്ചൻ അവധിയ്ക്ക് വരുമ്പോൾ എങ്ങോട്ടെങ്കിലും പോകാറുണ്ടോ എന്നു ചോദിച്ചപ്പോൾ അമ്മച്ചിയുടെ മറുപടി ഇപ്രകാരമായിരുന്നു:
”ആദ്യമൊക്കെ അച്ചൻ അവധിക്ക് വരുമ്പോൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം വീടുകളിൽ പോവുക പതിവായിരുന്നു. കുർബാന കഴിഞ്ഞ് രാവിലെ ഇറങ്ങിയാൽ ചിലപ്പോൾ
സന്ധ്യയാകും തിരിച്ചു വരുമ്പോൾ. എന്നാൽ ചാച്ചൻ കിടപ്പിലായതോടെ അവധി സമയം മുഴുവനും വീട്ടിലുണ്ടാകും. കുർബാന കഴിഞ്ഞ് വന്നാൽ ചാച്ചൻ്റെ അരികിൽ ഇരിക്കും. ചാച്ചൻ്റെ കാര്യങ്ങൾ എല്ലാം ചെയ്യാൻ സഹായിക്കും. ‘നീ എങ്ങോട്ടും പോകുന്നില്ലേ എന്നു ചോദിച്ചാൽ’
‘ഇല്ലമ്മേ…. ഇപ്പോൾ ചാച്ചന് വേണ്ടത് നമ്മുടെ സാമീപ്യമാണ്. നമ്മളാരെങ്കിലും കൂടെയുള്ളതാണ് ചാച്ചന് ഏറ്റവും നല്ലത് ‘ എന്നായിരിക്കും മറുപടി.”
ഒരു പുഞ്ചിരിയോടെ അമ്മച്ചി പറഞ്ഞു:
“അവനല്ലേലും പണ്ടുമുതലേ ചാച്ചൻ
എന്നു പറഞ്ഞാൽ പ്രാണനാണ്‌.”
മടക്കയാത്രയിൽ ഞാൻ ചിന്തിച്ചത് ഒറ്റപ്പെട്ടുപോകുന്ന ജീവിതങ്ങളെക്കുറിച്ചാണ്.
എത്രയെത്ര ഭവനങ്ങളിലാണ് ഇന്ന് പലരും ഏകാന്തതയിൽ കഴിയുന്നത്?
ആരും സംസാരിക്കാനില്ലാതെ,
ഉമ്മറത്തെ കസേരയും വീടിന്നകത്തളവും മാത്രമായി ജീവിതം കഴിച്ചുകൂട്ടുന്നവർ.
ജീവിത പങ്കാളി വിദൂരത്തായവർ,
വീട്ടിൽ തനിച്ചാകുന്ന മക്കൾ,
എല്ലാവരും ഉണ്ടായിരുന്നിട്ടും
ഒരേ ഭവനത്തിൽ കലഹിച്ചു കഴിയുന്നവർ….
ഒരു ധ്യാനത്തിനിടയിൽ ഒരു ഏഴാം ക്ലാസുകാരി പറഞ്ഞത് ഇന്നും ഓർമയിലുണ്ട്.
”പപ്പയെന്നെ ഒന്നു ഉമ്മ വച്ചിട്ട്
എത്ര നാളായെന്ന് അച്ചനറിയോ?
ഞാൻ എത്രാം ക്ലാസിലാണ് പഠിക്കുന്നതെന്നു പോലും പപ്പയ്ക്കറിഞ്ഞുകൂടാ.
എൻ്റെ ഏറ്റവും വലിയ ആഗ്രഹം
പപ്പയുടെയും അമ്മയുടെയും
കൂടെ ഒരു യാത്ര പോകുക എന്നതാണ്.”
കൂട്ടിന് ഒരാളുണ്ടാകുക
എന്നതിനേക്കാൾ ബലം നൽകുന്ന
മറ്റേത് കാര്യമാണ് ജീവിതത്തിലുള്ളത്?
ഇവിടെയാണ് എമ്മാവൂസിലേക്ക് യാത്രതിരിച്ച ശിഷ്യരുടെ കഥയ്ക്ക് തിളക്കമേറുന്നത്.
ക്രിസ്തുവെന്ന തണൽ നഷ്ടപ്പെട്ടുവല്ലോ
എന്ന ചിന്തയിലാണ് അവർ ജറുസലേം ഉപേക്ഷിച്ച് എമ്മാവൂസിലേക്ക് യാത്രയാകുന്നത്.
അവരുടെ യാത്രയിൽ കൂടെ നടന്ന അപരിചിതൻ ക്രിസ്തുവാണെന്നറിഞ്ഞപ്പോൾ അവർ അവനോട് ചോദിച്ചത് മറ്റൊന്നുമല്ല “ഞങ്ങളോടുകൂടെ താമസിക്കുക”
(ലൂക്കാ 24 :29) എന്നായിരുന്നു.
ഇക്കാലയളവിൽ അപരനോട് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യം അതു തന്നെയാണ്;
‘ കൂട്ടിന് ഞാനുണ്ട് ‘
എന്നൊരുറപ്പ് നൽകാനാകുക.
സത്യത്തിൽ അങ്ങനെയൊരുറപ്പ് നൽകാൻ ദൈവത്തോളം മറ്റാർക്കാണ് കഴിയുക?

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles