കൊറോണക്കാലവും പ്രവാസികളെ കുറിച്ചുള്ള ദൈവിക പദ്ധതിയും

ലോകമെമ്പാടും കൊറോണ വൈറസ് ഭീഷണി നേരിടുന്ന ഇക്കാലത്ത് ചിലരെങ്കിലും പ്രവാസികളെ അകാരണമായി പരിഹസിക്കുന്നതും നിന്ദിക്കുന്നതും ശ്രദ്ധയില്‍ പെട്ടു. കേരളത്തില്‍ നിന്ന് അമേരിക്കയിലേക്കും യൂറോപ്പിലക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും മെച്ചപ്പെട്ട ജീവിതം തേടിപ്പോയതു കൊണ്ടാണ് ആ രാജ്യങ്ങളില്‍ വന്നു ഭവിച്ചിരിക്കുന്ന ദുരിതങ്ങള്‍ പ്രവാസികള്‍ അനുഭവിക്കേണ്ടി വന്നത് എന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നത്. എന്നാല്‍ നാം മനസ്സിലാക്കേണ്ട മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട്.  ബൈബിളിന്റെ വെളിച്ചത്തില്‍ വിശകലനം ചെയ്യുമ്പോള്‍ പ്രവാസം ഒരു ദൈവവിളിയാണ് എന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കും.

പ്രവാസിയായ അബ്രഹാമിന്റെ വിളി

വിശ്വാസികളുടെ പിതാവായ അബ്രഹാമിനെ ദൈവം വിളിച്ചത് ഒരു പ്രവാസജീവിതത്തിലേക്കായിരുന്നു. ഉല്‍പത്തിയുടെ പുസ്തകത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: ‘കര്‍ത്താവ് അബ്രാമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും. കര്‍ത്താവു കല്‍പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു.’ (ഉല്‍പ. 12. 1-3).

അബ്രഹാമിന്റെ പ്രവാസത്തിലേക്കുള്ള വിളി വലിയൊരു ദൈവിക പദ്ധതിയുടെ ഭാഗമായിരുന്നു. അബ്രഹാമിനെ മാത്രമല്ല, അബ്രഹാമിനെ അനുഗ്രഹിച്ചവരെയും അബ്രഹാമിന് നന്മ ചെയ്തവരെയും ദൈവം അനുഗ്രഹിച്ചു എന്ന് ബൈബിള്‍ പറയുന്നു. ഇതു പോലെ തന്നെയുള്ള ഒരു ദൈവവിളി തന്നെയാണ് പ്രവാസികളുടെ വിളിയും. അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഗള്‍ഫിലേക്കും മറ്റു ലോകരാജ്യങ്ങളിലേക്കും ഉപജീവനത്തിനായി പോകുന്നവര്‍ ദൈവ വിശ്വാസികളും ദൈവത്തില്‍ ആശ്രയിക്കുന്നവരും ആണെങ്കില്‍ അവര്‍ ചെന്നെത്തുന്ന ഇടങ്ങള്‍ അനുഗ്രഹീതമാകും. അവിടെ അവരുടെ ജീവിതങ്ങളിലൂടെ സുവിശേഷം പ്രസംഗിക്കപ്പെടും. അവിടെ ക്രിസ്തു പ്രഘോഷിക്കപ്പെടും. ‘നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടു കൂടെ ഉണ്ടായിരിക്കും’. (ജോഷ്വ 1. 9 ) എന്ന് ഉറപ്പു നല്‍കിയിരിക്കുന്ന ദൈവം പ്രവാസികളായ നമ്മോടു കൂടെയുണ്ട്.

പ്രവാസം ബൈബിളില്‍

ഇസ്രായേല്‍ക്കാരുടെ ചരിത്രം പരിശോധിക്കാന്‍ ഒരു കാര്യം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അവരുടെ ചരിത്രം ആരംഭിക്കുന്നതും വളരുന്നതുമെല്ലാം പ്രവാസങ്ങളിലൂടെയാണ്. പഴയ നിയമത്തിലെ ജോസഫിനെ സഹോദരര്‍ ഈജിപ്തുകാര്‍ക്ക് വിറ്റെങ്കിലും ദൈവം അദ്ദേഹത്തെ ഈജിപ്തിലെ പ്രധാനിയായി ഉയര്‍ത്തി. അങ്ങനെ ഇസ്രായേല്‍ വംശം ഈജിപ്തിലെത്തി. നീണ്ട ഒരു പ്രവാസത്തിന്റെ ആരംഭമായിരുന്നു, അത്. മോശയും ഒരു പ്രവാസം അനുഭവിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രവാസകാലത്ത് ജനിച്ച മകന് മോശ ഗര്‍ഷോം എന്നാണ് പേരിട്ടത്. അതു പോലെ, ബാബിലോണിയന്‍ പ്രവാസത്തെ കുറിച്ചും നാം ബൈബിളില്‍ വായിക്കുന്നുണ്ട്. ചില പ്രവാസങ്ങളെല്ലാം കയ്പു നിറഞ്ഞ അനുഭവങ്ങളായിരുന്നെങ്കിലും ദൈവം അവയെല്ലാം ആത്യന്തികമായി അവരുടെ നന്മയ്ക്കായി മാറ്റി. നമ്മുടെ കര്‍ത്താവായ യേശുവിന്റെ ജീവിതവും പ്രവാസത്തിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ഹേറോദേസിന്റെ പടയാളികളില്‍ നിന്ന് രക്ഷപ്പെടാന്‍ യൗസേപ്പു പിതാവും പരിശുദ്ധ അമ്മയും ഉണ്ണിയേശുവിനെയും എടുത്ത് ഈജിപ്തിലേക്ക് ഓടിപ്പോകുന്നു. ഇതെല്ലാം ദൈവിക പദ്ധതിയുടെ ഭാഗമാണ്. ഒന്നും യാദൃശ്ചികമായി സംഭവിച്ചതല്ല.

കേരളത്തിന്റെ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക്

കേരളത്തിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍, നമ്മുടെ ജന്മനാടിന്റെ സമ്പന്നതയിലും വളര്‍ച്ചയിലും പ്രവാസികള്‍ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. ഗള്‍ഫ്, അമേരിക്ക, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ദശാബ്ദങ്ങള്‍ക്കു മുമ്പേ ഉപജീവനമാര്‍ഗം തേടി ചെന്നെത്തിയ പ്രവാസികളോട് കേരളം വളരെയേറെ കടപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ സാമ്പത്തികവും സമഗ്രവുമായ വളര്‍ച്ചയ്ക്ക് സഹായകരമായി മാറിയ വലിയൊരു നിക്ഷേപം വന്നത് ഈ രാജ്യങ്ങളിലെ പ്രവാസികളില്‍ നിന്നാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, അവരിലൂടെ കേരളം അനുഗ്രഹീതമായി. അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഗള്‍ഫിലേക്കും സേവനം ചെയ്യാന്‍ കടല്‍ കടന്നു പോയ നഴ്‌സുമാര്‍ ലോകത്തിന്റെ മുന്നില്‍ കേരളത്തിന്റെ യശ്ശസ്സുയര്‍ത്തി. വിവിധ മേഖലകളില്‍ കേരളീയരായ പ്രവാസികള്‍ വൈദഗ്ദ്യം തെളിയിച്ചു. ആത്യന്തികമായി ഇതെല്ലാം ഗുണം ചെയ്തത് കേരളത്തിന് തന്നെയാണ്.

ആഗോള ആരോഗ്യ രംഗത്തും നമ്മുടെ വലിയ സേവനം

ഈ കൊറോണക്കാലത്ത് വിദേശികളായ ഡോക്ടര്‍മാരോടും നഴ്‌സുമാരോടുമൊപ്പം ആഗോള ആരോഗ്യരംഗത്ത് വിലപ്പെട്ട സേവനം ചെയ്തു കൊണ്ടിരിക്കുന്നത് നമ്മുടെ നഴ്‌സുമാരും ഡോക്ടര്‍മാരുമാണ്. അവരുടെ സേവനം സ്തുത്യര്‍ഹവും മികച്ചതുമാണെന്ന് വിദേശികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അവര്‍ ദൈവത്തോട് സഹകരിച്ചു കൊണ്ട് തങ്ങളുടെ കര്‍ത്തവ്യത്തില്‍ സ്വയം സമര്‍പ്പിച്ചിരിക്കുന്നത് ഓരോ കേരളീയനും അഭിമാനമാണ്. കൊളോസ്യര്‍ക്കുള്ള ലേഖനത്തില്‍ വി. പൗലോസ് ശ്ലീഹ പറയുന്നതു പോലെ ‘ നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യുവിന്‍. നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്തുവിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്. (കൊളോ. 3. 23).

വിദേശ രാജ്യങ്ങളുടെ സുവിശേഷ വല്‍ക്കരണം

നാം കേരളത്തില്‍ ഇന്ന് കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ക്രൈസ്ത വിശ്വാസം വിദേശീയരായ മിഷണറിമാരുടെ സുവിശേഷ പ്രഘോഷണത്തിന്റെ ഫലമാണ്. വി. തോമസ് ശ്ലീഹായുടെ കാലം മുതല്‍ വി. ഫ്രാന്‍സിസ് സേവ്യര്‍ ഉള്‍പ്പെടെയുള്ള നിരവധി ക്രിസ്്തീയ മിഷണറിമാര്‍ കേരളത്തില്‍ വരികയും യേശുവിന്റെ സുവിശേഷം പ്രഘോഷിക്കുകയും ചെയ്തു. അതിന്റെ ഫലമായാണ് കേരളത്തില്‍ ശക്തമായ ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറ സ്ഥാപിതമായത്. എന്നാല്‍ ഇന്ന് നമ്മുടെ വിളി ഒരിക്കല്‍ വലിയ വിശ്വാസത്തില്‍ നിലനില്‍ക്കുകയും എന്നാല്‍ എപ്പോഴോ ദൈവത്തില്‍ നിന്നകലുകയും ചെയ്ത വിദേശ രാജ്യങ്ങളെ പുനര്‍ സുവിശേഷവല്‍ക്കരിക്കാനാണ്. പ്രവാസികളാണ് ഈ വലിയ ദൗത്യത്തിനായി വിളിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ വൈദികരും അല്മായരും ഈ ദൗത്യം വളരെ നല്ല രീതിയില്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നു. അവരെയെല്ലാം ഉയര്‍ത്തിയതും നിയോഗിച്ചതും വലിയ ദൈവിക പദ്ധതിയുടെ ഭാഗമാണ്. നമ്മുടെ തന്നെ കുടുംബത്തിലെ അംഗങ്ങളിലൂടെ ദൈവം നടത്തുന്ന ഈ പുനര്‍ സുവിശേഷവല്‍ക്കരണത്തെ പ്രതി നാം ദൈവത്തിന് നന്ദി പറയണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ കേരളസഭയുടെ രൂപതകള്‍ പ്രവര്‍ത്തിക്കുന്നു എന്നതും കേരളീയരെ സംബന്ധിച്ച് അഭിമാനകരമാണ്.

വെളിപാടുകളുടെ അനുഗ്രഹ കാലം

ചുറ്റിനും ദുരിതങ്ങള്‍ കാണുന്നുവെങ്കിലും, നമ്മള്‍ ദുരിതത്തിലൂടെ കടന്നു പോകുന്നുവെങ്കിലും നാം ദുഖിക്കുകയോ ഭയപ്പെടുകയോ ചെയ്യേണ്ടതില്ല. എല്ലാ നന്മയായി മാറ്റുന്നവനാണ് നമ്മുടെ ദൈവം. യേശുവിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ യോഹന്നാന്‍ ശ്ലീഹയുടെ ജീവിതം നിങ്ങള്‍ കേട്ടിട്ടില്ലേ? അദ്ദേഹം പാത്മോസ് ദ്വീപിലേക്ക് നാടുകടത്തപ്പെട്ടവനാണ്. ദിവ്യബലി അര്‍പ്പിക്കാന്‍ പോലും സാധിക്കാതെ അദ്ദേഹം അവിടെ ഏകാന്തതയില്‍ പാര്‍ത്തു. ഏതാണ്ട് ഇന്നത്തെ ഈ ലോക്ക്ഡൗണ്‍ കാലത്തെ അവസ്ഥ. ദിവ്യബലിയില്‍ പങ്കുകൊള്ളാനാകാതെ, ദേവാലയത്തില്‍ കയറാനാകാതെ കഴിയുന്ന നമ്മുടെയൊക്കെ അവസ്ഥ. ആ ഐസൊലേഷന്‍ കാലത്ത് ദൈവം അദ്ദേഹത്തിന് നല്‍കിയത് അമൂല്യമായ വെളിപാടുകളാണ്. സ്വര്‍ഗത്തെ പറ്റിയും രക്ഷയെ കുറിച്ചും മാലാഖമാരെ കുറിച്ചും ദൈവപുത്രന്റെ വരവിനെ കുറിച്ചും സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചുമെല്ലാം വലിയ വെളിപാടുകള്‍ അദ്ദേഹത്തിന് ലഭിച്ചു. വലിയ വെളിപാടുകളും അനുഗ്രഹങ്ങളും ഈ കൊറോണ കാലത്തിനു ശേഷം നമ്മെ കാത്തിരിക്കുന്നു.

ഈ ദുരിതകാലത്തിലൂടെ നാം കടന്നു പോകുമ്പോള്‍ അതില്‍ നമ്മെ കുറിച്ച് ദൈവത്തിന് ഒരു പദ്ധതിയുണ്ടെന്ന് അറഞ്ഞു കൊള്ളുക. വരും കാലങ്ങളില്‍ നിങ്ങളില്‍ നാം തിരിച്ചറിയും, ഈ ലോക്ക് ഡൗണ്‍ കാലം നമുക്ക് നന്മയായി മാറുമെന്ന്. എല്ലാ ദുരിതങ്ങളെയും നന്മയായി മാറ്റുന്നവനാണ് നമ്മുടെ ദൈവം. ‘ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ’ (റോമ. 8. 28). പഴയ നിയമത്തിലെ ജോസഫിന്റെ ജീവിതം ദൈവത്തിന്റെ ഈ വാഗ്ദാനത്തിന് ഏറ്റവും വലിയ ്ദൃഷ്ടാന്തമാണ്. സഹോദരന്മാര്‍ വിറ്റുകളയുകയും പ്രവാസം അനുഭവിക്കുകയും ചെയ്ത ജോസഫ് ഈജിപ്തു രാജ്യത്തില്‍ പ്രധാനിയായിത്തീര്‍ന്നു. ഇതെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തിയാണ്.

ഒന്നും കാണാതെ, ഒരു നന്മയും മുന്‍കൂട്ടി കാണാതെ ദൈവം നമുക്ക് ദുരിതങ്ങള്‍ അനുവദിക്കുകയില്ല എന്ന് തീര്‍ച്ച. നമുക്ക് പ്രാര്‍ത്ഥനയോടെ ആ വലിയ വെളിപ്പെടുത്തലുകള്‍ക്കായി കാത്തിരിക്കാം. എല്ലാവര്‍ക്കും ദൈവാനുഗ്രഹങ്ങളും നന്മകളും നേരുന്നു.

“ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും. നിന്നെ ദ്വേഷിക്കുന്നവര്‍ ലജ്ജിച്ചു തലതാല്ത്തും; നിന്നോട് ഏറ്റുമുട്ടുന്നവര്‍ നശിച്ച് ഒന്നുമല്ലാതായിത്തീരും” (ഏശയ്യ 41: 10 -11)

 

ഈശോയില്‍ സ്‌നേഹപൂര്‍വം

ബ്രദര്‍ ഡോമിനിക്ക് പി ഡി
ഫിലാഡെല്‍ഫിയ

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles