നമ്മെ അത്ഭുതപ്പടുത്തുന്ന ദൈവം
കോവിദ് 19 മഹാമാരിയ്ക്കെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി ജനസമ്പർക്കം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടുകൂടി ഫ്രാൻസീസ് പാപ്പാ ബുധനാഴ്ചകളിലെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടി ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ മാത്രമാക്കിയിരിക്കയാണല്ലൊ. കോവിദ് 19 സംക്രമണത്തിനു തടയിടുന്നതിനുള്ള നിയന്ത്രണങ്ങളിൽ ജൂൺ 3 മുതൽ, ഉപാധികളോടെ സാരമായ ഇളവുകൾ ഇറ്റലിയുടെ സർക്കാർ വരുത്തിയിട്ടുണ്ടെങ്കിലും കൊറോണ വൈറസ് സംക്രമണ സാധ്യതകൾ ഇപ്പോഴും നിലനില്ക്കുന്ന പശ്ചാത്തലത്തിൽ, ഈ ബുധനാഴ്ചയും (10/06/20) ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയായിരുന്നു പാപ്പായുടെ ഈ പരിപാടി. പതിവുപോലെ പാപ്പാ, പേപ്പൽ ഭവനത്തിലെ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍വിശുദ്ധഗ്രന്ഥഭാഗ പാരായണം ആയിരുന്നു.
ഉൽപ്പത്തിപ്പുസ്തകത്തിൽ നിന്ന്:
“യാക്കോബ് മാത്രം ഇക്കരെ നിന്നു. അവിടെവച്ച് ഒരാൾ നേരം പുലരുന്നതു വരെ അവനുമായി മൽപ്പിടുത്തം നടത്തി……. 26 അവൻ പറഞ്ഞു: നേരം പുലരുകയാണ്, ഞാൻ പോകട്ടെ. യോക്കോബ് മറുപടി പറഞ്ഞു: എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാൻ വിടുകയില്ല. 27 അവൻ ചോദിച്ചു: നിൻറെ പേരെന്താണ്? യോക്കോബ്, അവൻ മറുപടി പറഞ്ഞു.28 അപ്പോൾ അവൻ പറഞ്ഞു: ഇനിമേൽ നീ യാക്കോബ് എന്നല്ല, ഇസ്രായേൽ എന്നു വിളിക്കപ്പെടും. കാരണം, നീ ദൈവത്തോടും മനുഷ്യരോടും മല്ലിട്ടു ജയിച്ചിരിക്കുന്നു. 29 യാക്കോബ് അവനോടു പറഞ്ഞു: അങ്ങയുടെ പേര് എന്നോടു പറയണമെന്ന് ഞാൻ അപേക്ഷിക്കുന്നു. എന്തിനാണ് എൻറെ പേരു പറയുന്നത്? അവൻ ചോദിച്ചു. അവിടെ വച്ച് അവൻ യാക്കോബിനെ അനുഗ്രഹിച്ചു”.. (ഉൽപ്പത്തി 32,25-30)
ഈ വിശുദ്ധഗ്രന്ഥ വായനാനന്തരം, പാപ്പാ, താൻ പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ പ്രാർത്ഥനയെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധനരപരമ്പര തുടർന്നു. ഇറ്റാലിയൻ ഭാഷയിൽ ആയിരുന്ന തൻറെ പ്രഭാഷണത്തിൽ പാപ്പാ ഇപ്രകാരം പറഞ്ഞു:
“സ്വയംകൃത” മനുഷ്യൻ- യാക്കോബ്
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം.
പ്രാർത്ഥനയെ അധികരിച്ചുള്ള പരിചിന്തനം നമുക്കു തുടരാം. നമ്മുടെ ജീവിതത്തിൻറെ പ്രതിഫലനങ്ങൾ നമുക്കു കാണാൻ കഴിയുന്നതായ കഥകൾ ഉൽപ്പത്തിപ്പുസ്തകം പുരാതന കാലഘട്ടത്തിലെ സ്ത്രീപുരുഷന്മാരുടെ ജീവിതസംഭവങ്ങളിലൂടെ നമ്മോടു പറയുന്നു. ഗോത്രപിതാക്കളുടെ ഗണത്തിൽ തൻറെ കഴിവ് തന്ത്രപൂർവ്വം തനിക്ക് ഏറ്റവും ഗുണകരമായി വിനിയോഗിച്ച ഒരു മനുഷ്യനുണ്ട്, അത് യാക്കോബാണ്. സഹോദരനായ ഏസാവുമായി യാക്കോബിനുണ്ടായിരുന്ന ക്ലേശപൂർണ്ണമായ ബന്ധത്തെക്കുറിച്ച് ബൈബിൾ പറയുന്നു. ചെറുപ്പം മുതൽ തന്നെ അവർക്കിടയിൽ ശത്രുതയുണ്ടായിരുന്നു. അത് പിന്നീട് ഒരിക്കലും മാറിയിട്ടുമില്ല. രണ്ടാമത്തെ മകനായ യാക്കോബ് കടിഞ്ഞൂൽ പുത്രൻറെ അവകാശമായ അനുഗ്രഹവും ദാനവും പിതാവായ ഇസഹാക്കിൽ നിന്ന് ചതിപ്രയോഗത്തിലൂടെ നേടിയെടുക്കുന്നു. എന്തു ചെയ്യാനും മടിയില്ലാത്ത ഒരു മനുഷ്യൻറെ കൗശലങ്ങളുടെ നീണ്ട ശ്രേണിയിൽ ആദ്യത്തേതു മാത്രമാണിത്.
വിജയപ്രതീതി നല്കുന്ന യാക്കോബിൻറെ ജീവിതം
സഹോദരൻറെ അടുത്തു നിന്ന് പലായനം ചെയ്യാൻ നിർബന്ധിതനായ യാക്കോബ് ജീവിതത്തിലെ എല്ലാം സംരംഭങ്ങളിലും വിജയിക്കുന്നു എന്ന ഒരു പ്രതീതിയുളവാക്കുന്നു. അവൻ കച്ചവടത്തിൽ നിപുണനാണ്. പെട്ടെന്ന് സമ്പന്നനായിത്തീരുന്നു. വലിയൊരു ആട്ടിൻകൂട്ടത്തിൻറെ ഉടമയായിത്തീരുന്നു. ലാബാൻറെ പെൺമക്കളിൽ താൻ പ്രണയിച്ച ഏറ്റം സുന്ദരിയായവളെ വിവാഹം കഴിക്കാനുള്ള ക്ഷമാപൂർവ്വമായ തീവ്രയത്നത്തിൽ യാക്കോബ് വിജയിക്കുന്നു. ആധുനിക ശൈലിയിൽ പറയുകയാണെങ്കിൽ, യാക്കോബ് “സ്വയംകൃത” മനുഷ്യനാണ്. അവനിഷ്ടപ്പെട്ടതെല്ലാം സ്വന്തം കല്പനാശക്തിയാൽ സ്വന്തമാക്കി.
സ്വന്തം നാടിൻറെ വിളികേൾക്കുന്ന യാക്കോബ്
താൻ ഒരിക്കലും നല്ല ബന്ധം പുലർത്താതിരുന്ന തൻറെ സഹോദരൻ ഏസാവു ജീവിച്ചിരുന്ന തൻറെ വീടിൻറെ, തൻറെ പുരാതന ജന്മദേശത്തിൻറെ വിളി ഒരു ദിവസം യാക്കോബ് കേൾക്കുന്നു. നിരവധിയാളുകളും മൃഗങ്ങളുമുൾപ്പെട്ട വലിയൊരു സംഘവുമായി അവൻ ഒരു നീണ്ട യാത്ര ആരംഭിക്കുന്നു. യാബോക് നദീതീരത്തുവരെയായിരുന്നു ഈ യാത്ര. ഇവിടെ അവിസ്മരണീയമായ ഒരു താൾ ഉൽപ്പത്തിപ്പുസ്തകം എഴുതിച്ചേർക്കുന്നു . തൻറെ ആളുകളെയും മൃഗങ്ങളെയും നദി കടത്തിവിട്ട ഗോത്രപിതാവ് യാക്കോബ് അപരിചിതമായ ആ തീരത്ത് തനിച്ചാകുന്നുവെന്ന് ഉൽപ്പത്തിപ്പുസ്തകം പറയുന്നു. അവൻ ചിന്തിക്കുന്നു: അടുത്ത ദിവസത്തേക്കു തന്നെ കാത്തിരിക്കുന്നത് എന്താണ്? എസ്സാവു തന്നോടു എന്തു മനോഭാവമായിരിക്കും പുലർത്തുക? യക്കൊബിൻറെ മനസ്സിൽ ചിന്തകളുടെ ഒരു കൊടുങ്കാറ്റുണ്ടാകുന്നു. നേരം രാത്രിയായപ്പോൾ ഒരു അപരിചിതൻ അവനെ കടന്നു പിടിക്കുകയും അവനുമായി മൽപ്പിടുത്തം ആരുഭിക്കുകയും ചെയ്യുന്നു. കത്തോലിക്കാസഭയുടെ മതബോധനം അതിനു നല്കുന്ന വിശദീകരണം ഇതാണ്: “സഭയുടെ ആദ്ധ്യാത്മിക പാരമ്പര്യം ഈ വിവരണത്തിൽ, പ്രാർത്ഥനയെ, വിശ്വാസത്തിൻറെ പോരാട്ടത്തിൻറെയും സ്ഥൈര്യത്തിൻറെ വിജയത്തിൻറെയും പ്രതീകമായി കാണുന്നു” (CCC, 2573)
സ്വന്തം നിസ്സാരത ഗ്രഹിക്കുന്ന യാക്കോബ്
തൻറെ എതിരാളിയുടെ മേൽ പിടിമുറിക്കിക്കൊണ്ട് യാക്കോബ് രാത്രി മുഴുവൻ യുദ്ധം ചെയ്തു. ഇടുപ്പിനെ തുടയുമായി ബന്ധിപ്പിക്കുന്ന നാഡിക്ക് ശത്രുവിൻറെ പ്രഹരമേറ്റതിനെ തുടർന്ന് യാക്കോബ് ജീവിതകാലം മുഴുവൻ മുടന്തനായി. ആ നിഗൂഢ പോരാളി ഗോത്രപിതാവിൻറെ പേരു ചോദിച്ചുകൊണ്ടു പറയുന്നു: “ഇനിമേൽ നീ യാക്കോബ് എന്നല്ല ഇസ്രായേൽ എന്നു വിളിക്കപ്പെടും. എന്തെന്നാൽ നീ ദൈവത്തോടും മനുഷ്യനോടും മല്ലിട്ട് ജയിച്ചിരിക്കുന്നു” (ഉൽപ്പത്തി 32,29). അപ്പോൾ യാക്കോബും അവനോടു ആരെന്നു വെളിപ്പെടുത്താൻ പറയുന്നു: “അങ്ങയുടെ പേര് എന്നോടു പറയണമെന്ന് ഞാൻ അപേക്ഷിക്കുന്നു” (ഉൽപ്പത്തി 32,29). എന്നാൽ പോരാളി അതു അവന് വെളിപ്പെടുത്തുന്നില്ല, പകരം അവനെ ആശീർവ്വദിക്കുന്നു. അപ്പോൾ താൻ ദൈവത്തെ “മുഖാമുഖം” ദർശിച്ചുവെന്ന് യോക്കോബിനു മനസ്സിലാകുന്നു.
പോരാട്ടവും പ്രാർത്ഥനയും
ദൈവവുമായി യുദ്ധം ചെയ്യുക: ഇത് പ്രാർത്ഥനയുടെ ഒരു രൂപകമാണ്. ദൈവവുമായി സംഭാഷണത്തിലേർപ്പെടാനും സൗഹൃപരവും അടുത്തതുമായ അവിടത്തെ സാന്നിധ്യം അനുഭവിക്കാനും തനിക്കു കഴിയുമെന്ന് യാക്കോബ് പലപ്രാവശ്യം തെളിയിച്ചിട്ടുണ്ട്. എന്നാൽ ആ രാത്രിയിൽ നീണ്ടു നിന്നതും എതാണ്ട് തോല്ക്കുമെന്ന് ഉറപ്പായതുമായ ആ പോരാട്ടത്തിൽ ഈ ഗോത്രപിതാവ് പരിവർത്തനം ചെയ്യപ്പെട്ടവനായി പുറത്തുവരുന്നു. ഇപ്പോൾ അവൻ സാഹചര്യത്തിൻറെ യജമാനനല്ല, തന്ത്രജ്ഞനൊ കണക്കുക്കൂട്ടുന്നവനൊ ആയ മനുഷ്യനല്ല; ഭയപ്പെടുത്തുകയും വിറയലുളവാക്കുകയും ചെയ്യുന്ന മർത്യത എന്ന അവൻറെ സത്യത്തിലേക്ക് ദൈവം അവനെ വീണ്ടും ആനയിക്കുന്നു. ഇത്തവണ തൻറെ ബലഹീനതയും അശക്തിയുമല്ലാതെ മറ്റൊന്നും ദൈവത്തിന് സമർപ്പിക്കാൻ യാക്കോബിനില്ല. ഈ യാക്കോബാണ് ദൈവത്തിൽ നിന്ന് ആശീർവ്വാദം സ്വീകരിക്കുന്നത്. അതോടെ അവൻ മുടന്തി വാഗ്ദത്തഭൂമിയിൽ പ്രവേശിക്കുന്നു. വേധ്യനായ അവൻ ദുർബലനാണ്, എന്നാൽ പുതിയ ഹൃദയത്തിനുടമയാണ്. മുമ്പ് അവന് ആത്മവിശ്വാസമുണ്ടായിരുന്നു, സ്വന്തം തന്ത്രങ്ങളിൽ ആശ്രയിച്ചിരുന്നു. കൃപയോടു തുറവില്ലാത്തവനും കാരുണ്യത്തിന് വഴങ്ങാത്തവനുമായ മനുഷ്യൻ ആയിരുന്നു അവൻ. കരുണ എന്തെന്ന് അവന് അറിയില്ലായിരുന്നു. ഇത് ഞാനാണ്, ഇവിടെ ഞാൻ പറയുന്നതാണ് നടക്കുക. കാരുണ്യം ആവശ്യമുണ്ടെന്ന ബോധം അവനുണ്ടായിരുന്നില്ല. എന്നാൽ നഷ്ടപ്പെട്ടതിനെ ദൈവം വീണ്ടെടുത്തു. അവന് പരിമിതികളുണ്ടെന്നും അവൻ പാപിയാണെന്നും അവന് കാരുണ്യം ആവശ്യമാണെന്നുമുള്ള ബോധ്യം കർത്താവ് അവനിൽ ഉളവാക്കി.
നമ്മെ അത്ഭുതപ്പടുത്തുന്ന ദൈവം
രാത്രിയിൽ നമുക്കെല്ലാവർക്കും ദൈവവുമായി ഒരു കൂടിക്കാഴ്ചയുണ്ട്. നാം സത്യത്തിൽ ഒറ്റയ്ക്കായിരിക്കുന്ന വേളയിൽ, അപ്രതീക്ഷിതമായ സമയത്ത്, അവിടന്ന് നമ്മെ അത്ഭുതപ്പെടുത്തും. അതേ രാത്രിയിൽ അജ്ഞാതനുമായുള്ള പോരാട്ടത്തിൽ നാം മനസ്സിലാക്കും നമ്മൾ ദരിദ്രരായ മനുഷ്യർ മാത്രമാണെന്ന്.
“കർത്താവേ, എന്നെ മാറ്റേണമേ”
അപ്പോൾ നാം ഭയപ്പെടേണ്ടതില്ല: കാരണം ദൈവം നമുക്ക് നമ്മുടെ ജീവിതത്തിൻറെ മുഴുവൻ സാരവുമുൾക്കൊള്ളുന്ന പുതിയൊരു പേരിടും; അവിടന്നിനാൽ പരിവർത്തനം ചെയ്യപ്പെടാൻ അനുവദിക്കുന്നവർക്കായി കരുതിവച്ചിരിക്കുന്ന അനുഗ്രഹം അവിന്ന് നമുക്കു നല്കുകയും ചെയ്യും. ദൈവത്താൽ പരിവർത്തനം ചെയ്യപ്പെടാൻ നമ്മെത്തന്നെ അനുവദിക്കുക എന്നത് മനോഹരമായ ഒരു ക്ഷണമാണ്. അത് എങ്ങനെ ചെയ്യണമെന്ന് അവിടത്തേക്കറിയാം, കാരണം അവിടന്ന് നമ്മെ ഒരോരുത്തരെയും അറിയുന്നു. “കർത്താവേ, നിനക്ക് എന്നെ അറിയാം”. നമുക്കോരോരുത്തർക്കും ഇങ്ങനെ പറയാൻ സാധിക്കും. “കർത്താവേ, നിനക്ക് എന്നെ അറിയാം. എന്നെ മാറ്റേണമേ” നന്ദി.
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍അഭിവാദ്യം ചെയ്യുകയും ചെയ്തു.
ബാലവേലയ്ക്കുത്തരവാദികൾ നമ്മൾ
ബാലവേലയ്ക്കെതിരായ ലോകദിനം അനുവർഷം ജൂൺ 12-ന്, ഈ വരുന്ന വെള്ളിയാഴ്ച ആചരിക്കപ്പെടുന്നത് പാപ്പാ അനുസ്മരിച്ചു.
ബാലികാബാലന്മാർക്ക് അവരുടെ ബാല്യം നഷ്ടപ്പെടുത്തുകയും അവരുടെ സമഗ്രവളർച്ചയെ അപകടപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണ് കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുന്ന കിശോര തൊഴിലെന്നു പാപ്പാ പറഞ്ഞു.
ഇന്നത്തെ ആരോഗ്യകരമായ അടിയന്തര സാഹചര്യങ്ങളിൽ പല രാജ്യങ്ങളിലും കുഞ്ഞുങ്ങൾ, ബാലികാബാലന്മാർ അവരുടെ പ്രായത്തിന് ചേരാത്തതായ ജോലികൾ ചെയ്തു കൊടും ദാരിദ്ര്യത്തിൽ കഴിയുന്ന സ്വന്തം കുടുംബങ്ങളെ സഹായിക്കാൻ നിർബന്ധിതരാകുന്ന അവസ്ഥയിൽ പാപ്പാ ആശങ്ക രേഖപ്പെടുത്തി.
ചിലയിടങ്ങളിൽ ഇത് ശാരീരികവും മാനസികവുമായ യാതനകളുളവാക്കുന്ന അടിമത്തത്തിൻറെയും ബന്ധനത്തിൻറെയും രൂപം ആർജ്ജിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ഇതിനുത്തരവാദികൾ നാമെല്ലാവരുമാണെന്ന് പാപ്പാ കുറ്റപ്പെടുത്തുകയും ചെയ്തു.
ദൗർഭാഗ്യവശാൽ പ്രായപൂർത്തിയാകത്തവർ ഉൾപ്പെട്ടിരിക്കുന്ന വികലമായ ബലതന്ത്രത്തിൻറെ അടിത്തറയായ സാമ്പത്തികവും സാമൂഹ്യവുമായ വിടവുകൾ നികത്തിക്കൊണ്ട് അവരെ സംരക്ഷിക്കാൻ സർവാത്മനാ പരിശ്രമിക്കണമെന്ന് പാപ്പാ എല്ലാ വ്യവസ്ഥാപനങ്ങളോടും അഭ്യർത്ഥിച്ചു.
മാനവകുടുംബത്തിൻറെ ഭാവിയാണ് കുഞ്ഞുങ്ങളെന്നും അവരുടെ വളർച്ചയും ആരോഗ്യവും പ്രശാന്തതയും പരിപോഷിപ്പിക്കുക നമ്മെല്ലാവരുടെയും കടമയാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി.
യേശുവിൻറെ മാംസനിണങ്ങളുടെ തിരുന്നാൾ
പൊതുദർശനപരിപാടിയുടെ അവസാനം പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ യേശുവിൻറെ മാംസനിണങ്ങളുടെ തിരുന്നാൾ ഈ വ്യഴാഴ്ച (11/06/20) ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.
കോവിദ് 19 മഹാമാരിയുടെ പശ്ചത്തലത്തിൽ പരസ്യമായ, പൊതുവായ പ്രദക്ഷിണത്തോടുകൂടിയ തിരുന്നാളാഘോഷം സാധ്യമല്ല എന്ന കാര്യവും പാപ്പാ എടുത്തു പറഞ്ഞു.
തിരുവോസ്തിയിൽ ക്രിസ്തുനാഥൻ സന്നിഹിതനാണെന്നും ദേവാലയത്തിലെ സക്രാരിയിലും ഒപ്പം എളിയവരും വേദനിക്കുന്നവരും ഒറ്റപ്പെടുത്തപ്പെട്ടവരും ദരിദ്രരുമായ വ്യക്തികളാകുന്ന സക്രാരിയിലും നാം അവിടത്തെ അന്വേഷിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
അങ്ങനെ സ്വന്തം ജീവിതത്തെയും കുടുംബങ്ങളെയും സമൂഹങ്ങളെയും രൂപാന്തരപ്പെടുത്താൻ അവർക്കു സാധിക്കുമെന്ന് പാപ്പാ ഉറപ്പുനല്കി.
ഈ വാക്കുകളെ തുടർന്ന് പാപ്പാ എല്ലാവർക്കും ആശീർവ്വാദം നല്കി.