റഷ്യയില്‍ നിന്ന് ഫാത്തിമാ വഴി വീണ്ടും റഷ്യയിലെത്തിയ മരിയന്‍ ചിത്രത്തെ കുറിച്ചറിയാമോ?

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

റഷ്യയുടെ ആത്മവീര്യമായിരുന്ന ഒരു മരിയന്‍ ചിത്രമുണ്ട്. കസാനിലെ മാതാവ് എന്നും റഷ്യയുടെ സംരക്ഷണം എന്നും അറിയപ്പെടുന്ന ആ ചിത്രത്തിന്റെ കഥ അത്ഭുതകരമാണ്. റഷ്യയുടെ മരിയഭക്തിയുടെ പ്രതീകമായിരുന്ന ആ ചിത്രം റഷ്യ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ അകപ്പെട്ട കാലത്ത് റഷ്യ വിട്ടു പോയി. യൂറോപ്പിലൂടെ കൈമറിഞ്ഞ് അവസാനം 1917 ല്‍ മാതാവ് കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ട് റഷ്യയുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട ഫാത്തിമായില്‍ എത്തി. വീണ്ടും റഷ്യ കമ്മ്യൂണിസത്തില്‍ നിന്നും മോചിതയായി വിശ്വാസത്തിലേക്ക് മടങ്ങി വന്നപ്പോള്‍ ആ ചിത്രം വീണ്ടും റഷ്യയിലെത്തി. വിസ്മയകരമായ ആ കഥ ഇതാ!

1917 നു മുമ്പ്, റഷ്യ സോവിയറ്റ് യൂണിയനായി മാറിയ വിപ്ലവങ്ങള്‍ക്ക് മുമ്പ്, റഷ്യ അറിയപ്പെട്ടിരുന്നത് ഹൗസ് ഓഫ് മേരി അഥവാ മറിയത്തിന്റെ ഭവനം എന്നായിരുന്നു. മറ്റേതു രാജ്യത്തുണ്ടായിരുന്നതിനേക്കളധികം മരിയന്‍ കപ്പേളകളും മാതാവിന് പ്രതിഷ്ഠിക്കപ്പെട്ട പള്ളികളും അവിടെ ഉണ്ടായിരുന്നു എന്നതാണ് അതിന് കാരണം.
ഉണ്ണിയേശുവിനെ കരങ്ങളിലെടുത്തു നില്‍ക്കുന്ന തരത്തിലാണ് മാതാവ് പല രൂപങ്ങളിലും ചിത്രീകരിക്കപ്പെട്ടിരുന്നത്. റഷ്യന്‍ ജനതയ്ക്ക് മറിയത്തോടുണ്ടായിരുന്ന വലിയ ഭക്തിയും അടുപ്പവും ഇതില്‍ നിന്ന് വ്യക്തമാണ് എന്ന് വത്തിക്കാനിലെ പ്രശസ്ത അനലിസ്റ്റായ റോബര്‍ട്ട് മോയ്‌നിഹാന്‍ പറയുന്നു.

റഷ്യയിലെ ഏറ്റവും പ്രശസ്തമായ മരിയന്‍ തിരുസ്വരൂപമാണ് കസാനിലെ മാതൃരൂപം. റഷ്യയിലെ ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ രൂപത്തിന് ചരിത്രപരമായി വലിയ പ്രസക്തിയുണ്ട്. കത്തോലിക്കാ സഭയുമായും ഫാത്തിമാ ദര്‍ശനങ്ങളുമായും അതിന് ബന്ധമുണ്ട്.

1569 ല്‍ നിര്‍മിതമായതെന്ന് വിശ്വസിക്കപ്പെടുന്ന ഈ രൂപം മോസ്‌കോയുടെ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന കസാന്‍ എന്ന പട്ടണത്തിലാണ് കണ്ടെത്തിയത്. അക്കാലത്ത് റഷ്യന്‍ സാര്‍ ചക്രവര്‍ത്തിമാരും വോള്‍ഗ ടാട്ടാറുകളും തമ്മില്‍ യുദ്ധം നടക്കുകയായിരുന്നു.
പാരമ്പര്യമനുസരിച്ച്, ഒരു രാത്രിയില്‍ ഒരു കൊച്ചു പെണ്‍കുട്ടിക്ക് മാതാവിന്റെ ഒരു സ്വപ്നദര്‍ശനമുണ്ടായി. കത്തി ചാമ്പലായിപ്പോയ ഒരു ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പോയി തിരയാനും അവിടെ തന്റെ ഒരു രൂപം കിട്ടുമെന്നും മാതാവ് ആ പെണ്‍കുട്ടിയെ അറിയിച്ചു. കുട്ടി ഇക്കാര്യം തന്റെ അമ്മയെ അറിയിച്ചെങ്കിലും അമ്മ അപകടം ഭയന്ന് അവളെ പോകുന്നതില്‍ നിന്ന് വിലക്കി. എന്നാല്‍ അടുത്തു വന്ന രണ്ടു ദിവസങ്ങള്‍ സ്വപ്‌നം ആവര്‍ത്തിച്ചപ്പോള്‍ കുട്ടിയുടെ അമ്മ അവളുടെ ഒപ്പം മുന്‍പറഞ്ഞ പള്ളിയിലേക്ക് പോകാന്‍ തയ്യാറായി. പള്ളിയിലെത്തിയപ്പോള്‍ ചാരത്തിന്റെ തിളങ്ങുന്ന ഒരു സ്വര്‍ണവെളിച്ചം കണ്ടു. ചാരം നീക്കി നോക്കിയപ്പോള്‍ അടിയില്‍ ഉണ്ണിയേശുവിനെ കൈയിലേന്തുന്ന മാതാവിന്റെ രൂപം പ്രകാശിക്കുന്നു!

അവര്‍ അത് കൈയിലെടുത്തു നടന്നപ്പോള്‍ ആ പ്രദേശത്തുള്ള ഒരു അന്ധന് കാഴ്ച തിരിച്ചു കിട്ടി. അന്നു മുതല്‍ അത് അത്ഭുതരൂപമായി അറിയപ്പെടാന്‍ തുടങ്ങി. വിവരം മോസ്‌കോയിലെ സാര്‍ ചക്രവര്‍ത്തി അറിഞ്ഞു. രൂപം തലസ്ഥാനത്തേക്കു കൊണ്ടു വരാന്‍ കല്പനയായി.

പിന്നെ നൂറ്റാണ്ടുകളോളം ആ രൂപം റഷ്യയുടെ സംരക്ഷണം എന്നറിയപ്പെട്ടു. യുദ്ധങ്ങള്‍ നടക്കുന്ന നേരത്ത് ചക്രവര്‍ത്തി റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പാത്രിയര്‍ക്കീസിനെ വിളിച്ച് തിരുസ്വരൂപം സൈന്യത്തിന്റെ മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പറയുമായിരുന്നു. അതിന്റെ ബലത്തില്‍ റഷ്യ എന്നും അജയ്യയായിരുന്നു. പില്‍ക്കാലത്ത് ആ രൂപം മോസ്‌കോയിലെ ഓവര്‍ ലേഡി ഓഫ് കസാന്‍ കത്തീഡ്രലില്‍ പ്രതിഷ്ഠിച്ചു.
എന്നാല്‍ 1918 ല്‍ ബോള്‍ഷേവിക്കുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ രൂപം പള്ളിയില്‍ നിന്നും നീക്കി വാര്‍സോയിലെ ഒരു വാണിഭക്കാരന് വിറ്റു. അവസാനം അത് ഇംഗ്ലീഷുകാരനായ ഒരു പ്രഭുവിന്റെ കൈയിലെത്തി. അയാള്‍ ആ രൂപം ലണ്ടനിലെ തന്റെ ബംഗ്ലാവിന്റെ ഭിത്തിയില്‍ തൂക്കി.

1950 ല്‍ ആ ഭവനം സന്ദര്‍ശിച്ച ഒരു റഷ്യന്‍ ഓര്‍ത്തഡോക്‌സ് മെത്രാന്‍ ആ രൂപം തിരിച്ചറിഞ്ഞു. പ്രഭുവിന്റെ മരണശേഷം ബ്ലൂ ആര്‍മി ഓഫ് ഫാത്തിമ എന്ന സംഘടന ആ രൂപം വാങ്ങി. പോര്‍ച്ചുഗലിലെ ഫാത്തിമാ കപ്പേളയില്‍ അത് പ്രതിഷ്ഠിച്ചു.
അത്ഭുതകരമായ കാര്യം എന്തെന്നാല്‍, 1917 ല്‍ മാതാവ് ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ട് അപേക്ഷിച്ചത് റഷ്യയുടെ മാനസാന്തരത്തിനു വേണ്ടിയാണ്. അതേ പോര്‍ച്ചഗലിലെ ഫാത്തിമായില്‍ ആ റഷ്യന്‍ മരിയന്‍ രൂപം എത്തി എന്നത് വിശദീകരണങ്ങള്‍ക്കപ്പുറത്തെ വിസ്മയം!

1978 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആ രൂപം റഷ്യയ്ക്ക് മടക്കി കൊടുക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ, അന്ന് റഷ്യ കമ്മ്യൂണിസ്റ്റ് ഭരണത്തിനു കീഴില്‍ ആയിരുന്നതിനാല്‍ അത് നടന്നില്ല. 1991 ല്‍ കമ്മ്യൂണിസം വീണപ്പോള്‍ അദ്ദേഹം പോര്‍ച്ചുഗലിലെ വത്തിക്കാന്‍ അംബാ സഡറോട് ആ രൂപം റോമിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്നെയും കുറേക്കാലമെടുത്തു, രൂപം റഷ്യയിലെത്താന്‍.

അവസാനം, 2004 ല്‍ കര്‍ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍, കര്‍ദിനാള്‍ തിയഡോര്‍ മക്കാരിക്ക് എന്നിവര്‍ മോസ്‌കോയിലെത്തി തിരുസ്വരൂപം പാത്രിയര്‍ക്കീസ് അലെക്‌സി രണ്ടാമന് കൈമാറി. മതവിശ്വാസം നഷ്ടമായ നാളുകളില്‍ റഷ്യയുടെ പടിയിറങ്ങിപ്പോയ മാതാവ് മതവിശ്വാസത്തിന്റെ മടങ്ങി വരവോടൊപ്പം തിരികെ റഷ്യയിലെത്തിയതു പോലെയായിരുന്നു, ആ തിരിച്ചു വരവ്!


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles