കത്തോലിക്കാ സഭയിലെ പൗരസ്ത്യ സഭകൾ

ആഗോള കത്തോലിക്കാ സഭ ഇരുപത്തിനാല് വ്യതി സഭകളുടെ (Individual Churches)ഒരു കൂട്ടായ്മയാണ്. അതിലെ ഏറ്റവും വലിയ വ്യക്തി സഭ ലത്തീൻ കത്തോലിക്കാ സഭയാണ്. മറ്റ് ഇരുപത്തിമൂന്നു വ്യക്തിസഭകളെ പൗരസ്ത്യ സഭകൾ (Eastern Catholic Churches )എന്നു പൊതുവേ വിളിക്കുന്നു. ഓരോ പൗരസ്ത്യ സഭയ്ക്കും അവരുടേതായ പാരമ്പര്യങ്ങളും ആരാധനാ ക്രമങ്ങളും ഉണ്ട്. പൗരസ്ത്യ സഭകൾക്കായുള്ള തിരുസംഘം 2019 പുറത്തിറക്കിയ The Catholic East എന്ന ബ്രഹത് ഗ്രന്ഥത്തിൽ (Rigotti, Gianpaolo; Farrugia S.J., Edward; Van Parys O.S.B., Michel. THE CATHOLIC EAST: Congregation for the Eastern Churches ; Pages 1146) പൗരസ്ത്യ സഭകളിൽ ഇന്നു ഏഴു ആരാധനക്രമ പാരമ്പര്യങ്ങൾ ഉള്ളതായി പഠിപ്പിക്കുന്നു . അർമേനിയൻ, ബൈസെൻ്റയിൻ, കോപ്റ്റിക്, എത്യോപ്യൻ, അസീറോ – കാൽദിയൻ, സീറോ അന്തിയോക്യൻ, സീറോ- മാറോണെറ്റ്. (Seven Eastern rites or liturgical families are in use today: the Armenian rite, the Byzantine rite, the Coptic rite, the Ethiopian rite and three Syriac rites—the Assyro-Chaldean, the Syro-Antiochene and the Syro-Maronite.)

പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള കാനൻ നിയമത്തിൽ (CCEO) 27 മുതൽ 41 വരെയുള്ള കാനോനകളിൽ സ്വയധികാര സഭകളെക്കുറിച്ചും( sui iuris Church) റീത്തുകളെക്കുറിച്ചും (rites) പ്രതിപാദിക്കുന്നു. CCEO 27-ാം നമ്പറിൽ നിയമാനുസൃതം ഒരു ഹയരാർക്കിയാൽ കൂട്ടിയോജിപ്പിക്കപ്പെട്ടതും സ്വയധികാരമുള്ളതെന്ന് പ്രത്യക്ഷമായോ പരോക്ഷമായോ സഭയുടെ ഭരണാധികാരത്താൽ അംഗീകരിക്കപ്പെട്ടതുമായ ക്രൈസ്തവ വിശ്വാസികളുടെ ഒരു സമൂഹത്തെ സ്വയാധികാര സഭ എന്നു വിളിക്കുന്നു

കാനോന 28 ൽ റീത്തിനെക്കുറിച്ച് ഇപ്രകാരം കുറിക്കുന്നു : ആരാധനക്രമം ദൈവശാസ്ത്രം ആദ്ധ്യാത്മികത, ശിക്ഷണക്രമം ഇവയിലൂടെ രൂപീകൃതമായിട്ടുള്ളതും ജനപദങ്ങളുടെ ചരിത്രപരമായ സാഹചര്യങ്ങളാലും സംസ്കാരത്താലും വ്യതിരിക്തമാക്കപ്പെട്ടിട്ടുള്ളതും ഓരോ സ്വയാധികാര സഭയും തങ്ങളുടേതായ രീതിയിൽ വിശ്വാസം ജീവിച്ചുകൊണ്ട് വെളിവാക്കുന്നതുമായ പൈതൃകമാണ് റീത്ത്.

കത്തോലിക്കാ സഭയിയുടെ കൂട്ടായ്മയിൽ (communion) 24 സ്വയാധികാര സഭകളുമാണ് ഉള്ളത്. പാശ്ചാത്യ റോമൻ സഭയും ഇരുപത്തിമൂന്നു പൗരസ്ത്യ കത്തോലിക്കാ സഭകളും. കത്തോലിക്കാ കൂട്ടായ്മയിൽ നിലനിൽക്കുന്നതിനോടൊപ്പം റോമിലെ മാർപാപ്പയുടെ പ്രഥമത്വം (Primacy of the Pope in Rome ) അംഗീകരിക്കുകയും ചെയ്യുന്നു. ഇരുപത്തിമൂന്നു പൗരസ്ത്യ സഭകളിൽ ആറു സഭകൾ പാത്രിയർക്കൽ സഭകളും(Patriarchal Churches) നാലു സഭകൾ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭകളും ( Major Archiepiscopal Churches) നാലു സഭകൾ മെത്രാപ്പോലീത്തൻ സഭകളും (Metropolitan Churches) ബാക്കി ഒൻപതു ചെറിയ സ്വയാധികാര സഭകളുമാണ്. (പാത്രിയാർക്കീസോ മേജർ ആർച്ചുബിഷപ്പോ മെത്രാപ്പോലീത്തയോ തലവനായിട്ടില്ലാത്ത പൗരസ്ത്യ സഭകളിൽ രൂപതാ മെത്രാനോ മെത്രാൻ പട്ടം ലഭിച്ചിട്ടില്ലാത്ത എക്സാർക്കിനോ സഭയുടെ തലവനാകാം C f. CCEO 174)

പാത്രിയാർക്കൽ സഭകൾ

1 ) കോപ്റ്റിക് കത്തോലിക്കാ സഭ (Coptic Catholic Church)

കത്തോലിക്കാ സഭ കൂട്ടായ്മയിലുള്ള ഒരു പൗരസ്ത്യ പാത്രിയാർക്കൽ സഭയാണ് കോപ്റ്റിക് കത്തോലിക്കാ സഭ (Ecclesia Catholica Coptorum). ഈജിപ്തിൻ്റെ തലസ്ഥനാമായ കെയ്റോയിലുള്ള ഈജിപ്തിൻ്റെ നാഥയായ പരിശുദ്ധ മറിയത്തിൻ്റെ നാമത്തിലുള്ള കത്തീഡ്രലാണ് (Cathdreal of Our Lady of Egypt) സഭയുടെ മുഖ്യകാര്യലയം. 2013 ജനുവരി പതിനഞ്ചു മുതൽ ഇബ്രാഹിം ഇസഹാഖ് സിദ്രാകാണ് കോപ്റ്റിക് കത്തോലിക്കാ സഭയുടെ പാത്രിയർക്കീസ്.

പുരാതനമായ അലക്സാണ്ട്രിയൻ പാരമ്പര്യമനുസരിച്ച് സുവിശേഷകനായ വിശുദ്ധ മർക്കോസാണ് ഒന്നാം നൂറ്റാണ്ടിൽ കൈസ്തവ വിശ്വാസം ഈജിപ്തിൽ കൊണ്ടുവെന്നതെന്നു വിശ്വസിക്കുന്നു. ഗ്രീക്ക് സ്വാധീനമുള്ള ഈജിപ്തിൻ്റെ തലസ്ഥാനവും വിജ്ഞാനത്തിൻ്റെയും സംസ്കാരത്തിൻ്റെയും കേന്ദ്രമായിരുന്ന അലക്സാണ്ട്രിയായിലാണ് മർക്കോസ് തൻ്റെ ജീവിതത്തിൻ്റെ അന്ത്യനാളുകൾ ചെലവഴിച്ചത്. കോപ്റ്റ്സ് (Copts) എന്നറിയപ്പെടുന്ന തദ്ദേശീയരായ ഈജിപ്തുകാരയാണ് മർക്കോസ് ആദ്യമായി ക്രിസ്തുമതത്തിലേക്കു മാനസാന്തരപ്പെടുത്തിയത് . അവർ ഉപയോഗിച്ചിരുന്ന ഭാഷയാണ് കോപ്റ്റിക് (Coptic). ആദ്യ നൂറ്റാണ്ടുകളിൽത്തന്നെ ദൈവശാസ്ത്രത്തിൻ്റെയും സന്യാസ പാരമ്പര്യത്തിൻ്റെയും കേൾവികേട്ട ഇടമായി അലക്സാണ്ട്രിയ വളർന്നു വന്നു.

കോപ്‌റ്റുകളുടെ കീഴിൽ, അലക്സാണ്ട്രിയിൽ ക്രിസ്തീയ സിദ്ധാന്തങ്ങൾ രൂപപ്പെടുന്ന
ഒരു മതബോധന സ്‌കൂൾ (Catechetical School of Alexandria) ഉയർന്നു വന്നു. സഭാപിതാവായ ജറോമിൻ്റെ അഭിപ്രായത്തിൽ സുവിശേഷകനായ മർക്കോസാണ് ഈ സ്കൂളിൻ്റെ സ്ഥാപകൻ. അത്തനാഗോറസ്, പന്തേനൂസ്, അലക്സാണ്ട്രിയായിലെ ക്ലെമൻ്റ് , ഒറിജൻ , ഡയോനിഷ്യസ് തുടങ്ങിയവർ പഠിക്കുകയോ അധ്യാപനം നടത്തുകയോ ചെയ്തവരാണ്. മതപഠനത്തിനു പുറമെ, മാനവികതയും ഗണിതവും ഇവിടെ പഠിപ്പിച്ചു. ബ്രെയിലി കണ്ടുപിടിത്തത്തിന് വളരെ മുമ്പുതന്നെ അന്ധർക്ക് പഠിക്കാൻ കഴിയുന്ന തരത്തിൽ അക്ഷരങ്ങളുള്ള കൊത്തിയെടുത്ത മര വാചകങ്ങൾ (carved wood texts) അവിടുത്തെ ലൈബ്രറിയിൽ ഉണ്ടായിരുന്നു. ഈജിപ്തിലെ മരുഭൂമിയിലെ പിതാക്കന്മാന്മാരും താപസ്യവര്യന്മാരും ആരംഭിച്ച സന്യാസ പാരമ്പര്യങ്ങളാണ് പിന്നീട് കിഴക്ക് കപ്പദോക്കിയായിലെ വിശുദ്ധ ബേസിലിനു പാശ്ചാത്യ ലോകത്തു വിശുദ്ധ ബെനഡിക്റ്റിനും സന്യാസാശ്രമങ്ങൾ തുടങ്ങാൻ പ്രചോദനമായത്. നിഖ്യ സൂനഹദോസിനു (325) മുമ്പുതന്നെ ഈജ്പിതിൽ 72 മെത്രാൻമാർ ഉണ്ടായിരുന്നു

കാൽസിഡോൺ കൗൺസിലിനുശേഷം, കോപ്റ്റിക് ഓർത്തഡോക്സ് ക്രിസ്ത്യാനികൾ ബൈസന്റൈൻ ക്രിസ്ത്യാനികളിൽ നിന്ന് പീഡനം നേരിട്ടു. അവരെ മതഭ്രാന്തന്മാരായി കണക്കാക്കി. പലരും പീഡിപ്പിക്കപ്പെടുകയും തടവിലാകുകയും കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ കോപ്റ്റിക് ഓർത്തഡോക്സ് സഭ അവരുടെ ക്രിസ്തു ദർശനത്തിൽ ഉറച്ചു നിന്നു. ഇസ്ലാമിന്റെ ഉദയവും AD 642 മുതൽ 1805 വരെ അറബാധിപത്യം കോപ്റ്റിക് സഭയെ തളർത്തി എന്നു നിസ്സംശയം പറയാം അറബാധിപത്യത്തിൻ്റെ .ആദ്യകാലഘട്ടത്തിൽ അവർ വിശ്വാസം ത്യജിക്കാൻ തയ്യാറായിരുന്നില്ല. പിന്നീട്, ഇസ്ലാമിക ഭരണത്തിൻ കീഴിൽ ക്രിസ്ത്യാനികളുടെ മേൽ അന്യായമായി ചുമത്തിയ നികുതിയും പരിമിതമായ ജീവിത സാഹചര്യങ്ങളും നിരവധി ഈജിപ്തുകാരെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിച്ചു.
ക്രമേണ, ഈജിപ്ത് മുസ്ലീം ഭൂരിപക്ഷ രാജ്യമായി മാറി.
1805 മുതൽ 1848 വരെയുള്ള കാലഘട്ടത്തിൽ ഈജിപ്തിലെ ഗവർണർ മുഹമ്മദ്ലി അലിയുടെയും പിൻഗാമികളുടെയും ഭരണത്തിൽ എല്ലാ മത വിശ്വാസികളും നല്ല രീതിയിൽ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു.1842 കോപ്റ്റിക് ക്രൈസ്തവരുടെ എണ്ണം 150,000 ആയിരുന്നു. ഈക്കാലയളവിൽ നീണ്ട പീഡനങ്ങൾക്കു ശേഷം കോപ്റ്റിക് ക്രൈസ്തവരുടെ പുനർജന്മം ആരംഭിച്ചു. 1927 ൽ ഈജിപ്തിൽ കോപ്റ്റിക് ക്രൈസ്തവരുടെ ജനസംഖ്യ 946,393 ആയിരുന്നെങ്കിൽ 1947 ൽ 1,501,653 ആയി ഉയർന്നു. ഇന്ന് കോപ്റ്റിക് ക്രിസ്ത്യാനികൾ ഈജിപ്തിൽ നസംഖ്യയുടെ 10 ശതമാനം (75 ദശലക്ഷം ) മാത്രമാണ്.

AD 451 ലെ കാൽസിഡോൺ കൗൺസിലെ ഈശോമിശിഹായുടെ ദൈവ-മനുഷ്യ സ്വഭാവം സംബന്ധിച്ചുള്ള നിർവചനം സഭയിൽ പിളർപ്പിനു കാരണമായിത്തീർന്നു.
കത്തോലിക്കാ സഭയിലേക്കുള്ള പുനരൈക്യത്തിനു വിവിധ ശ്രമങ്ങൾ നടന്നിരുന്നു. പക്ഷേ അതൊന്നു ലക്ഷ്യത്തിലെത്തിയില്ല. പതിനേഴാം നൂറ്റാണ്ടിൽ എട്ടാം ഉർബൻ മാർപാപ്പ കത്തോലിക്കാ മിഷനറിമാരെ ഈജിപ്തിലേക്കയച്ചു. 1630 മുതൽ കപ്പൂച്ചിൻ മിഷനറിമാരും 1675 മുതൽ ഈശോ സഭ മിഷനറിമാരും അവിടെ പ്രേഷിത പ്രവർത്തനം ആരംഭിച്ചു. 1739 ൽ ജറുസലേമിലെ കോപ്റ്റിക് മെത്രാൻ അംബ അത്തനാസിയൂസ് കത്തോലിക്കാ സഭയയിലേക്കു വന്നു, 1741 ൽ ബനഡിക്ട് പതിനാലാമൻ പാപ്പ അംബാ മെത്രാനെ കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ട രണ്ടായിരത്തിൽപ്പരം കോപ്പറ്റിക് കത്തോലിക്കരുടെ അജപാലന ദൗത്യം ഭരമേല്പിച്ചു. 1824ൽ ലെയോ പന്ത്രണ്ടാമൻ മാർപാപ്പ Petrus Apostolorum princes എന്ന തിരുവെഴുത്തു വഴി കോപ്റ്റിക് കത്തോലിക്കാ പാത്രിയാർക്കേറ്റ് സ്ഥാപിച്ചു, അപ്പോസ്‌തോലിക് വികാരി മാക്‌സിം ഗിയൂയ്‌ഡിനെ പാത്രിയാക്കേറ്റിൻ്റെ ചുമതല ഏൽപിച്ചു.
അപ്പോസ്തോലിക് വികാരിമാരുടെ പരമ്പര ലിയോ പതിമൂന്നാമൻ്റെ കാലം വരെ തുടർന്നു. 1895 ൽ ലെയോ പതിമൂന്നാമൻ മാർപ്പാപ്പ സിറിൽ മാക്കാറിയോസിനെ അപ്പസ്തോലിക വികാരിയായി നിയമിച്ചു.

തിരഞ്ഞെടുക്കപ്പെട്ടയുടനെ, സിറിൽ മാക്കാറിയോസ് റോമിലേക്ക് ഒരു തീർത്ഥാടനം നടത്തുകയും കോപ്റ്റുകളുടെ ആഗ്രഹം മാർപ്പാപ്പയ്ക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. 1895 നവംബർ 26-ലെ ക്രിസ്റ്റി ഡൊമിനി(Christi Domini) എന്ന അപ്പോസ്തോലിക എഴുത്തുവഴി അലക്സാണ്ട്രിയയിലെ കോപ്റ്റിക് കത്തോലിക്കാ പാത്രിയാർക്കേറ്റ് ഒദ്യോഗികമായി സ്ഥാപിക്കുകയും ചെയ്തു.1899 ജൂൺ പത്തൊമ്പതാം തീയതി സിറിൽ മാക്കാറിയോസിനെ കോപ്റ്റിക് കത്തോലിക്കാ പാത്രിയാർക്കീസായി ഉയർത്തി. 1908 ൽ സിറിൽ മക്കാറിയോസിനോടു സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടപ്പോൾ കോപ്റ്റിക് ഓർത്തഡോക്സ് സഭയിലേക്കു മടങ്ങാൻ അദ്ദേഹം ഇഷ്ടപ്പെട്ടു. 1912ൽ പശ്ചാത്തപിച്ചു അദ്ദേഹം കത്തോലിക്കാ സഭയിലേക്കു മടങ്ങി വന്നെങ്കിലും 1947 ൽ പുതിയ പാത്രിയാർക്കീസിനെ നിയമിക്കുന്നതു വരെ പാത്രിയാർക്കേറ്റ് ഉഴിഞ്ഞു കിടക്കുകയായിരുന്നു. കോപ്റ്റിക് കത്തോലിക്കരുടെ സംഖ്യയിൽ ക്രമാതീതമായ വളർച്ചയുണ്ടായി 1907-ൽ 14,000 , 1931-ൽ 35,000; 1950-ൽ 57,000; 1959-ൽ 80,000; 1971-ൽ 100,000; 2019-ൽ ഏകദേശം 187,000.

വൈദീക പരിശീലനം

കോപറ്റിക് കത്തോലിക്കാ സഭയിലെ വൈദീക വിദ്യാർത്ഥികൾ പരിശീലനത്തിനായി 1724 മുതൽ റോമിലെ ഉർബാനിയ കോളേജിൽ എത്തിയിരുന്നു. ദൈവവിളികൾ വർദ്ധിച്ചപ്പോൾ പ്രോപ്പഗാന്ത ഫീദെ ഈജിപ്തിലെ കെയ്റോയിൽ ഒരു സെമിനാരി സ്ഥാപിക്കാൻ ഈശോ സഭാ വൈദീകരെ ചുമതലപ്പെടുത്തി. 1879 ൽ ആരംഭിച്ച ഈ സെമിനാരി 1907 വരെ പ്രവർത്തിച്ചു. 1927 ൽ സെമിനാരി വീണ്ടും തുറന്നു. പ്രവർത്തനമാരംഭിച്ചു.കെയ്റോയിലുള്ള Saint Leo the Great കോപ്റ്റിക് ഇൻ്റർ റിച്ചൽ കാത്തിലിക് സെമിനാരിയിലാണ് ഇന്നു വൈദീക പരിശീലനം നടത്തുന്നത്.
സന്യാസ സഭകൾ

പ്രൊപ്പഗാന്ത ഫീദേയോടു ചേർന്നു പതിനേഴാം നൂറ്റാണ്ടു മുതൽ ഫ്രാൻസിസ്കൻ സഭ “കോപ്റ്റുകളുടെ സഹായത്തിനുള്ള അപ്പസ്തോലിക പ്രസ്ഥാനം ” (Apostolic movement for the aid of the Copts) എന്ന മിഷനറി പ്രസ്ഥാനത്തിൽ പ്രവർത്തനം നടത്തുന്നു. 1895 കോപ്റ്റിക് കത്തോലിക്കാ പാത്രിയർക്കേറ്റ് ആരംഭിച്ചതോടെ മിഷൻ പ്രവർത്തനം സ്വതന്ത്രമായി .1921 നു ശേഷം ഫ്ലോറൻസിൽ നിന്നുള്ള പ്രോവിൻസാണ് മിഷൻ പ്രവർത്തനങ്ങളെ ഏകോപിച്ചിരുന്നത്. 1958 മുതൽ അപ്പർ ഈജിപ്തിലെ ഫ്രാൻസിസ്കൻ മിഷൻ (Franciscan Mission of Upper Egypt) എന്ന് ഇതറിയപ്പെടാൻ തുടങ്ങി. 1992 മെയ് 25 നു കെയ്റോ അസ്ഥാനമായി ഈജിപ്ത്യൻ ഫ്രാൻസിസ്കൻ പ്രോവിൻസ് രൂപീകരിച്ചു.
1913 ഈജിപ്ത്യൻ സിസ്റ്റേഴ്സ് ഓഫ് ദ സേക്രഡ് ഹാർട്ട്( Egyptian Sisters of the Sacred Heart) എന്ന ഈജിപ്തിലെ ആദ്യത്തെ തദ്ദേശീയ സന്യാസിനി സമൂഹം സ്ഥാപിച്ചു. ഈ സന്യാസിനി സമൂഹത്തിൽ നിന്നു തന്നെ 1969 ആഗസ്റ്റ് 21 നു കോൺഗ്രിഗേഷൻ ഓഫ് ദ കോപ്റ്റിക് സിസ്റ്റേഴ്സ് ഓഫ് ജീസസ് ആൻഡ് മേരി (The Congregation of the Coptic Sisters of Jesus and Mary) എന്ന സന്യാസിനി സമൂഹം ഉദയം ചെയ്തു.

ഈശോയുടെ ചെറിയ സഹോദരിമാരുടെ സാഹോദര്യത്തിൻ്റെ കൂട്ടായ്മ (Fraternity of the Little Sisters of Jesus) എന്ന സന്യാസസഭ 1951 മുതൽ കോപ്റ്റിക് കത്തോലിക്കാ പാത്രിയാർക്കേറ്റിൻ്റെ ക്ഷണപ്രകാരം ഈജിപ്ത്യൽ മിഷൻ പ്രവർത്തനം തുടങ്ങി.

കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവനെ പോപ്പ് എന്നാണ് വിളിക്കുന്നത്. കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ 118 പാപ്പയായി 2012 നവംബർ പതിനെട്ടാം തീയതി പോപ്പ് തവാദ്രോസ് രണ്ടാമൻ ( Pope TawadrosII )തിരഞ്ഞെടുക്കപ്പെട്ടു.

2015 ഫെബ്രുവരി 13 ലോക മനസാക്ഷിയെ പിടിച്ചു കുലുക്കിയ ഒരു ദിനമാണ്. അന്നേ ദിനമാണ് ലിബിയിൽ നിന്നുള്ള 21 കോപ്റ്റിക് ക്രൈസ്തവർ തങ്ങളുടെ വിശ്വാസത്തിനുവേണ്ടി ഐ. എസ് തീവ്രവാദികൾക്കു മുമ്പിൽ ജീവൻ ചൊരിയേണ്ടി വന്നത്. 40 ദിവസം യേശുവിലുള്ള വിശ്വാസം തള്ളിപ്പറയാൻ ഐ.എസ് ത്രീവ്രവാദികൾ സമയം അനുവദിച്ചിരുന്നെങ്കിലും, പ്രാണനെക്കാളും വലുതായ യേശു ക്രിസ്തുവിനെ തള്ളിപ്പറയാൻ അവർ മനസ്സു കാണിച്ചില്ല. കോപ്റ്റിക് ഓർത്തഡോക്സ് സഭ ഇന്നവരെ അധുനിക രക്തസാക്ഷികളായി അംഗീകരിച്ചു ബഹുമാനിക്കുന്നു.

2015 ഫെബ്രുവരി 21-ാം തീയതിയാണ് തവാദ്രോസ് രണ്ടാമൻ പാപ്പ, 21 പേരെയും ( 20 കോപ്‌റ്റുകളെയും ഒരു ഘാനക്കാരനെയും ) കോപ്‌റ്റിക് കലണ്ടറിലെ മെഷിർ മാസം 8-ാം തീയതി (ഗ്രിഗോറിയൻ കലണ്ടറിലെ ഫെബ്രുവരി 15) രക്തസാക്ഷി വിശുദ്ധരായി അനുസ്മരിക്കപ്പെടുമെന്ന് പ്രഖ്യാപിച്ചത്.

കോപ്റ്റിക് ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തെക്കുറിച്ചു ഫ്രാൻസീസ് പാപ്പ പറഞ്ഞത് ഇപ്രകാരമാണ്: “അവർ മരണപ്പെട്ടത് ക്രൈസ്തവർ ആണ് എന്ന ഒറ്റ കാരണത്താലാണ്. നമ്മുടെ ക്രൈസ്തവ സഹോദരി സഹോദരന്മാരുടെ രക്തം നമ്മൾ കേൾക്കേണ്ട വിശ്വാസത്തിന്റെ നിലവിളിക്കുന്ന സാക്ഷ്യങ്ങളാണ്. അവർ കോപ്റ്റിക്കാണോ, ഓർത്തഡോക്സാണോ, കത്തോലിക്കരാണോ, പ്രോട്ടസ്റ്റന്റുകാരാണോ എന്നതു ഒരു വിത്യാസം വരുത്തുന്നില്ല. അവർ എല്ലാവരും ക്രൈസ്തവരാണ്. അവരുടെ രക്തം ഒന്നു തന്നെയാണ്. അവരുടെ രക്തം ക്രിസ്തുവിനെ പ്രഘോഷിക്കുന്നു.”

2017 ലെ ഒശാന ഞായറാഴ്ച
അലക്സാണ്ട്രിയയിലെ സെന്റ് മാർക്ക് കത്തീഡ്രലിൽ പോപ്പ് തവാദ്രോസ് രണ്ടാമൻ വിശുദ്ധ കുർബാന അർപ്പിച്ചു മടങ്ങിയ ഉടൻ ISIS തീവ്രവാദികൾ
കത്തീഡ്രലിൽ ബോംബാക്രമണം നടത്തി. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 21 പേർക്കു പരിക്കേൽക്കുകയും ചെയ്തു. അന്നു തന്നെ താൻ്റായിലുള്ള വിശുദ്ധ ജോർജിൻ്റെ ദൈവാലയത്തിൽ നടന്ന അക്രമണത്തിൽ 47 വിശ്വാസികൾ രക്തസാക്ഷികളായി

ഈ അക്രമണങ്ങളെപ്പറ്റി കോപ്റ്റിക് ഓർത്തഡോക്സ് മെത്രാൻ പോൾ മാക്കാർ പറയുന്ന വാക്കുകൾ ഹൃദയ സ്പർശിയാണ് :

ഏക ദൈവമായ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേൻ.

അവന്റെ കൃപയും അനുഗ്രഹവും നമ്മുടെമേൽ എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ.

നിങ്ങൾക്കു ക്രിസ്തു അവനിൽ വിശ്വസിക്കാനുള്ള വരം മാത്രമല്ല നൽകിയിരിക്കുന്നതു അവനെ പ്രതി സഹിക്കാനുള്ള ദാനവുമാണ്.
തീർച്ചയായും, എന്താണു സംഭവിച്ചതെന്നു നിങ്ങൾ എല്ലാവരും കേട്ടു, അതിന്റെ ഫോട്ടോകൾ നിങ്ങൾ കണ്ടു. പ്രാർത്ഥനയ്ക്കായി ഡീക്കൻമാർ എഴുന്നേറ്റു നിൽക്കുന്നു ഭൂമിയിൽ ആരംഭിക്കുന്ന അവരുടെ ആരാധന അവസാനിക്കുന്നതു സ്വർഗ്ഗത്തിലാണ് ഹൃദയഭേദകമാണ് ആക്കാഴ്ചകൾ

പണ്ടു അവരെപ്പോലെ ഒരുവനായിരുന്നു ഞാൻ, അവരോടൊപ്പം ആരാധന ഗീതം പാടാൻ ഞാനും നിന്നിരുന്നു. എന്നാൽ അവരുടെ ഗാനം സ്വർഗ്ഗത്തിൽ തുടരുന്നു. ആ യുവാക്കളുടെ വേർപാട് വളരെ ഹൃദയഭേദകമാണ്. ക്രിസ്തുവിനോടൊത്തുള്ള ജീവിതം ഭൂമിയിൽ ആരംഭിക്കുന്നു അതു പൂർത്തിയാക്കുന്നതു സ്വർഗ്ഗത്തിലാണ്. ആ രക്തസാക്ഷികൾ അവരുടെ ഉദ്യമങ്ങൾ പൂർത്തിയാക്കി സ്വർഗ്ഗരാജ്യത്തിൽ അവകാശം നേടി. ദു:ഖാർത്തരായ അവരുടെ കുടുംബാംഗങ്ങൾക്കു ഞാൻ അനുശോചനം അറിയിക്കുന്നു. താന്തയിലെയും അലക്സാണ്ട്രയിയലിലെയും വിശ്വാസികൾക്കു എല്ലാ സ്നേഹവും ഞങ്ങൾ നൽകുന്നു.

രക്തസാക്ഷികളുടെ പേരുകൾ വർദ്ധിക്കുകയാണ്. സഭ എല്ലാ ദിവസവും പുതിയ രക്തസാക്ഷികളെ അവതരിപ്പിക്കുന്നു കാരണം നമ്മുടെ സഭ രക്തസാക്ഷികളുടെ സഭയാണ്.ഡിനാക്സീറിയത്തിനു നിരവധി ശൂന്യമായ പേജുകൾ ഉണ്ട് പക്ഷേ അതു രക്തം കൊണ്ടാണ് എഴുതപ്പെടുന്നത് , കോപ്റ്റിക് സഭയുടെ രക്തസാക്ഷികളുടെ രക്തം കൊണ്ട്
നമ്മുടെ ദൈവത്തിനു മഹത്വമുണ്ടാകട്ടെ, ആമ്മേൻ.
തുടരും…

~ ഫാ. ജയ്സൺ കുന്നേൽ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles