ദൈവവിളി ധീരതയോടെ സ്വീകരിക്കുക: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് ദൈവവിളി ഏറ്റെടുക്കാന്‍ ധീരത ആവശ്യമുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ. ദൈവവിളികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനാദിനത്തില്‍ സന്ദേശം നല്‍കുകിയായിരുന്നു മാര്‍പാപ്പാ.
‘ദൈവത്തിന്റെ വിളിക്ക് പ്രത്യുത്തരം നല്‍കുന്നതില്‍ വലിയ വെല്ലുവിളി നേരിടുകയാണ്. അതിനായി നമുക്ക് വലിയ ധൈര്യം ആവശ്യമുണ്ട്. നമ്മുടെ ചെറിയ നൗക മുന്നോട്ട് നീങ്ങാന്‍ തടസ്സമായി നില്‍ക്കുന്ന എല്ലാം പുറകിലേക്ക് തള്ളാനുള്ള ധൈര്യവും ഇച്ഛാശക്തിയും നമുക്ക് ആവശ്യമാണ്’ പരിശുദ്ധ പിതാവ് വ്യക്തമാക്കി.
‘നമ്മുടെ ജീവിതങ്ങള്‍ക്കായി ദൈവത്തിന് ഒരു പദ്ധതിയുണ്ട്. ആ പദ്ധതി സ്വീകരിക്കാന്‍ നാം സുധീരരായിരിക്കണം, ദൃഢപ്രതിജ്ഞാബദ്ധരായിരിക്കണം. ദൈവവിളി ആകുന്ന വിശാലമായ സമുദ്രത്തിലേക്ക നോക്കി വല നന്നാക്കി കൊണ്ടിരുന്നതു കൊണ്ടായില്ല. അത് സുരക്ഷിതമാണ്. എന്നാല്‍, നാം ദൈവത്തിന്റെ വാഗ്ദാനങ്ങളില്‍ ആശ്രയിച്ചു കൊണ്ട് മുന്നോട്ടിറങ്ങണം’ പാപ്പാ പറഞ്ഞു.
ഓരോ ദൈവവിളിയും യേശുവിനെ പിന്‍ചെല്ലാനുള്ള വിളിയാണ്. കരയില്‍ വലയും പിടിച്ചു കൊണ്ട് നിന്നാല്‍ പോര. യേശുവിന്റെ പിന്നാലെ യാത്രയാകണം. അത് നമ്മുടെ തന്നെ സന്തോഷത്തിനും നമുക്ക് ചുറ്റുമുള്ളവരുടെ നന്മയ്ക്കു വേണ്ടിയുമാണ്, പരിശുദ്ധ പിതാവ് വിശദമാക്കി.
ഈ വര്‍ഷത്തെ ദൈവവിളി സന്ദേശം, ‘ദൈവത്തിന്റെ വാഗ്ദാനം സ്വന്തമാക്കാന്‍ റിസ്‌ക് എടുക്കാനുള്ള ധൈര്യം’ എന്നതാണ്.