യുവജനങ്ങളോടുള്ള ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനങ്ങളെക്കുറിച്ച് അറിയേണ്ടേ?

അനേകം യുവജനങ്ങൾ പ്രത്യയശാസ്ത്രങ്ങളാൽ പിടിക്കപ്പെടുന്നു. മറ്റുള്ളവരെ നശിപ്പിക്കാനോ ഭയപ്പെടുത്താനോ പരിഹസിക്കാനോ അവരെ ഉപയോഗിക്കുന്നു. അവരിൽ അനേകർ വ്യക്തി പ്രാധാന്യവാദികളായി തീരുന്നു. മറ്റുള്ളവരോടു ശത്രുതയോ അവിശ്വസ്ഥതയോ കാണിക്കുന്നു. അവർ അങ്ങനെ രാഷ്ടീയ ഗ്രൂപ്പുകളുടേയും സാമ്പത്തിക ശക്തികളുടേയും മൃഗീയവും നാശോന്മുഖവുമായ തന്ത്രങ്ങൾക്ക് എളുപ്പമുള്ള ലക്ഷ്യമായി തീരുന്നു. കുടിയേറ്റക്കാരുടെ നിസ്സഹായത, ദുരുപയോഗിക്കപ്പെട്ട ഇരകൾ എന്നിങ്ങനെയുള്ള കറുത്ത പാടുകൾക്ക് മദ്ധ്യേയും തന്‍റെ സഭയെ ഒരിക്കലും ഉപേക്ഷിക്കാത്ത കർത്താവായ യേശുവിലേക്ക് ഈ അദ്ധ്യായം വിരൽചൂണ്ടുന്നു. ഇന്ന് നാം വിചിന്തിനം ചെയ്യുന്ന ഖണ്ഡികയിൽ പാപ്പാ ഇങ്ങനെ പറയുന്നു.

മറ്റുള്ളവരുടെ  ഫോട്ടോ കോപ്പികളാകാനുള്ള പ്രവണത

കാർലോ കെണിയിൽ വീണില്ല.വ്യത്യസ്ഥരായിരിക്കാൻ ആഗ്രഹിക്കുന്ന അനേകം യുവാക്കൾ, അവസാനം മറ്റുള്ള എല്ലാവരെയും പോലെയാകുന്നതായി അദ്ദേഹം കണ്ടു. അവർ ഉപഭോഗ സംസ്കാരത്തിന്‍റെയും മതിഭ്രമത്തിന്‍റെയും സംവിധാനങ്ങൾകൊണ്ട് ശക്തന്മാർ ഒരുക്കുന്ന എന്തിന്‍റെയും പിറകെ ഓടുന്നു. ഇങ്ങനെ, കർത്താവ് അവർക്കു നൽകിയ ദാനങ്ങൾ അവർ പുറപ്പെടുവിക്കുന്നില്ല. ദൈവം ഓരോരുത്തർക്കും നൽകിയ ദാനങ്ങൾ വ്യക്തിപരവുമായ കഴിവുകൾ അവർ ലോകത്തിനു നൽകുന്നില്ല. അതിന്‍റെ ഫലമായി കാർലോ പറഞ്ഞു : “ഓരോ മനുഷ്യനും നൈസര്‍ഗ്ഗീകതയോടെ ജനിക്കുന്നു. പക്ഷെ, അനേകർ ഫോട്ടോ കോപ്പികളായി മരിച്ചു തീരുന്നു. ഇത് നിങ്ങൾക്ക്‌ സംഭവിക്കാതിരിക്കട്ടെ. (കടപ്പാട്.പി.ഒ.സി.പ്രസിദ്ധീകരണം).

നവ മാദ്ധ്യമങ്ങളുടെ മായാ വലയത്തിൽ  വീഴാത്ത യുവാവ്

കഴിഞ്ഞ കുറെ ഖണ്ഡികളിൽ നടത്തിയ വിശകലനങ്ങൾക്ക് ശേഷം യുവജനങ്ങൾക്ക് പുറത്തേക്കുള്ള വഴി കാണിക്കുവാൻ ശ്രമിക്കുകയാണ് പരിശുദ്ധപിതാവ്. ഡിജിറ്റൽ സാങ്കേതിക പരിസരത്ത് ക്രിയാത്മകമായി പ്രതികരിച്ച്  വിശുദ്ധിയുടെ പടവുകൾ കയറിയ കാർലോ അകൂത്തിസിന്‍റെ മാതൃക യുവജനങ്ങൾക്ക് മുമ്പിൽ ഒരു പ്രചോദനമായി കൊണ്ടുവരികയായിരുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു വിശുദ്ധനല്ല മറിച്ച് നമ്മുടെയൊക്കെ കാലഘട്ടത്തിൽ നമ്മളൊക്കെ കടന്നു പോകുന്ന, അനുഭവിക്കുന്ന അതേ ലോകം കണ്ടു പോയ ഒരാൾ.  യുവജനങ്ങൾ നീന്തിത്തുടിക്കുന്ന നവ മാദ്ധ്യമങ്ങളുടെ മായാ വലയത്തിൽ നിന്ന് കരടും പതിരും തിരിച്ചെടുക്കാൻ കഴിഞ്ഞ ഒരു ചെറുപ്പക്കാരൻ. അവനെക്കുറിച്ചു പറയുമ്പോൾ പാപ്പാ എഴുതുന്നു, അവൻ ഡിജിറ്റൽ ലോകത്തിന്‍റെ  മായാവലയത്തിൽ വീണില്ല എന്ന്.

സ്വയം നഷ്ടപ്പെടുത്തുന്ന അനുകരണം

പിന്നീട് പാപ്പാ വിവരിക്കുന്നത് ഇന്നത്തെ ചെറുപ്പത്തിന്‍റെ ചില പ്രത്യേകതകളെയാണ്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥരാവാൻ വേണ്ടി യുവജനങ്ങൾ തേടുന്ന പല വഴികളുണ്ട്. ഒരു പക്ഷേ ഇന്നു കാണുന്ന അനേകായിരം Blogകൾ അതിന്‍റെയൊക്കെ ഉദാഹരണങ്ങളല്ലേ? TikTok വഴിയും YouTube വഴിയും ഓരോരുത്തരും അവരവരുടെ പ്രത്യേകതകൾ ചൂണ്ടിക്കാണിക്കാനും താൻ വ്യത്യസ്ഥൻ എന്ന് പ്രദർശിപ്പിക്കാനുമുള്ള പ്രവണത. എന്നാൽ ഭൂരിഭാഗം പേർക്കും സംഭവിക്കുന്നത് ഒരു തരം അനുകരണമാണ്. വ്യത്യസ്ഥരാവാൻ ശ്രമിച്ച് വ്യത്യസ്ഥത നഷ്ടപ്പെടുന്നവർ. സ്വയം നഷ്ടപ്പെടുന്നവർ.

അവരൊക്കെ മിക്കവാറും ഉപഭോക്തൃ സംസ്കാരത്തിന്‍റെയും പതർച്ചയുടെയും പാതയിൽ ചെന്നെത്തുന്നു എന്ന് ഫ്രാൻസിസ് പാപ്പാ സൂചിപ്പിക്കുന്നു. ഇവിടെയാണ് പരിശുദ്ധ പിതാവ് വളരെ ശ്രദ്ധേയമായ ഒരു കാര്യം നമ്മുടെ മുന്നിൽ എടുത്തു വയ്ക്കുന്നത്. നമ്മൾ ആരും ആരേയും പോലല്ല. ദൈവം ഒരാളേയും മറ്റൊരാളെ പോൽ സൃഷ്ടിച്ചിട്ടില്ല. കോടാനുകോടി സൃഷ്ട ജാലങ്ങളിൽ ഒന്നും ഒന്നിന്‍റെയും അനുകരണമല്ല.

ഇക്കാര്യം നമ്മൾ വായിച്ചു പോകുമ്പോൾ നമ്മെ നമ്മുടെതായ തനിമയിൽ സൃഷ്ടിച്ച ദൈവത്തിന്‍റെ  ഉദ്ദേശ്യത്തിലേക്ക് ശ്രദ്ധ തിരിക്കേണ്ട ആവശ്യമുണ്ട്. എന്നെ എന്‍റെതായ തനിമയിൽ ദൈവം സൃഷ്ടിച്ചപ്പോൾ എന്നെക്കൊണ്ട് ദൈവത്തിന് ഒരു ലക്ഷ്യമുണ്ട്. അത് പൂർത്തീകരിക്കുക എന്നത് എന്‍റെ കടമയും വിളിയുമാണ്. അത് എന്‍റെ  മാത്രം സ്വന്തം ആവശ്യത്തിനുള്ളതുമല്ല. സകലതും സകലതുമായി ബന്ധപ്പെട്ട്  കിടക്കുന്ന തന്‍റെ  സൃഷ്ടിയിൽ ഒരു ” എല്ലാം നന്നായിരിക്കുന്നു” എന്ന സ്രഷ്ടാവിന്‍റെ സംതൃപ്തി നിറഞ്ഞ വാക്കുകൾക്ക് ബലമേകേണ്ടത് നമുക്ക് ദൈവം തന്ന താലന്തുകൾ തിരിച്ചറിഞ്ഞ് അവയെ സാക്ഷാത്ക്കരിക്കാൻ പ്രയത്നിക്കുമ്പോഴാണ്. നാം നാമാകുമ്പോഴാണ്.

സ്വന്തം തനിമയില്‍ ജീവിക്കുക

ദൈവം എഴുതിയ സ്നേഹ സന്ദേശത്തിലെ ഒരക്ഷരമോ കുത്തോ പുള്ളിയോ ആകാം നാം. സത്യത്തിൽ ആ സന്ദേശത്തിന്‍റെ അർത്ഥം പൂർത്തീകരിക്കാനും മനസ്സിലാക്കാനും നാം ശരിയായ സ്ഥാനത്ത്,  ഇരിക്കേണ്ടിടത്ത് തന്നെയിരിക്കണം. ഒരു വാക്യത്തിലെ വാക്കുകൾ തിരിച്ചും മറിച്ചുമിട്ടാൽ അർത്ഥം തന്നെ മാറിപ്പോകുന്നതു പോലെ – നമ്മുടെ സ്ഥാനം കണ്ടു പിടിച്ച് അവിടെ എത്തേണ്ടത് ദൈവത്തിന്‍റെ സ്നേഹ സന്ദേശത്തിന്‍റെ അർത്ഥപൂർണ്ണമായ പരിസമാപ്തിക്ക് ആവശ്യമാണ്. ദൈവം ഉദ്ദേശിച്ച സ്ഥലത്ത്, സമയത്ത്, രീതിയിൽ… അപ്പോൾ മാത്രമേ അനുകരണങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങളെ നമുക്ക് ഒഴിവാക്കാനാവൂ.

മറ്റുള്ളവരെ അനുകരിച്ചു നമ്മെ കുറിച്ചുള്ള ദൈവ ഭാവനയെ തകർക്കുന്ന സംസ്കാരത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന യുവതലമുറയോടു സ്വന്തം വേരുകളിലേക്കു മടങ്ങി ചെല്ലാനും അവിടെ സ്വയം വൃക്ഷമാകാനുള്ള സാധ്യതയെ പാപ്പാ ചൂണ്ടികാണിക്കുന്നു. അതിനു നാം ദൈവം നമ്മുടെയുള്ളിൽ നിക്ഷേപിച്ചിരിക്കുന്ന കഴിവുകളെ കണ്ടെത്തുകയും സ്വന്തം അദ്ധ്വാനം കൊണ്ട് ക്രിയാത്മകമായി അവയെ സാക്ഷാത്കരിക്കുകയും വേണം. അങ്ങനെ അവനവനിലുള്ള തനിമയെ ലോകം കാണുമ്പോൾ അതിൽ നിന്നും രൂപപ്പെടുന്ന നന്മയും, ഫലങ്ങളും സ്രഷ്ടാവായ ദൈവത്തിന്‍റെ  കലാവൈഭവത്തെ മഹത്വീകരിക്കാൻ സഹായിക്കും. ജീവനും ജീവിതവും തന്ന ദൈവത്തിനു മനുഷ്യന്‍ നല്‍കുന്ന പ്രതിസ്നേഹം.

ദൈവ ഭാവനയിലെ ഞാനായിത്തീരുക

യഥാർത്ഥത്തിൽ മറ്റുള്ളവർ നമ്മെക്കാൾ വലിയവരോ ചെറിയവരോ അല്ല. അവർ അവരായിരിക്കുന്നു. ഞാൻ ഞാനായിരിക്കുന്നു എന്നതാണ് സത്യം. ദൈവത്തിന്‍റെ ഭാവനയിലെ ഞാനായിത്തീരുകയാണ് എന്‍റെ ദൗത്യം. ഒരു കുടം വലുതോ ചെറിയതോ എന്നതിനേക്കാൾ അത് നിറഞ്ഞിട്ടുണ്ടോ എന്നതാണ് പ്രധാനം. അങ്ങനെ ആയിരിക്കണം അതാവണം ജീവിതം. അല്ലെങ്കിൽ ലോകം നമ്മുടെ മുന്നിൽ വച്ച് നീട്ടുന്ന എല്ലാറ്റിന്‍റെയും പുറകിൽ ഓടി ഓടി ഒരിടത്തും എത്താതെ നാം അവശരായി നമ്മുടെ അന്ത്യത്തെ അഭിമുഖികരിക്കേണ്ടി വരും. അത് കൊണ്ടാണ് ഇന്ന് യുവജന സമൂഹത്തെ സ്വാധീനിക്കുന്ന, വശീകരിക്കുന്ന അവരറിയാതെ തന്നെ അവരെ അപകട കയത്തിൽ വീഴ്‌ത്തുന്ന ഡിജിറ്റൽ ലോകത്തിന്‍റെ കറുത്ത മുഖങ്ങളെ കാർലോ അകൂത്തിസിനെ പോലെ ദിവ്യപ്രകാശത്താൽ അഭിമുഖികരിക്കാൻ പാപ്പാ ആവശ്യപ്പെടുന്നത്.

ഇന്ന് നമുക്ക് ചുറ്റിലും മൽസരങ്ങളുടെ തേരോട്ടമാണ്. ഈ തേരോട്ടത്തിൽ നാമും  പങ്കുചേരുമ്പോൾ,  വഴി നഷ്ടപ്പെട്ടവരും, വഴിയിൽ വച്ച് ജീവിതം നഷ്ടമായവരും നമ്മുടെ കണ്ണുകളിൽ കയറാതെ പോകുന്നു. അങ്ങനെ വരുമ്പോൾ നമ്മുടെ സ്വാർത്ഥതയുടെ ചക്രങ്ങളിൽപ്പെട്ട് അവർ അരഞ്ഞ് പോകുന്നത് നാം അറിയുന്നു പോലുമില്ല. മറ്റുള്ളവരെ അനുകരിക്കാനുള്ള ഒരു അഭിനിവേശം നമ്മുടെയുള്ളിൽ ഉള്ളത് കൊണ്ടാണ് നാം മറ്റുള്ളവരോടൊപ്പം മത്സരിക്കാൻ ഓടുന്നത്. ഈ ഓട്ടത്തിലാകട്ടെ നാം നമ്മെ നഷ്ടപ്പെടുത്തുക മാത്രമല്ല മറ്റുള്ളവരെ ഇല്ലാതാക്കുകയും അവരുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുകയും ചെയ്യുന്നു. കാറ്റത്തുലയുന്ന ഞാങ്ങണയല്ലാ നാം. ഇടിയും, മിന്നലും, മഴയും, കൊടുങ്കാറ്റുമേറ്റിട്ടും പതറാതെ നിലനിൽക്കുന്ന പാറമേൽ പണിത ഭവനമാകേണ്ടവരാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles