നമ്മുടെ പ്രതിസന്ധികളിൽ നമ്മുടെ ചാരെ വീണ്ടും എത്തുന്ന ഉത്ഥിതൻ!

കർത്താവ് പ്രത്യക്ഷപ്പെട്ടപ്പോൾ മുകളിലെ മുറിയിൽ ഇല്ലാതിരുന്ന സന്ദേഹവാനായ തോമാശ്ലീഹാ   നമ്മെയെല്ലാം പ്രതിനിധാനം ചെയ്യുന്നു. നമുക്ക് അവിടത്തെ മറ്റ് ശാരീരിക അടയാളങ്ങളോ അവിടത്തെ പ്രത്യക്ഷീകരണമൊ ലഭിച്ചിട്ടില്ല, ആ ശിഷ്യനെപ്പോലെ നാമും ചിലപ്പോൾ ബുദ്ധിമുട്ടുന്നു: യേശു ഉയിർത്തെഴുന്നേറ്റുവെന്നും നമുക്കു തുണയായിരിക്കുന്നുവെന്നും അവൻ നമ്മുടെ ജീവൻറെ നാഥനാണെന്നും അവനെ കാണാതെയും തൊടാതെയും എങ്ങനെ വിശ്വസിക്കും? ഇത് എങ്ങനെ വിശ്വസിക്കാൻ സാധിക്കും? എന്തുകൊണ്ടാണ് കർത്താവ് അവിടത്തെ സാന്നിധ്യത്തിൻറെയും സ്നേഹത്തിൻറെയും കൂടുതൽ സ്പഷ്ടമായ അടയാളങ്ങൾ നമുക്ക് നൽകാത്തത്? എനിക്ക് കൂടുതൽ നന്നായി കാണാൻ കഴിയുന്ന ചില അടയാളങ്ങൾ… ഇതാ, ഇവിടെ നമ്മളും തോമസിനെപ്പോലെയാണ്, അതേ സംശയങ്ങൾ, അതേ ന്യായവാദങ്ങൾ.

ലജ്ജിക്കേണ്ടതില്ല, കർത്താവ് തേടുന്നത് പരിപൂർണ്ണരെയല്ല 

എന്നാൽ ഇതിൽ നാം ലജ്ജിക്കേണ്ടതില്ല. തോമസിൻറെ കഥ വിവരിച്ചുകൊണ്ട്, സുവിശേഷം നമ്മോടു പറയുന്നത്, കർത്താവ് പരിപൂർണ്ണരായ ക്രിസ്ത്യാനികളെയല്ല അന്വേഷിക്കുന്നത് എന്നാണ്. കർത്താവ് എല്ലാം തികഞ്ഞവരായ ക്രിസ്ത്യാനികളെയല്ല തേടുന്നത്. ഞാൻ നിങ്ങളോട് പറയുന്നു:  പൂർണ്ണരാണെന്ന് സ്വയം വിശ്വസിക്കുന്ന ചില ക്രിസ്ത്യാനികളെയും ചില ക്രൈസ്തവ സംഘടനകളെയും കാണുമ്പോൾ ഞാൻ ഭയപ്പെടുന്നു. കർത്താവ് പരിപൂർണ്ണരായ ക്രിസ്ത്യാനികളെ അന്വേഷിക്കുന്നില്ല; ഒരിക്കലും സംശയിക്കാത്തവരും സദാ സുദൃഢ വിശ്വാസം പ്രകടിപ്പിക്കുന്നവരുമായ ക്രിസ്ത്യാനികളെ കർത്താവ് തേടുന്നില്ല. ഒരു ക്രിസ്ത്യാനി ഇങ്ങനെ ആയിരിക്കുമ്പോൾ, അതിൽ എന്തോ കുഴപ്പമുണ്ട്. ഇല്ല, വിശ്വാസത്തിൻറെതായ സാഹസികത, തോമസിന് എങ്ങനെ ആയിരുന്നുവോ അപ്രകാരം തന്നെ, പ്രകാശങ്ങളും നിഴലുകളും ഇഴചേർന്നതാണ്. അല്ലെങ്കിൽ, അത് എന്ത് വിശ്വാസമാണ്? അത് ആശ്വാസത്തിൻറെയും ആവേഗത്തിൻറെയും ഉത്സാഹത്തിൻറെയും, മാത്രമല്ല, തളർച്ചകൾ, അപജയം, സംശയങ്ങൾ, അന്ധകാരം എന്നിവയുടെയും ഘട്ടങ്ങൾ അറിയുന്നു. സുവിശേഷം തോമസിൻറെ “പ്രതിസന്ധി” നമുക്കു കാണിച്ചു തരുന്നത്, ജീവിതത്തിൻറെയും വിശ്വാസത്തിൻറെയുമായ വിഷമഘട്ടങ്ങളെ നാം ഭയപ്പെടേണ്ടതില്ലെന്ന് പറയാൻ വേണ്ടിയാണ്. പ്രതിസന്ധികൾ ഒരു പാപമല്ല, അവ ഒരു യാത്രയാണ്, നാം അവയെ ഭയപ്പെടേണ്ടതില്ല. പലപ്പോഴും അവ നമ്മെ വിനയാന്വിതരാക്കുന്നു, കാരണം നമ്മെ സംബന്ധിച്ച് സകലവും സംതൃപ്തികരമാണ്, നമ്മൾ മറ്റുള്ളവരേക്കാൾ മികച്ചവരാണ് എന്ന ആശയം അവ നമ്മിൽ നിന്ന് നീക്കിക്കളയുന്നു. നാം ആവശ്യത്തിലിരിക്കുന്നവരാണെന്ന് സ്വയം തിരിച്ചറിയാൻ പ്രതിസന്ധികൾ നമ്മെ സഹായിക്കുന്നു: നമുക്ക് ദൈവവത്തെ ആവശ്യമാണെന്ന അവബോധം പുനരുജ്ജീവിപ്പിക്കുകയും അങ്ങനെ കർത്താവിലേക്ക് മടങ്ങാനും അവൻറെ മുറിവുകളിൽ തൊടാനും അവൻറെ സ്നേഹം, ആദ്യതവണയെന്ന പോലെ, വീണ്ടും അനുഭവിക്കാനും നമ്മെ അനുവദിക്കുകയും ചെയ്യുന്നു. പ്രിയ സഹോദരീസഹോദരന്മാരേ, നമ്മെ അഹങ്കാരികളും ധിക്കാരികളുമാക്കിത്തീർക്കുന്ന ശക്തവും എന്നാൽ ഉദ്ധതവുമായ വിശ്വാസത്തേക്കാൾ നല്ലത്, അപൂർണ്ണവും, ഒപ്പം, എളിമയുള്ളതുമായ വിശ്വാസമാണ്, അത് എപ്പോഴും യേശുവിലേക്ക് മടങ്ങുന്നു. ശക്തവും എന്നാൽ ഉദ്ധതവുമായ വിശ്വാസം പുലർത്തുന്നവർക്ക് ഹാ കഷ്ടം!

മടുക്കാതെ എന്നും നമ്മുടെ പക്കലേക്ക് വീണ്ടും വരുന്ന നാഥൻ 

തോമസിൻറെ അസാന്നിധ്യവും വഴിയും പലപ്പോഴും നമ്മുടേതുമാണ്, അവയ്ക്കു മുന്നിൽ യേശുവിൻറെ മനോഭാവം എന്താണ്? അവൻ “വന്നു” എന്ന് സുവിശേഷം രണ്ടു പ്രാവശ്യം പറയുന്നു (യോഹന്നാൻ 20:19.26). ആദ്യം ഒരു തവണ, പിന്നീട് എട്ട് ദിവസത്തിന് ശേഷം, രണ്ടാം പ്രാവശ്യം. യേശു തോറ്റുകൊടുക്കുന്നില്ല, നമ്മെ മടുക്കുന്നില്ല, നമ്മുടെ പ്രതിസന്ധികളെയും ബലഹീനതകളെയും അവൻ ഭയപ്പെടുന്നില്ല. അവൻ എപ്പോഴും മടങ്ങിവരുന്നു: വാതിലുകൾ അടച്ചിരിക്കുമ്പോഴും അവൻ തിരികെ വരുന്നു; നാം സംശയിക്കുമ്പോഴും അവൻ തിരികെ വരുന്നു; തോമസിനെപ്പോലെ, നമുക്ക് അവനെ കാണുകയും കൂടുതൽ അടുത്തു നിന്നു സ്പർശിക്കുകയും ചെയ്യേണ്ടിവരുമ്പോൾ, അവൻ തിരികെ വരുന്നു. യേശു എല്ലായ്‌പ്പോഴും മടങ്ങിയെത്തുന്നു, സദാ വാതിലിൽ മുട്ടുന്നു, നമ്മെ ചെറുതും അപര്യാപ്തരും ലജ്ജിതരുമാക്കുന്ന ശക്തമായ അടയാളങ്ങളോടെയല്ല, മറിച്ച് അവൻറെ മുറിവുകളോടെയാണ് അവൻ തിരിച്ചുവരുന്നത്; അവൻറെ മുറിവുകൾ,  നമ്മുടെ ബലഹീനതകളെ സ്വന്തമാക്കിയ അവൻറെ സ്നേഹത്തിൻറെ അടയാളങ്ങൾ കാണിച്ചുകൊണ്ട് അവൻ തിരിച്ചുവരുന്നു.

നമ്മുടെ വിളി കാത്തിരിക്കുന്ന കർത്താവ് 

ക്ഷീണമോ പ്രതിസന്ധിയുടെ നിമിഷങ്ങളോ നമുക്ക് അനുഭവപ്പെടുമ്പോൾ, പ്രത്യേകിച്ച്, യേശു, ഉത്ഥിതൻ, നമ്മോടൊപ്പം ആയിരിക്കുന്നതിന് തിരിച്ചുവരാൻ ആഗ്രഹിക്കുന്നു. നാം അവനെ അന്വേഷിക്കുന്നതും വിളിക്കുന്നതും അവൻ കാത്തിരിക്കുന്നു, തോമസിനെപ്പോലെ, നമുക്കും നമ്മുടെ ആവശ്യങ്ങളും നമ്മുടെ അവിശ്വാസവും അവൻറെ മുന്നിലെത്തിച്ചുകൊണ്ട് പരാതി പറയാം. അവൻ എപ്പോഴും തിരികെ വരുന്നു. അത് എന്തുകൊണ്ടാണ്? കാരണം അവൻ ക്ഷമയും കരുണയും ഉള്ളവനാണ്. നമ്മുടെ ഭയങ്ങളുടെയും അവിശ്വാസങ്ങളുടെയും മേൽമുറി തുറക്കാൻ അവൻ വരുന്നു, കാരണം അവൻ എപ്പോഴും നമുക്ക് മറ്റൊരു അവസരം കൂടി നൽകാൻ ആഗ്രഹിക്കുന്നു. യേശു “മറ്റ് അവസരങ്ങളുടെ” കർത്താവാണ്: അവൻ എപ്പോഴും നമുക്ക് മറ്റൊന്ന് നൽകുന്നു. അതിനാൽ, നമുക്ക് അവസാന തവണയെക്കുറിച്ച് ചിന്തിക്കാം, പ്രയാസകരമായ ഒരു നിമിഷത്തിലോ പ്രതിസന്ധി ഘട്ടത്തിലോ, നാം സ്വയം അടച്ചുപൂട്ടി, നമ്മുടെ പ്രശ്‌നങ്ങളുടെ തടവറയിലാകുകയും യേശുവിനെ വീടിനു പുറത്തു നിറുത്തു കയും ചെയ്ത സമയത്തെക്കുറിച്ച് നമുക്ക് ഓർത്തു നോക്കാം. അടുത്ത തവണ, കഷ്ടപ്പാടിൻറെ വേളയിൽ, യേശുവിനെ അന്വേഷിക്കുകയും, അവനിലേക്ക്, അവൻറെ പാപമോചനത്തിലേക്ക്, നമ്മെ വീണ്ടും സൗഖ്യമാക്കിയ അവൻറെ മുറിവുകളിലേക്ക് മടങ്ങുകയും ചെയ്യുമെന്ന്  നമുക്ക് വീണ്ടും വാഗ്ദാനം ചെയ്യാം – അവൻ എപ്പോഴും ക്ഷമിക്കുന്നു, എപ്പോഴും! അങ്ങനെ നാം അനുകമ്പയുള്ളവരും മറ്റുള്ളവരുടെ മുറിവുകളെ കാർക്കശ്യവും മുൻവിധികളുമില്ലാതെ സമീപിക്കാൻ പ്രാപ്തരുമാകും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles