പരിശുദ്ധ മറിയത്തിന്റെ അധികാരം

~ ഫാ. ജോസ് ഉപ്പാണി ~

 

ബൈബിളിന്റെ അവസാനഭാഗത്തുള്ള വെളിപാട് പുസ്തകത്തില്‍ പരിശുദ്ധ മറിയത്തെ പരിശുദ്ധാത്മാവ് അവതരിപ്പിക്കുന്നത് അധികാരമുള്ളവളായിട്ടാണ്. ശിരസ്സില്‍ പന്ത്രണ്ട് നക്ഷത്രങ്ങള്‍ക്കൊണ്ടുള്ള കിരീടം അവള്‍ അണിഞ്ഞിരിക്കുന്നു. വെളിപാട് 12 ല്‍ പറയുന്ന സൂര്യനെ ഉടയാടയാക്കിയ സ്ത്രീ പരിശുദ്ധ കന്യകാമറിയം തന്നെയാണ്. മിശിഹായുടെ മാതാവും മിശിഹായുടെ ശിഷ്യരുടെ മാതാവുമായ മറിയം തന്നെയാണത്… മിശിഹായ്ക്കുവേണ്ടി കാത്തിരുന്നു നിലവിളിക്കുന്ന ഇസ്രയേല്‍ ജനത്തിന്റെ പ്രതീകമായും ക്രിസ്തുവിനെ ഏറ്റുപറഞ്ഞതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട ആദിമസഭയുടെ പ്രതീകമായും മറിയത്തെ വ്യാഖ്യാനിക്കാറുണ്ട്. ഒയേകുമേനിയൂസിന്റെ വെളിപാടുപുസ്തകത്തെപ്പറ്റിയുള്ള വ്യാഖ്യാനത്തില്‍ ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്: ‘യോഹന്നാനുണ്ടായ ഈ ദര്‍ശനം നമ്മുടെ രക്ഷകന്റെ മാതാവിനെയാണ് ചിത്രീകരിക്കുന്നത്. ആത്മാവും ശരീരവും ഒരുപോലെ പൂര്‍ണ്ണവും പരിശുദ്ധവുമായ സ്ഥിതിയില്‍, മാലാഖമാര്‍ക്കു സമാനം, സ്വര്‍ഗത്തിലെ ഒരു പൗരയായി, സ്വര്‍ഗത്തില്‍ത്തന്നെ, ദൈവത്തിന്റെ മനുഷ്യാവതാരം സാധ്യമാക്കിത്തീര്‍ത്തവളായി അവള്‍ നിലകൊള്ളുന്നു. അവള്‍ നമ്മുടെ വംശത്തില്‍പ്പെട്ട ഒരു മനുഷ്യവ്യക്തിയാണെങ്കിലും ഈ ഭൂമിയുടേതായ ഒരു തിന്മയും കുറവും ഏശാത്തവളായി സ്വര്‍ഗീയ മഹിമയില്‍ അവള്‍ വിരാജിക്കുന്നു.’
പരിശുദ്ധ അമ്മയുടെ അധികാരം ഒന്നാമതായി സാത്താന്റെ മേല്‍ത്തന്നെയാണ്. ദൈവത്തിന്റെ എല്ലാ നേര്‍വഴികളും ദുഷിപ്പിക്കുന്ന, ദൈവത്തിന്റെ രക്ഷാകരപദ്ധതിക്കു തുരങ്കം വയ്ക്കാന്‍ ശ്രമിച്ച അവന്റെ മേല്‍ ദൈവം ആദ്യം അധികാരം കൊടുത്തത് പരിശുദ്ധ കന്യകാമറിയത്തിനാണ്. ഉല്പത്തി 3:15 ല്‍ ഇത് സ്പഷ്ടമാണ്. പിശാചുമായി നേരിട്ടുള്ള ശത്രുത പരിശുദ്ധ മറിയത്തിനായിരിക്കും എന്ന് ദൈവമായ കര്‍ത്താവ് പ്രവചന രൂപേണ വെളിപ്പെടുത്തി! വി. ലൂയിസ് ഡി മോണ്‍ഫോര്‍ട്ട് പറയുന്നതിപ്രകാരമാണ്: ‘ഒരു ശത്രുതയെ മാത്രമേ ദൈവം ഉളവാക്കിയൊള്ളൂ. എന്നാല്‍, അത് രഞ്ജിപ്പു സാധ്യമല്ലാത്തതും അവസാനിക്കാത്തതുമാണ്. അനുദിനം അതു വളര്‍ന്നുകൊണ്ടേയിരിക്കും. അത് മറിയവും പിശാചും തമ്മിലും അവളുടെ ദാസരും സന്താനങ്ങളും ലൂസിഫറിന്റെ അനുയായികളും സന്താനങ്ങളും തമ്മിലാണ്. അപ്രകാരം പിശാചിനെതിരായി ദൈവം സൃഷ്ടിച്ച വന്‍ ശത്രുവാണ് പരിശുദ്ധ മറിയം. ദൈവത്തിന്റെ ചിന്തയില്‍ മാത്രമായി വസിച്ചിരുന്ന മറിയത്തില്‍, ഏദന്‍ തോട്ടത്തിന്റെ കാലത്തുതന്നെ, ദൈവത്തിന്റെ ശപിക്കപ്പെട്ട ശത്രുവിനോടു കടുത്ത അമര്‍ഷവും പഴയ സര്‍പ്പത്തിന്റെ കാപട്യത്തെ പുറത്തുകൊണ്ടുവരാന്‍ പറ്റുന്ന നിഷ്‌കളങ്കതയും അഹങ്കാരിയും ധിക്കാരിയുമായ അവനെ അടിമ പ്പെടുത്തി കടപുഴക്കി എടുത്തെറിയുവാനുള്ള ശക്തിയും അന്നേ, അവിടുന്നു അവളില്‍ നിക്ഷേപിച്ചു. തന്‍നിമിത്തം പിശാച് മാലാഖമാരേയും മനുഷ്യരേയുംകാള്‍ ഒരുവിധത്തില്‍പ്പറഞ്ഞാല്‍ ദൈവത്തെക്കാളും അധികമായി മറിയത്തെ ഭയപ്പെടുന്നു. എന്നാല്‍, ദൈവത്തിന്റെ ശക്തിയും കോപവും വെറുപ്പും മറയത്തിന്റേതിനേക്കാള്‍ അനന്തമാംവിധം വലിയതല്ലെന്ന് ഇതുകൊണ്ട് വിവക്ഷിക്കുന്നില്ല. മറിയത്തിന്റെ പരിപൂര്‍ണ്ണത പരിമിതമാണ്. എന്നാല്‍, പിശാച് ഒരു വിധത്തില്‍ ദൈവത്തേക്കാള്‍ കൂടുതല്‍ അവളെ ഭയപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്റെ ഒരു വിനീതദാസിയാല്‍ തോല്‍പിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും അഹങ്കാരിയായ അവന് അത്യന്തം വേദനാജനകമാണ്. ദൈവത്തിന്റ ശക്തിയേക്കാള്‍ മറിയത്തിന്റെ വിനയമാണ് അവനെ എളിമപ്പെടുത്തുന്നത്. കൂടാതെ, പിശാചുക്കളുടെ മേല്‍ വലിയ ശക്തി അവിടുന്നു മറിയത്തിനു നല്‍കിയിട്ടുണ്ട്. സന്മനസോടെയല്ലെങ്കിലും അശുദ്ധാത്മാവു ബാധിച്ചവരുടെ അധരങ്ങള്‍വഴി അവര്‍ സമ്മതിച്ചിട്ടുള്ള സത്യമാണിത്. മറിയത്തിന്റെ ഒരു നെടുവീര്‍പ്പിനെയാണ് സകലവിശുദ്ധരുടെയും പ്രാര്‍ത്ഥനയേക്കാള്‍ അവര്‍ ഭയപ്പെടുന്നത്. അവളുടെ ഒരു ഭീക്ഷണിപ്പെടുത്തല്‍ മറ്റു സകല പീഡകളെയുംകാള്‍ അവര്‍ക്കു ഭീതിജനകമാണ്’ (യഥാര്‍ത്ഥ മരിയഭക്തി 52).

പിശാചുക്കള്‍ക്കെതിരായ നിരന്തരയുദ്ധമാണ് ക്രിസ്തീയ ജീവിതം എന്നാണ് വിശുദ്ധ പൗലോസ് പഠിപ്പിക്കുന്നത്. വിശുദ്ധ പത്രോസ് പറയുന്നത് നമ്മുടെ ശത്രുവായ പിശാച് ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചു ചുറ്റി നടക്കുകയാണത്രേ. ധ്യാനത്തില്‍ പങ്കെടുത്തു ജീവിതം നവീകരിച്ചവരേ മുമ്പത്തേക്കാളുപരി അക്രമിക്കാന്‍ എല്ലാ കുതന്ത്രങ്ങളും പിശാച് ചൊടിപ്പിക്കുമെന്ന് മത്തായിയുടെ സുവിശേഷത്തില്‍ 12 ാം അധ്യായത്തില്‍ 43 മുതല്‍ 45 വരെയുള്ള വാക്യങ്ങളില്‍ അശുദ്ധാത്മാവിന്റെ തിരിച്ചുവരവിനെപ്പറ്റിയുള്ള ഭാഗത്ത് വ്യക്തമായിക്കാണാം.
ദൈവത്തിന്റെ മുമ്പില്‍ എന്നേക്കുമായി തോല്‍പിക്കപ്പെട്ട ശത്രുവാണ് പിശാച് എങ്കിലും നമ്മെ സംബന്ധിച്ച് അവന്‍ പ്രബലനായ ശത്രുവാണ്. അതിനാല്‍ നമ്മുടെ തീരുമാനങ്ങള്‍ക്കൊണ്ടോ പരിശ്രമം കൊണ്ടോ മാത്രം അവനെതിരെ യുദ്ധം ചെയ്യുക എളുപ്പമല്ല. അതുകൊണ്ടാണ് ആത്മീയ സമരത്തെപ്പറ്റി പ്രതിപാദിക്കുന്നിടത്ത് സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍ (എഫേ 6:12) എന്ന് നിഷ്‌കര്‍ഷിക്കുന്നത്. ദൈവത്തിന്റെ എല്ലാ ആയുധങ്ങളിലുംവച്ച് ഏറ്റവും ഫലദായകമായ ആയുധമാണ് പരിശുദ്ധ മറിയം. കാരണം ആദിയില്‍ തന്നെ ദൈവം ഈ ദൗത്യം പരിശുദ്ധ മറിയത്തെയാണ് ഭരമേല്‍പിച്ചിരിക്കുന്നത്.

ആകയാല്‍, ധ്യാനംകൂടി രക്ഷാനുഭവത്തില്‍ ജീവിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന നമുക്കോരോരുത്തര്‍ക്കും നമ്മള്‍ അനുനിമിഷം നേരിട്ടുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങളില്‍ ദൈവം തന്നെ തന്നിരിക്കുന്ന മറിയമെന്ന ആയുധത്തില്‍ നമുക്കു ശരണം വയ്ക്കാം. അവളെ കൂടെക്കൂടെ വിളിച്ചപേക്ഷിക്കുക, നമ്മുടെ അനുദിനജീവിതത്തിന്റെ ഭാഗമാക്കണം. ഈ ദൈവിക ആയുധത്തോട് കിടപിടിക്കാവുന്ന ഒരു ആയധവുമില്ല. ഉല്‍പ. 3:15 അനുസരിച്ച് മറിയം തന്നെയാണ് പിശാചിനെതിരായ ഏറ്റവും ശക്തമായ ആയുധം. വി. ലൂയിസ് ഡി മോണ്‍ഫോര്‍ട്ട് പറയുന്നത് ഇപ്രകാരമാണ്: ‘മറിയമുള്ളിടത്ത് പിശാചില്ല. നാം മറിയത്തിന്റെ യഥാര്‍ത്ഥ ഭക്തരായിരിക്കുകയും പലപ്പോഴും അവളെപ്പറ്റി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നെങ്കില്‍ ദൈവചൈതന്യമാണ് നമ്മെ നയിക്കുന്നത് എന്നതിന്റെ ഏറ്റവും അപ്രമാദമായ ലക്ഷണങ്ങളില്‍ ഒന്നാണത്. ഒരു വിശുദ്ധന്റെ അഭിപ്രായമാണിത്. ശരീരം മരിച്ചിട്ടില്ല എന്നതിന്റെ നിസ്സന്ദേഹമായ അടയാളമാണ് ശ്വാസോച്ഛാസം. അതുപോലെ മറിയത്തെപ്പറ്റി എപ്പോഴുമുള്ള ചിന്തയും അവളോടുള്ള സ്‌നേഹപൂര്‍വ്വകമായ പ്രാര്‍ത്ഥനയും ആത്മാവു പാപത്തില്‍ മരിച്ചിട്ടില്ല എന്നതിന്റെ സംശയരഹിതമായ അടയാളമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു’ (യഥാര്‍ത്ഥ മരിയഭക്തി 166).

പിശാചിന്റെ മേല്‍ എന്നതുപോലെ തന്നെ ലോകത്തിന്റെ മേലും പ്രപഞ്ചം മുഴുവന്റെ മേലും പരിശുദ്ധ മറിയത്തിനധികാരമുണ്ട്. വെളിപാട് ഗ്രന്ഥത്തിലെ സ്ത്രീ സൂര്യനെ ഉടയാടയാക്കിയവളും ചന്ദ്രന്റെ മേല്‍ ചവിട്ടിനില്‍ക്കുന്നവളുമാണ്. ഫാത്തിമായില്‍ നടന്ന ഒരു മരിയന്‍ ദര്‍ശനവേളയില്‍ 40,000 പേര്‍ നോക്കിനില്‍ക്കെ സൂര്യനൃത്തം സംഭവിച്ചു. അന്തരീക്ഷശക്തികളുടെ ആക്രമണത്തില്‍ നിന്നും പ്രകൃതിദുരന്തങ്ങളില്‍നിന്നും രക്ഷ നേടാന്‍ പരിശുദ്ധ മറിയത്തെ അഭയം പ്രാപിക്കുന്നത് ക്രൈസ്തവരുടെ പരമ്പരാഗതമയ ഒരു വിശ്വാസാനുഷ്ഠാനമാണ്.
കന്യകാമറിയം സ്വര്‍ഗത്തിലേക്കു ശരീരത്തോടെ ആരോപണം ചെയ്തുകഴിഞ്ഞുടനെ ത്രിതൈ്വകദൈവം അവളെ സ്വര്‍ഗത്തിന്റെയും ഭൂമിയിടെയും രാജ്ഞിയായി കിരീടം അണിയിച്ചു എന്നാണ് തിരുസഭാ പാരമ്പര്യം പഠിപ്പിക്കുന്നത്. ഭൂമിയില്‍ എല്ലായിടത്തും അവള്‍ക്കുണ്ടായിരുന്ന അധികാരം സ്വര്‍ഗാരോപണത്തോടെ സ്വര്‍ഗത്തിലേക്കും വ്യാപിച്ചു എന്നാണതിനര്‍ത്ഥം. സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍ നിനക്കു ഞാന്‍ തരും എന്ന് പത്രാസിനോട് പറഞ്ഞെങ്കിലും സ്വര്‍ഗത്തിന്റെ രാജ്ഞിയായി മറിയത്തെയാണ് അവിടുന്ന് അവരോധിച്ചത്. സ്വര്‍ഗവാസികളായ എല്ലാ മാലാഖമാരുടെയും വിശുദ്ധരുടേയും മേല്‍ മാതാവിന് അധികാരം നല്‍കപ്പെട്ടിരിക്കുകയാണ്.

വി. ലൂയിസ് ഡി മോണ്‍ഫോര്‍ട്ട് ഇതെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: ‘ലോകത്തിന്റെ ഒരതിര്‍ത്തി മുതല്‍ മറ്റേ അതിര്‍ത്തി വരെയും, ഭൗമ മണ്ഡലത്തിന്റെ അത്യുച്ചിയിലും ആഴങ്ങളുടെ അഗാധതയിലും സകലതും മറിയത്തെ പ്രഘോഷിക്കുന്നു, പ്രഖ്യാപിക്കുന്നു. ഒമ്പതു വൃന്ദം മാലാഖമാരും എല്ലാ യുഗങ്ങളിലെയും മാനവരാശി മുഴുവനും, സ്ത്രീയും പുരുഷനും, മതങ്ങളും വ്യവസ്ഥിതികളും, നല്ലതും ചീത്തയും, ദുഷ്ടാരൂപികള്‍ പോലും നല്ല മനസ്സോടെയോ അല്ലാതയോ സത്യത്തിന്റെ അപ്രതിരോദ്ധ്യമായ ശക്തിയാല്‍ പ്രേരിതരായി മറിയത്തെ അനുഗ്രഹിത എന്നു വിളിക്കുന്നു. വി. ബൊനവെഞ്ചര്‍ പറയുന്നു, സ്വര്‍ഗത്തിലുള്ള സകല മാലാഖമാരും അവിരാമം മറിയത്തെ, ‘പരിശുദ്ധ… പരിശുദ്ധ’, പരിശുദ്ധയായ മറിയമേ, ദൈവാംബികയേ, കന്യകയേ, എന്ന് ഇടവിടാതെ ഉദ്‌ഘോഷിക്കുന്നു. ഓരോ ദിവസവും അവര്‍ അവളുടെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട്, മാലാഖമാരുടെ അഭിവാദ്യം, ‘മറിയമേ സ്വസ്തി’ എന്നു കോടാനുകോടി പ്രാവശ്യം ആലപിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ട് എന്തെങ്കിലും ആജ്ഞകള്‍ നല്‍കി തങ്ങളെ ബഹുമാനിക്കാന്‍ കനിയണമേ എന്ന് യാചിച്ചുകൊണ്ടിരിക്കുന്നു. വി. അഗസ്തീനോസ് പറയുംപോലെ സ്വര്‍ഗ്ഗീയ സൈന്യങ്ങളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന മിഖായേല്‍ പോലും ഏറ്റവും തീക്ഷ്ണതയോടെ അവളെ ബഹുമാനിക്കുന്നു. മറ്റുള്ളവരെക്കൊണ്ട് ബഹുമാനിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അവളുടെ ദാസരെ ശുശ്രൂഷിക്കുവാനുള്ള നിര്‍ദ്ദേശംകൊണ്ട് എന്നെ ബഹുമാനിക്കണേ എന്ന മട്ടില്‍ മിഖായേല്‍ ദൈവദൂതന്‍ അത്യാകാംക്ഷാപൂര്‍വം മറിയത്തിന്റെ സവിധത്തില്‍ കാത്തുനില്‍ക്കുന്നു.’ (യഥാര്‍ത്ഥ മരിയഭക്തി).

സമ്പൂര്‍ണ്ണ മരിയന്‍ സമര്‍പ്പണത്തിന്റെ അടിസ്ഥാനം പരിശുദ്ധ മറിയത്തിന്റെ ഈ സ്വര്‍ഗ്ഗീയ അധികാരമാണ്. മറിയം വെറും മദ്ധ്യസ്ഥയോ പ്രസാദവര വിതരണക്കാരിയോ മാത്രമല്ല, അവള്‍ ദൈവത്താല്‍ എന്റെമേല്‍ അധികാരപ്പെടുത്തപ്പെട്ടവളാണ്. കുരിശില്‍ക്കിടന്നുകൊണ്ടുള്ള യേശുവിന്റെ അധികാരപ്പെടുത്തല്‍ അതു വ്യക്തമാക്കുന്നുണ്ട്. അതിനാല്‍, മറിയത്തിനു നാം സമ്പൂര്‍ണ്ണ സമര്‍പ്പണം ചെയ്യുന്നത് ദൈവം തന്നെ നമ്മില്‍ നിന്നാവശ്യപ്പെടുന്ന കാര്യമാണ്.

പ്രാര്‍ത്ഥന

ദൈവമേ, പരിശുദ്ധ മറിയത്തെ എന്റെ രാജ്ഞിയായും മേല്‍നോട്ടക്കാരിയായും അധികാരിയായും നിശ്ചയിച്ചു തന്നതിന് ഞാന്‍ നന്ദി പറയുന്നു. എന്റെ ജീവിതത്തിന്റെ മേല്‍ പരിശുദ്ധ മറിയത്തിനുള്ള അധികാരം ഞാന്‍ ഏറ്റുപറയുന്നു. സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ എന്നെയും എനിക്കുള്ള സര്‍വ്വതും, ആത്മീയ യോഗ്യതകള്‍ ഉള്‍പ്പെടെ മറിയത്തിന്റെ ഭരണത്തിന്‍ കീഴിലാക്കാന്‍ എന്നെ അനുഗ്രഹിക്കണമേ…


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles