മുന്‍വിധി വിതയ്ക്കുന്ന ദുരന്തങ്ങള്‍!

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~

അമേരിക്കയ്ക്കും യൂറോപ്പിനുമിടയില്‍ വിമാനസര്‍വീസ് തുടങ്ങുന്നതിനു മുന്‍പുള്ള കാലഘട്ടം. ന്യൂയോര്‍ക്കില്‍നിന്നുള്ള ഒരു പൗരപ്രമുഖന്‍ യൂറോപ്പിലേക്കു പോകുവാനായി കപ്പല്‍ കയറി. ബാഗും മറ്റുസാധനങ്ങളുമൊക്കെയെടുത്തു തനിക്കുവേണ്ടി റിസര്‍വ് ചെയ്തിരുന്ന ക്യാബിനിലേക്ക് അദ്ദേഹം ചെന്നു. അപ്പോഴാണ് തന്റെ ക്യാബിനില്‍ മറ്റൊരു യാത്രക്കാരനുമുണെ്ടന്ന് അദ്ദേഹം അറിഞ്ഞത്.

തന്നോടൊപ്പം യാത്ര ചെയ്യുന്ന അപരിചിതനെ അദ്ദേഹം സൂക്ഷിച്ചുനോക്കി. അയാളുടെ നോട്ടവും ഭാവവും മറ്റു രീതികളുമൊന്നും അദ്ദേഹത്തിന് അത്ര സുഖിച്ചില്ല. അവര്‍ ഇരുവരും പരസ്പരം പരിചയപ്പെടാനോ വെറുതെ ലോഹ്യം പറയാനോ തയാറായില്ല. കുറെ കഴിഞ്ഞപ്പോള്‍ ക്യാബിനില്‍ ആദ്യം സ്ഥാനം പിടിച്ചിരുന്നയാള്‍ പുറത്തേക്കിറങ്ങിപ്പോയി.അല്പസമയം കഴിഞ്ഞ് പൗരപ്രമുഖന്‍, കപ്പലില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ സൂക്ഷിപ്പുകാരനെ സമീപിച്ചു പറഞ്ഞു: ”വിലപിടിപ്പുള്ള സാധനങ്ങള്‍ സാധാരണ എന്റെ കൈവശംതന്നെ സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ എന്റെ സ്വര്‍ണവാച്ചും മറ്റും ക്യാബിനില്‍ വയ്ക്കാന്‍ എനിക്കു ഭയം തോന്നുന്നു.”

”എന്താണതിനു കാരണം?” കപ്പല്‍ ജീവനക്കാരന്‍ തിരക്കി.

പൗരപ്രമുഖന്‍ പറഞ്ഞു: ”എന്റെ കൂടെ ക്യാബിനിലുള്ള യാത്രക്കാരന്‍ വിശ്വസിക്കാന്‍ കൊള്ളുന്നവനാണെന്നു തോന്നുന്നില്ല.”

പൗരപ്രമുഖന്റെ സ്വര്‍ണവാച്ചും വിലപിടിപ്പുള്ള മറ്റുസാധനങ്ങളും വാങ്ങി സുരക്ഷിതമായി സെയ്ഫില്‍ വച്ചതിനുശേഷം കപ്പല്‍ജീവനക്കാരന്‍ പറഞ്ഞു: ”നിങ്ങളുടെ ക്യാബിനിലുള്ള യാത്രക്കാരന്‍ കുറെ സമയം മുന്‍പ് ഇവിടെ വന്ന് അയാളുടെ വിലപിടിപ്പുള്ള സാധനങ്ങളും എന്നെ ഏല്പിക്കുകയുണ്ടായി. അങ്ങനെ ചെയ്യുന്നതിനു കാരണമായി അയാള്‍പറഞ്ഞതും നിങ്ങള്‍ പറഞ്ഞ കാരണം തന്നെയായിരുന്നു!”

കപ്പല്‍ ജീവനക്കാരന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ പൗരപ്രമുഖന്‍ ഇളിഭ്യനായി പോയിട്ടുണ്ടാവില്ലേ? യാതൊരു പരിചയവുമില്ലാതിരുന്ന ആ മനുഷ്യനെ ആദ്യം കണ്ട നിമിഷംതന്നെ അയാള്‍ വിശ്വസിക്കാന്‍ കൊള്ളരുതാത്തവനാണെന്നു പൗരപ്രമുഖന്‍ മുദ്രകുത്തി. തന്മൂലമാണ് തന്റെ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന ചുമതല ഏല്പിക്കാന്‍ കപ്പലിലെ അധികാരികളെ അദ്ദേഹം സമീപിച്ചത്. പക്ഷേ അപ്പോഴേക്കും, അദ്ദേഹം ആരെ സംശയിച്ചിരുന്നുവോ അയാള്‍ അദ്ദേഹത്തെ സംശയിച്ചു തന്റെ വിലയേറിയ സാധനങ്ങള്‍ സൂക്ഷിക്കുവാന്‍വേണ്ടി കപ്പല്‍ ജീവനക്കാരനെ ഏല്പിച്ചുകഴിഞ്ഞിരുന്നു.

തന്നെപ്പോലെയല്ലാത്തവര്‍ കൊള്ളരുതാത്തവരും മോശക്കാരുമാണെന്നുള്ള മുന്‍വിധിയല്ലേ തന്റെ സഹയാത്രികനെ വിശ്വസിക്കുവാന്‍ കൊള്ളാത്തവനായി കാണുവാന്‍ പൗരപ്രമുഖനെ പ്രേരിപ്പിച്ചത്? പൗരപ്രമുഖനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. നാമെല്ലാവരും തന്നെ ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരുരീതിയില്‍ മുന്‍വിധി എന്ന കുറ്റത്തിന് അടിമകളാണ്.

ചിലപ്പോള്‍ ഒരാളുടെ നോട്ടമായിരിക്കും അയാളെക്കുറിച്ചുള്ള മുന്‍വിധിക്കു കാരണം. ചിലപ്പോള്‍ ഒരാളുടെ നിറമോ മതവിശ്വാസമോ ആയിരിക്കും അയാള്‍ മോശക്കാരനാണെന്നു ചാപ്പകുത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ഭാഷയുടെ പേരിലും സാംസ്‌കാരിക പശ്ചാത്തലത്തിന്റെ പേരിലും പ്രാദേശികതയുടെ പേരിലുമൊക്കെ നാം മറ്റുള്ളവരെക്കുറിച്ചു മുന്‍വിധി രൂപീകരിക്കാറില്ലേ?

ലോകം ഭരിക്കേണ്ടതു നീതിയും ന്യായവും സാഹോദര്യവും സൗഹൃദവുമൊക്കെയായിരിക്കണമെന്നു നമുക്കറിയാം. എന്നാല്‍ യഥാര്‍ഥത്തില്‍ ലോകം ഭരിക്കുന്നത് ആളുകളുടെ മുന്‍വിധികളും വികാരങ്ങളുമല്ലേ?

പരസ്പരം അറിയാതെയും അടുക്കാതെയും നാം മറ്റുള്ളവരെ മോശക്കാരെന്നു മുദ്രകുത്തി ആട്ടിപ്പായിക്കാറില്ലേ? അങ്ങനെ ചെയ്യുമ്പോള്‍ നാം കേമന്‍മാരാണെന്നല്ലേ സ്വയം അഭിമാനിക്കാറുള്ളത്? പക്ഷേ, സത്യം മറിച്ചല്ലേ? അജ്ഞരും അല്പരുമായതുകൊണ്ടല്ലേ മുന്‍വിധിയോടെ നാം മറ്റുള്ളവരോടു പെരുമാറുന്നത്?

അജ്ഞതയുടെ സന്തതിയാണു മുന്‍വിധി എന്ന് അറിവുള്ളവര്‍ പറയുന്നത് എത്രയോ ശരി. മുന്‍വിധിയോടെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ അജ്ഞതയും അറിവില്ലായ്മയും ലോകസമക്ഷം വെളിപ്പെടുത്തിക്കൊടുക്കുകയാണെന്നതില്‍ രണ്ടുപക്ഷമില്ല.

എല്ലാ മനുഷ്യരിലുംതന്നെ കാണുന്ന ദുര്‍ഗുണമാണ് മുന്‍വിധി. പക്ഷേ, അതുകൊണ്ട് മുന്‍വിധി എന്ന തെറ്റ് നിസാരമായി തള്ളിക്കളയാനാവില്ല. കാരണം മുന്‍വിധിയോടെയുള്ള അഭിപ്രായങ്ങളും പ്രവൃത്തികളുമാണ് ലോകത്തില്‍ അനുദിനം ഒട്ടേറെ നാശം വിതച്ചുകൊണ്ടിരിക്കുന്നത്.

മുന്‍വിധിയിലധിഷ്ഠിതമായ ആശയങ്ങളും അഭിപ്രായങ്ങളുമാണ് പലപ്പോഴും അക്രമത്തിലൂടെയും അനീതിയിലൂടെയും നിലനിര്‍ത്തുവാന്‍ പലരും ശ്രമിക്കുന്നത്. വ്യക്തികള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലുമുള്ള സംഘട്ടനങ്ങള്‍ക്കും പ്രധാന കാരണം മുന്‍വിധിയാണെന്നതില്‍ സംശയം വേണ്ട. പരസ്പരം അറിയാനും ആദരിക്കാനും വ്യക്തികളും സമൂഹങ്ങളും തുടങ്ങുന്ന നിമിഷം ഇന്നു നാം കാണുന്ന പല സംഘട്ടനങ്ങളും വ്യക്തിജീവിതത്തില്‍നിന്നും സമൂഹതലത്തില്‍നിന്നും അപ്രത്യക്ഷമാവില്ലേ?

നാമെല്ലാവരും ചിന്തിക്കുന്ന മനുഷ്യരാണ്. എന്നാല്‍ നമ്മില്‍ പലരുടെയും ചിന്ത എന്നു പറയുന്നതു നമ്മുടെ മുന്‍വിധികള്‍ കൊണ്ടുള്ള അമ്മാനമാടലാണ് എന്നു വില്യം ജയിംസ് എന്ന മനഃശാസ്ത്രജ്ഞന്‍ പറഞ്ഞിരിക്കുന്നത് എത്രയോ വാസ്തവം. സ്വതന്ത്രമായി ചിന്തിക്കുന്നുവെന്നു പറയുമ്പോഴും നമ്മുടെ മുന്‍വിധികളനുസരിച്ചാണ് നാം പലപ്പോഴും പ്രവര്‍ത്തിക്കുന്നത്.

എലിസബത്ത് ഹാര്‍ട്ടിന്റെ ഒരു കവിതയില്‍നിന്നുള്ള ഭാഗം ഇവിടെ പകര്‍ത്തട്ടെ:

അവള്‍ സ്വര്‍ഗത്തെയും സ്വര്‍ഗീയഗണങ്ങളെയും കുറിച്ചു പ്രസംഗിച്ചു.

അവള്‍ ദൈവത്തെയും ദൈവത്തിന്റെ പരിശുദ്ധാരൂപിയെയും കുറിച്ചു പ്രസംഗിച്ചു.

അവള്‍ യേശുവിന്റെ പഠനങ്ങളെക്കുറിച്ചും മനുഷ്യരുടെ സാഹോദര്യത്തെക്കുറിച്ചും പ്രസംഗിച്ചു.

എന്നാല്‍, ഒരു കറുത്ത നീഗ്രോയുടെ കൂടെ ഇരിക്കേണ്ട അവസരം വന്നപ്പോള്‍ അവള്‍ മാറി നിന്നു.

ഹാര്‍ട്ടിന്റെ കവിതയിലെ കഥാപാത്രം ആശയതലത്തില്‍ ഒരു മാലാഖയെപ്പോലെയായിരുന്നു. എന്നാല്‍, പ്രവൃത്തിതലത്തില്‍ അവള്‍ അതിനീചയെപ്പോലെയും. എന്താണങ്ങനെ ആയിത്തീരുവാന്‍ കാരണം? വെള്ളക്കാരിയായ അവള്‍ക്കു കറുത്ത വംശജരെക്കുറിച്ചുള്ള മുന്‍വിധി. അതെ, തൊലിയുടെ നിറം കറുപ്പായിപ്പോയതിന്റെ പേരില്‍ മാത്രമുള്ള മുന്‍വിധി.

മുന്‍വിധികള്‍ നമുക്കെല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍ മുന്‍വിധികളനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നമുക്കവകാശമില്ലെന്നതു മറക്കേണ്ട. മുന്‍വിധികളില്ലാതെ പ്രവര്‍ത്തിക്കണമെങ്കില്‍ നമ്മുടെ ചിന്താതലത്തില്‍ നിന്നു മുന്‍വിധികളെ ആട്ടിപ്പായിക്കുകതന്നെ വേണം. അതുപോലെ, അജ്ഞതയില്‍നിന്നും അറിവുകേടില്‍നിന്നും നാം മോചിതരുമാകണം.

നമ്മുടെ ചിന്തകളും വിധികളും പ്രവൃത്തികളുമൊക്കെ മുന്‍വിധികളുടെ നീരാളിപ്പിടിത്തത്തില്‍നിന്നു മോചിതമായിരിക്കുവാന്‍ നമുക്കു ശ്രമിക്കാം. മാന്യവും സന്തുഷ്ടവുമായ ജീവിതത്തിന് ഇത് അത്യാവശ്യമാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles