ഒന്നിനും തകര്‍ക്കാനാവത്ത സ്‌നേഹം

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~

ഗവണ്‍മെന്റ് ജീവനക്കാരനായിരുന്നു കാള്‍ ടെയ്‌ലര്‍. ഭാര്യയുടെ പേര് ഈഡിത്. അവര്‍ വിവാഹിതരായിട്ട് 23 വര്‍ഷം കഴിഞ്ഞിരുന്നു. വളരെ ദൃഢമായ ദാമ്പത്യബന്ധമായിരുന്നു അവരുടേത്. അങ്ങനെയിരിക്കെ 1949-ല്‍ ടെയ്‌ലറിന് അമേരിക്കയില്‍നിന്നു ജപ്പാനിലെ ഒക്കിനാവയിലേക്കു സ്ഥലംമാറ്റമുണ്ടായി. ആദ്യമൊക്കെ ടെയലര്‍ തന്റെ ഭാര്യയ്ക്ക് എല്ലാദിവസവും കത്തയയ്ക്കുമായിരുന്നു. ഇടയ്ക്കിടെ ചെറിയ സമ്മാനങ്ങളും അയയ്ക്കാന്‍ അയാള്‍ ഓര്‍മ്മിച്ചു.

എന്നാല്‍ കുറെക്കഴിഞ്ഞപ്പോള്‍ എഴുത്തുകളുടെ എണ്ണം കുറഞ്ഞു. പിന്നീട് ആഴ്ചകളോളം അവ ലഭിക്കാതെയായി. ഒരു ദിവസം ഈഡിത്തിനു ടെയ്‌ലറുടെ ഒരു കത്തുവന്നു. ആ കത്തില്‍ ടെയ്‌ലര്‍ ഇപ്രകാരം എഴുതിയിരുന്നു. ‘പ്രിയ ഈഡിത്, നമ്മള്‍ ഇപ്പോള്‍ പരസ്പരം വിവാഹിതരല്ല എന്നറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’

തപാല്‍വഴി നാട്ടില്‍നിന്നു വിവാഹമോചനത്തിന്റെ കടലാസുകള്‍ സംഘടിപ്പിച്ചശേഷമായിരുന്നു ടെയ്‌ലര്‍ ഇപ്രകാരം എഴുതിയത്. ഒക്കിനാവയില്‍ കണ്ടുമുട്ടിയ അയ്‌ക്കോ എന്ന ഒരു പത്തൊമ്പതുകാരിയെ വിവാഹം കഴിക്കാന്‍ പ്ലാനിടുന്നുവെന്നും ടെയ്‌ലര്‍ എഴുതിയിരുന്നു. ടെയ്‌ലറിന്റെ കത്തു കിട്ടിയപ്പോള്‍ ഈഡിത് തകര്‍ന്നുപോയി. എന്തൊരു കൊടിയ വഞ്ചന. പക്ഷെ ഈഡിത് ടെയ്‌ലറെ വെറുത്തില്ല. കാരണം അവള്‍ക്ക് ടെയ്‌ലറിനോട് അത്രയ്ക്ക് സ്‌നേഹമായിരുന്നു. മാത്രമല്ല അയ്‌ക്കോയെ ചതിക്കാതെ അവളെ വിവാഹം കഴിക്കാന്‍ ടെയ്‌ലര്‍ തീരുമാനിച്ചതിലുള്ള തന്റേടത്തെ അവള്‍ മനസാ അഭിനന്ദിക്കുകയും ചെയ്തു.

ടെയ്‌ലറും അയ്‌ക്കോയും തമ്മിലുള്ള വിവാഹം വിജയിക്കുമെന്ന് ഈഡിത് കരുതിയില്ല. കാരണം അത്രമാത്രം വ്യത്യസ്തമായിരുന്നു അവരുടെ ജീവിത പശ്ചാത്തലങ്ങള്‍. അവരുടെ പ്രായത്തിലും വലിയ അന്തരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ടെയ്‌ലര്‍ അയ്‌ക്കോയെ ഉപേക്ഷിച്ചു മടങ്ങിവരുമെന്ന് ഈഡിത് ഉറച്ചുവിശ്വസിച്ചു.

പക്ഷെ, ടെയ്‌ലര്‍ അയ്‌ക്കോയെ ഉപേക്ഷിച്ചു മടങ്ങിവന്നില്ല. 1951-ല്‍ ടെയ്‌ലറിന് ഒരു പുത്രി ജനിച്ചപ്പോള്‍ അക്കാര്യം ഈഡിത്തിനെ അയാള്‍ അറിയിച്ചു. പിന്നെ 1953-ല്‍ വീണ്ടും അവര്‍ക്കൊരു പുത്രിയുണ്ടായി. ആ വാര്‍ത്തയും ടെയ്‌ലര്‍ ഈഡിത്തിനെ അറിയിച്ചു. ഈഡിത്താകട്ടെ കുട്ടികള്‍ക്ക് ചില സമ്മാനങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു.

കുറെനാള്‍ കഴിഞ്ഞപ്പോള്‍ ഈഡിത്തിന് ടെയ്‌ലറുടെ ഒരു കത്തു ലഭിച്ചു. കാന്‍സര്‍മൂലം താന്‍ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നായിരുന്നു ആ കത്തിലെ സന്ദേശം. തനിക്കു സംഭവിക്കാനിരിക്കുന്ന മരണത്തെക്കുറിച്ചുള്ള ഭയത്തേക്കാളേറെ തന്റെ പുതിയ ഭാര്യയ്ക്കും കുട്ടികള്‍ക്കും എന്തു സംഭവിക്കുമെന്ന ചിന്തയായിരുന്നു അയാളുടെ കത്തില്‍ നിറഞ്ഞുനിന്നിരുന്നത്.

കത്തുവായിച്ച ഈഡിത്ത് കുറെനേരം ചിന്താമഗ്നയായിരുന്നു. അപ്പോള്‍, താന്‍ ചെയ്യേണ്ടതെന്തെന്നു ഈഡിത്തിനു ബോധ്യമായി. മരിക്കാന്‍ പോകുന്ന തന്റെ മുന്‍ ഭര്‍ത്താവിനെ ആശ്വാസത്തോടെ മരിക്കാന്‍ സഹായിക്കുക. ടെയ്‌ലറുടെ രണ്ടുമക്കളെയും താന്‍ വളര്‍ത്തിക്കൊള്ളാമെന്ന് ഈഡിത്ത് എഴുതി.. അതുപോലെ അയ്‌ക്കോയെ സഹായിച്ചുകൊള്ളാമെന്നും ഈഡിത്ത് വാക്കുകൊടുത്തു. ടെയ്‌ലര്‍ മരിച്ചുകഴിഞ്ഞപ്പോള്‍ അയാളുടെ രണ്ടു പുത്രിമാരെയും അമേരിക്കയിലേക്ക് കൊണ്ടുവരുവാന്‍ ഈഡിത്ത് ശ്രമിച്ചു. വളരെ കഷ്ടപ്പാടുകള്‍ക്കുശേഷം 1956-ല്‍ ആ കുട്ടികളെ അമേരിക്കയില്‍ എത്തിക്കാന്‍ സാധിച്ചു. കുട്ടികള്‍ അമേരിക്കയിലേക്ക പോയപ്പോള്‍ അയ്‌ക്കോയ്ക്ക് ഏറെ വിഷമമായി. അവളുടെ വിഷമം മനസിലാക്കിയ ഈഡിത്ത് അവളെക്കൂടി അമേരിക്കയിലെത്തിക്കാന്‍ ശ്രമം തുടങ്ങി.

അയ്‌ക്കോയ്ക്ക് വിസ കിട്ടാന്‍ വലിയ വിഷമമായിരുന്നു. അപ്പോള്‍, ഈഡിത്ത് പത്രക്കാരുടെ സഹായംതേടി. അങ്ങനെ അയ്‌ക്കോയുടെ കഥ പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ആ കഥ പത്രത്തില്‍ വന്നത് വിസകിട്ടാന്‍ ഏറെ സഹായിച്ചു. 1957-ല്‍ അയ്‌ക്കോ ജപ്പാനില്‍നിന്ന് അമേരിക്കയിലേക്ക് വന്നു. അയ്‌ക്കോ അമേരിക്കയില്‍ എത്തുമ്പോള്‍ അവളെ കാത്തുനിന്നവരുടെകൂടെ അവളുടെ കഥ പത്രത്തിലെഴുതിയ ബോബ് കണ്‍സിഡിന്‍ എന്ന പത്രപ്രവര്‍ത്തകനുമുണ്ടായിരുന്നു. ആ കഥ ബോബ് ഇപ്രകാരമാണ് പത്രത്തിലെഴുതിയത്.

വിമാനം എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ ഈഡിത്ത് ഒരുനിമിഷം ഭയപ്പെട്ടുപോയി. തന്റെ ഭര്‍ത്താവിനെ തട്ടിയെടുത്ത സ്ത്രീയാണ് വരുന്നത്. അവളെ താന്‍ വെറുത്തേക്കുമോ? വിമാനത്തില്‍ നിന്നു അവസാനം ഇറങ്ങാനായി വന്നത് അയ്‌ക്കോയായിരുന്നു. പരിഭ്രമിച്ചിരുന്ന അവള്‍ വിമാനത്തിന്റെ പടികളിറങ്ങി താഴേയ്ക്ക് വരാതെ നിന്നപ്പോള്‍ ഈഡിത്ത് അവളെ പേരുചൊല്ലി വിളിച്ചു. അപ്പോള്‍ അവള്‍ ഓടിയിറങ്ങവന്ന് ഈഡിത്തിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

‘ദൈവമേ, ഈ യുവതിയെ സ്‌നേഹിക്കാന്‍ എന്നെ സഹായിക്കണമെ.’ ഈഡിത്ത് മനസ്സില്‍ പ്രാര്‍ത്ഥിച്ചു.’എന്റെ ഭര്‍ത്താവ് മടങ്ങിവരണമെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്നാല്‍ അദ്ദേഹം വന്നില്ല. അദ്ദേഹത്തിനു പകരം അദ്ദേഹം സ്‌നേഹിച്ച മൂന്നുപേര്‍ വന്നു. ദൈവമേ, ഇക്കാര്യം മനസ്സിലാക്കാന്‍ എന്നെ സഹായിക്കണമേ.’

‘പോസിറ്റീവ് ഇമേജിംങ്’ എന്ന പുസ്തകത്തില്‍ നോര്‍മന്‍ വിന്‍സെന്റ് പീല്‍ എന്ന പ്രചോദാത്മക ഗ്രന്ഥകാരന്‍ പറയുന്ന സംഭവകഥയാണിത്. ഈഡിത്തും അയ്‌ക്കോയും ഒരുമിച്ചു താമസിച്ചാണ് അയ്‌ക്കോയുടെയും ടെയ്‌ലറിന്റെയും പുത്രിമാരെ വളര്‍ത്തിയതെന്ന് പീല്‍ പറയുന്നു.

ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചിട്ടും അയാളെ സ്‌നേഹിച്ച ഭാര്യ! വെറുപ്പിനും വിദ്വേഷത്തിനും പകരം സ്‌നേഹവും അനുകമ്പയും കാഴ്ചവച്ച ഒരു സ്ത്രീ. അതാണ് ഈഡിത്ത്. തന്നെ ഉപേക്ഷിച്ച ഭര്‍ത്താവിനെ വെറുക്കാനും അയാളോട് പ്രതികാരം ചെയ്യാനും ഈഡിത്തിന് മതിയായ കാരണങ്ങളുണ്ടായിരുന്നു.

എന്നാല്‍, താന്‍ സ്‌നേഹിച്ചവനോട് ഈഡിത് എല്ലാ കുറ്റങ്ങളും ക്ഷമിച്ചു. മാത്രമല്ല, ആ മനുഷ്യന് ഒരു ദുരന്തം നേരിട്ടപ്പോള്‍ അദ്ദേഹത്തെ ഉള്ളഴിഞ്ഞ് അവള്‍ സാഹായിച്ചു. അത്രമാത്രം സുദൃഢമായിരുന്നു ഈഡിത്തിന്റെ സ്‌നേഹം.

നിസ്സാര കാരണങ്ങളുടെ പേരില്‍ അസ്തമിച്ചുപോകുന്ന സ്‌നേഹമാണോ നമ്മുടേത്? ഈഡിത്തില്‍ നിന്നു നാം ഒട്ടേറെ പഠിക്കേണ്ടതുണ്ട.

പലപ്പോഴും നിസ്സാര കാരണങ്ങളുടെ പേരിലല്ലേ നമ്മുടെ കുടുംബങ്ങളിലെ സ്‌നേഹബന്ധങ്ങള്‍ തകരുന്നത്? നമ്മുടെ സ്‌നേഹബന്ധങ്ങള്‍ പെട്ടെന്നു തകരുന്നുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥമെന്താണ്? നമുക്ക് യഥാര്‍ത്ഥ സ്‌നേഹമില്ലെന്നല്ലേ?

നമ്മുടെ സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ നമുക്കെപ്പോഴും ശ്രമിക്കാം. നമ്മുടെ സ്‌നേഹബന്ധങ്ങള്‍ തകരാനോ തകര്‍ക്കാനോ ഒരുകാരണവും മതിയാവില്ലെന്ന് നമുക്ക് ഉറപ്പുവരുത്തുകയും ചെയ്യാം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles