മരണത്തിനു ലഭിച്ച പുതിയ മുഖം

ഹോളിവുഡ്ഡിലെ ഏറ്റവും പ്രസിദ്ധരായ സംവിധായകരിലൊരാളാണു സെസില്‍ ഡിമില്‍ (1881-1959). നൂറിലേറെ നിശബ്ദ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം ശബ്ദചിത്രങ്ങളുടെ ആവിര്‍ഭാവത്തോടെ ആ രംഗത്ത് ഏറെ പ്രസിദ്ധനായി മാറി.

ഡിമില്‍ സംവിധാനം ചെയ്തിട്ടുള്ള പ്രസിദ്ധമായ രണ്ടു ശബ്ദ ചിത്രങ്ങളാണ് ‘ദ ടെന്‍ കമാന്‍ഡ്‌മെന്റ്‌സ്’ (1923), ‘കിംഗ് ഓഫ് കിംഗ്‌സ്’ (1927) എന്നിവ. ഈ രണ്ടു ചിത്രങ്ങളില്‍ ഒന്നാമത്തേതായ ‘പത്തു കല്പനകള്‍’ 1956-ല്‍ സമ്പൂര്‍ണ കളറില്‍ അദ്ദേഹം പുനഃസംവിധാനം ചെയ്തു നിര്‍മിക്കുകയുണ്ടായി. മോശയുടെ റോളില്‍ ചാര്‍ട്ടണ്‍ ഹെസ്റ്റണ്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഡിമിലിന്റെ ഏറ്റവും നല്ല ചിത്രമായി അറിയപ്പെടുന്നു. ഏറ്റവും നല്ല ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡും ഏറ്റവും നല്ല സംവിധായകനുള്ള ഓസ്‌കര്‍ നോമിനേഷനും ഈ ചിത്രം നേടുകയുണ്ടായി.
ദൈവപുത്രനായ യേശുവിന്റെ ജീവിതകഥയെ ആധാരമാക്കി ഡിമില്‍ നിര്‍മിച്ച ‘കിംഗ് ഓഫ് കിംഗ്‌സ്’ ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള ഒരു ചിത്രമായി കണക്കാക്കപ്പെടുന്നു. യേശുവിന്റെ കഥയെ ആധാരമാക്കിത്തന്നെ ‘കിംഗ് ഓഫ് കിംഗ്‌സ്’ എന്ന പേരില്‍ 1961-ല്‍ ഒരു കളര്‍ ചിത്രം പുറത്തിറങ്ങുകയുണ്ടായി. ജംഫ്‌റി ഹണ്‍ടര്‍ തിരക്കഥ എഴുതി നിക്കോളാസ് റേ സംവിധാനം ചെയ്ത ഈ ഹോളിവുഡ് ചിത്രവും വന്‍വിജയമായിരുന്നു.

ഡിമില്‍ നിര്‍മിച്ചിരിക്കുന്ന ‘കിംഗ് ഓഫ് കിംഗ്‌സ്’ എന്ന ചിത്രത്തില്‍ യേശുവിന്റെ റോള്‍ അവതരിപ്പിച്ചിരിക്കുന്നത് എച്ച്.ബി. വാര്‍ണര്‍ എന്ന നടനാണ്. ദൈവപുത്രനായ യേശുവിനെ അവിടുത്തെ സകല വ്യക്തി സവിശേഷതകളോടും കൂടി അവതരിപ്പിക്കുന്നതില്‍ ഈ ചിത്രം വിജയിച്ചതായിട്ടാണ് വിദഗ്ധാഭിപ്രായം.

ഡിമിലിന്റെ ഈ ചിത്രം പുറത്തിറങ്ങിയപ്പോള്‍ വില്‍ റോജേഴ്‌സ് എന്ന ഏഴുത്തുകാരന്‍ ഡിമിലിനോടു പറഞ്ഞു: ‘ഈ ചിത്രത്തിനേക്കാള്‍ മാഹാത്മ്യമുള്ള ഒരു ചിത്രം നിങ്ങള്‍ക്കിനി നിര്‍മ്മിക്കാനാവില്ല. കാരണം, യേശുവിലും വലിയ ഒരു കഥാപാത്രത്തെ ഇനി നിങ്ങള്‍ക്കു കണ്ടെത്താനാവില്ല.’ ഡിമില്‍ ‘കിംഗ് ഓഫ് കിംഗ്‌സ്’ നിര്‍മ്മിച്ചപ്പോള്‍ അദ്ദേഹത്തെ ആളുകള്‍ അഭിനന്ദനങ്ങള്‍കൊണ്ടു മൂടുകയുണ്ടായി. പതിനായിരക്കണക്കിനു കത്തുകളാണ് ഈ ചി്ത്രം പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തിനു ലഭിച്ചത്. അവയിലൊന്നു മരണാസന്നയായ ഒരു സ്ത്രീയുടേതായിരുന്നു. നേഴ്‌സുമാരുടെ സഹായത്തോടെ ഒരു വീല്‍ച്ചെയറിലിരുന്നാണ് ഈ സ്ത്രീ തീയേറ്ററില്‍ ‘കിംഗ് ഓഫ് കിംഗ്‌സ്’ കണ്ടത്.

അതിനുശേഷം ഈ സ്ത്രീ ഡിമിലിന് ഏഴുതി: ‘നന്ദി, കിംഗ് ഓഫ് കിംഗ്‌സ് നിര്‍മിച്ചതിന് ഏറെ നന്ദി. എനിക്കു സംഭവിക്കുവാന്‍ പോകുന്ന മരണം ഒരു വലിയ ദുരന്തമായിട്ടായിരുന്നു ഞാന്‍ ഇതുവരെയും കണ്ടത്. എന്നാല്‍, ഈ ചിത്രം കണ്ടപ്പോള്‍, മരണം സന്തോഷപൂര്‍വം കാത്തിരിക്കേണ്ട വലിയൊരു സംഭവമായി എനിക്കു മാറി.’

കിംഗ് ഓഫ് കിംഗ്‌സിലൂടെ അവതരിപ്പിക്കപ്പെട്ട യേശുവിന്റെ സന്ദേശവും അവിടുത്തെ പിഡാസഹനവും ഉത്ഥാനവുമാണ് മരണത്തെക്കുറിച്ചുള്ള ഈ സ്ത്രീയുടെ വീക്ഷണത്തിനു മാറ്റം വരുത്തിയത്. യേശുവിന്റെ ഉത്ഥാനം തന്റേതന്നെ ഉത്ഥാനത്തിന്റെ അച്ചാരമായി കാണുവാന്‍ ഈ സ്ത്രീക്കു സാധിച്ചു. അതുകൊണ്ടാണു മരണത്തെ സന്തോഷപൂര്‍വം കാത്തിരിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞത്.

യേശുവിന്റെ ഉത്ഥാനം ഈ സ്ത്രീക്കു മാത്രമല്ല പ്രതീക്ഷയും നവജീവനും പ്രദാനം ചെയ്തത്. യേശുവില്‍ വിശ്വസിക്കുന്ന സകലര്‍ക്കും അവിടുത്തെ ഉത്ഥാനം തങ്ങളുടെതന്നെ ഉത്ഥാനത്തിനും സ്വര്‍ഗീയ ജീവിതത്തിനും പ്രതീക്ഷയും ഉറപ്പും നല്‍കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ദൈവപുത്രനായ യേശു മനുഷ്യനായി അവതരിച്ചതു പാപത്തിലാണ്ടുപോയ മനുഷ്യവംശത്തെ രക്ഷിച്ച് എല്ലാവര്‍ക്കും നവജീവനും സ്വര്‍ഗീയ ജീവിതവും നല്‍കുവാനായിരുന്നു.

അവിടുന്നു പീഡകള്‍ സഹിച്ചതും മരിച്ചതും നമ്മുടെ പാപപരിഹാരത്തിന് ആയിരുന്നുവെങ്കില്‍ അവിടുന്ന് ഉത്ഥാനം ചെയ്തതു നമ്മെ ഓരോരുത്തരെയും സ്വര്‍ഗീയ ജീവിതത്തിന് അര്‍ഹരാക്കുവാനായിരുന്നു. അപ്പസ്‌തോലനായ സെന്റ് പോള്‍ എഴുതിയിട്ടുള്ളതുപൊലെ, യേശുവിന്റെ ഉത്ഥാനം നമ്മുടെ ഉത്ഥാനത്തിന്റെ അച്ചാരമാണ്.

എന്നാല്‍, സെന്റ് പോള്‍ തന്നെ നമ്മെ അനുസ്മരിപ്പിക്കുന്നതുപോലെ, യേശുവിനോടുകൂടി, പാപത്തിനു മരിച്ച് ദൈവത്തിനായി ജീവിച്ചാല്‍ മാത്രമേ അവിടുത്തെ പുനരുത്ഥാനത്തില്‍ നമുക്കു പങ്കു പറ്റാനാകൂ. അതായത്, പാപപങ്കിലമായ ജീവിതം ഉപേക്ഷിച്ചു ദൈവത്തിന്റെ കല്പനകളനുസരിച്ചു ജീവിക്കണമെന്നു സാരം.

ദൈവത്തിന്റെ തീരുമാനമനുസരിച്ച് ജീവിക്കുന്നവര്‍ക്ക് യേശുവിന്റെ ഉത്ഥാനം മഹത്വമേറിയ മരണാനന്തരജീവിതത്തിലേക്കു വാതില്‍ തുറന്നുകൊടുക്കുന്നു. ഈ സത്യമാണ് യേശുവിന്റെ ഉത്ഥാനം ആഘോഷപൂര്‍വം കൊണ്ടാടുവാന്‍ ലോകമെമ്പാടും വിശ്വാസികളെ പ്രേരിപ്പിക്കുന്നത്.

‘പുനരുത്ഥാനവും ജീവനും ഞാനാകുന്നു. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും’ എന്ന യേശുവിന്റെ വചനം മനുഷ്യവംശത്തിനു നല്‍കുന്ന പ്രത്യാശ എത്രയോ വിശിഷ്ടമാണ്! പുനരുത്ഥാനത്തെക്കുറിച്ചും മരണാനന്തര സ്വര്‍ഗീയ ജീവിതത്തെക്കുറിച്ചും പ്രതീക്ഷയില്ലാത്ത ഒരു ജീവിതം വിഭാവനം ചെയ്തു നോക്കൂ. അങ്ങനെയൊരു സാഹചര്യത്തില്‍ മരണത്തെ തീര്‍ച്ചയായും വലിയൊരു ദുരന്തമായി മാത്രമേ നമുക്കു കാണാനാവു. മുകളില്‍ കൊടുത്തിരിക്കുന്ന കഥയിലെ സ്ത്രീയുടെ സ്ഥിതി അതായിരുന്നു. എന്നാല്‍, പുനരുത്ഥാനത്തെക്കുറിച്ചുള്ള യേശുവിന്റെ സന്ദേശവും അവിടുത്തെ ഉത്ഥാനത്തെക്കുറിച്ചുള്ള വസ്തുതയും മനസ്സിലാക്കിയപ്പോള്‍ ആ സ്ത്രീയുടെ വീക്ഷണം തന്നെ മാറി.

യേശുവില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ഉണ്ടാകുന്ന അനുഭവമാണിത്. യേശുവിന്റെ ഉത്ഥാനം അവിടുന്നില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും പുതിയൊരു വീക്ഷണവും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ഉറപ്പായ പ്രത്യാശയും നല്‍കുന്നു.

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles