അവരുടെ മാലാഖമാര്‍

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~

 

‘ഉണരൂ, ഡോറതി,’ ഗാഢനിദ്രയിലായിരുന്ന ഭാര്യയെ കുലുക്കി വിളിച്ചുകൊണ്ടു ഫോറസ്റ്റ് റൈറ്റ് പറഞ്ഞു: ‘വീടിനു തീപിടിച്ചു! എല്ലായിടത്തും പുകയാണ്!’

കണ്ണുതുറന്ന ഡോറതി പുകമൂലം ചുമയ്ക്കുവാന്‍ തുടങ്ങി. ‘വേഗം മക്കളെ വിളിച്ചുണര്‍ത്തൂ.’ അവള്‍ ഭര്‍ത്താവിനു നിര്‍ദ്ദേശം നല്‍കി. ഫോറസ്റ്റ് മക്കളുടെ മുറികളിലേക്കു പാഞ്ഞപ്പോള്‍ ഡോറതി ഫോണ്‍ കൈയിലെടുത്തു. പക്ഷെ, വീടിനു തീ പിടിച്ചതുമൂലം ഫോണ്‍ നിശബ്ദമായിക്കഴിഞ്ഞിരുന്നു.

‘ദൈവമേ, സഹായിക്കണേ,’ കൈയിലിരുന്ന ഫോണ്‍ തറയിലേക്കിട്ടിട്ട് ഡോറതിയും മക്കളുടെ മുറികളിലേക്കു പാഞ്ഞു. പതിനാറു വയസിനും മൂന്നുവയസിനുമിടയിലുള്ള പതിനൊന്നു മക്കളാണ് അവര്‍ക്കുണ്ടായിരുന്നത്. ഫോറസ്റ്റും ഡോറതിയും കൂടി മക്കളെ വേഗം വീടിനു പുറത്തിറക്കി. പക്ഷേ, എണ്ണിനോക്കിയപ്പോള്‍ ഒരാളുടെ കുറവ്. ഫോറസ്റ്റ് വേഗം അഗ്നിക്കിടയിലൂടെ വീടിന്റെ രണ്ടാം നിലയിലേക്കോടി. അഞ്ചുവയസ്സുകാരനായ കെര്‍ട്ടിസ് അപ്പോള്‍ ബെഡ്ഡിനടിയില്‍ ഭയന്നു വിറച്ചിരിക്കുകയായിരുന്നു.

ഫോറസ്റ്റിന്റെ ശബ്തം കേട്ടപ്പോള്‍ കെര്‍ട്ടിസ് വേഗം പുറത്തുവന്നു. അവനെ കൈയിലെടുത്തുകൊണ്ട് ഗോവണിയിറങ്ങുമ്പോള്‍ ഫോറസ്റ്റ് വീണു കാലുളുക്കി. എങ്കിലും ജീവനോടെ രണ്ടുപേര്‍ക്കും രക്ഷപ്പെടുവാന്‍ സാധിച്ചു. നിമിഷങ്ങള്‍ക്കകം റൈറ്റ് കുടുംബത്തിന്റെ വീടും അതിലുണ്ടായിരുന്ന സകല സമ്പാദ്യവും കത്തിച്ചാമ്പലായി മാറി. ‘ദൈവമേ, ഞങ്ങളുടെ ജീവന്‍ രക്ഷിച്ചതിനു നന്ദി.’ ആ ചാമ്പല്‍ക്കൂനയുടെ മുമ്പില്‍നിന്നുകൊണ്ട് ഡോറതി ഉള്ളില്‍ പറഞ്ഞു.

അന്നുരാത്രി അവര്‍ അയല്‍വാസികളോടൊപ്പം ചെലവഴിച്ചു. പിറ്റേദിവസം മുതല്‍ പതിമുന്നംഗങ്ങളുള്ള കുടുംബത്തിനുവേണ്ടി അവര്‍ താമസസ്ഥലം തിരയുവാന്‍ തുടങ്ങി. അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള ന്യൂമില്‍ഫര്‍ഡ് എന്ന പട്ടണത്തിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. ടൗണ്‍ ഭാരവാഹികളുടെ സഹായത്തോടെ അവര്‍ക്കു തത്കാലത്തേക്കു താമസിക്കുവാന്‍ ഒരു സ്ഥലം കിട്ടി. വീടില്ലാതെ അലഞ്ഞുതിരിയുന്നവര്‍ക്കുള്ള ഒരു ഷെല്‍ട്ടറായിരുന്നു അത്. തന്മൂലം അവിടുത്തെ താമസം അത്ര സുഖകരമായിരുന്നില്ല.

എങ്കിലും അവരെ സഹായിക്കുവാന്‍ അയല്‍ക്കാരും നാട്ടുകാരുമൊക്കെ ഉത്സാഹിക്കുന്നുണ്ടായിരുന്നു. അവര്‍ ഷെല്‍ട്ടറില്‍ താമസിച്ചിരുന്ന എല്ലാദിവസവും അടുത്തുണ്ടായിരുന്ന അല്‍ഫ്രേഡോ എന്ന റെസ്‌റ്റൊറന്റിന്റെ ഉടമയായ ലിസ അവര്‍ക്ക് ഒരുനേരം സമൃദ്ധമായ ഭക്ഷണം എത്തിച്ചുകൊടുത്തു. വസ്ത്രവും മറ്റ് അവശ്യസാധനങ്ങളുമൊക്കെ അയര്‍ക്കാര്‍ വാങ്ങിക്കൊടുത്തു. കുട്ടികളുടെ പഠനം സഗമമായി മുന്നോട്ടു നടക്കാന്‍ വേണ്ടി അവരുടെ സ്‌കൂളിലെ അധ്യാപകരും സഹപാഠികളും ഫണ്ട് സമാഹരിച്ചു. മില്‍ഫര്‍ഡ് എന്ന ടൗണ്‍ അവരെ ദത്തെടുത്തതുപോലെയായിരുന്നു കാര്യങ്ങള്‍ നീങ്ങിയത്.

അതിനിടയില്‍ റൈറ്റ് കുടുംബത്തിലെ അംഗമായ വിന്നി എന്ന ഏഴുവയസ്സുകാരനെ കാണുവാന്‍ അവന്റെ സഹപാഠഇയും കൂട്ടുകാരനുമായ മൈക്കിള്‍ തന്റെ മാതാപിതാക്കളൊടൊപ്പമെത്തി. വിന്നിയെ കണ്ടപ്പോള്‍ മൈക്കിള്‍ കെട്ടിപ്പിടിച്ചു കരഞ്ഞു. അതിനു ശേഷം മൈക്കിള്‍ തന്റെ മാതാപിതാക്കളോടു ചോദിച്ചു: ‘വിന്നിയെ നമ്മുടെ വീട്ടില്‍ താമസിപ്പിക്കാമോ?’

മൈക്കിളിന്റെ സ്‌നേഹവും അനുകമ്പയും കണ്ടപ്പോള്‍ അവന്റെ മാതാപിതാക്കളുടെ മനസ്സലിഞ്ഞു. വിന്നിയെ അന്ന് അവര്‍ വീട്ടില്‍ക്കൊണ്ടുപോയില്ല. എന്നാല്‍, വിന്നിയെയും അവന്റെ എല്ലാ സഹോദരങ്ങളെയും വാനാന്തം തങ്ങളോടൊപ്പം ചെലവഴിക്കാന്‍ അവര്‍ ക്ഷണിച്ചു. റൈറ്റ് കുടുംബങ്ങള്‍ക്ക് ഏറെ സന്തോഷം നല്കിയ അനുഭവമായിരുന്നു ഇത്. പിന്നീടുള്ള വാരാന്തങ്ങളിലും മൈക്കിളിന്റെ മാതാപിതാക്കള്‍ ഈ പതിവു തുടര്‍ന്നു.

ഒരു ദിവസം മൈക്കിളിന്റെ മാതാപിതാക്കളായ നിക്കും പോളീനും ഫോറസ്റ്റിനെയും ഡോറതിയെയും സന്ദര്‍ശിച്ചു പറഞ്ഞു: ‘ഞങ്ങള്‍ നിങ്ങള്‍ക്കായി ഒരു വീടുവാങ്ങി വാടകയ്ക്കു തരികയാണ്. നാലു വര്‍ഷം കഴിയുമ്പോള്‍ നിങ്ങള്‍ക്കതു സ്വന്തമാക്കാം. നിങ്ങള്‍ ഞങ്ങളുടെ അയല്‍പ്പക്കത്തുണ്ടാകണമെന്നു ഞങ്ങള്‍ക്കാഗ്രഹമുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ ഇതു ചെയ്യുന്നത്.’

ഫോറസ്റ്റിനും ഡോറതിക്കും തങ്ങളുടെ കാതുകളെ വിശ്വസിക്കാനായില്ല. അധികം താമസിയാതെ അവര്‍ ആ പുതിയ ഭവനത്തിലേക്കു താമസം മാറ്റുമ്പോള്‍ ആ പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും അവരുടെ സന്തോഷത്തില്‍ പങ്കുപറ്റാന്‍ എത്തിയിരുന്നു. ‘എയ്ഞ്ചല്‍സ് ഓള്‍ എറൗണ്ട്’ എന്ന പേരില്‍ പട്രീഷ്യ ലോറന്‍സ് ‘വുമണ്‍സ് വേള്‍ഡ്’ എന്ന മാസികയില്‍ ആദ്യം പ്രസിദ്ധീകരിച്ച ഒരു സംഭവകഥയാണിത്.

ഒരു കുടുംബത്തിന് അത്യാഹിതം സംഭവിച്ചപ്പോള്‍ അയല്‍ക്കാരും സുഹൃത്തുക്കളുമെല്ലാം ഓടിക്കൂടി സഹായിക്കുന്ന ഒരനുഭവം. വെറുതെയല്ല, ‘മാലാഖമാര്‍ ചുറ്റിലും’എന്ന അര്‍ത്ഥം വരുന്ന തലക്കെട്ട് ഈ സംഭവകഥയ്ക്ക് അതിന്റെ പ്രസാധകര്‍ നല്‍കിയത്.

നമ്മുടെയിടയില്‍ ഇതുപോലെയോ ഇതിനു തുല്യമായോ ഒരു അത്യാഹിതം സംഭവിച്ചാല്‍ ആ അത്യാഹിതത്തിന് ഇരയായവരെ സഹായിക്കുവാന്‍ നാം ഓടിക്കൂടുമോ? അങ്ങനെ നാം ചെയ്യുന്നുണ്ടെങ്കില്‍ അത്യാഹിതിങ്ങള്‍ക്കിരയാകുന്നവര്‍ക്കു നാമും ശരിക്കും മാലാഖമാര്‍ തന്നെ.

എന്നാല്‍, മാലാഖമാരെപ്പോലെ മറ്റുള്ളവരുടെ സഹായത്തിന് ഓടിയെത്തുന്നവര്‍ നമ്മുടെയിടയില്‍ കുറവല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്ന. കാരണം, നമ്മുടെ സമ്പന്നതയുടെയും സമൃദ്ധിയുടെയുമിടയില്‍ എത്രയെത്ര സാമ്പത്തികേ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെയാണ് നാം കാണുക?

അയല്‍പ്പക്കത്തുള്ളവര്‍ മനസുവച്ചാല്‍ ഒരു പരിധിവരെ തീര്‍ക്കാവുന്നതാണ് അവരുടെ പല ബുദ്ധിമുട്ടുകളും. എന്നാല്‍, നാം വസിക്കുന്ന കൊട്ടാരതുല്യമായ ഭവനത്തിനരികില്‍ ഒരു ചെറ്റപ്പുരകണ്ടാല്‍ അതു മെച്ചമാക്കിക്കൊടുക്കാനുള്ള മനസ് നാം കാണിക്കുമോ? സംശയമുണ്ട്.

മറ്റുള്ളവരുടെ സുഖവും സന്തോഷവും ഉറപ്പുവരുത്തുമ്പോഴാണ് നമ്മുടെ സുഖവും സന്തോഷവും പൂര്‍ണമാകുന്നത് എന്ന അറിവും അവബോധവും നമുക്കുണ്ടാകട്ടെ. അങ്ങനെ സംഭവിക്കുമ്പോള്‍ നമ്മുടെയിടയിലെ മാലാഖമാരുടെ എണ്ണം സ്വാഭാവികമായും ഉയരും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles