വൈദികരുടെ പാപപരിഹാരത്തിനായി ബ്രെയിന്‍ ട്യൂമര്‍ ഏറ്റു വാങ്ങിയ വൈദികന്‍
ഇന്‍ഡ്യാനപോളിസ്: സഹനങ്ങള്‍ ഏറ്റെടുത്ത് പ്രാര്‍ത്ഥിക്കുന്ന വിശുദ്ധരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. മറ്റുള്ളവരുടെ പാപങ്ങള്‍ക്ക് പരിഹാരമായും മറ്റുള്ളവരുടെ സൗഖ്യത്തിന് വേണ്ടിയും സ്വയം കഷ്ടതകള്‍ ഏറ്റെടുത്തു പ്രാര്‍ത്ഥിക്കുന്നവര്‍. ഇവിടെ ഇതാ ഒരു വൈദികന്‍. വൈദികരാല്‍ സംഭവിക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കും വൈദികരുടെ പാപങ്ങള്‍ക്കും പരിഹാരമായി, തനിക്ക് വന്നു ഭവിച്ച് ബ്രെയിന്‍ ട്യൂമറിനെ ദൈവതൃക്കരങ്ങളില്‍ നിന്ന് സ്വീകരിച്ച ഇന്‍ഡ്യാനപോളിസൂ കാരന്‍ ഫാ. ജോണ്‍ ഹോളൊവെല്‍.
ഇന്‍ഡ്യാനപോളിസ് അതിരൂപതയിലെ വൈദികനായ ഫാ. ഹോളോവെല്‍ മയോ ക്ലിനിക്കില്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന് സ്‌ട്രോക്ക് വന്നതാണെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം കരുതിയത്. എന്നാല്‍ രോഗനിര്‍ണയം വന്നപ്പോള്‍ അദ്ദേഹത്തിന് മാരകമായ ബ്രെയിന്‍ ട്യൂമറാണ്!
2018 ല്‍ വൈദികരുടെ പാപങ്ങള്‍ സഭയ്ക്ക് ആകമാനം ദുര്‍മാതൃകയായി മാറിയപ്പോള്‍ അത് തന്നെ വല്ലാതെ ഉലച്ചിരുന്നു എന്ന് ഓണ്‍ ദ റോക്ക് എന്ന് പേരിട്ടിരിക്കുന്ന തന്റെ ബ്ലോഗില്‍ ഫാ. ഹോളോവെല്‍ എഴുതി. വൈദികപാപങ്ങള്‍ക്ക് ഇരയായവര്‍ക്കായി തന്നെ കൊണ്ട് എന്തെങ്കിലും സഹനം, ഒരു കുരിശ് ഏറ്റെക്കാന്‍ കഴിയുമെങ്കില്‍ അത് തരേണമെന്ന് അദ്ദേഹം ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നു. പൂര്‍ണമനസ്സോടെ ആ കുരിശ് താന്‍ ഏറ്റെടുക്കും എന്ന് അദ്ദേഹം ദൈവത്തിന് വാക്ക് കൊടുത്തിരുന്നു. ഈ ബ്രെയിന്‍ ട്യൂമര്‍ ദൈവം നല്‍കിയ ഉത്തരമായി സ്വീകരിച്ച് പൂര്‍ണമനസ്സോടെ രോഗം ഏറ്റെടുത്തിരിക്കുകയാണ് ഫാ. ഹോളോവെല്‍.
2009 ലാണ് ഫാ. ഹോളോവെല്‍ പൗരോഹിത്യം സ്വീകരിച്ചത്. ഗ്രീന്‍ കാസിലിലെ സെന്റ് പോള്‍ ഇടവകയിലും ഇന്‍ഡ്യാനയിലെ മംഗളാവര്‍ത്താ ഇടവകയിലും ഒരേസമയം സേവനം ചെയ്യുകയാണ് അദ്ദേഹം ഇപ്പോള്‍.
റേഡിയേഷനും കീമോതെറാപ്പിയും ആരംഭിക്കാന്‍ ഒരുങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ഓരോ സഹനവും ക്രിസ്തുവിന്റെ കുരിശോട് ചേരും. അനേകര്‍ക്ക് സൗഖ്യവും സാന്ത്വനവും ആയി മാറും.