പറമ്പിൽ കെട്ടണം കുഞ്ഞുങ്ങളെ…!

കുറച്ചുനാളുകൾക്കു മുമ്പ്
ഒരു ചങ്ങാതിയുടെ വീട്ടിൽ ചെല്ലാനിടയായി.
സംസാരത്തിന്നിടയിൽ അവരുടെ മക്കളോട് വിശേഷങ്ങൾ ചോദിച്ചു.
“അമ്മ നന്നായ് ഭക്ഷണം വച്ചുതരുമോ?”
ഇളയവൻ പറഞ്ഞു:
“അമ്മ നല്ല അടിപൊളിയായ് ഭക്ഷണം വയ്ക്കും. എന്നാൽ ഈയിടെയായി ഞങ്ങളെ
പറമ്പിൽ കൊണ്ടുപോയി കെട്ടാറാണ് പതിവ്!”
അവൻ പറഞ്ഞത് എനിക്ക് മനസിലായില്ലെന്നറിഞ്ഞപ്പോൾ
അവരുടെ അമ്മ തന്നെ അത് വിശദീകരിച്ചു:
“അച്ചാ, രണ്ടാൾക്കും ഇറച്ചിയോ
മുട്ടയോ ഇല്ലാതെ ഭക്ഷണം ഇറങ്ങില്ല.
പച്ചക്കറി ഒട്ടും ഇഷ്ടവുമല്ല.
നമ്മളൊക്കെ കുഞ്ഞുനാളിൽ എന്തെല്ലാം പച്ചക്കറികൾ തിന്ന് വളർന്നതാണ്?
ഈയിടെ ഇവർക്ക് അസുഖം വന്നപ്പോൾ ഡോക്ടർ പറഞ്ഞത് പച്ചക്കറികൾ ധാരാളം കഴിക്കണമെന്നാണ്.
അതുകൊണ്ട് ചില ദിവസങ്ങളിൽ
ചീരയും ചേമ്പും പയറുമെല്ലാം
കറി വയ്ക്കുമ്പോൾ ഇവർ എന്നെ പരിഹസിക്കും;
‘ഇതിലും ഭേദം ഞങ്ങളെ പറമ്പിൽ കെട്ടുന്നതാണ് നല്ലത് ‘
എന്നാണ് അവർ അപ്പോൾ പറയുക.”
അവൾ പറഞ്ഞു തീർന്നപ്പോൾ
മക്കളിരുവരും ചിരിച്ചു. കൂടെ ഞാനും.
മത്സ്യ മാംസങ്ങളോടൊപ്പം പച്ചക്കറികളും ശീലമാക്കണമെന്ന് ഞാനവരോട് പറഞ്ഞു.
മടക്കയാത്രയിൽ ഞാൻ ചിന്തിച്ചത്‌
നമ്മുടെ ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങളെക്കുറിച്ചാണ്.
ഇന്ന് പലർക്കും പ്രകൃതി വിഭവങ്ങളോട് ഒട്ടും താത്പര്യമില്ല. ചക്ക, മാങ്ങ, കാച്ചിൽ, ചേമ്പ് എന്നിവ ഇഷ്ടമുള്ള മക്കൾ നമ്മുടെ കുടുംബങ്ങളിൽ കുറഞ്ഞു വരികയല്ലെ? അതിന് പകരമായി നൂഡിൽസ്, ബർഗർ, ജങ്ക് ഫുഡുകൾ എന്നിവയാണ് പലർക്കും ഇഷ്ടം.
പണ്ടൊക്കെ വല്ലപ്പോഴും വാങ്ങിയിരുന്ന ഇറച്ചിയും മീനുമെല്ലാം ഇന്ന് മിക്കവാറും ദിവസങ്ങളിൽ നമ്മൾ പാകം ചെയ്യുമ്പോഴും പച്ചക്കറിയോടുള്ള താത്പര്യം നന്നേ കുറഞ്ഞെന്നതും വാസ്തവമല്ലെ?
പല വീട്ടമ്മമാർക്കും താത്പര്യം ഇറച്ചിയോ, മീനോ കുക്ക് ചെയ്യാനാണ്. അതാവുമ്പോൾ പണിയെളുപ്പമാണ്. കൂടുതൽ ഉണ്ടാക്കി വച്ചാലും കുഴപ്പമില്ല. എന്നാൽ പച്ചക്കറിയുടെ കാര്യം അങ്ങനെയല്ലല്ലോ?
ഭക്ഷണത്തിൻ്റെ രുചിയെ ചൊല്ലിയുള്ള വഴക്കുകൾ ഇപ്പോഴും നമ്മുടെ ഭവനങ്ങളിൽ നിർലോഭം നടക്കുന്നുമുണ്ട്.
ഇന്നത്തെ പല ജീവിതശൈലീ രോഗങ്ങളും നമ്മുടെ ഭക്ഷണ രീതികളുമായി ബന്ധപ്പെട്ടതാണെന്ന് ആർക്കാണറിയാത്തത്?
ഭക്ഷണത്തോടുള്ള അമിതമായ താത്പര്യവും ചിന്തയും നമ്മുടെ ആദ്ധ്യാത്മികതയെയും പെരുമാറ്റത്തെയും ബാധിക്കും.
അത് നമ്മളെ കൂടുതൽ സ്വാർത്ഥരാക്കും. മറ്റുള്ളവരിലേക്ക് അനുകമ്പയോടെ നോക്കാനുള്ള കാഴ്ചയും നമുക്ക് നഷ്ടമാകും.
അതിന് പറ്റിയ ഉദാഹരണങ്ങൾ സുവിശേഷത്തിൽ ഉണ്ട്.
ഒന്നാമത്തേത് ലാസറിനെ പരിഗണിക്കാത്ത ധനവാൻ്റെ കഥ. കൺമുമ്പിൽ കിടക്കുന്ന ദരിദ്രനെ മാനിക്കാതെ ധനവാൻ സുഭിക്ഷമായി ഭക്ഷിച്ച് ജീവിച്ചു (Ref ലൂക്ക 16:19-31).
രണ്ടാമത്തേത് ഭോഷനായ ധനികനാണ്.
അയാൾ സ്വയം പറഞ്ഞത്:
“അനേകവര്ഷത്തേക്കു വേണ്ട വിഭവങ്ങള് നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു.
വിശ്രമിക്കുക, തിന്നുകുടിച്ച്‌ ആനന്‌ദിക്കുക”
(ലൂക്കാ12 :19).
നമ്മൾ ആരും മുകളിൽ സൂചിപ്പിച്ചവരെപ്പോലെ
അല്ലായിരിക്കാം. എങ്കിലും ചില മിതത്വവും ആശയടക്കവും പാലിച്ചില്ലെങ്കിൽ
ആത്മാവ് നഷ്ടമാകുന്ന തകർച്ചയിലേക്ക് കൂപ്പുകുത്താൻ സാധ്യതയുണ്ടെന്ന
കാര്യം കൂടി ഓർക്കണം.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles