പിന്നെയും പിന്നെയും ക്ഷമിക്കുന്നത്…

ഒരു സന്യാസ ആശ്രമത്തിൽ
ജോലി ചെയ്യുന്ന യുവാവിനെക്കുറിച്ച് പരാതിയുമായ് എത്തിയത്
അയാളുടെ ഭാര്യയാണ്.
“അച്ചാ,
എൻ്റെ ജീവിത പങ്കാളിക്ക്
മറ്റൊരു സ്ത്രീയുമായ് ബന്ധമുണ്ട്
എന്നത് എൻ്റെ ബലമായ സംശയമാണ്.
വിവാഹം കഴിഞ്ഞ് ഏഴു വർഷമായി.
എത്ര ഗുണദോഷിച്ചിട്ടും കലഹിച്ചിട്ടും അദ്ദേഹത്തിൻ്റെ ഈ സ്വഭാവം മാത്രം മാറുന്നില്ല. ഇപ്പോഴാണെങ്കിൽ അച്ചന്മാരുടെ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്
എന്ന ചിന്തയെങ്കിലും വേണ്ടേ?”
അവളുടെ ദുഃഖം മനസിലാക്കിയ
മേലധികാരി അയാളെ വിളിച്ച്
കാര്യങ്ങൾ തിരക്കി.
“മേലിൽ ഇങ്ങനെയൊരു കംപ്ലയിൻ്റ് കേൾക്കാനിടയാകരുതെന്ന് ”
താക്കീത് ചെയ്ത് പറഞ്ഞയച്ചു.
അതൊടൊപ്പം അച്ചന്മാരുടെ
കാരുണ്യത്താൽ അയാളുടെ ഭാര്യയ്ക്കും
അതേ സ്ഥാപനത്തിൽ ജോലിയും ലഭിച്ചു. ഭർത്താവിനെ ഇനി നേരിട്ട് വീക്ഷിക്കാൻ ഭാര്യയ്ക്ക് എളുപ്പമാവുമല്ലോ എന്നവർ കരുതിയിട്ടുണ്ടാകും.
അവരുടെ ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോയെങ്കിലും രണ്ടു വർഷം കഴിഞ്ഞപ്പോൾ അതേ പരാതിയുമായി
അയാളുടെ ഭാര്യ വീണ്ടും എത്തി.
“അച്ചാ, അദ്ദേഹം പഴയ ദുശീലം
പിന്നെയും തുടങ്ങി. എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. മക്കളെ ഓർത്തെങ്കിലും അദ്ദേഹം നല്ല രീതിയിൽ ജീവിച്ചാൽ മതിയായിരുന്നു.”
ഇത്തവണ സംഗതി സീരിയസായി.
ഇങ്ങനെയുള്ള ഒരാളെ സ്ഥാപനത്തിൽ
ജോലി ചെയ്യാൻ അനുവദിക്കണമോ
എന്ന ചർച്ച അച്ചൻമാർക്കിടയിൽ ഉയർന്നു. ഭൂരിഭാഗം പേരും അയാളെ പിരിച്ചുവിടാൻ അഭിപ്രായപ്പെട്ടപ്പോൾ മേലധികാരി പറഞ്ഞതിങ്ങനെയായിരുന്നു:
“നിങ്ങൾ പറഞ്ഞതെല്ലാം ന്യായമാണ്.
എന്നാൽ ഒന്നോർത്തു നോക്കിക്കേ…
അയാൾ നന്നായ് ജോലി ചെയ്യുന്നുണ്ട്. അക്കാര്യത്തിൽ വിശ്വസ്തനാണ്.
നമ്മോട് ഭയവും ആദരവുമുണ്ട്.
ഒരു ബലഹീന സാഹചര്യത്തിൽ
പിന്നെയും വീണുപോയി. അയാളെ
ഒന്നു രണ്ടാഴ്ച സസ്പെൻഡ് ചെയ്ത് തിരിച്ചെടുക്കാം. എന്തെന്നാൽ
ഇവിടെ നിന്നും പുറത്താക്കിയാൽ
അയാളുടെ ജീവിതം കൂടുതൽ
മോശമാവുകയേ ഉള്ളൂ….
അതുറപ്പാണ്.”
അന്നത്തെ സായാഹ്നത്തിൽ അവർ
ധ്യാന വിഷയമാക്കിയത് യൂദാസിനെക്കുറിച്ചായിരുന്നു:
”എന്നാല്‍, വിശ്വസിക്കാത്തവരായി
നിങ്ങളില്‍ ചിലരുണ്ട്. അവര്‍ ആരെന്നും
തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവന്‍ ആരെന്നും ആദ്യം മുതലേ അവന്‍ അറിഞ്ഞിരുന്നു” (യോഹ 6 :64).
ഈ ഭാഗം വായിച്ച ശേഷം
ആശ്രമാധിപൻ പറഞ്ഞു:
“യൂദാസ് തന്നെ ഒറ്റുമെന്നറിഞ്ഞിട്ടും
ക്രിസ്തു അവനെ കൂടെക്കൂട്ടി.
അവന് ഒരവസരം കൂടെ നൽകാൻ
ക്രിസ്തു തീരുമാനിച്ചു. എന്നിട്ടും മാനസാന്തരപ്പെടാതിരുന്നതിനാൽ അവന് സ്വന്തം ജീവൻ വരെ നഷ്ടമായി.”
നമ്മുടെ ബലഹീനതകൾക്കു നേരെ
മറ്റുള്ളവരും ദൈവവും കണ്ണടയ്ക്കുന്നത് അവരുടെ കഴിവില്ലായ്മയായി കണക്കാക്കരുത്. കൂടുതൽ മോശമാകാതെ ദൈവത്തിലേക്ക് തിരിയാൻ ഇനിയും വൈകിയാൽ…
നാം കുഴിക്കുന്ന കുഴിയിൽ
നമ്മൾ തന്നെ വീഴുമെന്ന് തിരിച്ചറിയുക!
ആ വീഴ്ച ഒരു വൻ വീഴ്ചയായി
മാറുകയും ചെയ്യും.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.