പാപബോധം നമുക്ക് ആവശ്യമാണോ?

“അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച്‌ എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച്‌ സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു.”
(ലൂക്കാ 15 : 7)

ആരാണ് ഒരു പാപി?
“പാപം ചെയ്യാന്‍ കഴിവുണ്ടായിട്ടും അതു ചെയ്യാത്തവനും
തിന്‍മ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടായിട്ടും അതു ചെയ്യാത്തവനും ആരുണ്ട്‌?”
(പ്രഭാഷകന്‍ 31 : 10)
ആര്‍ക്കും തെറ്റുപറ്റാം; നാവുകൊണ്ട്‌ ഒരിക്കലും പാപം ചെയ്‌തിട്ടില്ലാത്ത ആരെങ്കിലും ഉണ്ടോ?
(പ്രഭാഷകന്‍ 19 : 16)

അപ്പോൾ എല്ലാ മനുഷ്യരും പാപികളാണ്.പാപി അനുതപിക്കുമ്പോൾ ആണ് സ്വർഗ്ഗത്തിൽ സന്തോഷം അതായത് ഫല ദായകത്വം ഉണ്ടാകുന്നത്. പാപിക്ക് അനുതപിക്കാൻ എന്താണ് വേണ്ടത്? പാപബോധം തന്നെ.

ചെയ്യുന്നവയും ചിന്തിക്കുന്നവയും പറയുന്നവയും പാപമാണ് എന്ന് ഒരു വ്യക്തി തിരിച്ചറിയുമ്പോഴാണ് അയാൾ അനുതാപത്തിലേക്ക് തിരിയുന്നത്. അനുതാപത്തിലേക്ക് ഒരു വ്യക്തി തിരിഞ്ഞാൽ അവൻ സ്വയം കുമ്പസാരം എന്ന കൂദാശയ്ക്കണയും.ഇല്ലെങ്കിലോ, വീണ്ടും വീണ്ടും പാപം ചെയ്ത് ഒരു പാപബോധവും ഇല്ലാതെ ആ വ്യക്തിയുടെ ആത്മാവ് നശിക്കുന്നു. ഇതാണ് ഈ കാലഘട്ടത്തിലെ ദുരന്തം. പാപബോധം ഇല്ലാത്ത അവസ്ഥ. അങ്ങനെയുള്ളവർ സ്വയം ന്യായീകരിച്ച് സുരക്ഷിത മേഖലയിൽ ആണെന്ന് സ്വയം പ്രഖ്യാപിച്ച് ജീവിച്ചു കൊണ്ടിരിക്കും.

ആത്മാവിന്റെ നിത്യ നാശത്തിലേക്കുള്ള പോക്കിൽ ആണ് താൻ എന്ന് സ്വയം തിരിച്ചറിയാതെ; പാപബോധം ഉണ്ടാകാൻ സമ്മതിക്കാത്ത സാഹചര്യങ്ങൾ ഇന്നത്തെ ലോകത്ത് നിരവധിയാണ്. ഞാൻ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് ഇന്നത്തെ തലമുറ ചിന്തിക്കുന്നു പോലുമില്ല. അതിനൊന്നും സമയമില്ല. മൊബൈൽഫോൺ ആകുന്ന ജയിലറയിൽ സോഷ്യൽ മീഡിയയിൽ മുഴുകി അങ്ങനെ സമയം തീർക്കുകയാണ് അവർ.

പാപം അങ്ങേയറ്റം നിറഞ്ഞിരിക്കുന്ന ഈ കാലത്ത് ഏതെങ്കിലും ഒരാൾക്ക് പാപബോധം ഉണ്ടായാൽ തന്നെ ‘ഇതൊന്നും ഒരു തെറ്റല്ല; എല്ലാവരും ഇതൊക്കെ ചെയ്യുന്നുണ്ട്. ഇത്തിരി തെറ്റൊക്കെ ചെയ്യാതെ ഈ കാലത്ത് ജീവിക്കാൻ പറ്റുമോ?’ എന്നൊക്കെ ഉപദേശം തരുന്ന സാത്താന്റെ ദൂതന്മാർ നമുക്ക് ചുറ്റും തന്നെയുണ്ട്.

കുമ്പസാരത്തിലൂടെ ലഭിക്കുന്ന പാപമോചനം ഒരു അനുഭവം ആകാത്തത് കൊണ്ടും കുമ്പസാരം എന്ന കൂദാശ ഒരു ‘മെനക്കേട് ‘ ആയി ചിത്രീകരിക്കുന്നത് കൊണ്ടും ഇന്നത്തെ തലമുറ കുമ്പസാരത്തിൽ നിന്ന് അകലുന്നു. വൈദികരുമായി സൗഹൃദം സ്ഥാപിക്കുന്നതിൽ ഒരു വൈമുഖ്യവും ആർക്കും ഇല്ല.എന്നാൽ,വൈദികന്റെ മുൻപിൽ കുമ്പസാരത്തിന് അണയുമ്പോൾ ചില പാപങ്ങൾ ഏറ്റു പറയാതെ മാറ്റിവയ്ക്കുന്ന ശീലവും ഇന്ന് കാണുന്നു.

കുമ്പസാരിപ്പിക്കുന്ന വൈദികൻ യേശു തന്നെയാണ് എന്ന് തിരിച്ചറിയപ്പെടാത്തതാണ് ഇവിടെ പ്രശ്നമാകുന്നത്. ഒരു ബുദ്ധിമുട്ടും നാണവുമില്ലാതെ ചെയ്തു കൂട്ടുന്ന പാപങ്ങൾ കുമ്പസാരക്കൂട്ടിൽ നിൽക്കുമ്പോൾ പറയാൻ ബുദ്ധിമുട്ടും നാണക്കേടും ഉണ്ടാക്കുന്നു. ചിലരെങ്കിലും താൻ ചെയ്ത പാപങ്ങളെ രണ്ടായി തിരിച്ചിട്ടുണ്ട്. ഏറ്റു പറയാവുന്ന പാപങ്ങളും, പറയാൻ പാടില്ലാത്ത പാപങ്ങളും. “ഇതൊക്കെ അച്ചനോട് പറയാമോ? “എന്ന് ചിന്തിക്കുന്നവർ ഒന്നോർക്കണം ;പാപം ചെയ്യുന്ന സമയത്ത് ഉണ്ടായിരുന്നില്ലല്ലോ, ഈ നാണക്കേട്?

പാപബോധം ഇല്ലാത്തതിന്റെ ആത്യന്തികമായ കാരണമാണ് ദൈവസ്നേഹം ഇല്ലായ്മ. ഈശോ എന്നെ ഏറ്റവുമധികം സ്നേഹിക്കുന്നവൻ ആണെന്നും ആ സ്നേഹത്തിന് എതിരായാണ് ഞാൻ പാപം ചെയ്തതെന്നും ചിന്തിച്ചാൽ മാത്രം മതി ഒരാളിൽ പാപബോധം ഉണ്ടാകാൻ. നമ്മിൽ ദൈവസ്നേഹവും പാപബോധവും വളർത്തണമെന്ന് പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാർത്ഥിക്കാം.

പരിശുദ്ധാത്മാവേ, അങ്ങെഴുന്നള്ളി വന്ന് ഞങ്ങളുടെ ഹൃദയങ്ങളിൽ ദൈവസ്നേഹവും പാപബോധവും വളർത്തണമേ.. അങ്ങനെ ഭൂമുഖം നവീകരിക്കപ്പെടട്ടെ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles