കയ്യിൽ വടി പിടിക്കുന്ന അപ്പൻ്റെ ചങ്ക്

അപ്പനെക്കുറിച്ച് വെറുപ്പിൻ്റെ ഓർമകളുമായ് നടക്കുന്ന മകൻ്റെ ചിത്രം ഒഴിമുറി എന്ന സിനിമയിൽ കാണാം. അപ്പനെക്കുറിച്ചോർക്കുമ്പോഴെല്ലാം കുഞ്ഞുനാളിൽ അവനെ തല്ലിച്ചതയ്ക്കുന്ന ക്രൂര മുഖമാണ് അവൻ്റെ മനസിൽ
തെളിഞ്ഞു വന്നിരുന്നത്.
ഇതറിഞ്ഞ അമ്മ ഒരു ദിവസം
അവനോട് പറഞ്ഞു:
“നീ എന്തിനാണ് അപ്പനെ ഇത്രമാത്രം വെറുക്കുന്നത്?
നിനക്കൊരു സത്യമറിയുമോ,
നിൻ്റെ അപ്പനോളം നിന്നെ സ്നേഹിക്കുന്ന മറ്റൊരാൾ ഈ ഭൂമിയിലില്ല.
കുഞ്ഞുനാളിൽ വാതപ്പനി പിടിച്ച്
മരണത്തിൻ്റെ വക്കിലെത്തിയ നിന്നെ രക്ഷിക്കാൻ അദ്ദേഹം കയറിയിറങ്ങാത്ത ആശുപത്രികളില്ല.
അവസാനം ഒരു വൈദ്യൻ്റെ മരുന്നാണ്
നിനക്ക് അമൃതായത്.
ഒരു കൈ എകദേശം
തളർന്നു പോയ നിനക്ക്
മരുന്നിനേക്കാൾ അനിവാര്യം
പഥ്യമായിരുന്നു.
41 ദിവസം ഒരു തുള്ളി വെള്ളം പോലും കുടിക്കരുത്; അതായിരുന്നു പഥ്യം.
വെളിച്ചെണ്ണ കലർത്തിയ ചോറിൽ
മുരിങ്ങയില വേവിച്ച് ഭക്ഷിക്കണം.
കൂടാതെ ശരീരം മുഴുവനും അനങ്ങണം
എന്നും വൈദ്യൻ നിർദേശിച്ചു.
നിൻ്റെ കൈ ജനലിൽ ഉയർത്തിപ്പിടിക്കാൻ പറഞ്ഞതും അനുസരിക്കാത്തപ്പോൾ നിന്നെ അപ്പൻ തല്ലിയതുമെല്ലാം ശരീരം
അനങ്ങാൻ വേണ്ടിയായിരുന്നു.
മാത്രമല്ല, ആ നാല്പത്തൊന്നു ദിവസവും
നീ കഴിച്ചിരുന്ന അതേ ഭക്ഷണം തന്നെയാണ് അപ്പനും കഴിച്ചത്.
മകനെ,
പത്തുമാസം ചുമന്നതിൻ്റെ കണക്കു പറഞ്ഞ് ആർക്കും അമ്മയാകാം.
എന്നാൽ അപ്പനാകണമെങ്കിൽ
ഉള്ള് കനിയണം.
അങ്ങനെ ഒരപ്പനാണ് നിനക്കുള്ളത്.
ആളുകൾ പലപ്പോഴും ക്രൂരരാകുന്നത് വെറുപ്പുകൊണ്ടല്ല സ്നേഹക്കൂടുതൽ കൊണ്ടാണ്….”
ഇത്രയും പറഞ്ഞവസാനിക്കുമ്പോൾ
അവൻ പോലുമറിയാതെ അപ്പനുവേണ്ടിയുള്ള ഒരു സ്നേഹപുഷ്പം അവൻ്റെയുള്ളിൽ വിരിഞ്ഞു തുടങ്ങിയിരുന്നു.
ജീവിതത്തിൽ ചില വ്യക്തികളെക്കുറിച്ചുള്ള നിഗമനങ്ങൾ തെറ്റിപ്പോയി എന്ന് നമുക്ക് തോന്നിയിട്ടില്ലെ?
നമ്മൾ മറ്റുള്ളവരെ അളക്കുന്നത്
അവരുടെ അഴകിൻ്റെയും ആകാരത്തിൻ്റെയുമൊക്കെ അടിസ്ഥാനത്തിലാണ്.
എന്നാൽ കൂടുതൽ അടുത്തു കഴിയുമ്പോഴാണ്
നല്ലവരായ ചിലർ മോശമാകുന്നതും
മോശം ചിലർ നല്ലവരാകുന്നതും.
സ്നേഹം വാക്കുകൾക്കതീതമാണെന്ന്
നമ്മൾ ഇനിയും മനസിലാക്കേണ്ടതുണ്ട്.
അതിനുത്തമ ഉദാഹരണമാണ്
കാൽവരിയിലെ ക്രിസ്തു.
കുരിശിലെ ക്രിസ്തു
‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന്
ആരോടും പറയുന്നില്ല.
എന്നാൽ കുരിശിലെ ആ സമർപ്പണം മതിയായിരുന്നു അവൻ എത്രമാത്രം
നമ്മെ സ്നേഹിച്ചെന്ന് തിരിച്ചറിയാൻ.
വലിയ ആത്മസംതൃപ്തിയോടെ അവൻ പിതാവിനോട് പറഞ്ഞ വാക്കുകൾ
എല്ലാം തെളിയിക്കുന്നതായിരുന്നു:
“എല്ലാം പൂര്ത്തിയായിരിക്കുന്നു”
(യോഹ 19 : 30).
തിരുഹൃദയത്തിരുന്നാൾ ആഘോഷിക്കുന്ന
ഈ വേളയിൽ വാക്കുകൊണ്ടല്ല പ്രവൃത്തികൊണ്ടാണ് സ്നേഹം തെളിയിക്കപ്പെടേണ്ടതെന്ന്
നമുക്ക് മറക്കാതിരിക്കാം.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles