ഫ്രാന്‍സിസ് പാപ്പായുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിക്കുന്നു
ഫ്രാന്‍സിസ് പാപ്പാ കത്തോലിക്കാ സഭയെ അധിക്ഷേപിക്കുകയും മരിയഭക്തിയെ തള്ളിക്കളയുകയും ചെയ്യുന്നു എന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വ്യാജവീഡിയോ പ്രചരിക്കുന്നു. ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങി പിന്നീട് ഇറ്റാലിയന്‍ ഭാഷയില്‍ പാപ്പാ സംസാരിക്കുന്ന ഭാഗത്ത് നല്‍കിയിരിക്കുന്ന ഇംഗ്ലീഷ് പരിഭാഷയിലാണ് സഭയെ നിന്ദിക്കുന്ന വാക്കുകള്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് ഫ്രാന്‍സിസ് പാപ്പായെ എതിര്‍ക്കുകയും അദ്ദേഹത്തെ താറടിച്ചു കാണിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകള്‍ ഒരുക്കിയ വ്യാജ വീഡിയ ആണെന്ന് ബൈബിള്‍ പണ്ഡിതന്‍ ഫാ. ഡോ. ജോഷി മയ്യാട്ടില്‍ പറയുന്നു. ഇറ്റാലിയന്‍ ഭാഷ നന്നായി അറിയാവുന്ന മയ്യാട്ടിലച്ചന്‍ പറയുന്നത്, ഫ്രാന്‍സിസ് പാപ്പാ ഇറ്റാലിയനില്‍ പറയുന്ന കാര്യങ്ങളല്ല താഴെ പരിഭാഷ എന്ന പേരില്‍ ഇംഗ്ലീഷില്‍ എഴുതി കാണിക്കുന്നത് എന്നാണ്. ഇത് മനപൂര്‍വം ദുഷ്ടബുദ്ധിയോടെ ആരോ എഡിറ്റ് ചെയ്ത വീഡിയോ ആണ്.
ഇതിന്റെ യഥാര്‍ത്ഥ വീഡിയ 2014 ഫെബ്രുവരി 20 ന് അപ്ലോഡ് ചെയ്ത, പെന്തക്കോസ്തല്‍ സഭകളോട് ക്രിസ്തീയ ഐക്യത്തെ കുറിച്ച് ഫ്രാന്‍സിസ് പാപ്പാ നടത്തിയ വീഡിയോ പ്രസംഗമാണ്. ഈ ഒറിജിനല്‍ വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്: (Pope Francis’ Message on Christian Unity to Pentecostal Conference). ക്രിസ്തുവില്‍ ഏക സഹോദരങ്ങളെ പോലെ പരസ്പരം സ്‌നേഹിക്കുന്നതിനെ കുറിച്ചാണ് പാപ്പാ യഥാര്‍ത്ഥ വീഡിയോയില്‍ പറയുന്നത്. സദുദ്ദേശത്തോടു കൂടി പാപ്പാ നടത്തിയ ഈ പ്രഭാഷണമാണ് ഇപ്പോള്‍ സഭാശത്രുക്കള്‍ എഡിറ്റ് ചെയ്ത് വാട്‌സാപ്പിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പരത്തുന്നത്.