എപ്പിഫനി അഞ്ചാം ഞായര്‍ സുവിശേഷ സന്ദേശം

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

 

പാപാന്ധകാരത്തില്‍ കഴിഞ്ഞിരുന്ന നമുക്കായി തന്റെ പുത്രനെ അയച്ചതിലാണ് ദൈവസ്‌നേഹം വെളിപ്പെട്ടത്. യേശുവിന്റെ പ്രകാശം സ്വീകരിക്കുന്നവര്‍ രക്ഷിക്കപ്പെടും. എന്നാല്‍ അവിടുത്തെ ഉപേക്ഷിച്ച് അന്ധകാരത്തില്‍ തുടരുന്നവര്‍ സ്വന്തം ശിക്ഷാവിധി ഏറ്റെടുക്കുന്നു. മരുഭൂമിയില്‍ വച്ച് സര്‍പ്പത്തിന്റെ കടിയേറ്റവര്‍ മോശ ഉയര്‍ത്തിയ പിച്ചള സര്‍പ്പത്തെ നോക്കിയപ്പോള്‍ രക്ഷപ്പെട്ടു. രക്ഷകനായ യേശു കുരിശില്‍ മഹത്വത്തിലേക്ക് ഉയര്‍ത്തപ്പെടുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. മനുഷ്യരാശിയെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു അത്. ലോകത്തിന്റെ പ്രകാശമായി വന്ന യേശുവിനെ മാതൃകയാക്കി നമുക്ക് ഈ ലോകത്തില്‍ സത്യസന്ധമായ ജീവിതം നയിക്കാം.

ബൈബിള്‍ വായന
(യോഹന്നാന്‍ 3; 14 – 21)

മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതു പോലെ തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നിശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ ്അത്രമാത്രം സ്‌നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല, പ്രത്യുത അവന്‍ വഴി ലോകം രക്ഷ പ്രാപിക്കാനാണ്. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ ദൈവത്തിന്റെ ഏകജാതനില്‍ വിശ്വസിക്കായ്ക മൂലം നേരത്തെ തന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണ് ശിക്ഷാവിധി. പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യര്‍ പ്രകാശത്തേക്കാള്‍ അധികം അന്ധകാരത്തെ സ്‌നേഹിച്ചു. കാരണം അവരുടെ പ്രവര്‍ത്തികള്‍ തിന്മ നിറഞ്ഞതായിരുന്നു. തിന്മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്റെ പ്രവര്‍ത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്ത് വരുന്നുമില്ല. സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ അവന്റെ പ്രവര്‍ത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്ന് വെളിപ്പെടുന്നു.

യേശുവും നിക്കോദേമൂസും തമ്മില്‍ നടക്കുന്ന സംഭാഷണത്തിന്റെ രണ്ടാം ഭാഗമാണ് ഈ സുവശേഷഭാഗം. നിക്കൊദേമൂസ് ധനികനായ ഒരു സെന്‍ഹെദ്രിന്‍ അംഗമായിരുന്നു. യേശു ദൈവത്തില്‍ നിന്നാണെന്ന് അയാള്‍ക്ക് നല്ല ഉറപ്പുണ്ടായിരുന്നു. ‘ദൈവം കൂടെയില്ലാതെ നീ ചെയ്യുന്ന പ്രവര്‍ത്തികള്‍ ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല’ (യോഹ 3: 2) എന്ന് അദ്ദേഹം പറയുന്നുണ്ട്. യേശുവിനെ കാണാന്‍ നിക്കോദേമൂസ് വരുന്നത് രാത്രിയാണ്. അയാളുടെ ആത്മീയ അന്ധകാരത്തിന്റെ പ്രതീകമാണ് ആ ഇരുട്ട്. അയാള്‍ പ്രകാശം സൃഷ്ടിച്ചവനില്‍ നിന്നുള്ള പ്രകാശത്തെ അന്വേഷിക്കുന്നവനായിരുന്നു. ഈ നിക്കോദേമൂസാണ് യേശുവിന്റെ മരണശേഷം അവിടുത്തെ ശരീരത്തില്‍ പുരട്ടാന്‍ സുഗന്ധലേപനങ്ങളുമായി എത്തിയത്. (യോഹ. 19ഛ 39-42).

മരൂഭൂമിയിലെ സര്‍പ്പം

ഇസ്രായേല്‍ക്കാര്‍ ഈജിപ്തില്‍ നിന്ന് പലായനം ചെയ്യുന്ന വഴിയില്‍ മരുഭൂമിയിലൂടെ നാല്പതു വര്‍ഷം അലഞ്ഞു. അവരുടെ പാപം നിമിത്തമാണ് അത്രയേറെ കാലം എടുത്തത്. അനേകര്‍ മരഭൂമിയില്‍ വച്ചു മരണമടഞ്ഞു. ഏദെമിലൂടെ കടന്നു പോകാന്‍ സമ്മതമില്ലാത്തതിനാല്‍ മോശ അവരെ വാഗ്ദത്തഭൂമിയുടെ എതിര്‍ദിശയിലേക്കാണ് നയിച്ചത്. ഇത് ഇസ്രായേല്‍ക്കാരെ അസ്വസ്ഥരാക്കി. ഭക്ഷണമില്ലായ്മയെ പ്രതിയും ദൈവകൃപയാല്‍ അവര്‍ക്ക് ലഭിച്ച ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ പ്രതിയുമെല്ലാം അവര്‍ ദൈവത്തിനും മോശയ്ക്കും എതിരായി പിറുപിറുക്കാന്‍ ആരംഭിച്ചു. അതിന് ശിക്ഷയായി ദൈവം അവര്‍ക്കെതിരെ സര്‍പ്പങ്ങളെ അയച്ചു. അഗ്നിസര്‍പ്പങ്ങള്‍ എന്നാണ് ബൈബിള്‍ പറയുന്നത്. അവ കടിച്ചാല്‍ കടുത്ത പനിയും പഴുപ്പും ബാധിച്ച് മരണപ്പെടുമായിരുന്നു. ചില പണ്ഡിതര്‍ പറയുന്നത് സര്‍പ്പങ്ങള്‍ക്ക് അഗ്നിയുടെ നിറമായിരുന്നു എന്നാണ്. സര്‍പ്പങ്ങളില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ ദൈവത്തോട് മാധ്യസ്ഥം അപേക്ഷിക്കണേയെന്ന് ഇസ്രായേല്‍ക്കാര്‍ മോശയോട് അപേക്ഷിച്ചു. സര്‍പ്പങ്ങളെ തുരത്തുന്നതിന് പകരം മോശയോട് ദൈവം ആജ്ഞാപിച്ചത് ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കാനാണ്. എല്ലാവര്‍ക്കും കാണാവുന്ന വിധം അതിനെ ഒരു കമ്പില്‍ ഉയര്‍ത്തി. സര്‍പത്തിന്റെ കടിയേറ്റവരില്‍ ആരെല്ലാം ആ പിച്ചള സര്‍പ്പത്തെ നോക്കുന്നുവോ അവര്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.

വിഗ്രഹത്തെ ഉണ്ടാക്കരുതെന്ന് കല്പിച്ച ദൈവം തന്നെ പിച്ചള സര്‍പ്പത്തെ ഉണ്ടാക്കാന്‍ ആജ്ഞാപിച്ചതിന്റെ സൂചന ഭാവിയില്‍ കുരിശില്‍ ഉയര്‍ത്തപ്പെടാനിരിക്കുന്ന യേശുവിനെ കുറിച്ചാണ്. ആദിപാപത്തിന്റെ ദംശനമേറ്റവര്‍ ആരെല്ലാം കുരിശിലെ യേശുവിനെ നോക്കുന്നുവോ അവര്‍ രക്ഷ പ്രാപിക്കും. പശ്ചാത്താപത്തോടേയാണ് ഇസ്രായേല്‍ക്കാര്‍ പിച്ചള സര്‍പ്പത്തെ നോക്കിയത്. അതു പോലെ നാം വിശ്വസത്തോടെ യേശുവിലേക്ക് നോക്കണം.

ദൈവത്തിന്റെ സ്‌നേഹവും പുത്രന്റെ പരിത്രാണവും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെങ്കിലും അതിന്റെ ഫലം ലഭിക്കുന്നത് വിശ്വസിക്കുന്നവര്‍ക്ക് മാത്രാണ്. വിശ്വാസം എന്നത് ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ശരണമാണ്.

്്അത്രമേല്‍ സ്‌നേഹിച്ച ദൈവം

മനുഷ്യരോടുള്ള ദൈവത്തിന്റെ സ്‌നേഹം പഴയനിയമജനത നന്നായി മനസ്സിലാക്കിയില്ല. തന്റെ നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നവനായിരുന്നു, അവരുടെ കാഴ്ചപ്പാടില്‍ ദൈവം. ബലികളും കാഴ്ചകളും പിടിച്ചു വാങ്ങുന്നവനായി അവര്‍ ദൈവത്തെ കണ്ടു. ഇസ്രായേലിന്റെ ചരിത്രത്തില്‍ ദൈവം അനേകം അനുഗ്രങ്ങള്‍ അവരുടെ മേല്‍ ചൊരിഞ്ഞെങ്കിലും അവര്‍ക്ക് ദൈവത്തെ ഭയമായിരുന്നു. സ്‌നേഹമുള്ള പിതാവായി അവര്‍ ദൈവത്തെ അംഗീകരിച്ചില്ല. യേശുവിന്റെ മനുഷ്യാവതാരവും നന്മപ്രവര്‍ത്തികളും സഹനവും മരണവും ഉയിര്‍പ്പും വഴിയാണ് ജനം ദൈവത്തിന്റെ സ്‌നേഹം ശരിക്കും മനസ്സിലാക്കിയത്.

ഇസ്രായേലിന് ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു, ദൈവം തങ്ങളോടാണ് ഉടമ്പടി വച്ചതെന്നും ദൈവത്തിന്റെ രക്ഷ മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടതല്ല എന്നും. എന്നാല്‍ യോഹന്നാന്‍ അവതരിപിക്കുന്നത് എല്ലാവരെയും സ്‌നേഹിക്കുന്ന ദൈവത്തെയാണ്. എല്ലാവരെയും രക്ഷിക്കാനാണ് ദൈവം തന്റെ പുത്രനെ അയച്ചത്.

ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല, രക്ഷിക്കാനാണ് ദൈവം പുത്രനെ അയച്ചത്. ദൈവം ഒരിക്കലും ജനങ്ങളെ ശപിക്കുന്നില്ല. അവര്‍ ധൂര്‍ത്തപുത്രനെ പോലെ ദൈവത്തില്‍ നിന്നും അകന്നു പോകുകയാണ്. നമ്മെ രക്ഷിക്കാനാണ് യേശു വന്നത്. രക്ഷ പ്രാപിക്കാന്‍ നാം അവിടുത്തോട് സഹകരിക്കണം.

യേശുവിലുള്ള വിശ്വാസം നമ്മെ ആദിമപാപത്തിന്റെ ഫലമായ നിത്യനാശത്തില്‍ നിന്ന് രക്ഷിക്കും. തന്റെ മക്കളുടെ നാശമല്ല രക്ഷയാണ് പിതാവ് ആഗ്രഹിക്കുന്നത്. ദൈവം ആരെയും നരകത്തിലേക്ക് അയക്കുന്നില്ല. അവര്‍ തന്നെയാണ് അത് തെരഞ്ഞെടുക്കുന്നത്.

വെളിച്ചം ലോകത്തിലേക്ക് വന്നിട്ടും ജനം വെളിച്ചത്തേക്കാള്‍ ഇരുട്ടിനെ സ്‌നേഹിച്ചു. യേശുവാണ് ലോകത്തിന്റെ പ്രകാശം. (യോഹ 8: 12). പാപികള്‍ ഈ വെളിച്ചത്തെ അവഗണിക്കുന്നു. പരസ്യജീവിതാരംഭത്തില്‍ യേശുവിന്റെ അത്ഭുതപ്രവര്‍ത്തികള്‍ കണ്ട പ്രമാണിമാരായ ചിലര്‍ പോലും യേശുവിനെ തള്ളിക്കളഞ്ഞു. സ്വയം നീതിമാന്മാരായി കരുതി അവര്‍ യേശുവില്‍ ദൈവദൂഷണക്കുറ്റം ആരോപിച്ചു.

യേശു പറഞ്ഞു: ഞാനാണ് വഴിയും സത്യവും ജീവനും (യോഹ. 14: 6). അവിടുന്നാണ് സത്യത്തില്‍ ജീവിക്കുന്നവര്‍ക്ക് മാതൃക. യേശുവില്‍ നാം ദൈവരാജ്യം കണ്ടെത്തുന്നു. അവിടുന്നില്‍ നാം സത്യത്തിലേക്ക് നയിക്കുന്ന പുതിയ ജീവന്‍ സ്വന്തമാക്കുന്നു. സത്യത്തിന് അനുസൃതമായി ജീവിക്കുമ്പോള്‍ നാം ദൈവിക വെളിച്ചത്തില്‍ എത്തിച്ചേരുന്നു.

സന്ദേശം

കുരിശും ക്രൂശിതരൂപവും ക്രിസ്തുമതത്തിന്റെ അടയാളം മാത്രമല്ല. മോശ ഉയര്‍ത്തിയ പിച്ചള സര്‍പ്പത്തെ നോക്കി ഇസ്രായേല്‍ക്കാര്‍ രക്ഷ നേടിയ പോലെ യേശുവിന്റെ സഹന മരണ ഉത്ഥാനങ്ങളിലേക്ക് നോക്കി നാം നിത്യജീവന്‍ നേടണം.

ക്രിസ്തുവിന്റെ അനുയായി അവിടുത്തെ പ്രകാശത്തില്‍ വ്യാപരിക്കണം. നാം ജീവിക്കുന്ന സമൂഹത്തില്‍ നമ്മുടെ ജീവിത സാക്ഷ്യം പ്രസക്തമാണ്. ക്രിസ്തുമതം വളര്‍ന്നത് ആദിമ ക്രൈസ്തവരുടെ മാതൃകാപരമായ ജീവിതത്തിന്റെ ഫലമായിട്ടാണ്.

രാത്രി സന്ദര്‍ശകനായെത്തിയ നിക്കൊദേമൂസ് യേശുവിന്റെ വിചാരണയുടെയും സംസ്‌കാരത്തിന്റെയും സമയത്ത് സഹായമേകി. അക്കാലത്ത് ജറുസലേമിലെ മൂന്ന് ധനികരില്‍ ഒരാളായിരുന്നു, അദ്ദേഹം. എന്നാല്‍ ജീവിതത്തിന്റെ അര്‍്ത്ഥം നാം കണ്ടെത്തുന്നത് യേശുവില്‍ മാത്രമാണ്. ലോകത്തിലെ സമ്പത്തിനേക്കാള്‍ നമുക്ക് യേശുവിനെ വിലമതിക്കാം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles