മനം നിറയെ ആനന്ദം

ആശ്രമത്തിൽ പ്രാർത്ഥിക്കാനും കുമ്പസാരിക്കാനുമൊക്കെ വല്ലപ്പോഴും
വരുന്ന ഒരു റിട്ടയേഡ് അധ്യാപികയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ അവർ
എന്നെ വിളിച്ചിരുന്നു:
”അച്ചാ, വന്നാൽ കുമ്പസാരിക്കാൻ അവസരമുണ്ടാകുമോ?
ഞങ്ങൾ രണ്ടുമൂന്നു പേർ ഉണ്ടാകും”
”യാതൊരു കുഴപ്പവുമില്ല.
ടീച്ചർ ധൈര്യമായ് വന്നോളൂ…”
ഞാൻ മറുപടി നൽകി.
പറഞ്ഞതനുസരിച്ച് അടുത്ത ദിവസം
ടീച്ചർ എത്തി. കൂടെ ടീച്ചറുടെ സഹപ്രവർത്തകരായിരുന്ന
മൂന്ന് അധ്യാപികമാരും.
അവരിൽ ഒരാളുടെ മകനാണ്
സ്വന്തം കാറിൽ അവരെയെല്ലാം കൊണ്ടുവന്നത്.
അവരെ കുമ്പസാരിപ്പിച്ചതും
അവർക്ക് പറയാനുള്ളത് മുഴുവനും
ശ്രവിച്ചതും ആശ്രമത്തിലെ
വല്യച്ചനായ മാത്യു അച്ചനാണ്.
കുമ്പസാരവും പ്രാർത്ഥനയും കഴിഞ്ഞ് അവരെല്ലാവരും ബുക്ക്സ്റ്റാളിൽ നിന്നും ഭക്തവസ്തുക്കളും വാങ്ങി. അവരുമായ് ഞാനും കുറെ സംസാരിച്ചു.
പഴയകാല ഓർമകൾ പറഞ്ഞ്,
പരസ്പരം പേരുവിളിച്ചും കളിയാക്കിയും
അവർ സന്തോഷിക്കുന്ന
കാഴ്ച ഹൃദ്യമായിരുന്നു.
ഇതിനിടയിൽ എന്നെ അതിശയിപ്പിച്ചത്
അവരെ കൊണ്ടുവന്ന ലിജോയുടെ
വാക്കുകളും പ്രവൃത്തികളുമായിരുന്നു.
സാധാരണഗതിയിൽ പ്രായം ചെന്നവരെ കൊണ്ടു വരുമ്പോൾ അവരുടെ കൂടെ ഇരിക്കാനോ, ക്ഷമയോടെ അവരുടെ കരം പിടിക്കാനോ, അവർക്കു വേണ്ട സമയം കൊടുക്കാനോ പലരും മെനക്കെടാറില്ല.
എന്നാൽ ഈ യുവാവ് രണ്ടു മണിക്കൂറിലധികം സമയം അവരുമായ് ചിലവഴിച്ചു.
അവരുടെ കൂടെ
തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചു.
പള്ളിയിൽ നിന്ന് ഓരോരുത്തരെയും ശ്രദ്ധാപൂർവ്വം പുസ്തകശാലയിലേക്ക് കൊണ്ടുപോയി, അതിനു ശേഷം
കരംപിടിച്ച് വാഹനത്തിൽ കയറ്റി.
തിരിച്ചു പോകുന്ന സമയത്ത്
ടീച്ചർ പറഞ്ഞ വാക്കുകൾ
എൻ്റെ മനസിനെ സ്പർശിച്ചു:
“ഈ മകൻ കാറുകൊണ്ട് വന്നതു കാരണം ഞങ്ങൾക്കെല്ലാവർക്കും ഇങ്ങനെ ഒരുമിച്ച് വരാനും പരസ്പരം കാണാനും സംസാരിക്കാനും പ്രാർത്ഥിക്കാനുമെല്ലാം കഴിഞ്ഞു. ദൈവത്തിനും അച്ചനും ലിജോയ്ക്കും ഒരായിരം നന്ദി!”
ടീച്ചറുടെ വാക്കുകളോട് ലിജോയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:
”ഇതൊക്കെയല്ലെ നമ്മുടെ സന്തോഷങ്ങൾ! നിങ്ങൾ നാലുപേരും എൻ്റെ അധ്യാപകരാണ്. നിങ്ങളുമായ് ഇങ്ങനെ പള്ളിയിൽ വരാൻ കഴിഞ്ഞത് എത്രയോ ആനന്ദകരമാണ്. ഇനിയും ആവശ്യമുള്ളപ്പോൾ
ഞാനുണ്ടാകും കൂടെ….
ഇതൊന്നും എനിക്ക് ഒരു ഭാരമേയല്ല…”
മറ്റുള്ളവർക്ക് നന്മ ചെയ്യുക
പ്രത്യേകിച്ച് നമ്മുടെ സഹായം
ഏറെ ആവശ്യമുള്ളവരുടെ
കൂടെയായിരിക്കുക എന്നത്
ദൈവകൃപയുള്ളവർക്ക് മാത്രം
ചെയ്യാനാകുന്ന പ്രവൃത്തിയാണ്.
“ഞാന് പിതാവിന്റെ അടുത്തുനിന്ന്‌ അയയ്‌ക്കുന്ന സഹായകന്,
പിതാവില്നിന്നു പുറപ്പെടുന്ന
ആ സത്യാത്‌മാവ്‌, വരുമ്പോള് അവന് എന്നെക്കുറിച്ച്‌ സാക്‌ഷ്യം നല്കും”
(യോഹന്നാന് 15 : 26) എന്ന
വചനം സത്യത്തിൽ ഇവിടെ അന്വർത്ഥമാകുകയായിരുന്നു.
ആത്മാവിനാൽ നിറഞ്ഞ മറിയം
എലിസബത്തിന് തുണയായതുപോലെ
ആത്മാവിനാൽ നിറഞ്ഞ ശിഷ്യർ
സധൈര്യം വചനം പറഞ്ഞതുപോലെ
ആത്മാവിൻ്റെ നിറവുള്ള വ്യക്തികളുടെ പ്രവർത്തികൾ ദൈവത്തിന് സാക്ഷ്യം വഹിക്കുന്നതായിരിക്കും.
സത്യാത്മാവിനാൽ നിറയപ്പെടാൻ വേണ്ടിയാകട്ടെ നമ്മുടെ പ്രാർത്ഥന.
അപ്പോൾ നമ്മുടെ ജീവിതവും
ഒരു സാക്ഷ്യമാകും.

ഫാദർ ജെൻസൺ ലാസലെറ്റ്


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles