യേശുവിന്റെ ഉത്ഥാനം നമ്മുടെ ഏറ്റവും വലിയ പ്രത്യാശ (EASTER SUNDAY HOMILY)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

ഈസ്റ്റര്‍ ഞായര്‍ സുവിശേഷ സന്ദേശം

ആമുഖം

യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് ദൈവപിതാവ് മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നതും യേശു തന്നെ തന്റെ പരസ്യജീവിത കാലത്ത് പല തവണ ആവര്‍ത്തിച്ചു പറഞ്ഞതുമായ കാര്യമാണ്. സൃഷ്ടിയുടെ ആദ്യ ദിനത്തിലാണ് ദൈവം പ്രകാശത്തെ സൃഷ്ടിച്ചത്. പ്രകാശം ഇരുളില്‍ നിന്ന് പുറത്തു വന്നു. ലോകത്തിന്റെ പ്രകാശമായ യേശു ക്രിസ്തു പാപത്തെ തോല്‍പിച്ച് അന്ധകാരത്തില്‍ നിന്ന് പുറത്തുവന്നത് ആഴ്ചയുടെ ആദ്യ ദിവസമാണ്. പാപത്തിന്റെയും സാത്താന്റെയും മേലുള്ള ക്രിസ്തുവിന്റെ വിജയം നമ്മുടെ വിജയം കൂടിയാണ്. എന്തെന്നാല്‍, നമ്മളും ക്രിസ്തുവിന്റെ വിജയത്തിന്റെ പങ്കുകാരാണ്. യേശുവിന്റെ പീഡാനുഭവ, മരണങ്ങളിലൂടെയാണ് ഈ വിജയം സാധ്യമായത്.

 

വായന

മത്തായി 27. 57 – 28. 15

“വൈകുന്നേരമായപ്പോള്‍ അരിമത്തിയാക്കാരന്‍ ജോസഫ് എന്ന ധനികന്‍ അവിടെയെത്തി. അവനും യേശുവിന് ശിഷ്യപ്പെട്ടിരുന്നു. അവന്‍ പീലാത്തോസിന്റെ അടുത്തു ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു. അത് അവന് വിട്ടു കൊടുക്കാന്‍ പീലാത്തോസ് കല്‍പിച്ചു. ജോസഫ് ശരീരമെടുത്ത് ശുചിയായ ഒരു തുണിയില്‍ പോതിഞ്ഞ്, പാറയില്‍ വെട്ടിയുണ്ടാക്കിയ തന്റെ പുതിയ കല്ലറിയില്‍ സംസ്‌കരിച്ചു. കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലുരുട്ടി വച്ച് അവന്‍ പോയി. മഗ്ദലേന മറിയവും മറ്റേ മറിയവും ശവകുടീരത്തിന് അഭിമുഖമായി അവിടെ ഇരുന്നിരുന്നു.
സാബത്തിന് ശേഷം ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ മഗ്ദലേന മറിയവും മറ്റേ മറിയവും ശവകുടീരം സന്ദര്‍ശിക്കാന്‍ വന്നു. അപ്പോള്‍ ഒരു വലിയ ഭൂകമ്പം ഉണ്ടായി. കര്‍ത്താവിന്റെ ദൂതന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങി വന്ന് കല്ലുരിട്ടു മാറ്റി, അതിന്മേല്‍ ഇരുന്നു. അവന്റെ രൂപം മിന്നല്‍പ്പിണര്‍ പോലെ ആയിരുന്നു. വസ്ത്രം മഞ്ഞു പോലെ വെളുത്തതും. അവനെ കുറിച്ചുള്ള ഭയം നിമിത്തം കാവല്‍ക്കാര്‍ വിറ പൂണ്ട് മരിച്ചവരെ പോലെയായി. ദുതന്‍ സ്ത്രീകളോട് പറഞ്ഞു: ഭയപ്പെടേണ്ട. ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങള്‍ അന്വേഷിക്കന്നതെന്ന് എനിക്കറിയാം. അവന്‍ ഇവിടെയില്ല. താന്‍ അരുളിച്ചെയ്തതു പോലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു. അവന്‍ കിടന്ന സ്ഥലം വന്നു കാണുവിന്‍. വേഗം പോയി അവന്റെ ശിഷ്യന്മാരോട് അവന്‍ മരിച്ചവരുടെ ഇടയില്‍ നി്ന്ന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നെന്നും നിങ്ങള്‍ക്കു മുമ്പേ ഗലിലിയിലേക്കു പോകുന്നെന്നും അവിടെ വച്ച് നിങ്ങള്‍ അവനെ കാണുമെന്നും പറയുവിന്‍. ഇതാ ഇക്കാര്യം ഞാന്‍ നിങ്ങളോട് പറഞ്ഞിരിക്കുന്നു. അവര്‍ കല്ലറ വിട്ട് ഭയത്തോടും വലിയ സന്തോഷത്തോടും കൂടെ ശിഷ്യന്മാരെ വിവരം അറിയിക്കാന്‍ ഓടി. അപ്പോള്‍ യേശു എതിരെ വന്ന് അവരെ അഭിവാദനം ചെയ്തു. അവര്‍ അവനെ സമീപിച്ച് പാദങ്ങളില്‍ കെട്ടിപ്പിടിച്ച് ആരാധിച്ചു. യേശു അവരോട് പറഞ്ഞു: ഭയപ്പെടേണ്ട. നിങ്ങള്‍ ചെന്ന് എന്റെ സഹോദരന്മാരോട് ഗലീലിയിലേക്ക് പോകണമെന്നും അവിടെ അവര്‍ എന്നെ കാണുമെന്നും പറയുക.”

സുവിശേഷ വിചിന്തനം

യേശുവിന്റെ സംസ്‌കാരം എങ്ങനെയായിരുന്നു എന്ന് മനസ്സിലാക്കിയാല്‍ നമുക്ക് അവിടുത്തെ ഉത്ഥാനത്തെയും നന്നായി മനസ്സിലാക്കാന്‍ സാധിക്കും. യേശുവിന്റെ മരണത്തില്‍ ഭയന്നു പോയ ശിഷ്യന്മാര്‍ എവിടെയോ ഓടി ഒളിച്ചു. മാത്രമല്ല, യേശുവിനെ അടക്കാനുള്ള പണവും അവരുടെ കൈവശം ഉണ്ടായിരുന്നില്ല. അതിനാല്‍ നിക്കോദേമൂസും അരിമത്തിയാക്കാരന്‍ ജോസഫും ചേര്‍ന്നാണ് അവിടുത്തേക്ക് സംസ്‌കാരം ഒരുക്കിയത്. അരിമത്തിയാക്കാരന്‍ ജോസഫ് കൗണ്‍സിലിലെ ഒരംഗമായിരുന്നു. അദ്ദേഹമാണ് ധൈര്യപൂര്‍വം പീലാത്തോസിന്റെ അടുത്ത് ചെന്ന് യേശുവിന്റെ ശരീരം വിട്ടു തരാന്‍ ആവശ്യപ്പെട്ടത്. നിക്കോദേമൂസ് സെന്‍ഹെദ്രീന്‍ അംഗവും ഫരിസേയനും ആയിരുന്നു. ജോസഫ് അതു വരെ ആരെയും അടക്കിയിട്ടില്ലാതിരുന്ന സ്വന്തം ഉടമസ്ഥതയിലുള്ള ശവകുടീരം വിട്ടു നല്‍കി. നിക്കോദേമൂസ് സുഗന്ധദ്രവ്യങ്ങള്‍ നല്‍കി. ഇതെല്ലാം വൈകിട്ട് മൂന്നു മണിക്കും 6 മണിക്കും ഇടയില്‍ സംഭവിച്ച കാര്യങ്ങളാണ്. കാരണം അതിനു ശേഷം സാബത്താണ്. ഒരു വലിയ കല്ല് കല്ലറയ്ക്കു മുന്നില്‍ എടുത്തു വച്ച് അവര്‍ പോയി എന്ന് ബൈബിള്‍ പറയുന്നു.

ലോകത്തില്‍ പ്രധാനപ്പെട്ട വ്യക്തികള്‍ മരിക്കുമ്പോള്‍ കല്ലറയ്ക്കു കാവല്‍ക്കാര്‍ നില്‍ക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍, ഉയര്‍ത്തെഴുന്നേറ്റാലോ എന്ന ഭയം നിമിത്തം കല്ലറയ്ക്കു കാവല്‍ ഏര്‍പ്പെടുത്തിയ ഏക വ്യക്തി യേശുവായിരുന്നു.

ശരീരം കല്ലറയില്‍ കിടന്നപ്പോള്‍ യേശു എവിടെയായിരുന്നു?

വിശ്വാസപ്രമാണം പറയുന്നത് അവിടുന്ന് പാതാളങ്ങളില്‍ ഇറങ്ങി മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു എന്നാണ്. ഉയിര്‍പ്പിന് മുമ്പ് യേശു നരകത്തില്‍ പോയിരുന്നോ? എഫേസ്യര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത്, യേശു ഭൂമിയുടെ അധോഭാഗങ്ങളില്‍ ഇറങ്ങിച്ചെന്നു എന്നാണ് (എഫേ. 4, 9-10). പത്രോസ് പറയുന്നത് ‘ആത്മാവോടു കൂടി ചെന്ന് അവന്‍ ബന്ധനസ്ഥരോട് സുവിശേഷം പ്രസംഗിച്ചു’ (1 പത്രോ. 3: 19) എന്നാണ്.

യേശു ചെന്നത് നശിച്ചു പോയവരുടെ നരകത്തിലേക്കല്ല, അബ്രഹാമിന്റെ മടിത്തട്ട് എന്ന് ലാസറിന്റെയും ധനവാന്റെയും ഉപമയില്‍ പറയുന്ന സ്ഥലത്തേക്കാണ്. (ലൂക്ക 16. 19 – 31). അതായത് യേശു ചെന്നെത്തിയത് രക്ഷകന്റെ രക്ഷ കാത്തിരുന്നവരെങ്കിലും ദൈവദര്‍ശനം അതു വരെ ലഭിച്ചിട്ടില്ലാതിരുന്നവരുടെ അടുത്തേക്കാണ്.

യേശുവിന്റെ ഉത്ഥാനം

യേശുവിന്റെ കല്ലറയ്ക്കരികില്‍ ആദ്യമായി അവിടുത്തെ ഉയിര്‍ത്തെഴുന്നേല്‍പിന് സാക്ഷികളായത് മറിയം മഗ്ദലേനയും മറ്റേ മറിയവും ആയിരുന്നു. മറ്റേ മറിയം ചെറിയ യാക്കോബിന്റെ അമ്മയായ മറിയമാണ്. മൂന്നാമത്തെ ആള്‍ യോഹന്നാന്റെയും വലിയ യാക്കോബിന്റെയും അമ്മയായ സലോമിയാണ്. ഇവര്‍ യേശുവിന്റെ കുരിശിന്റെ ചുവട്ടിലും അടക്കുമ്പോഴും ഒപ്പം നിന്നവരാണ്. യേശുവിന്റെ ശരീരത്തില്‍ പൂശാന്‍ അവര്‍ സുഗന്ധ ദ്രവ്യങ്ങള്‍ കൊണ്ടു വന്നിരുന്നു. എന്നാല്‍ യേശുവിന്റെ ശരീരത്തില്‍ അവര്‍ക്ക് സുഗന്ധദ്രവ്യങ്ങള്‍ പൂശാന്‍ സാധിച്ചില്ല, കാരണം അവിടുന്നു ഉയര്‍ത്തെഴുന്നേറ്റിരുന്നു. ഈ സുഗന്ധലേപനം ബഥനിയിലെ മറിയം യേശുവിന്റെ സംസ്‌കാരിത്തിന് മുമ്പേ തന്നെ ചെയ്തിരുന്ന കാര്യം ഓര്‍ക്കുക.

സ്്ത്രീകള്‍ എത്തുന്നതിന് മുമ്പ് അവിടെ ഭൂമികുലുക്കമുണ്ടായി എന്ന് മത്തായി സുവിശേഷകന്‍ എഴുതുന്നു. ഇത് ദുഖവെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തിന്റെ തുടര്‍ച്ചയാവാം. എന്നാല്‍ കല്ലറയുടെ മുന്നിലെ കല്ല് മാറിയത് ഭൂകമ്പം മൂലമല്ല, സ്വര്‍ഗത്തില്‍ നിന്ന് ഒരു മാലാഖ വന്ന് എടുത്തു മാറ്റിയതാണ്. (രണ്ടു മാലാഖമാര്‍ എന്നാണ് ലൂക്ക എഴുതുന്നത്). യേശുവിന്റെ ഉത്ഥാനത്തിന്റെ സദ്വാര്‍ത്ത ജനങ്ങളെ അറിയിക്കാന്‍ ദൈവം ഏല്‍പിച്ച മാലാഖയായിരുന്നു അത്. യേശുവിനെ സംബന്ധിച്ച് കല്ല് നീക്കേണ്ടത് ഒരു പ്രശ്‌നമായിരുന്നില്ല. അവിടുത്തെ ഉത്ഥിതമായ ശരീരത്തിന് ഭിത്തിയിലൂടെ കടക്കാന്‍ സാധിക്കുമായിരുന്നു.

മത്തായിയുടെ വിവരണം അനുസരിച്ച് മാലാഖയുടെ രൂപം മിന്നല്‍ പിണര്‍ പോലെയും അവന്റെ വസ്ത്രങ്ങള്‍ മഞ്ഞു പോലെ വെളുത്തതും ആയിരുന്നു (മത്താ. 28. 3). ദാനിയേല്‍ പ്രവാചകന്‍ താന്‍ കണ്ട ഒരു ദര്‍ശനത്തെ കുറിച്ച് പറയുന്നത്, അവന്റെ മുഖം മിന്നല്‍ പോലെ ആയിരുന്നു എന്നാണ് (ദാനി. 10.6). മാത്രമല്ല, യേശുവിന്റെ രൂപാന്തരീക സമയത്ത്, അവന്റെ വസ്ത്രങ്ങള്‍ ഭൂമിയിലെ ഏതൊരു അലക്കുകാരനും വെളുപ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ വെണ്‍മയും തിളക്കുവമുള്ളതായി (മര്‍ക്കോ. 9.3).

സ്ത്രീകള്‍ അത് കണ്ട് മരിച്ചവരെ പോലെയായി. അവര്‍ മാലാഖയോട് ഒന്നും ചോദിച്ചില്ല. അവരുടെ മനോവിചാരം മനസ്സിലാക്കിയ മാലാഖ അവരോട് പറയുന്നത് ഇപ്രകാരമാണ്. ‘ഭയപ്പെടേണ്ട. ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങള്‍ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവന്‍ ഇവിടെയില്ല. താന്‍ അരുളിച്ചെയ്തതു പോലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു. (മത്താ. 29. 5-6). ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതെന്ത്.? എന്ന് ലൂക്കായുടെ സുവിശേഷത്തില്‍ പറയുന്നു.

യേശു ഉയിര്‍ത്തെഴുന്നേറ്റ സന്തോഷ വാര്‍ത്ത കേട്ട സ്ത്രീകള്‍ ആനന്ദം അടക്കാനാവാതെ ഓടുന്വോള്‍ വഴിയില്‍ യേശുവിനെ കാണുന്നു. ഈ വിവരം ശിഷ്യന്മാരെ അറിയിക്കാന്‍ യേശു അവരോട് ആവശ്യപ്പെടുന്നു. യേശു ഏഴ് പിശാചുക്കളെ പുറത്താക്കിയ മറിയം മഗ്ദലേനയാണ് ഉത്ഥിതനായ യേശുവിനെ ആദ്യം കാണാന്‍ ഭാഗ്യം ലഭിച്ചവള്‍.

യോഹന്നാന്റെ സുവിശേഷം അനുസരിച്ച് കല്ലറയ്ക്കു മുന്നിലെ കല്ല് നീക്കിയതായി കണ്ട മറിയം ഈ വിവരം പത്രോസിനെയും യോഹന്നാനെയും അറിയിക്കുന്നു. ഈ സമയം മറിയം രണ്ടു ദൈവദൂതന്മാരെ കാണുന്നു. അവരോട് സംസാരിച്ചു നിന്ന മറിയത്തിന്റെ പിന്നില്‍ യേശു പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ കണ്ണീര് കൊണ്ടാവാം അവള്‍ക്ക് യേശുവിനെ മനസ്സിലായില്ല. അത് തോട്ടക്കാരനാണ് എന്ന് അവള്‍ ധരിച്ചു. എന്നാല്‍ യേശു അവളെ പേര് ചൊല്ലി വിളിച്ചപ്പോള്‍ അവള്‍ തിരിച്ചറിഞ്ഞു.

സന്ദേശം

കുടുംബനാഥന്റെ വിജയം കുടുംബം മുഴുവന്റെയും വിജയമാണ്. അതുപോലെ മരണത്തിന്റെ മേലുള്ള യേശുവിന്റെ വിജയം നമ്മുടെ കൂടി വിജയമാണ്. അവിടുത്തെ പിന്നാലെ നമുക്കും വിശ്വസ്തയോടെ നീങ്ങാം.

യേശുവിന്റെ ശിഷ്യന്മാര്‍ പുരുഷന്മാരായിരുന്നെങ്കിലും ക്രൂശീകരണത്തിന്റെ നേരത്ത് കൂടുതല്‍ ധൈര്യം പ്രദര്‍ശിപ്പിച്ചത് യേശുവിന്റെ സ്ത്രീ ശിഷ്യകളായിരുന്നു. സഭയില്‍ സ്ത്രീകള്‍ക്ക് സുപ്രധാനമായ പങ്കുണ്ട്.

യേശുവിന്റെ പരസ്യജീവിത കാലത്ത് വിശ്വാസം പ്രഖ്യാപിക്കാന്‍ ധൈര്യം കാണിച്ചില്ലെങ്കിലും യേശു മരിച്ചു കഴിഞ്ഞപ്പോള്‍ അരിമത്തിയകാരന്‍ ജോസഫും നിക്കൊദേമൂസും യേശുവിന് വലിയ ശുശ്രൂഷയാണ് നല്‍കിയത്. നമുക്കും മറ്റുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവരോട് ഔദാര്യമുള്ളവരാകാം.

യേശുവിന്റെ കല്ലറയ്ക്കു കാവല്‍ നിന്നവരാണ് യേശുവിന്റെ ഉത്ഥാനം നേരില്‍ കണ്ടവര്‍. എന്നാല്‍ അവര്‍ യേശുവിലും രക്ഷയിലും വിശ്വസിച്ചില്ല. അവര്‍ ആഗ്രഹിച്ചത് പണമായിരുന്നു. നമ്മള്‍ എന്താണ് ആഗ്രഹിക്കുന്നത്?

യേശുവിന്റെ ഉത്ഥാനത്തെ മറച്ചു വയ്ക്കാനാണ് പുരോഹിതപ്രമുഖരും പ്രമാണികളും ശ്രമിച്ചത്. ദൈവകത്തിന്റെ വെളിപാടുകളെ നമ്മുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കു വേണ്ടി നാം മറച്ചു വയ്ക്കുന്നുണ്ടോ?

പ്രാര്‍ത്ഥന

ഉത്ഥിതനായ യേശുനാഥാ,

മരണത്തെയും പാപത്തെയും ജയിച്ചവനായ അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. അങ്ങയുടെ ഉത്ഥാനത്തിന്റെ മഹിമയാലും ശക്തിയാലും ഞങ്ങളുടെ പാപങ്ങളില്‍ നിന്ന് ഞങ്ങളെ മോചിപ്പിക്കണമേ. പല വിധ ജീവിതക്ലേശങ്ങളാല്‍ ഞങ്ങള്‍ വലയുമ്പോള്‍, മരണഭയം ഞങ്ങളെ പിടികൂടുമ്പോള്‍ അവിടുത്തെ ഉയിര്‍പ്പിന്റെ ഓര്‍മ ഞങ്ങള്‍ പ്രത്യാശ പകരുകയും ഞങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യട്ടെ. കോവിഡ് മഹാമാരി മൂലം കഷ്ടപ്പെടുന്ന എല്ലാ മനുഷ്യരെയും ഞങ്ങള്‍ അങ്ങയുടെ കരങ്ങളിലേക്ക് സമര്‍പ്പിക്കുന്നു. അവിടുത്തെ ഉത്ഥാനത്തിന്റെ ശക്തിയാല്‍ ഈ മഹാമാരിയെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കണമേ. ഞങ്ങളെ രക്ഷിക്കണമേ.

ആമ്മേന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles