തിരുവനന്തപുരം അതിരൂപത മെത്രാപോലീത്ത ഡോ. സൂസൈ പാക്യം സ്ഥാനമൊഴിയുന്നു

തിരുവനന്തപുരം അതിരൂപത മെത്രാപോലീത്ത ഡോ. സൂസൈ പാക്യം സ്ഥാനമൊഴിയുന്നു. 75 വയസ്സ് പൂർത്തിയായ സാഹചര്യത്തിലാണ് സൂസൈ പാക്യം പിതാവിന്റെ സ്ഥാനമൊഴിയൽ.

സർക്കുലറിന്റെ പൂർണ്ണരൂപം

പ്രിയ സഹോദര വൈദികരെ,

മാർച്ച് മാസം പതിനൊന്നാം തീയതി ഞാൻ 75 വയസ്സ് പൂർത്തിയാക്കുകയാണല്ലോ. തുടർസംവിധാനങ്ങൾ എന്താണെന്നറിയാനുള്ള ആകാംഷ തികച്ചും സ്വാഭാവികമാണ്. ഏതാനും ചിലരെങ്കിലും അസ്വസ്ഥത പ്രകടിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം പലവട്ടം ഞാൻ മേലധികാരികളെ അറിയിച്ചിട്ടുള്ളതാണ്. സഭാധികാരികളെ നിർബന്ധി ക്കാനാവില്ലല്ലോ; അനുസരിക്കേണ്ടതാണല്ലോ നമ്മുടെ കടമ. എത്രയും മവഗം വ്യക്തമായൊരു പ്രഖ്യാപനം പരിശുദ്ധ സിംഹാസനത്തിന്റെ പക്കൽ നിന്നുണ്ടാ കുമെന്നതാണ് എന്റെയും പ്രതീക്ഷ.

ദീർഘമായ കാലയളവിനെയും തുടർച്ചയായ ചികിത്സകളെയും കണക്കിലെടുക്കേണ്ടത് എന്റെയും കൂടി കടമയാണല്ലോ. ഇന്നിതുവരെ ആരോടും മനപൂർവ്വം അന്യായമായി പെരുമാറിയിട്ടുള്ളതായി എനിക്ക് തോന്നുന്നില്ല. എല്ലാവരെയും പ്രീതിപ്പെടുത്തുവാനും സാധിക്കുകയില്ലല്ലോ. നിയമാനുസൃതമായ പരിധികൾക്കുള്ളിലായിരിക്കാനും അങ്ങേയറ്റം ശ്രദ്ധിച്ചിട്ടുണ്ട്. പരിധിവിട്ട് എന്തെങ്കിലും അതിക്രമങ്ങൾ എന്റെ ഭാഗത്തുനിന്നും ഉണ്ടായിപ്പോയിട്ടുണ്ടെന്ന് ആർക്കെങ്കിലും തോന്നുകയാണെങ്കിൽ അതിന് നിയമാനുസൃതമായ വിശദീകരണവും പരിഹാരമാർഗ്ഗങ്ങളും ആരായുന്നതിന് ഞാൻ തന്നെ പലവട്ടം ഉത്തരവാദിത്വപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്. മാനുഷികമായിട്ടുള്ള ബലഹീനതകൾ എല്ലാവർക്കും സ്വാഭാവികമാണല്ലോ. വിശാല മനോഭാവത്തോടും ക്രിസ്ത്വരൂപിയോടുംകൂടി ഇവയൊക്കെ പരമാവധി പരസ്പരം അവഗണിക്കുവാൻ ശ്രമിക്കുന്നവരാണല്ലോ നമ്മൾ.

അതിരൂപത ഉപദേശക സമിതിയെയും സാമ്പത്തിക സമിതിയേയും വിളിച്ചുകൂട്ടി സുപ്രധാനമായ ചില രേഖകളും എന്റെതന്നെ ചില നിർദ്ദേശങ്ങളും ഞാൻ അവരുടെ മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇവരുടെയും ശുശ്രൂഷാ സമിതികളുടെയും വിവിധ സ്ഥാപനങ്ങളുടേയും ഉത്തരവാദിത്വപ്പെട്ടവരുമായി സഹകരിച്ചുകൊണ്ടാണല്ലോ കാര്യങ്ങളെല്ലാം മുന്നോട്ട് പോയിരുന്നത്. നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും ഉത്തരവാദിത്വം എല്ലാവർക്കും പൊതുവായിട്ടുള്ളതാണ്.

ഇന്നത്തെ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് കാര്യങ്ങൾ എപ്രകാരം ഒന്നുകൂടി മെച്ചപ്പെടുത്താമെന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. അനുദിന കാര്യങ്ങളിൽ അതിരൂപത അധ്യക്ഷനെ സഹായിക്കേണ്ടത് പ്രഥമവും പ്രധാനവുമായി സഹായമെത്രാന്റെ ചുമതലയാണല്ലോ. ഇന്നുമുതൽ എന്റെ സ്ഥാനത്തു നിന്നുകൊണ്ട് തീരുമാനങ്ങൾ എടുക്കുവാനുള്ള അവകാശവും ഉത്തരവാദിത്വവും ഞാൻ സഹായമെത്രാനെ ഭരമേൽപ്പിക്കുന്നു. സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നതും സഹായമെത്രാൻ തന്നെയായിരിക്കും. ഉത്തരവാദിത്വങ്ങളിൽ നിന്ന് പരിശുദ്ധ സിംഹാസനം എന്നെ ഒഴിവാക്കുന്നത് വരെ സഹായമെത്രാനെടുക്കുന്ന തീരുമാനങ്ങളുടെയെല്ലാം ഉത്തരവാദിത്വം എനിക്ക് തന്നെയായിരിക്കും. വികാരി ജനറലും ഉത്തരവാദിത്വപ്പെട്ടവരും കൂടെയുള്ളപ്പോൾ എല്ലാം മുറപോലെ നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മാർച്ച് മാസം 10-ാം തീയതി മുതൽ ഞാൻ അതിരൂപതാ മന്ദിരത്തിൽനിന്ന് അതിരൂപതാ സെമിനാരിയിലേക്ക് മാറി താമസിക്കാൻ ഉദ്ദേശിക്കുകയാണ്. ഇക്കാര്യങ്ങൾ ഉചിതമായ രീതിയിൽ ഇടവകജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുമല്ലോ.

സർവ്വ പ്രധാനമായി അതിരൂപതയുടെ വിശുദ്ധീകരണത്തിനുവേണ്ടി പ്രാർത്ഥിക്കേണ്ട അവസരമാണിത്. അതിരൂപതയുടെ വിശുദ്ധീകരണം എൻറെയും നിങ്ങളുടെയും ശക്തിക്കും ബുദ്ധിക്കും കഴിവുകൾക്കും അതീതമായി ദൈവത്തിന്റെ പ്രവർത്തനഫലമാണ്. ഓരോ സാഹചര്യത്തിലും മനസ്സിനിണങ്ങിയ ഇടയന്മാരെ പ്രദാനം ചെയ്യുമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. തീർച്ചയായും നല്ല ഇടയനായ യേശുവിൻറെ സജീവ സാന്നിധ്യം എപ്പോഴും നമ്മോടൊപ്പമുണ്ടാകും. നിക്ഷിപ്തതാൽപര്യങ്ങൾക്കുപരിയായി യേശുവിന്റെ സ്നേഹത്തിന്റെയും സേവനത്തിന്റെയും ശുശ്രൂഷയിൽ പങ്കുചേരാൻ നമുക്ക് നമ്മെത്തന്നെ പൂർണ്ണമായി സമർപ്പിക്കാം. പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥ്യവും നമ്മെ എപ്പോഴും നേർവഴിയിലേക്കുതന്നെ നയിക്കും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles