കോവിഡ് കാലത്തെ വിശ്വാസികള്‍ എങ്ങനെ നേരിടണം?

ഒരുമയോടെ നില്ക്കേണ്ടൊരു കാലം

ഒരു വശത്ത് പാരസ്പരികതയുടെയും (interdependence) മറുവശത്ത് അസമത്വത്തിന്‍റെയും (inequality) ഇരട്ടമുഖമുള്ള മാനവസമൂഹത്തെയാണ് മഹാമാരിയുടെ ഇക്കാലഘട്ടത്തില്‍ പ്രകടമായി കാണുന്നതെന്ന് പൊന്തിഫിക്കല്‍ അക്കാഡമിയുടെ (Pontifical Academy for Life)  പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് പാലിയ ചൂണ്ടിക്കാട്ടി. മാനവകുലം ഒരു ബോട്ടില്‍ അല്ലെങ്കിലും കാലികമായ വന്‍വസന്തയുടെ കൊടുങ്കാറ്റിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതത്തിന്‍റെ ധാര്‍മ്മികത ആഗോളവ്യാപകമാണ്. എന്നാല്‍ ഇന്നിന്‍റെ ജീവിതത്തില്‍ കാണുന്ന ധാര്‍മ്മികതയുടെ താളപ്പിഴകള്‍ മാനവികതയില്‍ ഏല്പിക്കുന്നത് വലിയ പ്രഹരമാണ്. മാനവികതയുടെ പൊതുവായ ഈ വ്രണിതസ്വഭാവം മനസ്സിലാക്കി സമൂഹങ്ങള്‍ തങ്ങളുടെ ബോട്ടുകളില്‍ സ്വാര്‍ത്ഥമായ തീരങ്ങളിലേയ്ക്ക് ദിശാബോധമില്ലാതെ സഞ്ചിരിക്കുന്നതിനു പകരം, കമ്പോളവും വിദ്യാഭ്യാസവും ആരോഗ്യവും ജീവനും സമൂഹത്തിന്‍റെ പൊതുവായ മേഖലകളായി കണ്ട് ഒരുമയോടെ പൊതുനന്മയ്ക്കായി പരിശ്രമിക്കണമെന്നാണ് ആര്‍ച്ചുബിഷപ്പ് പാലിയ പ്രബന്ധത്തില്‍ ഉദ്ബോധിപ്പിക്കുന്നത്.

“വിവരബാഹുല്യ”വും അമിതവേഗതയും

സാങ്കേതികത വളര്‍ന്ന് അത്യുഗ്രമായ വിവരബാഹുല്യവും (infodemic), കുടിയേറ്റത്തിന്‍റെയും ട്യൂറിസത്തിന്‍റെയും ആഗോളവത്ക്കരണത്തിന്‍റെയും അമിതവേഗതയുള്ള കണ്ണിചേരലും (hyper connectivity) വളര്‍ന്ന് സമൂഹത്തില്‍ പൊരുത്തപ്പെടലിനെക്കാള്‍ പൊരുത്തക്കേടിന്‍റെയും, ആശങ്കയുടെയും ആശയകുഴപ്പത്തിന്‍റെയും ചുറ്റുപാടാണ് ആഗോളതലത്തില്‍ സംജാതമായിരിക്കുന്നത്. സമൂഹം ഇന്ന് അമിതമായ വ്യക്തിമാഹാത്മ്യവാദത്തിന്‍റെയും സ്വാര്‍ത്ഥജീവിതത്തിന്‍റെയും ശൈലിയിലാണ് മുന്നേറുന്നതെന്ന് ആര്‍ച്ചുബിഷപ്പ് പാലിയ പ്രബന്ധത്തില്‍ വ്യക്തമാക്കി. അതിനാല്‍ ജീവന്‍റെ പുനര്‍ജനി, അല്ലെങ്കില്‍ മനുഷ്യജീവിതത്തിന്‍റെ നവീകരണം ഇന്ന് അനിവാര്യമാണെന്നും, ഇത് മാനവസമൂഹത്തോട് എല്ലാവരും കാണിക്കേണ്ട പൊതുവായ ഉത്തരവാദിത്ത്വമാണെന്നും ആര്‍ച്ചുബിഷപ്പ് പാലിയ ചൂണ്ടിക്കാട്ടി.

ക്ലേശകരമാകുന്ന ജീവിതം

ശുന്യമായ തെരുവുകളും, നഗരങ്ങളും, മനുഷ്യരുടെ അടച്ചുപൂട്ടിയിരിപ്പും പ്രകടമാക്കുന്നത് മാനവികതയുടെ വ്രണപ്പെട്ട ചുറ്റുപാടാണെന്ന് പ്രബന്ധം സമര്‍ത്ഥിച്ചു. സ്നേഹാശ്ലേഷങ്ങളും, ചുംബനങ്ങളും, കൈകൊടുക്കല്‍പോലും ഇല്ലാതായി, എല്ലാവരും സ്വരക്ഷയ്ക്കായി പറ്റുന്ന സുരക്ഷാകവചങ്ങള്‍ അണിഞ്ഞും സാമൂഹിക അകല്‍ച്ചപാലിച്ചും, ഒറ്റപ്പെട്ടും, നിരാശരായി, ദേഷ്യത്തോടെ ആരെയോയെല്ലാം കുറ്റംപറഞ്ഞുമാണ് മുന്നോട്ടു നീങ്ങുന്നത്. എന്നാല്‍ ഇതിനിടെ സമൂഹത്തില്‍ കുഞ്ഞുങ്ങളും പ്രായമായവരും, രോഗികളും വ്രണിതാക്കളുമായവര്‍ കൂടുതല്‍‍ പുറംതള്ളപ്പെടുകയാണെന്നും പ്രബന്ധം വ്യക്തിമാക്കി. സ്വന്തം കുടുംബക്കാരെയോ അയല്‍ക്കാരെയോ കൂട്ടുകാരെയോ ഒന്നു സന്ദര്‍ശിക്കുവാനോ കാണുവാനോ സാധിക്കാതെയും, ജോലിക്കു പോകുവാനാകാതെയും, മരിച്ചുപോയ പ്രിയപ്പെട്ടവരെ ഭവ്യതയോടെ അടക്കംചെയ്യാനാവാതെയും ജീവിതം അനുദിനം കൂടുതല്‍ കരിനിഴലില്‍ അമരുകയാണെന്ന് പ്രബന്ധം വിശദീകരിച്ചു.

വൈറസ് വെളിപ്പെടുത്തുന്ന മനുഷ്യന്‍റെ വ്രണിതഭാവം

മനുഷ്യജീവന്‍റെ വ്രണിതസ്വഭാവവും നിസ്സാരതയും വൈറസ് ബാധ സ്ഥിരീകരിക്കുകയും വെളിപ്പെടുത്തുകയും ചെയ്യുന്നു. ഒരു യുദ്ധവാര്‍ത്തപോലെ, അനുദിനം സംഭവിക്കുന്ന ആയിരങ്ങളുടെ കൂട്ടമരണം മനുഷ്യമനസ്സുകളെ ദുഃഖത്തില്‍ ആഴ്ത്തുകയും, വേദനയുടെ കരിനിഴല്‍ മാനവസമൂഹത്തെ ആവരണംചെയ്യുകയും ചെയ്യുന്നു. പ്രത്യാഘാതമോ, നന്ദിയുള്ളവരായി ജീവിതം അനുദിനം ജീവിക്കേണ്ടവര്‍ നന്ദികെട്ടവരും, ധാര്‍ഷ്ട്യഭാവമുള്ളവരും അഹങ്കാരികളും ക്ഷിപ്രകോപികളുമായി മാറുകയാണെന്ന് ആര്‍ച്ചുബിഷപ്പ് നിരീക്ഷിച്ചു.

പൊതുഭവനമായ ഭൂമി സംരക്ഷിക്കാം

ഈ കെടുതിയില്‍ പൊതുഭവനമായ ഭൂമിയില്‍ ജീവിക്കുന്നവരുടെ സ്വാര്‍ത്ഥതയുടെയും ആധിപത്യത്തിന്‍റെയും മനോഭാവങ്ങള്‍ വിനാശത്തിലേയ്ക്കായിരിക്കും നമ്മെ നയിക്കുകയെന്ന് പ്രബന്ധം ധ്യാനിക്കുന്നു. വനനശീകരണം, അതു കാരണമാക്കുന്ന വന്യജീവി-സങ്കേതങ്ങളുടെ വിനാശം, കാലാവസ്ഥ വ്യതിയാനം എന്നിവ ജന്തുജന്യ രോഗങ്ങള്‍ക്കും (Zoonotic diseases), കൊറോണപോലുള്ള നവമായ വൈറസുകളുടെ ആവാസത്തിനും കാരണമായിട്ടുണ്ട്. അതിനാല്‍ ദൈവിക ദാനമായ ഭൂമിയുടെയും ജീവജാലങ്ങളുടെയും സന്തുലിതാവസ്ഥ നശിപ്പിക്കാതെ പരസ്പരാദരവോടും സൗഹൃദത്തോടുംകൂടെ അതില്‍ ഈശ്വര ചിന്തയോടെ വസിക്കുകയും, അത് സംരക്ഷിക്കുകയുമാണ് വേണ്ടതെന്ന് പ്രബന്ധം ഉദ്ബോധിപ്പിച്ചു.

ഐക്യദാര്‍ഢ്യം വളര്‍ത്താം

മാനവികതയുടെ ഐക്യദാര്‍ഢ്യമാണ് ഇന്നിന്‍റെ പ്രശ്നപരിഹാര മാര്‍ഗ്ഗം. ആവശ്യത്തിലായിരിക്കുന്ന അപരനോടുള്ള ഉത്തരവാദിത്ത്വവും പ്രതിബദ്ധതയുമാണത്. ലോകം ഇന്ന് അനുഭവിക്കുന്ന ദുരന്തത്തിന്‍റെ പ്രത്യാഘാതം നേരിടാന്‍ ഓരോരുത്തരും അവരവരുടേതായ പങ്കുവഹിക്കേണ്ടതുണ്ട്. എല്ലാം സര്‍ക്കാരില്‍നിന്നു കിട്ടും എന്നു ചിന്തിച്ചു കാത്തിരിക്കരുത്. ഗതകാല മോഹങ്ങളില്‍ മുഴുകി ജീവിക്കാതെ മാനവ സഹവര്‍ത്തിത്വത്തിന്‍റെ നവമായൊരു ഭാവി മെനഞ്ഞെടുക്കാം. പരസ്പരം പങ്കുവച്ചും സഹായിച്ചും ജീവിക്കാമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് വത്തിക്കാന്‍റെ ജീവനുവേണ്ടിയുള്ള അക്കാഡമിയുടെ പ്രബന്ധം ആര്‍ച്ചുബിഷപ്പ് പാലിയ ഉപസംഹരിച്ചത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles