ദൈവകൃപ വേണോ? എളിമ അഭ്യസിക്കുക

ക്രിസ്ത്വനുകരണം – പുസ്തകം 2 അദ്ധ്യായം 10

ദൈവകൃപയ്ക്ക് നന്ദി പറയുക

നീ അദ്ധ്വാനത്തിനായി ജനിച്ചവനാണെങ്കില്‍ എന്തിനാണ് വിശ്രമിക്കാന്‍ നോക്കുന്നത്, ക്ഷമിക്കാനാണ് അഭ്യസിക്കേണ്ടത്. ആശ്വാസം തേടുകയല്ല, കുരിശ് വഹിക്കുകയാണ്, സന്തോഷമന്വേഷിക്കുകയല്ല വേണ്ടത്. എപ്പോഴും ലഭിക്കാമെങ്കില്‍ ലോകത്തിലാരാണ് ആശ്വാസവും ആത്മീയ സന്തോഷവും തേടാത്തത്? ആത്മീയ ആശ്വാസങ്ങള്‍ ലോകത്തിന്റെ വിശിഷ്ടദാനങ്ങളെക്കാളും ജഡികസുഖങ്ങളെക്കാളും മികച്ചതാണ് . ലൗകികസുഖങ്ങള്‍ ഒന്നുകില്‍ ഹൃസ്വമാണ്, അല്ലെങ്കില്‍ ലജ്ജാകരമാണ്. ആത്മീയ സന്തോഷങ്ങള്‍ ഹൃദ്യവും സംശുദ്ധവുമാണ്. സുകൃതങ്ങളില്‍ നിന്ന് വരുന്നതും ശുദ്ധഹൃദയര്‍ക്ക് ദൈവം നല്കുന്നതുമാണ് . പക്ഷെ ഈ ആത്മീയാശ്വാസങ്ങള്‍ ഇഷ്ടംപോലെ അനുഭവിക്കാന്‍ പറ്റില്ല. പരീക്ഷയുടെ കാലം അകലെയല്ല.

അഹങ്കാരിക്ക് ദൈവകൃപ നഷ്ടപ്പെടും

ആത്മാവിന്റെ തെറ്റായ സ്വാതന്ത്യവും അതിയായ ആത്മ വിശ്വാസവും സ്വര്‍ഗ്ഗീയ സന്ദര്‍ശനത്തിന് വളരെ എതിരാണ്. ആശ്വാസത്തിന്റെ അനുഗ്രഹം തരുമ്പോള്‍ ദൈവം നന്മ തരുന്നു. ദൈവത്തിന് , കൃപയുടെ ഉറവിടത്തിന്്, ഹൃദയപൂര്‍വ്വം നന്ദി പറഞ്ഞ് എല്ലാം ദൈവത്തിന്റേതാണെന്ന് ഏറ്റുപറയാത്തപ്പോള്‍ മനുഷ്യന്‍ മോശമായി പ്രവര്‍ത്തിക്കുന്നു. തന്മൂലം കൃപയുടെ ദാനം നമ്മിലേയ്ക്ക് ഒഴുകുന്നില്ല , നാം നന്ദിഹീനരാണ്, നന്ദിയുള്ളവര്‍ക്കാണ് ദൈവകൃപ ലഭിക്കുന്നത് . അഹങ്കാരിയില്‍ നിന്ന് അത് എടുത്തുമാറ്റുന്നു എളിമയുള്ളവര്‍ക്കാണ് സാധാരണ ദൈവത്തിന്റെ കൃപ ലഭിക്കുന്നത്.

ദൈവകൃപ നമ്മെ എളിമയുള്ളവരാക്കുന്നു

എന്നില്‍ നിന്ന് ഹൃദയതാപം നീക്കിക്കളയുന്ന ആശ്വാസം എനിക്ക് വേണ്ട. എന്നെ അഹങ്കാരിയാക്കുന്ന സ്‌നേഹാത്മക ധ്യാനവും വേണ്ട. ഉന്നതമായതെല്ലാം വിശുദ്ധമല്ല, മധുരമായതെല്ലാം നല്ലതല്ല. എല്ലാ ആഗ്രഹവും പരിശുദ്ധമല്ല. നമുക്ക് ഇഷ്ടമുള്ളതെല്ലാം, ദൈവത്തിന് പ്രിയംകരമാകണമെന്നില്ല. എന്നെ കൂടുതല്‍ എളിമയുള്ളവനും, ദൈവഭയമുള്ളവനും എന്നെത്തന്നെ അവഗണിക്കാന്‍ കൂടുതല്‍ സന്നദ്ധനുമാക്കുന്ന ദൈവകൃപ ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. കൃപാവര ദാനത്താല്‍ പ്രകാശിതനായി കൃപ പിന്‍വലിക്കുന്ന ശിക്ഷ യില്‍ പ്രബുദ്ധനായി തന്നില്‍ തന്നെ എന്തെങ്കിലും നന്മയുണ്ട് എന്ന് കരുതുകയില്ല. പകരം താന്‍ ദരിദ്രനും ശൂന്യനുമാണെന്ന് ഏറ്റുപറയും. ദൈവത്തിനുള്ളതു ദൈവത്തിന് കൊടുക്കുക. നിന്റേത് നീ എടുക്കുക. അതായത് കൃപക്ക് ദൈവത്തിന് നന്ദി നല്കുക. നിനക്ക് പാപവും. നിന്റെ പാപത്തിന് നീ ശിക്ഷയര്‍ഹിക്കുന്നുവെന്ന് ഓര്‍മ്മിക്കണം.

സ്‌നേഹത്തില്‍ നീ വേരുറച്ചാല്‍ അഹങ്കരിക്കുകയില്ല.

നിന്നെത്തന്നെ എപ്പോഴും ഏറ്റവും താഴെ ഇടുക, ഏറ്റവും ഉന്നതമായത് നിനക്ക് നല്കപ്പെടും . താഴ്ന്നതുകൂടാതെ ഉന്നതമായത് നിലനില്ക്കില്ല . ദൈവദൃഷ്ടിയില്‍ ഉന്നതരായ വിശുദ്ധര്‍ തങ്ങളുടെ ദൃഷ്ടിയില്‍ ഏറ്റവും താണവരാണ . മഹത്വപൂര്‍ണ്ണരാകും തോറും കൂടുതല്‍ എളിമയുള്ളവരാണ്. സത്യവും സ്വര്‍ഗ്ഗീയ മഹത്വവും നിറഞ്ഞ അവര്‍ വ്യര്‍ത്ഥാഭിമാനം ദാഹിക്കുന്നവരല്ല. ദൈവത്തില്‍ വേരുപാകി ഉറപ്പിക്കപ്പെട്ടവര്‍ക്ക് ഒരുതരത്തിലും അഹങ്കരിക്കാനാവില്ല. തങ്ങള്‍ സ്വീകരിച്ച എല്ലാ നന്മയും ദൈവത്തിന്റെതാണെന്ന് ഏറ്റുപറയുന്നവര്‍ പരസ്പര മഹത്വമന്വേഷിക്കാത്ത വര്‍ ദൈവത്തില്‍ നിന്നുള്ള മഹത്വം മാത്രം ആഗ്രഹിക്കുന്നവരാണ്. ദൈവത്തെ തങ്ങളിലും എല്ലാ വിശുദ്ധരിലും എല്ലാറ്റിലുമുപരി സ്തുതിക്കുവാന്‍ ആഗ്രഹിക്കുന്നു . അത് മാത്രമാണ് അവരുടെ ലക്ഷ്യം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles