ക്രിസ്ത്വനുകരണം അധ്യായം 19

നല്ല സന്യാസിയുടെ ജീവിതചര്യ

നല്ല സന്യാസിമാരുടെ ജീവിതം എല്ലാ സുകൃതങ്ങളിലും സമൃദ്ധമായിരിക്കണം. പുറമേ മനുഷ്യര്‍ക്ക് കാണപ്പെടുന്നതു പോലെ തന്നെയായിരിക്കണം അകമേയും. ബാഹ്യമായി കാണപ്പെടുന്നതിനേക്കാള്‍ അകം തീര്‍ച്ചയായും കൂടുതല്‍ നന്നായിരിക്കണം. കാരണം നമ്മുടെ അകം കാണുന്നവന്‍ ദൈവമാണ്. എവിടെയായിരുന്നാലും നാം അവിടുത്തെ സര്‍വ്വോപരി ആദരിക്കേണ്ടതാണ്, ദൈവദൂതന്മാരെപ്പോലെ അവിടുത്തെ സന്ന ധിയില്‍ പരിശുദ്ധമായി വ്യാപരിക്കേണ്ടവരാണ്.

ഓരോ ദിവസവും നമ്മുടെ പ്രതിജ്ഞ നാം പുതുക്കണം. തീക്ഷണതയില്‍ വളരണം, നമ്മുടെ മാനസാന്തരത്തിന്റെ ആദ്യ ദിനം ഇന്ന് ആയിരുന്നാലെന്നപോലെ. എന്റെ കര്‍ത്താവായ ദൈവമേ , എന്റെ നല്ല പ്രതിജ്ഞയിലും നിന്റെ വിശുദ്ധ സേവനത്തിലും എന്നെ സഹായിക്കണമെ. ഇന്ന് നന്നായി ആരംഭിക്കാന്‍ എന്നെ അനുഗ്രഹിക്കേണമെ. ഇതുവരെ ഞാന്‍ ചെയ്തിട്ടുള്ളത് ഒന്നുമല്ല.

നമ്മുടെ പുരോഗതി ദൈവകൃപക്കും നമ്മുടെ ശ്രദ്ധയ്ക്കും അനുസൃതമായാണ്

നമ്മുടെ തീരുമാനം പോലെയാണ് നമ്മുടെ പുരോഗതി. നന്നായി വളരാന്‍ ആഗ്രഹിക്കുന്നവന് ഏറെ ശ്രദ്ധ വേണം. ദൃഢപ്രതിജ്ഞ എടുക്കുന്നവന്‍ പലപ്പോഴും വീണു പോകുന്നെങ്കില്‍ വിരളമായും അല്പമായും മാത്രം ആഗ്രഹിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും. നമ്മുടെ ദ്യഢനിശ്ചയത്തില്‍ നിന്ന് നാം വീണ് പോകുന്നത് പലവിധത്തിലാണ് . സന്യാസാനുഷ്ഠാനങ്ങളിലെ ചെറിയ അവഗണനപോലും എന്തെങ്കിലും ദോഷം ചെയ്യാതിരിക്കുകയില്ല. നീതിമാന്മാര്‍ പ്രതിജ്ഞയെടുക്കുന്നത് സ്വന്തം ബുദ്ധി അനുസരിച്ചല്ല ദൈവകൃപയെ ആശ്രയിച്ചാണ്, എന്തു ചെയ്താലും ദൈവത്തെയാണ് അവര്‍ ആശ്രയിക്കുന്നത്. കാരണം മനുഷ്യന് തീരുമാനിക്കാം, ദൈവമാണ് നടത്തേണ്ടത്. മനുഷ്യന്റെ വഴി അവന്റെ കൈകളിലല്ല (ജറ 10:23) .

ആധ്യാത്മികാനുഷ്ഠാനങ്ങള്‍ എളുപ്പത്തില്‍ ഉപേക്ഷിക്കരുത്

ഭക്തിപരമായ കാരണത്താലോ, സഹോദര നന്മയെപ്രതിയോ, പതിവുള്ള അനുഷ്ഠാനം ഉപേക്ഷിക്കേണ്ടി വന്നാലും അവ പിന്നീട് എളുപ്പത്തില്‍ വീണ്ടെടുക്കാന്‍ പറ്റും. പക്ഷേ ഉദാസീനതയും അവഗണനയും മൂലം എളുപ്പത്തില്‍ ഉപേക്ഷിച്ചാല്‍ അത് തികച്ചും കുറ്റകരമാണ്, ദോഷം ചെയ്യുന്നതുമാണ് . എത്ര ശ്രമിച്ചാലും പല കാര്യങ്ങളിലും നമുക്ക് വീഴ്ചയുണ്ടാകാം. എപ്പോഴും വ്യക്തമായ നിശ്ചയങ്ങള്‍ വേണം, പ്രത്യേകിച്ചും നമുക്ക് കൂടുതല്‍ തടസ്സമാവുന്നവര്‍ക്കെതിരെ. പുറമേയും അകമേയും പഠിശോധിക്കയും ക്രമീകരിക്കയും വേണം. കാരണം പുരോഗതിക്ക് രണ്ടും ആവശ്യമാണ്.

അനുദിനകാര്യങ്ങള്‍ ദൈവമഹത്വത്തിന് ചേര്‍ന്നവിധം ക്രമീകരിക്കണം

നിനക്ക് എപ്പോഴും മനസ്സിനെ പ്രാര്‍ത്ഥനയില്‍ ഏകാഗ്രമായി നിറുത്താന്‍ സാധിക്കുകയില്ലെങ്കിലും ഇടയ്‌ക്കെല്ലാം, കുറഞ്ഞത് രാവിലെയും വൈകുന്നേരവും സാധിക്കും. രാവിലെ തീരുമാനിക്കുക, വൈകുന്നേരം നിന്റെ ചെയ്തികള്‍ പരിശോധിക്കുക. നീ ഇന്ന് വാക്കിലും പ്രവ്യത്തിയിലും , ചിന്തയിലും എങ്ങിനെയായിരുന്നു, കാരണം ഇവയില്‍ പലപ്പോഴും ദൈവത്തിനും സഹോദരനും എതിരായി തെറ്റു ചെയ്തിട്ടുണ്ടാകാം. പിശാചിന്റെ ദുഷ്ടയ്‌ക്കെതിരായ ശക്തനാവുക, ഭോജന പ്രിയം നിയന്ത്രിക്കുക. അപ്പോള്‍ ജഡികാസക്തിയുടെ പ്രവണതകള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കും. ഒരിക്കലും തീര്‍ത്തും അലസരായിരിക്കരുത് . ഒന്നുകില്‍ വായിക്കുക, അല്ലെങ്കില്‍ എഴുതുക , പ്രാര്‍ത്ഥിക്കുക , ധ്യാനിക്കുക , അല്ലെങ്കില്‍ സഹോദരങ്ങള്‍ക്ക് പ്രയോജനകരമായ തെന്തെങ്കിലും ചെയ്യുക, ശാരീരിക പ്രായശ്ചിത്തങ്ങള്‍ വിവേകത്താടെ ചെയ്യണം , എല്ലാവരും അവ ഒരു പോലെ ചെയ്യരുത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles