ക്രിസ്ത്വനുകരണം അധ്യായം 5
തോമസ് അക്കെമ്പിസ്
ദൈവവചന പാരായണം
ദൈവവചനത്തില്‍ അന്വേഷിക്കേണ്ടത് സത്യമാണ്, വാക്ചാതുര്യമല്ല. വചനം എഴുതിയത് ഏത് അരൂപിയാല്‍ നിവേശിതമായാണോ ആ അരൂപിയാല്‍ തന്നെ പ്രേരിതമായാണ് അത് അന്വേഷിക്കേണ്ടത്. ഭാഷണ ചാതുര്യമല്ല, ഉദാത്തവും അഗാധവുമായ ഗ്രന്ഥങ്ങളോടൊപ്പം ലളിതമായ ഭക്തഗ്രന്ഥങ്ങളും വായിക്കണം. എഴുതിയവര്‍ ചെറിയവരോ വലിയവരോ എന്ന് നോക്കേണ്ടതില്ല. കറയില്ലാത്ത സത്യത്തോടുള്ള മമതയാണ് അത് വായിക്കാന്‍ നമ്മെ പ്രേരിപ്പിക്കേണ്ടത്. ആര് പറയുന്നു എന്നതല്ല, എന്തു പറയുന്നു എന്നതാണ് നോക്കേണ്ടത്.
ദൈവം നമ്മോട് പലവിധത്തില്‍ സംഭാഷിക്കുന്നു
മനുഷ്യര്‍ കടന്നു പോകുന്നു. എന്നാല്‍ ആത്മാവിന്റെ സത്യം എന്നും നിലനില്‍ക്കും. (സങ്കീര്‍ 116. 2). ആരിലൂടെ എന്ന് നോക്കാതെ പലവിധത്തില്‍ ദൈവം നമ്മോട് സംസാരിക്കുന്നുണ്ട്. ദൈവ വചന പാരായണത്തില്‍ ജിജ്ഞാസ പലപ്പോഴും നമുക്ക് തടസ്സമാകാറുണ്ട്. ഗ്രഹിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള താല്പര്യം എളുപ്പം മുന്നോട്ട് പോകാന്‍ അനുവദിക്കാറില്ല.
ഫലമെടുക്കണമെങ്കില്‍ താഴ്മയോടെ ലളിതമായി, വിശ്വസ്തതയോടെ വായിക്കണം. പാണ്ഡിത്യമോഹമരുത്. ധാരാളം ചോദ്യങ്ങള്‍ ചോദിക്കുക. വിശുദ്ധരുടെ വാക്കുകള്‍ നിശബ്ദമായി കേള്‍ക്കുക. മുതിര്‍ന്നവരുടെ ഉപമകള്‍ നിനക്ക് അനിഷ്ടമാകരുത്. അവര്‍ പറയുന്നതിന് കാരണമുണ്ട്.