ക്രിസ്മസിന് ഒരുക്കമായുള്ള നൊവേന

തലമുറകളുടെ കാത്തിരിപ്പിനു വെളിച്ചമേകിയ ഉണ്ണീശോയേ , ഞങ്ങളുടെ ഹൃദയങ്ങളിൽ വന്നു പിറക്കേണമേ

പ്രാരംഭ പ്രാര്‍ത്ഥന

കാരുണ്യവാനും അനന്ത നന്മ സ്വരൂപിയുമായ ദൈവമേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. അങ്ങ് ഞങ്ങള്‍ക്കു നല്‍കിയിട്ടുളള എല്ലാ നന്മകളെക്കുറിച്ചും ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു. ഞങ്ങളുടെ സകല പാപങ്ങളെക്കുറിച്ചും ഞങ്ങള്‍ മനസ്തപിച്ചു പൊറുതിയപേക്ഷിക്കുകയും ഇനിയൊരിക്കലും പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. സര്‍വ്വ നന്മ സ്വരൂപിയായ അങ്ങയെ ഞങ്ങള്‍ മുഴുഹൃദയത്തോടെ സ്നേഹിക്കുന്നു. അങ്ങേ പ്രിയപുത്രനെ ഞങ്ങള്‍ക്കു രക്ഷകനായി നല്‍കിയതിന് ഞങ്ങള്‍ നന്ദി പറയുന്നു. കാലിത്തൊഴുത്തില്‍ ജനിച്ച് 33 സംവത്സരം പാപികളായ ഞങ്ങള്‍ക്കുവേണ്ടി ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ച് കാല്‍വരിയില്‍ ജീവാര്‍പ്പണം ചെയ്ത ഈശോയുടെ സഹനത്തെ ഞങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്നു. ഉണ്ണിയേശുവിനെ ദൈവകല്പനയാല്‍ ഉദരത്തില്‍ വളര്‍ത്തി ലോകത്തിനു പ്രദാനം ചെയ്യുകയും സംരക്ഷിക്കുകയും കാത്തുപരിപാലിക്കുകയും ചെയ്ത മാതാവേ,അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. ദൈവകുമാരനെ ശൈശവകാലത്തും ബാല്യത്തിലുമെല്ലാം അനേകം അപകടങ്ങളില്‍ കാത്തുപരിപാലിക്കുന്നതിന് ക്ലേശകരമായ യാത്രകഴിച്ച് മാനസികവ്യഥ അനുഭവിച്ച് തിരുക്കുടുംബത്തെ പാലിക്കുന്നതിന് വിയര്‍പ്പു ചിന്തി തച്ചന്‍റെ ജോലി നിര്‍വഹിച്ച വിശുദ്ധ യൗസേപ്പുപിതാവേ, അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു. മാതാപിതാക്കള്‍ക്കു കീഴ്‌വഴങ്ങി ജീവിച്ച ഉണ്ണിയേശുവേ അങ്ങ് ഞങ്ങളെ കാത്തുപരിപാലിക്കണമേ. ഭക്തിപൂര്‍വ്വം ഈ നൊവേന നടത്തുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങള്‍ക്കാവശ്യമായ എല്ലാ നന്മകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ദിവ്യ ഉണ്ണിയേ, അങ്ങു ഞങ്ങളെ സഹായിക്കണമേ. ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ഉണ്ണീശോയോടുളള അപേക്ഷ

ഇഹലോകവാസികളായ ഞങ്ങളോരോരുത്തരോടുമുളള സ്നേഹത്താല്‍ മനുഷ്യാവതാരം ചെയ്ത് ഞങ്ങളുടെ ഇടയിലേക്ക് വരുവാന്‍ തിരുമനസ്സായ ഉണ്ണീശോയെ അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. പാപികളായ ഞങ്ങളുടെ അയോഗ്യതകള്‍ പരിഗണിക്കാതെ ഞങ്ങളില്‍ ഒരുവനായിത്തീരുവാന്‍ തിരുമനസ്സായ ഉണ്ണീശോയെ, കാലിത്തൊഴുത്തില്‍ പിറന്ന് എളിമയുടെയും വിനയത്തിന്‍റെയും മാതൃകയായി ജീവിച്ചതിന് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. പാപികളായ ഞങ്ങളില്‍ അനുഗ്രഹവര്‍ഷം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അങ്ങേയ്ക്കു ഞങ്ങള്‍ നന്ദിപറയുന്നു. ഞങ്ങളുടെ സഹായവും രക്ഷയും അങ്ങു മാത്രമാണെന്ന് ഞങ്ങള്‍ ഉറപ്പായി വിശ്വസിക്കുന്നു. അങ്ങേ തിരുമുമ്പില്‍ അണഞ്ഞ് ഈ നൊവേനയില്‍ ഇന്നു ഞങ്ങള്‍ പ്രത്യേകമായി അപേക്ഷിക്കുന്ന ……… ആവശ്യങ്ങള്‍ ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും സാധിച്ചുതരണമെന്ന് തകര്‍ന്ന ഹൃദയത്തോടുകൂടി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

സുവിശേഷ വായന

ലൂക്കാ 2 : 1-7

അക്കാലത്ത്‌, ലോകമാസകലമുള്ള ജനങ്ങളുടെ പേര്‌ എഴുതിച്ചേര്‍ക്കപ്പെടണം എന്ന്‌ അഗസ്‌റ്റസ്‌ സീസറില്‍നിന്ന്‌ കല്‍പന പുറപ്പെട്ടു. ക്വിരിനിയോസ്‌ സിറിയായില്‍ ദേശാധിപതി ആയിരിക്കുമ്പോള്‍ ആദ്യത്തെ ഈ പേരെഴുത്തു നടന്നു. പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗ രത്തിലേക്കുപോയി.
ജോസഫ്‌ ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ടവനായിരുന്നതിനാല്‍ ,
പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍നിന്നുയൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത്‌ ലെഹെമിലേക്ക്‌ ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി.
അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു.
അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്‌ പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്‌ഥലം ലഭിച്ചില്ല.

പ്രാര്‍ത്ഥിക്കാം

ബാല്യം മുതല്‍ അനുസരണത്തിന്‍റെ ഉത്ക്കൃഷ്ട മാതൃകയായി വളര്‍ന്നുവന്ന ഉണ്ണിയീശോയെ, ഞങ്ങളില്‍ തീക്ഷ്ണമായ വിശ്വാസവും ദൈവഭക്തിയും വിനയവും അനുസരണവും സ്നേഹവും സേവനസന്നദ്ധതയും പരിപോഷിപ്പിക്കണമേ. അഗതികളുടെ സങ്കേതവും ആശ്രയവുമായ ഉണ്ണീശോയെ, അങ്ങയുടെ ജീവിതമാതൃക പിന്തുടര്‍ന്ന് ദൈവവിശ്വാസത്തില്‍ അടിയുറച്ചു ജീവിച്ച് ഉത്തമമാതൃകയില്‍ വളര്‍ന്നുവരുവാന്‍ ഞങ്ങള്‍ ഓരോരുത്തരെയും അനുഗ്രഹിക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

സമാപന പ്രാര്‍ത്ഥന

സകലനന്മസ്വരൂപിയായ ഉണ്ണീശോയെ, അങ്ങയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഞങ്ങളുടെമേല്‍ കൃപയുണ്ടാകണമേ. ആത്മീയവും ശാരീരികവുമായ അസ്വസ്ഥതകളാല്‍ വിഷമിക്കുന്ന അങ്ങേ ഭക്തരും ദാസരുമായ ഞങ്ങളെ അങ്ങ് തൃക്കണ്‍പാര്‍ക്കണമേ. കാരുണ്യവാനായ ഉണ്ണീശോയെ, ഞങ്ങളുടെ ജീവിതത്തില്‍ വന്നുപോയിട്ടുള്ള സകലതെറ്റുകളും ഞങ്ങളോടു ക്ഷമിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. പാപവഴിയില്‍ നിന്നും അകന്ന് അങ്ങേയ്ക്കു പ്രീതികരമായ ഒരു പുതിയ ജീവിതം നയിക്കുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കുകയും ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. പ്രത്യേകിച്ച് ഈ നൊവേനയില്‍ ഞങ്ങള്‍ നിയോഗം വച്ചു പ്രാര്‍ത്ഥിക്കുന്ന ….. കാര്യങ്ങള്‍ സാധിച്ചു തന്ന് ഞങ്ങളെ രക്ഷിക്കണമെന്ന് ഞങ്ങള്‍ സവിനയം അപേക്ഷിക്കുന്നു.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles