ആത്മീയ അഭയസ്ഥാനമായി ചിറ്റൂര്‍ ധ്യാനകേന്ദ്രം!

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്നിരുന്ന ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ വന്‍ജനാവലിയെ ആകര്‍ഷിച്ചിരുന്നു. എറണാകുളത്ത് വലിയ ആത്മീയ നവോത്ഥാനങ്ങള്‍ക്ക് ആ കണ്‍വെന്‍ഷനുകള്‍ തുടക്കം കുറിച്ചു. ആ ചൈതന്യവും ആവേശവും നഗരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പടര്‍ന്നു.

ആ ബൈബിള്‍ കണ്‍വെന്‍ഷനുകളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട കമ്മറ്റി അംഗങ്ങളില്‍ ചിലരാണ് തങ്ങള്‍ക്ക് ഒരുമിച്ചു കൂടി പ്രാര്‍ത്ഥിക്കാന്‍ ഒരിടം തേടി എറണാകുളം നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് തെല്ലകലെ സ്ഥിതി ചെയ്യുന്ന ചിറ്റൂരില്‍ എത്തിയത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന കണ്‍വെന്‍ഷന്റെ ചൈതന്യം ഓരോ ആഴ്ചയിലും നടത്തുന്ന പ്രാര്‍ത്ഥനാകൂട്ടായ്മയിലൂടെ ഉജ്വലിപ്പിച്ചു നിര്‍ത്തുക എന്നതായിരുന്നു, അവരുടെ ലക്ഷ്യം. അങ്ങനെ പി.പി. ജോര്‍ജ്, ജോസഫ് ബ്രദര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം ചിറ്റൂരില്‍ ഒരു സ്ഥലം വാങ്ങി അവിടെ ഒരു ഷെഡ് നിര്‍മിച്ച് പ്രാര്‍ത്ഥനാ കൂട്ടായ്മ ആരംഭിച്ചു. 1994 ലായിരുന്നു, അത്. എല്ലാ ശനിയാഴ്ചകളിലും അവിടെ വിശ്വാസികള്‍ സംഗമിക്കുകയും തീക്ഷമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പ്രാര്‍ത്ഥനയുടെ ചൈതന്യത്താല്‍ ആളുകളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരുന്നു.

ഉപ്പാണിയച്ചന്റെ വരവ്
കുറച്ചു നാള്‍ ചെന്നപ്പോള്‍ ഈ പ്രാര്‍ത്ഥന കൂട്ടായ്മകളില്‍ ഒരു വൈദികന്റെ സാന്നിധ്യം കൂടി വേണമെന്ന് വിശ്വാസികള്‍ക്ക് തോന്നിത്തുടങ്ങി. അങ്ങനെയാണ് എറണാകുളം-അങ്കമാലി രൂപത ഈ പ്രാര്‍ത്ഥനാ കൂട്ടായ്മ ഏറ്റെടുത്തത്. പ്രശസ്ത ഗാനരചയിതാവായ ഫാ. തദേവൂസ് അരവിന്ദത്താണ് ആദ്യമായി നിയമിതനായത്. പില്‍ഗ്രിംസ് കമ്മ്യൂണിക്കേഷന്‍സിന്റെ നേതൃത്വം വഹിച്ചിരുന്ന അദ്ദേഹത്തിന് മുഴുവന്‍ ശ്രദ്ധ ഇവിടെ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ, തന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാമോ എന്ന് തദേവൂസ് അച്ചന്‍, അക്കാലത്ത് ഒരിടവകയില്‍ സേവനം ചെയ്തു വരികയായിരുന്ന ഫാ. ഉപ്പാണിയോട് അഭ്യര്‍ത്ഥിക്കുന്നത്. നവീകരണത്തിന്റെ പാതയിലായിരുന്ന ഉപ്പാണിയച്ചന് അത് വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹം 1996 ല്‍ ചിറ്റൂരില്‍ എത്തി.

താന്‍ വരുമ്പോള്‍ ധ്യാനകേന്ദ്രത്തിന്റെ അവസ്ഥ വളരെ ദയനീയമാണെന്ന് അച്ചന്‍ ഓര്‍ക്കുന്നു. ആദ്യകാലങ്ങളിലുണ്ടായിരുന്ന തീക്ഷ്ണതയും ആളെണ്ണവും കുറഞ്ഞ്, ഏതൊക്കെയോ പ്രശ്‌നങ്ങളില്‍ പെട്ട് ഉഴലുകയായിരുന്നു, പ്രാര്‍ത്ഥനാ കേന്ദ്രം. പ്രാര്‍ത്ഥിക്കാന്‍ പത്തു പേരില്‍ താഴെ മാത്രം ആളുകള്‍. ദൈവവിശ്വാസവും ജലിക്കുന്ന മനസ്സും മാത്രമായിരുന്നു, അച്ചന്റെ കൈമുതല്‍. പ്രധാന ഹാളിന്റെ ഗേറ്റിനരികില്‍ ഉണ്ടായിരുന്ന സിമെന്റ് ചാക്ക് വയ്ക്കുന്ന കൊച്ചു ഷെഡില്‍ ആ ചെറിയ ഗ്രൂപ്പിന്റെ കൂടെ, അച്ചന്‍ മൂന്നര വെളുപ്പിന് ഉണര്‍ന്നിരുന്നത് തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു.

അപ്പോള്‍ പുതിയൊരു ആശയം ഉദയം ചെയ്തു. വെള്ളിയാഴ്ചകള്‍ തോറും ഉപവാസമെടുത്തുള്ള പ്രാര്‍ത്ഥന. അതായിരുന്നു, ഇന്ന് കാണുന്ന ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിന്റെ വിപ്ലവകരമായ തുടക്കം. ആദ്യം അമ്പതു പേര്‍ മാത്രം പങ്കെടുത്തിരുന്ന ഉപവാസപ്രാര്‍ത്ഥനയില്‍ അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെട്ടു. രോഗശാന്തികള്‍ പതിവായി. ജനങ്ങള്‍ നാനാഭാഗത്തു നിന്നും പ്രവഹിക്കാന്‍ ആരംഭിച്ചു. രണ്ടായിരവും മൂവായിരവും ആളുകള്‍ ഓരോ വെള്ളിയാഴ്ചകളിലും വന്നെത്തി. ‘സനേഹശുശ്രൂഷാലയം’ എന്ന ചിറ്റൂര്‍ ധ്യാനകേന്ദ്രം കൊച്ചി നഗരത്തിന്റെ ആത്മീയകേന്ദ്രമായി മാറി!

രണ്ടായിരമാണ്ടില്‍ 2365 പേര്‍!
1997 ആയപ്പോഴേക്കും ഇവിടെ താമസിച്ചുള്ള ധ്യാനങ്ങള്‍ ആരംഭിച്ചു. ആന്തരീക സൗഖ്യധ്യാനങ്ങള്‍ വലിയ ഫലം പുറപ്പെടുവിച്ചു. മരിയന്‍ ധ്യാനങ്ങളും യുവാക്കള്‍ക്കുള്ള ധ്യാനങ്ങളും ജനങ്ങളുടെ പ്രിയപ്പെട്ട ധ്യാനങ്ങളായി. 1999 ല്‍ ആരംഭിച്ചതാണ് ചിറ്റൂരിന്റെ പ്രസിദ്ധമായ യൂത്ത് റിട്രീറ്റ്. ‘ശാലോം മീറ്റ്’ എന്നറിയപ്പെട്ട യുവജന ധ്യാനങ്ങള്‍ യുവാക്കളെ ആത്മീയമായി ഇളക്കി മറിച്ചു. വലിയ ചൈതന്യവും ആവേശവും സംജാതമായി. വിസ്മയകരമായ ഒരു കാര്യം, രണ്ടായിരമാണ്ട് ഡിസംബറില്‍ ഇവിടെ നടന്ന യുവജനധ്യാനത്തില്‍ പങ്കെടുത്തവരുടെ എണ്ണം 2365 ആയിരുന്നു. രണ്ടായിരവും പിന്നെ ഒരു വര്‍ഷത്തെ കുറിക്കുന്ന സംഖ്യയായ 365 ഉം!
2003 ല്‍ ഉപ്പാണിയച്ചനെ അതിരൂപത അമേരിക്കയിലേക്ക് ദൈവശാസ്ത്രം പഠിക്കാന്‍ അയച്ചു. യൂണിവേഴ്‌സിറ്റിയിലും പിന്നെ ഇടവകളിലുമായി എട്ടു വര്‍ഷം അദ്ദേഹം ചെലവഴിച്ചു. അക്കാലത്ത്, ഫാ. ജോബ് കൂട്ടുങ്കല്‍ അച്ചനാണ് ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വം വഹിച്ചത്.

എബൈഡ് ‘യുവജനധ്യാനങ്ങള്‍
അമേരിക്കയില്‍ പഠനവും സേവനവും പൂര്‍ത്തിയാക്കി, ഉപ്പാണിയച്ചന്‍ രണ്ടാം തവണ വീണ്ടും ചിറ്റൂരില്‍ എത്തിയപ്പോള്‍ ഫാ. ബിനോയ് മുളവരിക്കലുമായി ചേര്‍ന്ന് വീണ്ടും യൂത്ത് റിട്രീറ്റ് ആരംഭിച്ചു. എബൈഡ്’എന്ന പേരില്‍ അറിയപ്പെടുന്ന ഈ ധ്യാനം ഇപ്പോള്‍ അനേകായിരം യുവാക്കളെ യേശുവിലേക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു. രണ്ടര വര്‍ഷക്കാലം കൊണ്ട് നാല്പതിനായിരത്തോളം യുവാക്കള്‍ എബൈഡ് ധ്യാനത്തില്‍ സംബന്ധിച്ചു കഴിഞ്ഞു. ഓരോ ധ്യാനങ്ങളിലും ആയിരത്തിഅഞ്ഞൂറോളം യുവാക്കള്‍ പങ്കെടുക്കുന്നു. പതിനെട്ടു വയസ്സിനു മേലെ പ്രായമുള്ളവരെയാണ് എബൈഡില്‍ സ്വീകരിക്കുന്നത.് പല യുവാക്കളും സാത്താന്‍ സേവ തുടങ്ങിയ തിന്മകളില്‍ കുടുങ്ങി കിടക്കുന്നതായി തന്റെ അനുഭവത്തില്‍ നിന്ന് ഉപ്പാണി അച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. ഓരോ ധ്യാനങ്ങളുടെയും അവസാനത്തില്‍ കുട്ടികള്‍ ദൈവസാന്നിധ്യത്തില്‍ സമര്‍പ്പിക്കുന്ന വസ്തുക്കള്‍ കണ്ടാല്‍ ബോധ്യമാകും നമ്മുടെ തലമുറയെ ബാധിച്ചിരിക്കുന്ന തിന്മയുടെ ഗൗരവം!

തിന്മ വല വിരിക്കുന്ന സമൂഹത്തില്‍ ആത്മരക്ഷയുടെ അഭയസങ്കേതമായി നിലകൊള്ളുകയാണ് ചിറ്റൂര്‍ ധ്യാനകേന്ദ്രം. മാതാവിനോട് കൂട്ടുചേര്‍ന്ന് എല്ലാ ശുശ്രൂഷകളെയും നയിച്ചു കൊണ്ട് ഉപ്പാണിയച്ചന്‍ ഇവിടെയുണ്ട്. യേശുവിന് വേണ്ടി മനുഷ്യരെ പിടിക്കുന്ന ദൗത്യത്തില്‍ അച്ചന് എല്ലാ ഭാവുകങ്ങളും നേരുന്നു, ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിനും!

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles