കനൽക്കട്ടകൾ കാണാതെ പോയാൽ
എനിക്ക് രണ്ടു വയസുള്ളപ്പോൾ സംഭവിച്ച ഒരു കാര്യത്തെക്കുറിച്ച് മാതാപിതാക്കൾ പറഞ്ഞ ഒരു ഓർമ്മ കുറിക്കാം.
ഞങ്ങൾക്ക് നെൽകൃഷിയുള്ള സമയമായിരുന്നു അത്. കൊയ്ത്തും മെതിയുമെല്ലാം കഴിഞ്ഞ് വീട്ടാവശ്യത്തിനുള്ള നെല്ല് പുഴുങ്ങിയിരുന്നത് മുറ്റത്ത് ഉണ്ടാക്കിയ അടുപ്പിലാണ്.
അന്ന് നെല്ല് പുഴുങ്ങിയ ശേഷം അടുപ്പിലെ തീ പൂർണ്ണമായും അണഞ്ഞിരുന്നില്ല.
ചാരം മൂടിക്കിടന്നതിനാൽ തീയുള്ള
കാര്യം വ്യക്തമല്ലായിരുന്നു.
മുറ്റത്ത് കളിക്കുന്നതിനിടയിൽ
അടുപ്പിലെ ചാരത്തിൽ ഞാൻ
അറിയാതെ ചവിട്ടാനിടയായി.
കാൽ നൊന്ത എൻ്റെ നിലവിളി കേട്ട് അമ്മയോടിയെത്തിയെങ്കിലും അപ്പോഴേക്കും ഇരുകാലിൻ്റെയും പാദങ്ങൾക്ക് പൊള്ളലേറ്റിരുന്നു.
വർഷങ്ങൾക്കുശേഷം പാദങ്ങളിൽ പൊള്ളലേറ്റതിൻ്റെ അടയാളങ്ങൾ കാണുമ്പോൾ
അന്നത്തെ കാര്യങ്ങൾ
അമ്മയിന്നും ഓർമപ്പെടുത്താറുണ്ട്.
ചാരം മൂടിക്കിടക്കുന്ന
അടുപ്പ് പോലെയാണ് ചിലരുടെ സാമീപ്യം.
പ്രഥമദൃഷ്ട്യാ പ്രശ്നങ്ങൾ ഒന്നും കാണുകില്ല. എന്നാൽ കുടുതൽ അടുത്തു കഴിയുമ്പോഴാണ് ഉള്ളിൽ എരിയുന്ന കനലുമായ് നടക്കുന്ന അവരുടെ ലക്ഷ്യം നമ്മുടെ നാശമാണെന്ന് തിരിച്ചറിയുക.
അങ്ങനെ ചിലർ ക്രിസ്തുവിനേയും സമീപിച്ചിട്ടുണ്ട്. അവര്‍ തങ്ങളുടെ അനുയായികളെ ഹേറോദേസ് പക്‌ഷക്കാരോടൊത്ത് ക്രിസ്തുവിന്റെ
അടുത്ത് അയച്ചുചോദിച്ചു:
“ഗുരോ, നീ സത്യവാനാണെന്നും
ആരുടെയും മുഖംനോക്കാതെ
നിര്‍ഭയനായി ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നുവെന്നും ഞങ്ങള്‍ അറിയുന്നു.അതുകൊണ്ടു ഞങ്ങളോടു പറയുക, നിനക്ക് എന്തു തോന്നുന്നു,
സീസറിനു നികുതികൊടുക്കുന്നതു നിയമാനുസൃതമാണോ അല്ലയോ?”
(മത്തായി 22 : 16-17).
അവരുടെ ചോദ്യത്തിലെ അപകടം മനസിലാക്കിയ ക്രിസ്തു,
“സീസറിനുള്ളത് സീസറിനും
ദൈവത്തിനുള്ളത് ദൈവത്തിനും
കൊടുക്കുക”
(മത്തായി 22 :21) എന്ന് പറയുന്നുണ്ട്.
ചാരം മൂടിക്കിടക്കുന്ന കനൽപോലെ
നമുക്കു ചുറ്റും ശത്രുക്കളും
നമ്മുടെ വീഴ്ച ആഗ്രഹിക്കുന്നവരും
ഉണ്ടെന്ന് തിരിച്ചറിയണം.
തിന്മയുടെ ശക്തികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ അവർ ഒരുക്കുന്ന കെണികളിൽ വീഴാനുള്ള സാധ്യതയേറെയാണ്.
തിരിച്ചറിവിൻ്റെയും വിവേകത്തിൻ്റെയും കൃപയ്ക്കുവേണ്ടിയാകട്ടെ ഇന്ന് നമ്മുടെ പ്രാർത്ഥന.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.