ജനങ്ങള്‍ യേശുവിനെ കണ്ടുമുട്ടാന്‍ വൈദികര്‍ സഹായിക്കണമെന്ന് കർദ്ദിനാൾ ആഞ്ചെലൊ കൊമാസ്ത്രി
യേശുവുമായി കണ്ടുമുട്ടുന്നതിനുള്ള സഹായം മാത്രമാണ് ജനങ്ങൾ വൈദികരിൽ നിന്നു പ്രതീക്ഷിക്കുന്നതെന്ന് കർദ്ദിനാൾ ആഞ്ചെലൊ കൊമാസ്ത്രി.
വത്തിക്കാൻ സംസ്ഥാനത്തിനുവേണ്ടി ഫ്രാൻസീസ് പാപ്പായുടെ വികാരി ജനറാളായും വിശുദ്ധ പത്രോസിൻറ ബസിലിക്കയിലെ മുഖ്യ പുരോഹിതനായും സേവനനമനുഷ്ഠിക്കുന്ന അദ്ദേഹം കോവിദ് 19 മഹാമാരിയോടനുബന്ധിച്ച് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ത്രികാലജപവും കൊന്തനമസ്കാരവും നയിച്ചതിന് വിശ്വാസികളിൽ നിന്നു ലഭിച്ച പ്രതികരണത്തെക്കുറിച്ച് വത്തിക്കാൻ വാർത്തവിഭാഗത്തോടു സംസാരിക്കുകയായിരുന്നു.
വിശ്വാസികൾക്ക് യേശുവുമായുള്ള സമാഗമത്തിനുള്ള സഹായമല്ലാതെ മറ്റെന്തെങ്കിലും വൈദികർ നല്കിയാൽ അത് ക്ഷണികമായ സംതൃപ്തി പകരുമെങ്കിലും പ്രശ്നപരിഹാരം ഉണ്ടാക്കില്ലെന്ന് കർദ്ദിനാൾ കൊമാസ്ത്രി പറഞ്ഞു. ജീവിതത്തെ മാറ്റിമറിക്കുന്നത് യേശുവുമായുള്ള കൂടിക്കാഴ്ചയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാമാരിയിൽ നിന്ന് നരകുലത്തെ രക്ഷിക്കുന്നതിന് പരിശുദ്ധ കന്യകാമറിയത്തിൻറെ മാദ്ധ്യസ്ഥ്യം തേടിക്കൊണ്ട് താൻ വത്തിക്കാനിൽ നയിച്ച പ്രാർത്ഥനയിൽ ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ 15 ലക്ഷത്തിലേറെ പേർ പങ്കുചേർന്നുവെന്നും നിരവധി കത്തുകൾ വിശ്വാസികളിൽ നിന്നു ലഭിക്കുന്നുണ്ടെന്നും ഈ പ്രാർത്ഥന തുടരണമെന്ന നിരവധി അഭ്യർത്ഥനകൾ ഉണ്ടെന്നും കർദ്ദിനാൾ കൊമാസ്ത്രി വെളിപ്പടുത്തി.