സ്പാനിഷ് കർദ്ദിനാൾ കാർലോസ് അമിഗോ വല്ലെജോ ദിവംഗതനായി
ക്രൈസ്തവരും ഇസ്ലാം മതസ്ഥരും യഹൂദരും തമ്മിലുള്ള സംവാദത്തിന് വേണ്ടി വാദിച്ചിരുന്ന സ്പാനിഷ് കർദ്ദിനാൾ കാർലോസ് അമിഗോ വല്ലെജോ (87) ദിവംഗതനായി. ഇടത് ശ്വാസകോശത്തിൽ നിന്ന് ദ്രാവകം നീക്കം ചെയ്യുന്നതിനായി ഏപ്രിൽ 25ന് നടത്തിയ ഓപ്പറേഷനെ തുടർന്ന് കാര്യമായ അവശത നേരിടുകയായിരിന്നു. ഇന്നലെ സ്പെയിനിലെ ഗ്വാഡലജാരയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽവെച്ച് ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം.
സെവില്ലെ അതിരൂപതയുടെ മുന്‍ അധ്യക്ഷനായിരിന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി അവസാനം ആർച്ച് ബിഷപ്പ് കഴിഞ്ഞിരിന്ന മാഡ്രിഡിലെ അൽമുദേന കത്തീഡ്രലിൽ കുർബാനയ്ക്കിടെ വീണതിനെത്തുടർന്ന് ഇടുപ്പ് ഒടിഞ്ഞും അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരിന്നു. ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനറിൽ അംഗമായിരുന്ന കർദ്ദിനാൾ 27 വർഷം സെവില്ലെ അതിരൂപതയുടെ അധ്യക്ഷനായി സേവനം ചെയ്തു. 2009-ലാണ് സെവില്ലെ ആർച്ച് ബിഷപ്പു സ്ഥാനത്ത് നിന്ന്‍ അദ്ദേഹം വിരമിച്ചത്. 1974 മുതൽ 1982 വരെ മൊറോക്കോയിലെ ടാൻജിയർ അതിരൂപതയെ അദ്ദേഹം നയിച്ചിരുന്നു.
മൊറോക്കോയിൽ സേവനമനുഷ്ഠിക്കുമ്പോൾ, ലിബിയയിലെ ട്രിപ്പോളിയിൽ 1976-ൽ ഇസ്‌ലാമിക-ക്രിസ്ത്യൻ സംഭാഷണങ്ങൾക്കായുള്ള യോഗത്തില്‍ വത്തിക്കാന്‍ പ്രതിനിധി സംഘത്തിൽ അമിഗോയും ഉണ്ടായിരിന്നു. ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ മൊറോക്കോയിൽ, മുസ്ലീം സ്ത്രീകളുടെ സാമൂഹിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ക്രിസ്ത്യന്‍, ഇസ്ലാം, യഹൂദ മതാനുയായികൾക്കിടയിൽ ചർച്ചകൾ നടത്തുന്നതിനും വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. കര്‍ദ്ദിനാളിന്റെ സംസ്കാരം ഏപ്രിൽ 30 ന് സെവില്ലെ കത്തീഡ്രലിലെ സെന്റ് പോൾ ചാപ്പലിൽ നടക്കും.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.