പരി. അമ്മയുടെ പിറന്നാള്‍ മംഗളങ്ങള്‍

പരിശുദ്ധ മാതാവ് ക്രിസ്ത്യാനികളുടെ ജീവിതത്തില്‍ എത്ര മാത്രം പ്രാധാന്യം അര്‍ഹിക്കുന്നു? മാതാവിന്റെ പ്രാധാന്യത്തെ കുറച്ചു കാണുന്ന ചില വിഭാഗങ്ങളുണ്ട്. എന്നാല്‍ യേശുവിന്റെ ജനനത്തിന് ദൈവപിതാവ് ചെയ്ത ഒരുക്കങ്ങളെ കുറിച്ച് ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് വളരെ വ്യക്തമായി മനസ്സിലാക്കാവുന്ന ഒരു കാര്യമാണ് രക്ഷാകര ചരിത്രത്തില്‍ പരിശുദ്ധ കന്യകാ മാതാവിന്റെ പ്രാധാന്യം.

യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അനാദി കാലം മുതല്‍ക്കേ ദൈവം ക്രമീകരിച്ചിരുന്നു എന്ന് നാം വി. ഗ്രന്ഥത്തില്‍ പല സ്ഥലത്തും വായിക്കുന്നു. യേശു ജനിക്കാനിരിക്കുന്ന യൂദയായെ കുറിച്ചും ബത്‌ലെഹേമിനെ കുറിച്ചും പഴയ നിയമത്തില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. യേശു കഴുതക്കുട്ടിയുടെ പുറത്തേറി വരുന്നതിനെ കുറിച്ചും നാം പ്രവചനങ്ങളില്‍ വായിക്കുന്നുണ്ട്. യേശുവിന്റെ സഹനങ്ങളെ കുറിച്ച് ഏശയ്യാ പ്രവാചകന്‍ വിശദമായി എഴുതുന്നുണ്ട്.

അപ്പോള്‍ യേശുവിന്റെ ജനനത്തില്‍ ഏറ്റവും പ്രധാന പങ്ക് നിര്‍വഹിച്ച വ്യക്തിയായ പരിശുദ്ധ കന്യകാ മാതാവിന്റെ കാര്യത്തില്‍ ദൈവം എത്ര വലിയ ഒരുക്കം നടത്തിയിരിക്കണം! കത്തോലിക്ക സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് ദൈവം മാതാവിനെ അമോലോത്ഭവയായി അനാദി കാലം മുതല്‍ക്കേ ഒരുക്കി എന്നതാണ്. സെപ്തംബര്‍ മാസം 8 ാം തീയതി നാം മാതാവിന്റെ ജനനത്തിരുനാള്‍ ആഘോഷിക്കുകയാണ്. മാതാവിന്റെ ജനനം ദൈവത്തിന്റെ പ്രത്യേക പരിപാലന പ്രകാരം ആയിരുന്നു.

യോവാക്കിം, അന്ന ദമ്പതികളുടെ പുത്രിയായി ദൈവത്തിന്റെ സവിശേഷമായ കൃപയാല്‍ മറിയം ഈ ഭൂമിയില്‍ പിറന്നു വീണു. ഏറെക്കാലം മക്കളില്ലാതിരുന്ന യോവാക്കിമും അന്നായും ദൈവത്തോട് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി മറിയം പിറന്നു എന്നാണ് പാരമ്പര്യങ്ങള്‍ പറയുന്നത്. കത്തോലിക്കാ സഭയെ സംബന്ധിച്ച് മാതാവിന്റെ ജനനം വളരെ പ്രധാപ്പെട്ട ഒരു ദിനമാണ്. മാതാവിലൂടെയാണല്ലോ ഈശോയെ നമുക്ക് ലഭിച്ചത്. അതിനാല്‍ ദൈവമാതാവിന്റെ ജനനത്തിരുനാള്‍ വളരെ പ്രധാനമാണ്.

മരിയ ബാംബിന എന്നറിയപ്പെടുന്ന ഉണ്ണിയായ മറിയത്തോടുള്ള ഭക്തി പ്രസിദ്ധമാണ്. വി. പാദ്രേ പിയോ ഉള്‍പ്പെടെയുള്ള വിശുദ്ധര്‍ ഉണ്ണിയായ മാതാവിനോട് പ്രത്യേക ഭക്തിയുള്ളവരായിരുന്നു.
ഇത്ര നല്ല അമ്മയെ നമുക്കായി നല്‍കിയ ദൈവത്തിന് നമുക്ക് നന്ദി അര്‍പ്പിക്കാം. യേശുവിന്റെ വചനങ്ങള്‍ അനുസരിച്ചു കൊണ്ടാണ് നാം മാതാവിനോടുള്ള സ്‌നേഹവും ഭക്തിയും പ്രകടമാക്കേണ്ടത്. അവന്‍ പറയുന്നതു പോലെ ചെയ്യുവിന്‍ എന്നാണല്ലോ അമ്മ നമ്മോട് എന്നും പറയുന്നത്. വിശുദ്ധിയില്‍ ജീവിക്കാന്‍ അമ്മയുടെ സംരക്ഷണം നമ്മുടെ മേല്‍ എന്നും ഉണ്ടാകട്ടെ!

യേശുവില്‍ സ്നേഹപൂര്‍വ്വം,

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles