പരിശുദ്ധ അമ്മയ്ക്ക് വേറെ മക്കളുണ്ടായിരുന്നു എന്നു പറയുന്നവര്‍ക്കുള്ള ഉത്തരം

ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)

 

ചില ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് പരിശുദ്ധ മറിയത്തെ അംഗീകരിക്കാന്‍ മടിയാണ്. മറിയത്തിനെതിരായി അവര്‍ ഓരോ വാദങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്നു. അതിലൊന്നാണ്, മറിയത്തിന് യേശുവിനെ കൂടാതെ വേറെ മക്കള്‍ ഉണ്ടായിരുന്നു എന്നത്. മറിയത്തിന്റെ നിത്യകന്യകാത്വത്തെ കൂടിയാണ് ഇക്കൂട്ടര്‍ നിഷേധിക്കുന്നത്. ഈ വാദത്തെ കുറിച്ച് നമുക്ക് ബൈബിള്‍ തരുന്ന ഉത്തരങ്ങള്‍ പരിശോധിക്കാം.

മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ പറയുന്ന ഒരു വാക്യമാണ് പ്രധാനമായും മറിയത്തിന് വേറെ മക്കളുണ്ടായിരുന്നു എന്ന് സ്ഥാപിക്കാന്‍ അവര്‍ ഉപയോഗിക്കുന്നത്. ‘ഇവന്‍ മറിയത്തിന്റെ മകനായ തച്ചനല്ലേ. യാക്കോബിന്റെയും യോസെയുടെയും ശിമയോന്റെയും സഹോദരനല്ലേ? ‘ (മര്‍ക്കോ. 6: 3).

മത്തായിയുടെ സുവിശേഷം എടുത്തു വായിച്ചു നോക്കുക. 27 ാം അധ്യായം 55, 56 വാക്യങ്ങള്‍. ‘അക്കൂട്ടത്തില്‍ മഗ്ദലേന മറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദീപുത്രന്മാരുടെ അമ്മയായ മറിയവും ഉണ്ടായരുന്നു.’ യേശുവിന്റെ കുരിശിന്‍ ചുവട്ടില്‍ നാം ചില സ്ത്രീകളെ കാണുന്നു. മറിയം മഗ്ദലേന, മേല്‍ പറഞ്ഞ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയം… ഈ യാക്കോബിനെയും യോസെയുമാണ് മര്‍ക്കോസ് യേശുവിന്റെ സഹോദരന്മാരായി പരാമര്‍ശിക്കുന്നത്. ഈ പറയുന്ന മറിയം യേശുവിന്റെ അമ്മയായ മറിയമല്ല എന്ന് വ്യക്തമല്ലേ? യേശുവിന്റെ അമ്മയെ യേശുവിന്റെ അമ്മ എന്നു തന്നെ വിളിക്കുമായിരുന്നു, മറ്റു മക്കളുടെ പേര് പറഞ്ഞു വിളിക്കുമായിരുന്നില്ല എന്നത് ഉറപ്പാണ്.

ഇനി ഗലാത്തിയക്കാര്‍ക്കുള്ള ലേഖനം 1: 19 വായിക്കാം. പൗലോസ് പറയുന്ന വചനമാണ്. :കര്‍ത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പോസ്തലന്മാരില്‍ മറ്റാരെയും ഞാന്‍ കണ്ടില്ല.’ ഈ യാക്കോബിനെ കുറിച്ചാണ് നാം മര്‍ക്കോസ് 6.3 ല്‍ വായിച്ചത്. പൗലോസ് ഈ യാക്കോബിനെ യേശുവിന്റെ ശിഷ്യനായ അപ്പോസ്തലനായി പരാമര്‍ശിക്കുന്നു.

രണ്ട് യാക്കോബുമാരാണ് യേശുവിന്റെ ശിഷ്യന്മാരായി ഉണ്ടായിരുന്നത്. വലിയ യാക്കോബും ചെറിയ യാക്കോബും. വലിയ യാക്കോബ് യോഹന്നാന്റെ സഹോദരനും സെബദിയുടെ പുത്രനുമാണ്. രണ്ടാമത്തെ യാക്കോബിന്റെ പിതാവ് അല്‍ഫേയൂസ് അഥവാ അല്‍പൈ എന്നാണെന്ന് ബൈബിള്‍ പറയുന്നു. ജോസഫ് എന്നല്ല. അതിന്റെ അര്‍ത്ഥം ഈ ചെറിയ യാക്കോബ് പരിശുദ്ധ അമ്മയുടെ മകനല്ല. മറ്റൊരു മറിയത്തിന്റെ മകനാണ് എന്നാണ്.
സഹോദരന്‍ എന്ന വാക്കുപയോഗിച്ചതു കൊണ്ട് ഒരേ അമ്മയ്ക്ക് ജനിച്ചവര്‍ ആകണമെന്നില്ല എന്ന് വ്യക്തമാണ്. ചാര്‍ച്ചക്കാരെയും സഹോദരന്മാര്‍ എന്ന് പറയുന്ന സമ്പ്രദായം യഹൂദരുടെ ഇടയിലും ഉണ്ടായിരുന്നു.
ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടതും വിശ്വസിക്കേണ്ടതും പരിശുദ്ധ അമ്മയ്ക്ക് യേശു എന്ന ഒരേയൊരു മകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അമ്മ നിത്യകന്യക ആയിരുന്നു എന്നുമാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles