വലിയ വിശുദ്ധയുടെ വിശുദ്ധരായ മാതാപിതാക്കളെ കുറിച്ചറിയാമോ?

വി. കൊച്ചുത്രേസ്യയുടെ മാതാപിതാക്കൾ’ എന്ന് പ്രശസ്തരായ ദമ്പതികളാണ് വിശുദ്ധ ലൂയിസ് മാർട്ടിനും വിശുദ്ധ സെലി ഗ്വരിനും. വിശുദ്ധരായ മാതാപിതാക്കളിൽ നിന്നാണല്ലോ വിശുദ്ധരായ മക്കൾ ജനിക്കുന്നത്.

“നല്ല വൃക്ഷം ചീത്ത ഫലങ്ങൾ പുറപ്പെടുവിക്കുന്നില്ല. ചീത്ത വൃക്ഷം നല്ല ഫലങ്ങളും.”(ലൂക്ക 6:43)

1823ൽ ബോർഡിയക്സിലാണ് വി.ലൂയിസ് ന്റെ ജനനം. വൈദിക ജീവിതം ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല.വാച്ച് നിർമ്മാണ ജോലിയാണ് അദ്ദേഹം ചെയ്തത്.

1831 ലാണ് വി.സെലി ജനിച്ചത്.അവളും സന്യാസജീവിതം ആഗ്രഹിച്ചു. പക്ഷേ, ദൈവിക പദ്ധതി മറ്റൊന്നാണെന്ന് മനസ്സിലായപ്പോൾ പിന്തിരിഞ്ഞു. ലെയ്സ് നിർമ്മിക്കുന്ന ജോലി ആണ് അവൾ ചെയ്തത്.

ലൂയിസും സെലിയും അലൻസോണിൽ വെച്ച് കണ്ടുമുട്ടി. മൂന്ന് മാസങ്ങൾക്ക് ശേഷം 1858ൽ അവർ വിവാഹിതരായി.വിവാഹശേഷം അവർ ചേർന്നെടുത്ത ധീരമായ തീരുമാനം ആയിരുന്നു ദൈവം നൽകുന്ന അത്രയും കുഞ്ഞുങ്ങളെ സ്വീകരിക്കും എന്നത്.മക്കൾ ദൈവത്തിന്റെ ദാനമായതിനാൽ മക്കളുടെ സ്വീകരണം ദൈവത്തെ മഹത്വപ്പെടുത്തലാണെന്ന് ഈ ദമ്പതികൾ വിശ്വസിച്ചു.

ദൈവം അവർക്ക് 9 മക്കളെ നൽകി അനുഗ്രഹിച്ചു. ഇവരിൽ അഞ്ചു പേർ സന്യാസജീവിതം തെരഞ്ഞെടുത്തു. കുടുംബത്തിൽ നല്ല സമാധാന അന്തരീക്ഷം ആയിരുന്നെങ്കിലും സഹനത്തിൽ കുറവുണ്ടായിരുന്നില്ല. നാലു മക്കൾ ചെറുപ്രായത്തിൽ തന്നെ മരണമടഞ്ഞു.ഈ മരണങ്ങൾ അവരെ കൂടുതൽ ദൈവാശ്രയ ബോധത്തിലേക്ക് നയിച്ചു. മാർട്ടിനും സെലിയും ഒതുങ്ങിയ ജീവിതമാണ് നയിച്ചത്. മകളായ വിശുദ്ധ കൊച്ചുത്രേസ്യ മാതാപിതാക്കളെ പറ്റി പറഞ്ഞത് ഇപ്രകാരമാണ്:” ദൈവം എനിക്ക് തന്ന മാതാപിതാക്കൾ ഭൂമിയിലെ ജീവിതത്തേക്കാളും സ്വർഗീയ ജീവിതത്തെ വിലമതിക്കുന്നവരാണ്. ”

1877 ൽ തന്റെ നാല്പത്തി അഞ്ചാമത്തെ വയസ്സിൽ സെലി ബ്രെസ്റ്റ് ക്യാൻസർ ബാധിച്ച് മരണമടഞ്ഞു. ലൂയിസും മക്കളും ലിസ്യുവിലേക്ക് താമസം മാറി. തുടർന്ന് മക്കൾ ഓരോരുത്തരായി കന്യാമഠത്തിൽ പ്രവേശിക്കാൻ തുടങ്ങി. ഏകാന്തതയുടെ ദുഃഖങ്ങൾ കടിച്ചമർത്തി ആ പിതാവ് ഇപ്രകാരം പറഞ്ഞു:” നല്ല ദൈവം എന്റെ എല്ലാ മക്കളെയും സ്വന്തമാക്കുന്നതിൽ എനിക്ക് വളരെ വളരെ അഭിമാനം തോന്നുന്നു. ഇതിലും മേന്മയേറിയത് എന്തെങ്കിലും എനിക്ക് ഉണ്ടായിരുന്നെങ്കിൽ അവയും ഞാൻ എന്റെ ദൈവത്തിന് നിരസിക്കുകയില്ലായിരുന്നു.”

മരണത്തിനു മുൻപുള്ള അവസാനത്തെ മൂന്നുവർഷം ലൂയിസിന് കഠിനമായ സഹനങ്ങളുടെതായിരുന്നു. ഒരു മാനസികരോഗ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കവേ 1894 ലാണ് അദ്ദേഹം മരിച്ചത്.

2008ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പാ ഈ ദമ്പതികളെ വാഴ്ത്തപ്പെട്ടവർ ആയും 2015ൽ ഫ്രാൻസിസ് പാപ്പാ വിശുദ്ധരായും പ്രഖ്യാപിച്ചു.

വിശുദ്ധ മാർട്ടിൻ സെലി ദമ്പതിമാരെ, ജീവിതത്തിലെ സഹനങ്ങളിൽ ദൈവത്തിൽ ആശ്രയിച്ചും പരസ്പരം കൈത്താങ്ങായും ജീവിക്കാൻ എല്ലാ ദമ്പതിമാർക്ക് വേണ്ടിയും അപേക്ഷിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles