വിശുദ്ധിയിൽ വളരാൻ എളുപ്പവഴി

ആനന്ദിച്ച് ആഹ്ലാദിക്കുവിൻ എന്ന അപ്പസ്തോലിക പ്രബോധനത്തിൽ ഫ്രാൻസിസ് പാപ്പ ഒരു സംഭവം വിവരിക്കുന്നുണ്ട്.
ഒരിക്കൽ ഒരു സ്ത്രീ ചില വീട്ടുസാധനങ്ങൾ വാങ്ങാൻ കടയിൽ പോയി. അവിടെ വച്ച് അവൾ തൻ്റെ അയൽവാസിയെ കണ്ടുമുട്ടുന്നു.
പരസ്പരം സംസാരിക്കുന്നതിനിടയിൽ
അവൾ മനസിൽ പറഞ്ഞു:
”ഞാൻ, ആരെക്കുറിച്ചും മോശമായി സംസാരിക്കില്ല.” അവൾ
ആ തീരുമാനത്തിൽ ഉറച്ചു നിന്നു.
വീട്ടിലെത്തിയപ്പോൾ പല കാര്യങ്ങളും പറഞ്ഞ് മക്കൾ അടുത്തു വന്നു. ക്ഷീണിതയായ അവൾ ഒട്ടും ദേഷ്യപ്പെടാതെ അവരെ ശാന്തമായ് ശ്രവിക്കുകയും അവരോട് സ്നേഹപൂർവ്വം പെരുമാറുകയും ചെയ്തു.
പിന്നീട് മനസിൽ വല്ലാത്ത ഉത്ക്കണ്ഠ അനുഭവപ്പെട്ടപ്പോൾ അവൾ ചെയ്തതെന്താണെന്നോ?
ജപമാലയെടുത്ത് പ്രാർത്ഥിച്ചു.
അപ്പോൾ അവൾക്ക് വലിയ
ശാന്തത കൈവന്നു. പിന്നീടവൾ തെരുവിലേക്കിറങ്ങിയപ്പോൾ ഒരു പാവപ്പെട്ട വ്യക്തിയെ കാണുന്നു. അയാളോടും അവൾ ദയാവായ്പോടെ പെരുമാറുന്നു….”
ഈ സ്ത്രീ വിശുദ്ധിയിൽ വളരുന്നവളാണെന്നാണ് പാപ്പ പറയുന്നത്.
“ചെറിയ പ്രവൃത്തികളിലൂടെയാണ് ഒരാൾക്ക് വിശുദ്ധിയിൽ വളരാനാകുക “
ഫ്രാൻസിസ് പാപ്പ ചൂണ്ടിക്കാട്ടുന്നു.
അന്ത്യവിധിയെക്കുറിച്ച് പറയുമ്പോൾ ക്രിസ്തുവും അതു തന്നെയല്ലേ പറയുന്നത്?
“സത്യമായി ഞാന് നിങ്ങളോടു പറയുന്നു,
എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള് ഇതു ചെയ്‌തുകൊടുത്തപ്പോള് എനിക്കു തന്നെയാണു ചെയ്‌തുതന്നത്”
(മത്താ 25 : 40).
ഒരു ദിവസത്തിൻ്റെ ആരംഭം മുതൽ
അവസാനം വരെ എന്തെല്ലാം
കാര്യങ്ങളിലാണ് നമ്മൾ വ്യാപൃതരാകുന്നത്?
ഇതിനിടയിൽ നിസാര കാര്യങ്ങൾക്കുവരെ നമ്മൾ അക്ഷമരാവുകയും അസ്വസ്ഥരാവുകയും ചെയ്യുന്നില്ലെ?
അതിൻ ഫലമായി ചെയ്യാവുന്ന എത്രയോ നന്മകളാണ് നമ്മൾ ചെയ്യാതെ പോകുന്നത്?
അതുകൊണ്ട്,
അന്നന്നുചെയ്യുന്ന കാര്യങ്ങളിൽ
കുറച്ചു കൂടെ ശ്രദ്ധ ചെലുത്തി
വിശുദ്ധിയിൽ വളരാൻ
നമുക്ക് പരിശ്രമിക്കാം.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.