വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ആഗോളസഭയുടെ വിശുദ്ധാരാമത്തിലേക്ക്

വത്തിക്കാൻ സിറ്റി: ക്രിസ്തുവിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള 2022 മേയ് 15ന് ആഗോളസഭയുടെ വിശുദ്ധാരാമത്തിലേക്ക്. ഭാരതത്തിലെ പ്രഥമ അൽമായ രക്തസാക്ഷിയെന്ന വിശേഷണത്തോടെയാകും അദ്ദേഹത്തിന്റെ വിശുദ്ധാരാമ പ്രവേശനം.വിശുദ്ധ പദവി പ്രഖ്യാപനത്തിൽ അനിവാര്യമായ, ദേവസഹായം പിള്ളയുടെ മാധ്യസ്ഥത്തിൽ സംഭവിച്ച രോഗസൗഖ്യത്തിന് കഴിഞ്ഞ വർഷം ഫ്രാൻസിസ് പാപ്പ അംഗീകാരം നൽകിയിരുന്നു. വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഉൾപ്പെടെ ഏഴ് പേരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന തിയതി വത്തിക്കാൻ ഇന്നാണ് (നവംബർ 09) ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

1712 ഏപ്രിൽ 23ന് കന്യാകുമാരി ജില്ലയിലെ (അന്ന് കേരളത്തിന്റെ ഭാഗം) നട്ടാലത്ത് ഒരു ഹൈന്ദവ കുടുംബത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. നീലകണ്ഠപിള്ള എന്നായിരുന്നു നാമധേയം. തിരുവിതാംകൂർ രാജ്യകൊട്ടാരത്തിൽ കാര്യദർശിയായിരിക്കേയാണ് ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ദേവസഹായം പിള്ള എന്ന നാമം സ്വീകരിച്ച് ക്രൈസ്തവവിശ്വാസം പുൽകിയത്. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം പിടിയിലാക്കിയ ഡച്ച് പടത്തലവനും കത്തോലിക്കാ വിശ്വാസിയുമായ ഡിലനോയിയുടെ വിശ്വാസജീവിതമാണ് ക്രിസ്തുവിനെ കുറിച്ച് അറിയാൻ ദേവസഹായം പിള്ളയെ പ്രചോദിപ്പിച്ചത്.

ജീവിതത്തിൽ നിരവധി വിഷമഘട്ടങ്ങൾ നേരിട്ട നീലകണ്ഠപ്പിള്ളയ്ക്ക് ക്രിസ്തുവിന്റെ സുവിശേഷസത്യങ്ങൾ വലിയ ആശ്വാസവും പ്രത്യാശയുമാണ് പകർന്നത്. വിശിഷ്യാ, പഴയനിയമത്തിലെ ജോബിന്റെ പുസ്തകം അദ്ദേഹത്തെ സ്പർശിച്ചു. ക്രിസ്തുമാത്രമാണ് ഏകരക്ഷകൻ എന്ന് തിരിച്ചറിഞ്ഞ നീലകണ്ഠപിള്ള മാമ്മോദീസ സ്വീകരിക്കാൻ തയാറെടുക്കുകയായിരുന്നു. തിരുവിതാംകൂറിൽ മിഷണറിയായിരുന്ന ഈശോ സഭാ വൈദീകനിൽനിന്ന് 1745 മേയ് 17നാണ് ‘ലാസർ’ എന്നർത്ഥം വരുന്ന ‘ദേവസഹായം’ പിള്ള എന്ന പേരിൽ അദ്ദേഹം മാമ്മോദീസ സ്വീകരിച്ചത്.

തിരുവിതാംകൂറിന്റെ പലഭാഗങ്ങളിൽ ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ച ദേവസഹായം രാജസേവകരുടെ കണ്ണിലെ കരടായി മാറുകയായിരുന്നു. പിള്ളയ്ക്കെതിരെ തന്ത്രങ്ങൾ മെനഞ്ഞ അവർ രാജദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ ജയിലിലടച്ചു. ശാരീരിവും മാനസികവുമായ കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടിവന്നിട്ടും ക്രിസ്തുവിനെ തള്ളിപ്പറയാതിരുന്ന ദേവസഹായം പിള്ളയുടെ ജീവിതം ഏതാണ്ട് നാല് വർഷം ജയിലഴിക്കുള്ളിലായിരുന്നു. ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ തയാറാകാത്ത അദ്ദേഹത്തെ 1752 ജനുവരി 14ന് കാറ്റാടി മലയിൽവെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles